കൂടുതല്‍ മക്കളുള്ളവരെപ്പറ്റി പറയുമ്പോള്‍ ഒന്നോ രണ്ടോ മക്കളുള്ളവര്‍ പറയുന്ന സ്ഥിരം പല്ലവിയുണ്ട്: ''ഒന്നിനെത്തന്നെ വളര്‍ത്താന്‍ പറ്റുന്നില്ല. പിന്നെങ്ങനെ നാലും അഞ്ചും പിള്ളേരുടെ കാര്യം''. ഈ മനോഭാത്തോട് വിയോജിച്ചുകൊണ്ട് ആറുമക്കളുള്ള പ്രദീപ് സുഭാഷ് പ്രതികരിച്ചതിങ്ങനെ: '' യഥാര്‍ത്ഥത്തില്‍ ഒന്നോ രണ്ടോ മക്കളെ വളര്‍ത്തുന്ന പ്രയാസവും ബുദ്ധിമുട്ടും മാത്രമേ ഉള്ളൂ. പിന്നീടുണ്ടാകുന്ന കുഞ്ഞുങ്ങള്‍ മൂത്തമക്കളുടെ തണലില്‍ പരസ്പരം കൊണ്ടും കൊടുത്തും പകുത്തു നല്‍കിയും സ്വയം പര്യാപ്തരായി ജീവിച്ചുകൊള്ളും''
ഇടപ്പള്ളിയിലെ ആലക്കളത്തു വീട്ടില്‍ പ്രദീപ് സുഭാഷിനും ഭാര്യ ലീനയ്ക്കും ആറുമക്കളാണ്. 2001 മെയ് 14 നായിരുന്നു പ്രദീപിന്റെയും എറണാകുളം പാലാരിവട്ടം സ്വദേശിയായ ലീനയുടെയും വിവാഹം. പ്രദീപിന്റെ അച്ഛനും അമ്മയ്ക്കും 10 വീതം സഹോദരങ്ങളുണ്ട്. ഈ വലിയ കുടുംബങ്ങളിലെ സൌഹൃദാന്തരീക്ഷവും സന്തോഷവും കണ്ടു വളര്‍ന്ന പ്രദീപിന് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. സമാന ചിന്താഗതിയായിരുന്നു ലീനയ്ക്കും. '' ഞങ്ങളുടെ കുടുംബത്തില്‍ എനിക്കു താഴെ 44 ഫസ്റ്റ് കസിന്‍സുണ്ടെനിക്ക്. ഞങ്ങളുടെ കുടുംബ കൂട്ടായ്മകളില്‍ എല്ലാവരും ഒത്തു ചേരുമ്പോഴുള്ള ആനന്ദവും ആഹ്‌ളാദവും പറഞ്ഞറിയിക്കാനാവില്ല. സത്യത്തില്‍ ഈ കൂട്ടായ്മയാണ് കൂടുതല്‍ കുട്ടികള്‍ എന്ന ചിന്ത എന്നില്‍ ഉണര്‍ത്തിയത്'' പ്രദീപ് പറയുന്നു.
മൂത്ത മകള്‍ മരിയ ആറില്‍ പഠിക്കുന്നു. രണ്ടാമത്തെ മകള്‍ സിസിലിയ അഞ്ചിലും മൂന്നാമത്തെ മകന്‍ ജോര്‍ജ് മൂന്നിലുമാണ്. നാലാമന്‍ അലക്‌സ് എല്‍കെജി വിദ്യാര്‍ത്ഥിയാണ്. അഞ്ചാമത്തെ പ്രസവത്തില്‍ രണ്ടുപേര്‍ പിറന്നു ആന്റണിയും ഫ്രാന്‍സിസും. ഈ സെപ്തംബറില്‍ ഇരട്ടകള്‍ക്കു രണ്ടു വയസ്സു തികയും.
മക്കളെ വളര്‍ത്താന്‍ ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. ദൈവപദ്ധതിക്കു എല്ലാം വിട്ടു നല്‍കിയാല്‍ എല്ലാം അവിടുന്നു നോക്കിക്കൊള്ളും എന്നുപ്രദീപും ലീനയും പറയുന്നു. കൂടുതല്‍ മക്കളുണ്ടായപ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ദൈവം ചൊരിയുന്ന അനുഭവമാണ് തങ്ങള്‍ക്കുള്ളതെന്ന് ഈ ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുന്നു. 'ഫാംസ് ഡയറി' എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് പ്രദീപ്. ക്ഷീരകാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നല്‍കുന്ന ജര്‍മ്മന്‍ കമ്പനിയായ GEA യുടെ കേരളത്തിലെ ഡീലറാണ്. കര്‍ഷകരില്‍ നിന്നു പാല്‍ സംഭരിച്ച് വിഷാംശം ഒട്ടുമില്ലാത്ത പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്ന സംരംഭത്തിനും ഫാംസ് ഡയറി നേതൃത്വം നല്‍കുന്നുണ്ട്. ടീച്ചറായിരുന്ന ലീന ഇരട്ടക്കുട്ടികളുടെ വരവോടെ ജോലി ഉപേക്ഷിച്ചു മക്കളുടെ പരിചരണം ഏറ്റെടുത്തിരിക്കയാണിപ്പോള്‍.
കൊടുത്തും എടുത്തും പരസ്പരം താങ്ങും തണലുമായാണു മക്കള്‍ വ്യാപരിക്കുന്നതെന്നു പ്രദീപ് സൂചിപ്പിക്കുന്നു. പഠിപ്പിക്കാനും ''തീറ്റിക്കാനും'' ഒന്നിനും വലിയ പരിശ്രമം വേണ്ട. എല്ലാം മക്കള്‍ താനേ ചെയ്യുന്നു. ദൈവാശ്രയബോധവും പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട അന്തരീക്ഷവും നല്ല മക്കളെ നമുക്കു സമ്മാനിക്കുന്നു എന്ന് പ്രദീപ് പറയുന്നു.
ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ (ഉല്‍പത്തി 1:28).
നോഹയെയും പുത്രന്‍മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍ (ഉല്‍പത്തി 9:1).
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും (സങ്കീര്‍ത്തനങ്ങള്‍127:3).