മെക്‌സിക്കോ സിറ്റി: തിന്മയുടെ അതിപ്രസരമുണ്ടെന്ന് ലോകം എടുത്തുപറയുന്ന മെക്‌സിക്കോയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും പിശാചിനെ തോല്‍പിക്കാനുള്ള കുറുക്കുവഴികള്‍ പറഞ്ഞുകൊടുത്ത് യഥാര്‍ത്ഥ ഇടയനായി ഫ്രാന്‍സിസ് പാപ്പ. ഒരു വ്യക്തിയുടെ പ്രാര്‍ത്ഥന അയാളുടെ ജീവിതത്തെക്കുറിച്ചും, ജീവിതം ആയാളുടെ പ്രാര്‍ത്ഥനയെക്കുറിച്ചും സംസാരിക്കുന്നു എന്ന പാപ്പയുടെ വാക്കുകള്‍ ഏറെ അര്‍ത്ഥവത്തായിരുന്നു.

അഴിമതിയും അക്രമവും മനുഷ്യനുനേരെയുള്ള തിന്മകളും പ്രബലപ്പെട്ടുവരുമ്പോള്‍ അതില്‍ മനംനൊന്ത് പിന്മാറുവാന്‍ തോന്നുന്നുവെങ്കില്‍ അത്തരം ചിന്ത പിശാചില്‍നിന്നു വരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. പിന്മാറ്റചിന്ത കൊണ്ടുവരുന്നത് സാത്താനാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചത് മെക്‌സിക്കോയിലെ വൈദികരെയും സന്യസ്തരെയും സെമിനാരിക്കാരെയുമാണ്. മെക്‌സിക്കോ സന്ദര്‍ശനത്തിന്റെ നാലാം ദിവസമായിരുന്നു ഇത്. 'അക്രമവും അഴിമതിയും മയക്കുമരുന്ന് കച്ചവടവും മനുഷ്യമഹത്വം തകര്‍ക്കുന്ന പ്രവര്‍ത്തികളും അരങ്ങുവാഴുമ്പോള്‍ നമുക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രലോഭനം പിന്മാറാനും അത്തരം സാഹചര്യങ്ങള്‍ക്കെതിരെ നിഷ്‌ക്രിയരായിരിക്കാനുമുള്ളതാണ്.' വിശുദ്ധ ഗ്രന്ഥത്തില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്ന ഭാഗമാണ് പാപ്പ ധ്യാനവിഷയമായി എടുത്തത്. അതില്‍തന്നെ 'പ്രലോഭനത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ' എന്ന ചിന്തയും.

'പിശാചിന്റെ ഏറ്റവും വലിയ ആയുധമാണ് പിന്മാറാനുള്ള മനസ്സ് നമ്മില്‍ രൂപപ്പെടുത്തുക എന്നത്. ഭയവും ആകുലതയും ഉത്കണ്ഠയും അരക്ഷിതാവസ്ഥയും മനസിലേക്ക് കൊണ്ടുവന്നാവും ഈ പിന്മാറ്റ ചിന്തയെ പിശാച് ബലപ്പെടുത്തുക. പഴയകാല ഓര്‍മ്മകളില്‍ കുടുങ്ങിക്കിടക്കാനും പിശാച് പ്രേരിപ്പിക്കും. നാം എത്ര ബലഹീനരാണെന്നും നമുക്കൊന്നും ചെയ്യാനാകില്ലെന്നും അവന്‍ നമ്മോട് മന്ത്രിക്കും. ലോകത്തുള്ള തിന്മ നമ്മില്‍ തുടങ്ങിയതല്ലെന്നും നമ്മെക്കൊണ്ട് അവസാനിപ്പിക്കാനാകില്ലെന്നും മനസില്‍ ചിന്തിപ്പിക്കും. അങ്ങനെ പിന്മാറ്റം എന്ന വലിയ ആയുധം പിശാച് പ്രയോഗിക്കുമ്പോള്‍ നാം തളരരുത്.' പാപ്പ വൈദികരെയും സന്യസ്തരെയും ഓര്‍മ്മിപ്പിച്ചു.

മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി പ്രധാന നഗരങ്ങള്‍ കൂടാതെ ചില ചെറുഗ്രാമങ്ങളും പാപ്പ മെക്‌സിക്കോയില്‍ സന്ദര്‍ശിക്കുകയുണ്ടായി. അങ്ങനെ ജനങ്ങളോട് അടുത്തിടപഴകിയുള്ള ഒരു സന്ദര്‍ശനമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. മെക്‌സിക്കോയിലെ മിഷോകന്‍ സ്‌റ്റേറ്റിലാണ് സമര്‍പ്പിതരുമായുള്ള കൂടിക്കാഴ്ച നടന്നത്. സന്ദേശത്തിലുടനീളം പ്രാര്‍ത്ഥനയും ജീവിതവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരിക്കണം എന്ന ചിന്തയാണ് പാപ്പ പങ്കുവച്ചത്. ഇത് പ്രലോഭനത്തെ അതിജീവിക്കാന്‍ അനിവാര്യമാണ്. 'കാരണം, നമ്മുടെ പ്രാര്‍ത്ഥന ജീവിതത്തെപ്പറ്റിയും ജീവിതം പ്രാര്‍ത്ഥനയെപ്പറ്റിയും സംസാരിക്കുന്നു' പാപ്പ കൂട്ടിച്ചേര്‍ത്തു. ഏറെ അര്‍ത്ഥവത്തായ ആ വാക്കുകള്‍ കൈയ്യടിയോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. 'പ്രാര്‍ത്ഥന നാം പഠിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥനയുടെ പരിശീലനം ജീവിതത്തിന്റെ പരിശീലനം തന്നെയാണ്. ജീവിതം വളരുന്നതിലൂടെയാണ് നമ്മുടെ പ്രാര്‍ത്ഥനയും വളരുന്നത്.'

'ആത്മീയ വ്യക്തികള്‍ ഒരിക്കലും ദൈവത്വത്തിന്റെ ഭരണകര്‍ത്താക്കളാകരുത്. ദൈവത്തിന്റെ ജോലിക്കാരുമാകരുത്. മറിച്ച്, ദൈവികജീവനില്‍ പങ്കുകാരാകാന്‍ വിളിക്കപ്പെട്ടവരാണ് അവര്‍. അവിടുത്തെ ഹൃദയത്തിലേക്ക് നാം പ്രവേശിക്കണം. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന വാക്കുകള്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം, പ്രാര്‍ത്ഥിക്കാന്‍ മാത്രം വിളിക്കപ്പെട്ടവരല്ല.' ഏറെ ഹൃദയസ്പര്‍ശിയായിരുന്നു പാപ്പയുടെ വിചിന്തനങ്ങള്‍. 'നമ്മുടെ സഹോദരങ്ങളുടെ വേദനയും കണ്ണുനീരുമാണ് നമ്മുടെ പ്രാര്‍ത്ഥനകളാവേണ്ടത്. അനേകര്‍ കരയുമ്പോള്‍ അതു നമ്മുടെ ജീവിതത്തെയും പ്രാര്‍ത്ഥനയെയും ചലിപ്പിക്കണം.' 16 ാം നൂറ്റാണ്ടില്‍ മഷോകന്‍ മെത്രാനായിരുന്ന വാസ്‌കോ വാസ്‌ക്വസ് ദെ ക്വരോഗയുടെ ജീവിതം എടുത്തുപറഞ്ഞ് പാപ്പ വൈദികരെയും സന്യസ്തരെയും ഓര്‍മ്മിപ്പിച്ചു.

കടപ്പാട് : us.sundayshalom.com