ഗ്യാരി, ഇന്‍ഡ്യാന: നരകവും പിശാചുക്കളും ഇല്ലെന്ന് ദൈവശാസ്ത്രജ്ഞരില്‍ ചിലര്‍ പോലും വാദിക്കാന്‍ ശ്രമിക്കുന്ന കാലമാണിത്. ഇന്‍ഡ്യാനയിലെ ഒരു കുടുംബം നേരിട്ട പ്രതിസന്ധികളുടെ നേര്‍വിവരണം കേട്ടാല്‍ ഈ സംശയം പാടേ അപ്രത്യക്ഷമാകും. പിശാചുബാധയുണ്ടെന്ന് വിവരം ലഭിച്ചതിന് ശേഷം പല ഏജന്‍സികളും ഈ വീട്ടിലെത്തി പഠനങ്ങള്‍ നടത്തി. അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു അന്വേഷണങ്ങള്‍. നിരീശ്വരവാദികളെപ്പോലും അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഈ ഭവനത്തില്‍ നടന്നതത്രേ. ഒരു പോലീസ് ഉദ്യേഗസ്ഥന്‍ പോലും അമ്പരപ്പിക്കുന്ന സംഭവങ്ങളെ നേരിട്ട് വിലയിരുത്തുകയും കാര്യങ്ങള്‍ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

അവസാനം ഒരു കത്തോലിക്കാ വൈദികനെത്തി ഭൂതോച്ഛാടനത്തിലൂടെ പിശാചിനെ ബഹിഷ്‌കരിക്കുകയായിരുന്നു. സിനിമകളിലും നോവലുകളിലും പുസ്തകങ്ങളിലും മാത്രം കേട്ടിരുന്ന ഇത്തരമൊരു വസ്തുത നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ പല യുക്തിവാദികള്‍ക്കും സാധിക്കുകയും ചെയ്തു. ചെറിയ രീതിയിലൊന്നുമല്ല, ഭീകരമായിരുന്നു പിശാചുബാധ. വസ്തുക്കള്‍ പറന്നുയരുന്നതും, വലിയ ശബ്ദത്തോടെ കാല്പാദങ്ങള്‍ പതിയുന്നതും അടയാളമുണ്ടാക്കുന്നതും പലരും കണ്ടു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ചില വ്യക്തികള്‍ കുട്ടികള്‍ പുറകോട്ട് നടന്ന് ഭിത്തിയില്‍ കയറുന്നത് കാണുവാനിടയായി. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഈ കുട്ടികളിലൊരാളെ ഉയരത്തിലേക്ക് എറിയുന്നത് കണ്ടവരുമുണ്ട്.

ഗോസ്റ്റ് അഡ്വെന്‍ജറസ് എന്ന ടി.വി ഷോ നടത്തുന്ന സാക് ബഗാന്‍സ് 2014 ല്‍ ഈ വീടുവാങ്ങിയിരുന്നു. ഡോക്യുമെന്ററി റെക്കോര്‍ഡ് ചെയ്യുന്നതിനായിരുന്നു ഇത്. 2015 അവസാനത്തോടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. വീടിന്റെ ഭീകരത ഷോയുടെ റെക്കോര്‍ഡിംഗില്‍ സഹായിക്കുമെന്ന് കരുതിയാണ് അദ്ദേഹം അതു വാങ്ങിയത്. എന്നാല്‍ റോക്കോര്‍ഡിംഗ് പുരോഗമിച്ചതോടെ കഠിന പിശാചുബാധയുള്ള ഒരു വീടായി അതു മാറുകയായിരുന്നു. മാത്രമല്ല, സാക് ബഗാന്‍സ് ഗുരുതരമായതും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനാവാത്തതുമായ ചില രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്തു.

മെറില്‍വില്ലിലെ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ ഫാദര്‍ മൈക്കിള്‍ മാഗിനോട്ട് ഈ വാര്‍ത്ത കേട്ടയുടനെ തന്റെ അനുഭവം വിവരിച്ച് രംഗത്തെത്തിയതോടെയാണ് വാര്‍ത്ത പടര്‍ന്നത്. ആ ഭവനത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തെ ഭൂതോച്ചാടനത്തിന് വിധേയമാക്കിയത് അദ്ദേഹമായിരുന്നു. 2013 ലായിരുന്നു സംഭവം. റെക്കോര്‍ഡിംഗ് നടത്തുന്ന സ്ഥലത്ത് ഫാദര്‍ മൈക്കിള്‍ എത്തുകയും കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തു. ഔദ്യോഗികമായ ഭൂതോച്ചാടനമായിരുന്നു ഈ കുടുംബത്തിന്റെ കാര്യത്തില്‍ നടന്നതെന്നും അദ്ദേഹം പറയുന്നു. ഈ കുടുംബം ഫാദര്‍ മൈക്കിളിനെ സമീപിക്കുമ്പോല്‍ താന്‍ രൂപതയുടെ അംഗീകാരമുള്ള ഒരു ഔദ്യോഗിക ഭൂതോച്ചാടകനല്ലെന്ന് അദ്ദേഹം അവരെ അറിയിച്ചു. പിന്നീട്, ബിഷപ് ഡെയ്‌ല് മെല്‍സെക്ക് ഫാദര്‍ മൈക്കിളിന് ഭൂതോച്ചാടനം നടത്തുന്നതിനുള്ള ഔദ്യോഗിക അംഗീകാരം നല്‍കി. മറ്റൊരു ഭൂതോച്ചാടകന്റെ നിരീക്ഷണത്തിലായിരുന്നു പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ നടത്തപ്പെട്ടത്.

റെക്കോര്‍ഡിംഗ് നേരിടുന്ന വെല്ലുവിളികള്‍ മനസിലായപ്പോള്‍ ഷോയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാനും പ്രാര്‍ത്ഥനാ സഹായം നല്‍കാനും ഫാദര്‍ മൈക്കിള്‍ തയ്യാറായി. അദ്ദേഹത്തിന്റെ സഹായത്തോടെ റെക്കോര്‍ഡിംഗ് തുടര്‍ന്നപ്പോഴും അസാധാരണസംഭവങ്ങള്‍ ഉണ്ടായി. ഫാദര്‍ മൈക്കിളിന്റെ വാക്കുകള്‍, 'ഒരു ദിവസം റെക്കോര്‍ഡിംഗിനായി എത്തിയപ്പോള്‍ മേല്‍ക്കൂര തുളച്ച് എന്തോ താഴേക്ക് ചാടുന്നതുപോലെ എല്ലാവരും കണ്ടു. പക്ഷേ, മുറിയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട് മുറിയിലിട്ടിരുന്ന മേശയില്‍ വലിയൊരു കൈപ്പത്തി കണ്ടു. മനുഷ്യന്റേതായിരുന്നില്ല അത്. ഇത്തരം കാര്യങ്ങള്‍ക്ക് മറ്റ് വിശദീകരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവ ഞാന്‍ കണ്ടു എന്നു സാക്ഷ്യപ്പെടുത്തുക മാത്രമാണിവിടെ.'

'ഹോളിവുഡ് സിനിമകള്‍ പിശാചിനെ വലിയ രീതിയില്‍ നാടകീയമായി അവതരിപ്പിക്കാറുണ്ട്. പക്ഷേ, പിശാചിന്റെ കുടിലതയും തിന്മ പരത്താനുള്ള കഴിവും തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൂര്‍മ്മബുദ്ധിയുമാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്. മാത്രമല്ല, ഈ ഷോ പുറത്തിറങ്ങരുതെന്ന് പിശാച് ആഗ്രഹിക്കുന്നതായും മനസിലാക്കാന്‍ കഴിഞ്ഞു. കാരണം അവന്റെ യഥാര്‍ത്ഥ സ്വഭാവം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ പ്രോഗ്രാമിന് കഴിയുന്നുണ്ട്. പിശാചിനെ ലോകം വെറുക്കുന്നതിനും ഇതിലൂടെ ഇടയാക്കുമായിരുന്നു. അതിനാല്‍ പ്രൊഡക്ഷന്‍ നടക്കുന്ന സ്ഥലത്തുതന്നെ പല അഭിപ്രായ ഭിന്നതകളും ഉണ്ടാകുകയും ഷോ മുന്നോട്ട് പോകാനാവാത്തവിധം തടയപ്പെടുകയും ചെയ്തിരുന്നു.'

പിശാചിന്റെ ഏറ്റവും വലിയ പ്രവൃത്തി പ്രലോഭനമാണ്. ദൈവം ആരെയും പ്രലോഭിപ്പിച്ചല്ല നന്മയിലേക്ക് നയിക്കുന്നത്. എന്നാല്‍ തിന്മയിലേക്കുള്ള പ്രലോഭനം പിശാച് നിരന്തരം വ്യക്തികളില്‍ നല്‍കിക്കൊണ്ടിരിക്കും. ഫാദര്‍ മൈക്കിള്‍ പറയുന്നു. പിശാച് സര്‍വശക്തനല്ല. അവനൊരിക്കലും നമ്മുടെ ജീവനെടുക്കാന്‍ അവകാശമില്ല. സ്വതന്ത്രമനസ്സിനെ പ്രലോഭിപ്പിക്കാമെന്നല്ലാതെ തടയാനും കഴിയില്ല. അതിനാല്‍ നന്മചെയ്യാനുള്ള നമ്മുടെ സ്വാതന്ത്ര്യം ഹനിക്കാന്‍ പിശാചിന് കഴിയില്ല. ഷോയുടെ റെക്കോര്‍ഡിംഗിന് ശേഷം വിശുദ്ധജലവും ധൂപവും ലത്തീനിലുള്ള പ്രാര്‍ഥനകളും വഴി ഔദ്യോഗിക ഭൂതോച്ചാടനം നടത്തി ഫാദര്‍ മൈക്കിള്‍ വീട്ടില്‍ നീണ്ട ശുശ്രൂഷ നടത്തിയിരുന്നു.

ഫാദര്‍ വിന്‍സെന്റ് ലാംപെര്‍ട്ട് സെന്റ് മലാക്കി ഇടവക വികാരിയും ഇന്‍ഡ്യാനപ്പോളിസിലെ ഔദ്യോഗിക ഭൂതോച്ചാടകനുമാണ്. അദ്ദേഹമാണ് ഫാദര്‍ മൈക്കിളിനെ ശുശ്രൂഷകളില്‍ സാഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍, 'പിശാചുക്കള്‍ മനുഷ്യര്‍ വസിക്കുന്നതുപോലെ എതെങ്കിലും ഇടങ്ങളിലല്ല വസിക്കുന്നത്. അവര്‍ക്ക് വസിക്കാന്‍ സ്‌പേസ് വേണമെന്ന ചിന്തപോലും തെറ്റാണ്. അതിനാല്‍ ഒരു സ്ഥലത്ത് നിന്ന് ബഹിഷ്‌കരിക്കപ്പെടുമ്പോള്‍ പുറത്തിറങ്ങി അവര്‍ അലയുന്നു എന്നു ചിന്തിക്കേണ്ടതില്ല. ഏതെങ്കിലും ഒരു പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പിശാചുക്കള്‍ തീരുമാനിച്ചേക്കാം. പക്ഷേ അവര്‍ സമയത്തിനും സ്ഥലത്തിനും അതീതരാണെന്ന യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. കാരണം അവര്‍ ആത്മാക്കളാണ്.'

ഈ വീടിന്റെ പിശാചുബാധയെക്കുറിച്ച് കേട്ടപ്പോള്‍ പല മന്ത്രവാദികളും മായാജാലക്കാരും എത്തി പിശാചുക്കളോട് സംവാദം നടത്താന്‍ ശ്രമിച്ചിരുന്നു. അതിനെക്കുറിച്ച് ഫാദര്‍ ലാംപെര്‍ട്ട് പറയുന്നു, 'പിശാചുക്കളോടുള്ള സൗഹൃദം ആര്‍ക്കും നല്ലതിനല്ല. അതു കൂടുതല്‍ ഗുരുതരമായ നാശങ്ങളാണ് ഉണ്ടാക്കുക. ദൈവത്തെ കൂട്ടുപിടിക്കാതെ പിശാചുമായി പോരാടാനുള്ള ശ്രമങ്ങളും ജീവിതത്തെ താറുമാറാക്കും. വിശ്വാസമില്ലാത്തവര്‍ വെറുതെ രസത്തിനായി പിശാചിനെ അടുത്തറിയാന്‍ ശ്രമിക്കുന്നിടത്തോളം ദോഷകരമായ മറ്റൊരു അവസ്ഥയുമില്ല. ദൈവമില്ലാതെ പിശാചില്‍നിന്ന് നമുക്ക് സംരക്ഷണമില്ല. പിശാചിന് പകരം ദൈവം നമ്മുടെ ആകര്‍ഷണമാവുക എന്നതാണ് ഇതില്‍നിന്നെല്ലാം രക്ഷനേടുന്നതിനുള്ള വഴി.

കടപ്പാട് : us.sundayshalom.com