ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ ഇരുപതാം ചരമവാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് നടന്നത്. റാണിമരിയയുടെ രക്തസാക്ഷി മണ്ഡപം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം ഓരോവര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. ഒട്ടനവധി അത്ഭുതങ്ങളും ഇവിടെ സംഭവിക്കുന്നതായി സാക്ഷ്യങ്ങളുണ്ട്. റാണിമരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി പോളിന്റെ വാക്കുകളിലൂടെ സിസ്റ്റര്‍ റാണി മരിയയെ നമുക്ക് വായിക്കാം.

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് ചേച്ചിയുടെ രക്തസാക്ഷിത്വം. അത് എനിക്ക് വലിയ രഹസ്യവും ശക്തിയുമാണ്. 1974 മെയ് ഒന്നിന് ചേച്ചിയുടെ വ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും നടന്നു. അതിനുശേഷം 1975 ജൂലൈയില്‍ ബിജ്‌നോര്‍ മിഷനിലായിരുന്നു സേവനം. ചേച്ചിയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പിള്ളത്തൊട്ടിലായിരുന്നു ഈ മിഷന്‍.ആ തീക്ഷ്ണതയില്‍നിന്നാണ് എനിക്കും ഒരു മിഷനറിയാകണം എന്ന ആഗ്രഹം തോന്നിയത്. ചേച്ചിയെപ്പോലെതന്നെ എഫ്.സി.സി.യില്‍ ചേര്‍ന്ന് ഞാനും മിഷനിലേക്ക് പോയി.

1983ല്‍ ചേച്ചി സത്‌നാ രൂപതയിലുള്ള ഓഡ്ഗസിയില്‍ സോഷ്യല്‍ വര്‍ക്കിന്റെ കോ ഓ ര്‍ഡിനേറ്ററായി. ചേച്ചിയുടെ നേതൃത്വത്തില്‍ 22 ലധികം വില്ലേജുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചൂഷിതരായ ആദിവാസികള്‍ക്ക് അവരുടെ അവകാശങ്ങളെപ്പറ്റി അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഫലമായി ചൂഷകരുടെ അപ്രതീക്ക് പാത്രമായി സിസ്റ്റര്‍ റാണി. ചിലരിത് മതപരിവര്‍ ത്തനത്തിനുള്ള പരിശ്രമങ്ങളായും അവതരിപ്പിച്ചു. ചേച്ചിയുടെ ജീവന് വെല്ലുവിളികളും ഭീഷണികളും എല്ലായിടത്തുനിന്നും ഉണ്ടായി. എങ്കിലും തന്റെ ദൗത്യത്തില്‍നിന്ന് സിസ്റ്റര്‍ റാണി അണുവിട പിന്മാറിയില്ല.

1990 ജൂണ്‍ 12 ന് ഞാന്‍ ഭോപ്പാലില്‍ എത്തി. ജബല്‍പൂര്‍ രൂപതയിലെ ഘാനായിലേക്കാണ് ഞാന്‍ അയക്കപ്പെട്ടത്. രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കാലാവസ്ഥയും യാത്രയും മറ്റും ആകാം, ഞാന്‍ രോഗിയായി. എന്നാല്‍ രോഗകാരണങ്ങളൊന്നും കണ്ടുപിടിക്കപ്പെട്ടില്ല. വയറുവേദനയും ഛര്‍ദ്ദിയുമായിരുന്നു മിക്കവാറും. എന്റെ ആരോഗ്യത്തില്‍ ചേച്ചി ഉല്‍ക്കണ്ഠാകുലയായി. ഒരിക്കല്‍ ഞാന്‍ ചേച്ചിയുടെ കൂടെ ഓഡ്ഗഡിയിലേക്ക് പോയി. മാര്‍ഗമധ്യേ ആരോഗ്യനില കുറെക്കൂടി മോശമായി. വന്‍കുടലില്‍ കാന്‍സര്‍ ആയിരുന്നു രോഗമെന്ന് തെളിഞ്ഞു. ആ നാളുകളില്‍ ചേച്ചിയുടെ സാന്നിധ്യമാണ് എന്നെ ശക്തിപ്പെടുത്തിയത്. 1991 നവംബറില്‍ ഞാന്‍ പെരുമ്പാവൂര്‍ സാന്‍ജോ ഹോസ്പിറ്റലില്‍ കിമോതെറാപ്പിക്കുവേണ്ടി അഡ്മിറ്റായി. പരിശോധനയില്‍ മനസിലായി, എന്റെ ലിവറിലേക്കും രോഗം ബാധിച്ചുവെന്ന്.

എനിക്ക് ഭയമില്ല: 1992ല്‍ സിസ്റ്റര്‍ റാണി ഉദയനഗറിലേക്ക് സ്ഥലം മാറി. ഓഡ്ഗഡിയിലെ പോലെതന്നെ ഇവിടുത്തെ ആളുകളും ചൂഷിതരും പീഡിതരമായിരുന്നു. ഇവരെ പണക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിച്ച് നടപ്പാലിക്കാന്‍ സിസ്റ്റര്‍ ശ്രമിച്ചത് ജന്മിമാരെ കുപിതരാക്കി. അവരുടെ വഴിയിലെ മുള്ളായി മാറി സിസ്റ്റര്‍ റാണി. 1995 ഫെബ്രുവരി 25ന് ജീവന്‍ സിംഗ് എന്ന വ്യക്തിയുടെ കുത്തേറ്റ് ചേച്ചി കൊല്ലപ്പെടുകയായിരുന്നു. മരണവാര്‍ത്ത കേട്ട ഞാന്‍ ഞെട്ടിത്തരിച്ചു. പിറ്റേദിവസം മാത്രമാണ് ചേച്ചിയുടെ അടുത്തെത്താന്‍ കഴിഞ്ഞത്. മുറിവുകള്‍ നിറഞ്ഞ ആ ശരീരം കണ്ടപ്പോള്‍ ചേച്ചിയുടെ വാക്കുകള്‍ എന്റെ മനസില്‍ നിറഞ്ഞു. 'സാധുക്കള്‍ക്കുവേണ്ടി മരിക്കേണ്ടി വന്നാലും ഞാന്‍ അതിന് ഒരുക്കമാണ്. എനിക്ക് പേടിയില്ല.'

വനത്തില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നിസഹായയായി, രക്തം വാര്‍ന്നൊലിച്ച് ഇഞ്ചിഞ്ചായി മരിക്കുന്ന രംഗം ഞാനോര്‍ത്തു. എനിക്ക് സഹിക്കാനാവുന്നതായിരുന്നില്ല അത്. എന്നാല്‍ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. കൊലയാളികള്‍ ദൈവത്തിന്റെ കരങ്ങളില്‍ ഉപകരണങ്ങള്‍ മാത്രമായിരുന്നുവെന്ന് എനിക്ക് ബോധ്യമായി. അവരോട് ഹൃദയപൂര്‍വം ക്ഷമിക്കാനുള്ള കൃപ ലഭിച്ചു. ക്രൂശിതനെ പോലെ ശരീരം മുഴുവന്‍ മുറിവുകളേറ്റ് തന്റെ ജനത്തിനുവേണ്ടി മരിക്കാനുള്ള കൃപയാണ് ക്രൂശിതന്‍ ചേച്ചിക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായി. 1995 ഫെബ്രുവരി 27 ന് ചേച്ചിയുടെ മൃതശരീരം സംസ്‌കാരചടങ്ങുകള്‍ക്കായി ഇന്‍ഡോറില്‍നിന്ന് ഉദയനഗറിലേക്ക് കൊണ്ടുപോയി. എന്റെ ആരോഗ്യസ്ഥിതി അറിഞ്ഞിരുന്ന പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എനിക്കുവേണ്ടി ആംബുലന്‍സ് തയാറാക്കിയിരുന്നു. ഇന്‍ഡോറില്‍നിന്നും തിരിക്കുമ്പോള്‍ എന്റെ മാതാപിതാക്കളും സഹോദരങ്ങളും എത്തിയിരുന്നു.

അക്കൂട്ടത്തില്‍ അമ്മച്ചിയില്ലായിരുന്നു. എന്റെ മൂത്ത സഹോദരന്‍ സ്റ്റീഫന്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞത്, 'മോളേ, ചേച്ചി ഭാഗ്യവതിയാണല്ലോ... ചേച്ചിയുടെ ആഗ്രഹം സാധിച്ചല്ലോ' എന്നാണ്. അവരുടെ ഈ പ്രതികരണം എന്റെ പ്രതീക്ഷകള്‍ക്കപ്പുറം ആയിരുന്നു. സംസ്‌കാരചടങ്ങുകള്‍ക്കുശേഷം ചേച്ചിയുടെ കോണ്‍വെന്റില്‍ തന്നെ ഞാന്‍ മൂന്നു വര്‍ഷം താമസിച്ചു. ജീവിതത്തിലും മരണത്തിലും സിസ്റ്റര്‍ റാണി ശക്തയായ ദൈവരാജ്യ പ്രഘോഷകയായിരുന്നു.

അമ്മയും ഘാതകനും കണ്ടുമുട്ടുമ്പോള്‍: ചേച്ചിയുടെ മരണശേഷം 1995 ഏപ്രില്‍ ദുഃഖവെള്ളിയാഴ്ച അമ്മ ഉദയനഗറിലെത്തി. ഒരാഴ്ചയോളം അമ്മ ഞങ്ങളോടൊത്തു താമസിച്ചു. അമ്മയും ഞാനും കൂടെ എന്നും ചേച്ചിയുടെ കബറിടത്തിങ്കല്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ അമ്മയോട് ചോദിച്ചു, പോകുന്ന വഴി ചേച്ചിയുടെ ഘാതകനായ ജീവന്‍ സിംഗിനെ കണ്ടാല്‍ അമ്മ എന്തു ചെയ്യുമെന്ന്? അമ്മ പറഞ്ഞു: 'ഞാന്‍ അവന്റെ കൈകള്‍ പിടിച്ച് ഉമ്മ വയ്ക്കും. കാരണം എന്റെ മോളുടെ രക്തം അവിടെയുണ്ട്.' മറുപടി കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. അമ്മയ്ക്ക് ഈ ധൈര്യം പകര്‍ന്നുതന്ന ദൈവത്തെ ഞാന്‍ സ്തുതിച്ചു. ഹൃദയഭേദകമായ ഈ സംഭവത്തില്‍ ദൈവഹിതം ദര്‍ശിക്കാനും ഘാതകരോട് ക്ഷമിക്കാനുമുള്ള കൃപ ഞങ്ങള്‍ക്കു ലഭിച്ചത് ചേച്ചി തന്റെ ഘാതകരോട് ക്ഷമിക്കുകയും ക്ഷമിക്കാനുള്ള കൃപയ്ക്കായി ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും ചെയ്തതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

മതവും ജാതിയും തമ്മിലുള്ള ദൂരം ഇവിടെ കുറയുകയാണെന്ന് സിസ്റ്റര്‍ സെല്‍മി പറയുന്നു. ഇനി ദൈവത്തെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ജനതയായി ഉദയനഗര്‍ ജനത മാറുന്ന ദിനങ്ങളെയാണ് ഇവിടുത്തെ ക്രൈസ്തവര്‍ സ്വപ്നം കാണുന്നത്. ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ഉദയനഗറിലുള്ള കബറിടം സന്ദര്‍ശിക്കാന്‍ ഭോപ്പാലിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആദിവാസികളടക്കം നിരവധി പേര്‍ ദിനവും എത്തുന്നുണ്ട്. ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ രൂപതകളില്‍നിന്നും ജന്മനാടായ പുല്ലുവഴിയില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെ സംഘം ഉദയനഗറിലെത്തി. ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ, ആര്‍ച്ചുബിഷപ് അബ്രാഹം വിരുത്തുകുളങ്ങര, ബിഷപ് പാസ്‌കല്‍ ടോപ്‌നോ, ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങി ഇരുപതോളം മെത്രാന്മാര്‍ അനുസ്മരണ ശുശ്രൂഷയിലും തുടര്‍ന്നു നടന്ന സമ്മേളനത്തിലും പങ്കെടുത്തു.

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും (മര്‍ക്കോസ് 8.35).

കടപ്പാട് : in.sundayshalom.com