വത്തിക്കാന്‍: 'പരിശുദ്ധ മാതാവില്ലാത്ത ക്രിസ്ത്യാനി അനാഥനാണ്,' 'നിരന്തരം പരാതി പറയുന്ന ക്രിസ്ത്യാനി നല്ല ക്രിസ്ത്യാനിയായിരിക്കുന്നതില്‍ പരാജയപ്പെടുന്നു.' ഫ്രാന്‍സീസ് മാര്‍പാപ്പ ഒരു പ്രഭാഷണത്തിനിടയില്‍ സൂചിപ്പിച്ച വരികളാണ് മേലുദ്ധരിച്ചത്. പക്ഷേ പാപ്പയുടെ പ്രഭാഷണത്തെക്കാളും ക്ലിക്കായത് ഈ ഉദ്ധരണികളാണ്. അടുത്തനാളിലെ ചില പ്രസംഗങ്ങളിലെ പാപ്പയുടെ ചില മൊഴികള്‍ വളരെപെട്ടന്ന് തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ചില ഉദ്ധരണികള്‍ ചുവടെ;

1.വിശുദ്ധിയെ ലക്ഷ്യം വയ്ക്കാന്‍ ഭയപ്പെടരുത്. വിശുദ്ധി എന്നാല്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്യുക എന്നതല്ല അര്‍ത്ഥം, പിന്നെയോ സാധാരണകാര്യങ്ങള്‍ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും ചെയ്യുക എന്നതാണ്.

2.സഭ എല്ലായ്‌പോഴും എല്ലാവരെയും സ്വാഗതം ചെയ്യുന്ന, സ്‌നേഹിക്കുന്ന, ക്ഷമിക്കുന്ന, കരുണയുടെയും പ്രത്യാശയുടെയും ഇടമായിരിക്കട്ടെ.

3.ലോകത്തെ മാറ്റിമറിക്കണമെങ്കില്‍ നമുക്ക് പ്രതിഫലം നല്കാന്‍ കഴിയാത്തവര്‍ക്ക് നന്മ ചെയ്യണം.

4.ഏറ്റവും ഇരുട്ട് നിറഞ്ഞ നിമിഷങ്ങളില്‍, പാപത്തിലേക്ക് ചായുന്ന സമയങ്ങളില്‍, ബലഹീനതയുടെ സമയങ്ങളില്‍, തോല്‍വിയുടെ സമയങ്ങളില്‍, ഞാന്‍ യേശുവിലേക്ക് നോക്കിയിട്ടുണ്ട്, അവനില്‍ ശരണപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും അവന്‍ എന്നെ അവഗണിച്ചിട്ടില്ല. അവന്‍ വിശ്വസ്തനായ സുഹൃത്താണ്.

5.നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതം വിരസമാണെങ്കില്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെയാണ് കേന്ദ്രീകരിക്കുന്നത്, യേശുവിലല്ല; സഹായം ആവശ്യമായവരിലല്ല.

6.ലൈംഗികതയും വിവാഹവും കുടുംബവുമെല്ലാം സൃഷ്ടിയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ തകര്‍ക്കുമെന്ന ഭീഷണിയുയര്‍ത്തുന്ന ബലവത്തായ ശക്തികളുടെ ആക്രമണത്തിന്‍കീഴിലാണ്.

7.കര്‍ത്താവ് ഒരിക്കലും ക്ഷമ നല്കി ക്ഷീണിതനാവുന്നില്ല. നമ്മളാണ് ക്ഷമ ചോദിച്ച് തളരുന്നത്.

8.ജീവിതത്തിലെ പ്രഥമകാര്യം പ്രാര്‍ത്ഥനയാണ്. തത്തയെപ്പോലെ വാക്കുകള്‍കൊണ്ടുള്ള പ്രാര്‍ത്ഥനയല്ല, ഹൃദയംകൊണ്ടുള്ള പ്രാര്‍ത്ഥന; കര്‍ത്താവിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയും അവിടുത്തെ കേള്‍ക്കുകയും അവിടുത്തോട് ആലോചന ചോദിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥന.

9.നിരന്തരം പരാതി പറഞ്ഞുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനി നല്ല ക്രിസ്ത്യാനിയായിരിക്കുന്നതില്‍ പരാജയപ്പെടുന്നു.

10.ക്രിസ്തു നിങ്ങളുടെ ഹൃദയത്തിന്റെ കേന്ദ്രമായിരിക്കുന്നെങ്കില്‍ നിങ്ങളൊരിക്കലും നിരാശപ്പെടുകയില്ല.

11.മാതാവും പിതാവുമുള്ള കുടുംബത്തില്‍ വളരാനുള്ള ഒരു കുഞ്ഞിന്റെ അവകാശം നാം വീണ്ടും ഉറപ്പു വരുത്തണം.

12.നിങ്ങള്‍ സ്പര്‍ശിക്കാന്‍ മറന്നുപോകുന്ന ഭിക്ഷക്കാരന്റെ കരം കര്‍ത്താവിന്റെ തിരുശരീരമാണ്.

13.ആകര്‍ഷണത്താലാണ് സഭ വളരുന്നത്, പ്രഘോഷണത്താലല്ല.

14.നിങ്ങളുടെ വിശ്വാസയാത്രയില്‍ വിനോദസഞ്ചാരികളെപ്പോലെയാകരുത്.

15.ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളില്‍ നമ്മോടൊപ്പം കരയാന്‍ കഴിയുന്ന, നമ്മോടൊപ്പം നടക്കാന്‍ കഴിയുന്ന കര്‍ത്താവ് നമുക്കുണ്ട്.

16.നിങ്ങളില്‍നിന്ന് യേശു എന്താണോ ആഗ്രഹിക്കുന്നത് അത് അവനില്‍നിന്ന് ആവശ്യപ്പെടുക, ധൈര്യമായിരിക്കുക.

17.കര്‍ത്താവ് നമ്മുടെ ഹൃദയവാതിലില്‍ മുട്ടി വിളിക്കുകയാണ്. നാം 'ശല്യപ്പെടുത്തരുത്' എന്ന് വാതിലിനു പുറത്ത് എഴുതിവച്ചിട്ടുണ്ടോ?

18.യേശുവിന്റെ വഴികളോടു ചേര്‍ന്നുപോകാത്ത ഇപ്പോഴത്തെ മൂല്യങ്ങളുടെ ഓളങ്ങള്‍ക്കെതിരെ പോകാന്‍ ധൈര്യമുണ്ടാകണം.

19.മാനുഷികതക്ക് നവീകരണമില്ലാതെ പ്രകൃതിയുമായുള്ള ബന്ധത്തിലും നവീകരണം ഉണ്ടാവുകയില്ല.

20.നിങ്ങള്‍ ഒരാളോടെങ്കിലും കോപിച്ചിരിക്കുകയാണോ? ആ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അതാണ് ക്രൈസ്തവസ്‌നേഹം.

21.നിങ്ങളുടെ ആട്ടിന്‍പറ്റത്തിനു മധ്യത്തില്‍ നല്ല ഇടയനായ യേശുവിനെപ്പോലെ ആടുകളുടെ ഗന്ധമുള്ള ഇടയനാകുക.

22.പാവപ്പെട്ടവരെ സ്‌നേഹിക്കുകയും തുണക്കുകയും ചെയ്യുമ്പോള്‍ നാം ക്രിസ്തുവിന്റെ മുഖം കാണുന്നു.

കടപ്പാട് : in.sundayshalom.com