മെക്‌സിക്കോ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ മെക്‌സിക്കോയിലേക്കുള്ള വിമാനയാത്ര. വിമാനത്തില്‍വെച്ച് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവവും സാക്ഷ്യവും. പത്രപ്രവര്‍ത്തകരുടെ നീണ്ട നിരയില്‍നിന്നൊരാള്‍ എത്തി പാപ്പയോട് ചോദിച്ചു, 'ഞാന്‍ അങ്ങയുടെ ഷൂ ഒന്നു പോളീഷ് ചെയ്‌തോട്ടെ?' പരിശുദ്ധ പിതാവും കൂടെനിന്നവരും അത്ഭുതപ്പെട്ടുപോയി. പൊതുസ്ഥലത്താണെങ്കില്‍ അത്തരം ജോലിക്കാരില്‍നിന്നാണെന്ന് കരുതാം. പക്ഷേ, ഇത് പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ മാത്രം അനുവദിക്കപ്പെട്ട സമൂഹത്തില്‍നിന്ന്. ആദ്യം അല്പമൊന്ന് ആകുലപ്പെട്ടെങ്കിലും പാപ്പ അനുമതി നല്‍കിയപ്പോള്‍, അയാള്‍ കുനിഞ്ഞ് പാപ്പയുടെ ഷൂ മനോഹരമായി പോളീഷ് ചെയ്തുനല്‍കി.

കാലിഫോര്‍ണിയയിലെ കാത്തലിക് റേഡിയോ, ടെലിവിഷന്‍ 'എല്‍ സെംബ്രദോര്‍' സ്ഥാപകനും അമേരിക്കയിലെത്തന്നെ സമ്പന്നരില്‍ ഒരാളുമായ നോയല്‍ ഡയസ് ആയിരുന്നു അത്. പാപ്പയ്ക്ക് ഷൂ വൃത്തിയാക്കുന്നതിനുള്ള ഉപകരണങ്ങള്‍ സമ്മാനമായി നല്‍കിയാണ് അദ്ദേഹം എണീറ്റത്.

ഈ പ്രവൃത്തിക്ക് പിന്നിലൊരു ചരിത്രമുണ്ട്. തന്റെ സാക്ഷ്യം പറഞ്ഞപ്പോഴാണ് പാപ്പയ്ക്കും കൂടിനിന്നവര്‍ക്കും കാര്യങ്ങള്‍ മനസിലായത്. നോയല്‍ ഡയസ് മെക്‌സിക്കോയിലെ ടിജ്വാനയിലാണ് ജനിച്ചത്. കഠിന ദാരിദ്ര്യമായിരുന്നു വീട്ടില്‍. എട്ടാം വയസ്സില്‍ ആദ്യകുര്‍ബാന സ്വീകരണത്തിനിടാന്‍ നല്ലൊരു ഉടുപ്പ് വാങ്ങാന്‍ പണമില്ലെന്ന് സ്വന്തം അമ്മ പറയുന്നത് കേട്ടപ്പോഴാണ് അവന്‍ ആദ്യമായി വിഷമിച്ചത്. അമ്മ ഒറ്റയ്ക്കായിരുന്നു. അന്ന് ഷൂ വൃത്തിയാക്കുന്ന ഉപകരണങ്ങളുമായി അവന്‍ തെരുവിലേക്കിറങ്ങി. പലരുടെയും കാല്പിടിച്ച് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ ഉപജീവനത്തിനായി അവരുടെ പാദരക്ഷകള്‍ വൃത്തിയാക്കിക്കൊടുത്തു.

ഇത്രയും കേട്ടപ്പോള്‍ പാപ്പയും മറ്റ് പത്രപ്രവര്‍ത്തകരും കൂടുതല്‍ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ കഥ കേട്ടുതുടങ്ങി. 'ഞാന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിലൂടെ എല്ലാ ജോലിയുടെയും മഹത്വത്തെ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. വീട്ടിലേക്ക് ഭക്ഷണമെത്തിക്കാന്‍ പല രീതിയില്‍ ജോലി ചെയ്യുന്നവരുണ്ട്. എല്ലാവരുടെയും ജോലിക്ക് മഹത്വമുണ്ട്. പക്ഷേ, ഇന്ന് പലപ്പോഴും ചെറിയ ജോലിയെന്നും വലിയ ജോലിയെന്നും മാന്യമായതെന്നും മാന്യത കുറഞ്ഞതെന്നും ജോലികള്‍ വിലയിരുത്തപ്പെടുന്നു.' നോയല്‍ പറഞ്ഞു തുടങ്ങി.

'എന്റെ അമ്മ വീടുതോറും സാധനങ്ങള്‍ കൊണ്ടുപോയി വില്‍ക്കുന്ന വ്യക്തിയായിരുന്നു. പലപ്പോഴും ക്ഷീണിച്ച് അവശയായി വരുന്ന അമ്മയുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല. കാരണം, ആരും ഒന്നും വാങ്ങാത്തതിന്റെ വേദന. കുടുംബം പട്ടിണിയാകുമെന്ന ഉത്കണ്ഠ. പഠനമുപേക്ഷിച്ച് അമ്മയെ സഹായിക്കാനാണ് ഞാന്‍ ആദ്യമായി ഷൂ പോളീഷ് ഉപകരണങ്ങള്‍ കൈയിലെടുത്തത്. മറ്റ് കുട്ടികള്‍ക്കുള്ള സന്തോഷവും സുഖവും എനിക്ക് അന്യമായി.' ഹൃദയസ്പര്‍ശിയായിരുന്നു ആ വാക്കുകള്‍. 'പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഒളിച്ചാണ് ഞാന്‍ അമേരിക്കയിലെത്തിയത്. നിയമപരമല്ലാത്ത ഒരു അഭയാര്‍ത്ഥിയായി. രണ്ടുപ്രാവശ്യം നാടുകടത്തപ്പെട്ടു.' കുറെ വര്‍ഷങ്ങള്‍ക്കുശേഷം നിയമപരമായ ഡോക്യുമെന്റ്‌സ് സ്വന്തമാക്കുവാനും അമേരിക്കയില്‍ സ്ഥിരതാമസത്തിനും അവസരം ലഭിച്ചു. സ്വന്തം മാതാപിതാക്കളെ കാണുവാനോ, സ്വന്തക്കാരെ സ്‌നേഹിക്കുവാനോ സാധിക്കാത്ത അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

'പാപ്പയുടെ പാദരക്ഷകള്‍ വൃത്തിയാക്കുവാന്‍ ലഭിച്ച അവസരം ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാന്‍ എന്റെ ജോലിയെ സ്‌നേഹിച്ചിരുന്നു. അതിന് എനിക്ക് ദൈവം തന്ന അനുഗ്രഹം.' പിന്നീട് നോയല്‍ പറഞ്ഞു. ഏല്‍ സെംബ്രദോര്‍ മിനിസ്ട്രിയുടെ കേന്ദ്രം കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസാണ്. 1994 നവംബര്‍ മാസത്തിലായിരുന്നു ഔദ്യോഗിക തുടക്കം. ലോസ് ആഞ്ചലസ് അതിരൂപതയിലെ വിശ്വാസികളുടെ ആത്മീയ ഉത്കര്‍ഷത്തിനായിട്ടാണ് മിനിസ്ട്രി ആരംഭിച്ചത്. ഇപ്പോള്‍ ലാറ്റിന്‍ അമേരിക്ക മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന റേഡിയോ, ടെലിവിഷന്‍ ശൃംഖലയുടെ കേന്ദ്രമാണിത്. 1984 മാര്‍ച്ച് 31 ന് ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ കര്‍ത്താവ് വിളിക്കുന്ന അനുഭവം ഉണ്ടായതിനാലാണ് നോയല്‍ ഡയസ് ഈ ശുശ്രൂഷ ആരംഭിച്ചത്. നോയല്‍ വിവാഹിതനാണ്, മൂന്ന് കുട്ടികളുടെ പിതാവും. സാന്‍ ബര്‍ണദീനോ സഹായമെത്രാന്‍ ഡെന്നീസ് ഓനീല്‍ ആണ് മിനിസ്ട്രിയുടെയും നോയലിന്റെയും ആത്മീയ പിതാവ്.

രാജ്യവ്യാപകമായി പല ശുശ്രൂഷകള്‍ക്കും ഇപ്പോള്‍ ഏല്‍ സെംബ്രദോര്‍ മിനിസ്ട്രി നേതൃത്വം നല്‍കുന്നുണ്ട്. 1990 ലാണ് റേഡിയോയിലൂടെയുള്ള സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലെ നാല്‍പത് രാജ്യങ്ങളില്‍ ഈ റേഡിയോ ലഭിക്കുന്നുണ്ട്. 1994 ല്‍ ടെലിവിഷന്‍ ശുശ്രൂഷകളും ആരംഭിച്ചു. പ്രമുഖമായി സ്പാനീഷിലായിരുന്നു പ്രോഗ്രാമുകള്‍. ഡൈമെന്‍ഷന്‍ ദെ ഫെ എന്നായിരുന്നു ആദ്യം ടെലിവിഷന്‍ പ്രോഗ്രാമിന്റെ പേര്. തെക്കന്‍ കാലിഫോര്‍ണിയയിലെ 6 മില്യണ്‍ സ്പാനീഷ് കാത്തലിക് പ്രേക്ഷകരുള്ള അരമണിക്കൂര്‍ പ്രോഗ്രാം ലോക്കല്‍ ചാനലുകളിലൂടെയാണ് എല്‍ സെംബ്രദോര്‍ മിനിസ്ട്രി ആദ്യം നല്‍കിയിരുന്നത്. പിന്നീട് സ്വന്തമായി ഒരു കാത്തലിക് മെക്‌സിക്കന്‍ ചാനല്‍ ആരംഭിച്ചു.

എല്‍ സെംബ്രദോര്‍ ന്യൂ എവാന്‍ജെലൈസേഷന്‍ (ESNE) എന്ന ചാനല്‍ ഇപ്പോല്‍ വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരികയാണ്. സാറ്റലൈറ്റിലൂടെയും കേബിള്‍നെറ്റ് വര്‍ക്കുകളിലൂടെയുമുള്ള സുവിശേഷ പ്രോഗ്രാമുകള്‍ നല്‍കിത്തുടങ്ങിയത് 2003 ജൂലൈ 31 നാണ്. 24 മണിക്കൂറും 7 ദിവസവും പ്രോഗ്രാമുകള്‍ നല്കുവാനുള്ള സംവിധാനമായി ഇപ്പോള്‍. മെക്‌സിക്കോ നഗരത്തില്‍ ഗ്വാഡെലൂപ്പെ മാതാവിന്റെ ബസിലിക്കയുടെ ഉള്ളില്‍ സ്വന്തമായി സ്റ്റുഡിയോ ഉള്ള കത്തോലിക്കാ ചാനല്‍ കൂടിയാണ് ESNE ഇപ്പോള്‍.

കടപ്പാട് : us.sundayshalom.com