ഒരു ജപമാല എപ്പോഴും കൂടെ കൊണ്ടു നടക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുട്ടികളെ ഉപദേശിച്ചു. 'Dear Pope Francis' എന്ന തന്റെ പുതിയ കൃതിയിലേക്ക് ചോദ്യങ്ങള്‍ അയച്ച കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ കുട്ടികളെ ഇപ്രകാരം ഉപദേശിച്ചത്. കുരിശിന്റെ വഴിയുടെ ചെറിയ ഒരു പുസ്തകവും താന്‍ എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'അത് നമ്മെ യേശുവിന്റെ സഹനത്തെ പറ്റി ഓര്‍മ്മിപ്പിക്കുന്നു; അത് നമ്മെ തിന്മയില്‍ നിന്നും പിന്തിരിപ്പിക്കുന്നു.' 

കാരിത്താസ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ്, മാനില ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗീ, 'La Civiltà Cattolica' എന്ന ജസ്യൂട്ട് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഫാദര്‍ അന്റോണിയോ സ്പാഡ്രോ ടഖ എന്നിവരും, പിതാവിനെ കാണുവാനായി വത്തിക്കാനില്‍ എത്തിയ കുട്ടികളെ അനുഗമിച്ചിരുന്നു. ഇറ്റലി, ബല്‍ജിയം അയര്‍ലന്റ് എന്നീ സമീപ രാജ്യങ്ങള്‍ തുടങ്ങി ഫിലിപ്പൈന്‍സ്, ഇന്ത്യ, കെനിയ, ആസ്‌ട്രേലിയ, അര്‍ജന്റീന, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ എത്തിയിരുന്നു. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ മറുപടി പറഞ്ഞു. 

പാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിശുദ്ധന്‍ ആരാണ് എന്ന ചോദ്യത്തിന് എല്ലാ വിശുദ്ധരും തന്റെ അടുത്ത സുഹൃത്തുക്കളാണ് എന്ന് പിതാവ് പറഞ്ഞു. 'പക്ഷേ, ആരെയെങ്കിലും പേരെടുത്തു പറയണമെങ്കില്‍, ഒന്ന്, ഉണ്ണിയേശുവിന്റെ വിശുദ്ധ തെരേസ , മറ്റൊരാള്‍ വിശുദ്ധ ഇഗ്‌നേഷ്യസ്, പിന്നെ, വിശുദ്ധ ഫ്രാന്‍സിസ്, ഇവര്‍ മൂന്നു പേരും എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്.' മാര്‍പാപ്പയെന്ന നിലയ്ക്ക് തനിക്ക് മനസ്സില്‍ ഒരു ശാന്തത അനുഭവപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. 'അത് ദൈവത്തിന്റെ വരദാനമാണ്.' മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനാവുമോ എന്നോര്‍ത്ത് താന്‍ അല്പ്പം അസ്വസ്ഥനായിരുന്നു. പക്ഷേ, കര്‍ദ്ദിനാള്‍ ഹ്യുമ്മാസ് തന്നെ ആശ്വസിപ്പിച്ചു എന്ന് പിതാവ് ഓര്‍മ്മിച്ചു. 'ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. അദ്ദേഹം നമ്മെ നയിക്കും. പാവപ്പെട്ടവരെ ഒരിക്കലും മറക്കരുത് !'എന്ന് കര്‍ദ്ദിനാള്‍ തന്നെ ഓര്‍മ്മിപ്പിച്ചുവെന്ന് പിതാവ് പറഞ്ഞു. 

യേശുവിനോടുള്ള സ്‌നേഹത്തെ പറ്റി ചോദിച്ചപ്പോള്‍ 'യേശുവിനെ ഞാന്‍ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ, യേശു എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം!' അദ്ദേഹം പറഞ്ഞു. 'എല്ലാവരുടെയും ജീവിതം പോലെ തന്നെയാണ് മാര്‍പാപ്പയുടെ ജീവിതവും എളുപ്പവുമാണ്, ബുദ്ധിമുട്ടുള്ളതുമാണ്. സഹായിക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ട് മാര്‍പാപ്പയുടെ ജോലി എളുപ്പമാണ്. പക്ഷേ, കഠിനമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതുകൊണ്ട് മാര്‍പാപ്പയുടെ ജോലി ദുഷ്‌ക്കരവുമാണ്.' 

ഒരു ചോദ്യം പിതാവിന്റെ പ്രാര്‍ത്ഥനാ ജീവിതത്തെ പറ്റി ആയിരുന്നു. 'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാ പുരോഹിതരും പ്രാര്‍ത്ഥിക്കുന്ന ബ്രവിറി (breviary) തന്നെയാണ് എന്റെയും പ്രാര്‍ത്ഥനാ പുസ്തകം. പിന്നെ ദിവ്യബലിയര്‍പ്പിക്കുന്നു. അതിന് ശേഷം ജപമാല. ഉച്ചയ്ക്ക് ശേഷം ഞാന്‍ ധ്യാനിക്കാറുണ്ട്.' അദ്ദേഹം പറഞ്ഞു. 'നിഷ്‌കളങ്കരായ കുട്ടികള്‍ എന്തുകൊണ്ട് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നു' എന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ല എന്നദ്ദേഹം പറഞ്ഞു. കളങ്കമില്ലാഞ്ഞിട്ടും പീഠനങ്ങള്‍ ഏറ്റുവാങ്ങിയ യേശു ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള വഴിയാണ് എന്ന് പിതാവ് കുട്ടികളെ ഓര്‍മ്മിപ്പിച്ചു. 

കടപ്പാട് : അഗസ്റ്റസ് സേവ്യര്‍, pravachakasabdam.com