ജീവിതത്തില്‍ തകര്‍ച്ചകള്‍ നേരിടേണ്ടി വരുമ്പോള്‍ ദൈവത്തില്‍ പ്രത്യാശവയ്ക്കുവാന്‍ സാധിക്കാത്തതാണ് എല്ലാം പരാജയത്തിനും കാരണം. അതിനാല്‍ തകര്‍ച്ചയ്ക്ക് കാരണക്കാരായ വ്യക്തികളേയും സാഹചര്യത്തെയും എല്ലാവരും വെറുക്കും. 'ദൈവമെന്തിന് ഈ കടുംകൈ ചെയ്തു' എന്നു ചോദിച്ച് പലരും ദൈവത്തെ തള്ളിക്കളയും. എന്നാല്‍ ഓര്‍ക്കുക, ദൈവം അപ്പോഴും നമ്മെ തന്നെ അലിവോടെ ഉറ്റുനോയിരിക്കുന്നുണ്ടെന്ന്. തകര്‍ന്നു തരിപ്പണമായ നമ്മുടെ ആധ്യാത്മിക ഭൗതിക മണ്ഡലങ്ങളെ വിശുദ്ധീകരിക്കാനും പുനരുദ്ധരിക്കാനും അവിടുന്നാഗ്രഹിക്കുന്നുണ്ടെണ്. ദൈവസ്വരം കേള്‍ക്കാന്‍നാം തയ്യാറായിരുന്നെങ്കി ല്‍ അലിവാര്‍ന്ന ആ സ്വരം നമുക്ക് ഗ്രഹിക്കാന്‍ കഴിയുമായിരുന്നു. അതിനാല്‍ ദൈവസ്വരത്തിന് ചെവിയോര്‍ത്ത് പ്രതികൂലങ്ങളെ അനുകൂല മാക്കി മുന്നോട്ട് പോകാനുള്ള കൃപയ്ക്കുവേണ്ടി നോമ്പിന്റെ ഈ രണ്ടാം തിങ്കളാഴ്ച നമുക്ക് പ്രാര്‍ത്ഥിക്കാം. ഇതിന് നമ്മെ സഹായിക്കുന്ന ഒരു സഹനദാസനെ പരിചയപ്പെടാം. തകര്‍ച്ചകള്‍ ഒന്നിന് പുറകെ ഒന്നായി നേരിടേണ്ടി വന്നിട്ടും തെല്ലും പതറാതെ ദൈവത്തില്‍ മാത്രം ആശ്രയിച്ച് മുന്നേറിയ കുഞ്ഞുമോന്‍ പുന്നപ്ര എന്ന വ്യക്തിയുടെ ജീവിതം നമ്മുടെ എല്ലാ വേദനകള്‍ക്കും പരിഹാരമാകുമെന്ന് തീര്‍ച്ചയാണ്. നെഞ്ചിന് കീഴ്‌പ്പോട്ട് തളര്‍ന്നുപോയ വ്യക്തിയാണിദ്ദേഹം. എന്നിട്ടും തന്റെ സഹനത്തെ ദൈവമഹത്വത്തിന് സമര്‍പ്പിച്ചതിലൂടെ അദ്ദേഹം ലോകത്തിന് പ്രത്യാശയുടെ അടയാളമായി മാറിയിരിക്കുന്നു.

രണ്ട് പതിറ്റാണ്ട് മുമ്പ് ആലപ്പുഴയിലെ പുന്നമടയില്‍ നെഹ്രുട്രോഫി ജലോത്സവം നടക്കുമ്പോള്‍ ഏതെങ്കിലും ചുണ്ടന്‍വളളത്തില്‍ തുഴക്കാര്‍ക്ക് ആവേശം പകര്‍ന്ന് കുഞ്ഞുമോന്‍ അമരത്തുണ്ടാകും. നല്ല കായിക ബലമുളള ഒരാള്‍ക്ക് മാത്രമേ ശക്തിയോടെ അമരത്തുനിന്ന് പങ്കായം കുത്തിയെറിയാനാവൂ. എന്നാല്‍ 1996 ലെ നെഹ്രുടോഫി ജലോത്സവത്തിന്‌ശേഷം ചുണ്ടന്‍ വള്ളത്തില്‍ കാലുകുത്താന്‍ കുഞ്ഞുമോന് കഴിഞ്ഞില്ല. കാരണം ദൈവം തന്റെ സുവിശേഷ ദൗത്യത്തിലെ അമരക്കാരിലൊരാളായി കുഞ്ഞുമോനെ മാറ്റിനിര്‍ത്തിയിരുന്നു.

18 വര്‍ഷം മുമ്പായിരുന്നു ആ തെരഞ്ഞെടുപ്പ്. കുഞ്ഞുമോന്‍ അന്ന് സഹോദരങ്ങളുമായി ചേര്‍ന്ന് 'സ്റ്റാന്‍ഡേര്‍ഡ് പൈല്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ പൈലിംഗ് സ്ഥാപനം എടത്വായില്‍ നടത്തുന്നു. അതൊടൊപ്പം എറണാകുളത്ത് പനമ്പിളളി നഗറിലുള്ള ജിയോ ടെക് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാനുമായിരുന്നു അദ്ദേഹം. ഇതിനിടയില്‍ സമയം കിട്ടുന്നതനുസരിച്ച് കരിസ്മാറ്റിക് നവീകരണ ക്ലാസുകളിലും സെമിനാറുകളിലും പങ്കെടുക്കും. ദൈവാലയ സന്ദര്‍ശനവും പ്രാര്‍ത്ഥനയുമൊന്നും മുടക്കുകയുമില്ല. അങ്ങനെ ആത്മീയ ജീവിതവും ഭൗതിക ജീവിതവും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് കുഞ്ഞുമോന്റെ ജീവിതത്തെ അടിമുടിയുലച്ച ചില സംഭവങ്ങളുണ്ടാകുന്നത്. സഹോദരന്റെ ആകസ്മിക മരണമായിരുന്നു അതിലൊന്ന്. സഹോദരനും നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്പര്യമുളള വ്യക്തി. പ്രാര്‍ത്ഥനാഗ്രൂപ്പുകളിലെ സ്ഥിരസാന്നിധ്യം. പക്ഷേ ഒരപകടത്തില്‍ അദ്ദേഹത്തിന്റെ ജീവനെ ദൈവം തരികെ വിളിച്ചപ്പോള്‍ സഹോദരന്റെ കുടുംബത്തൊടൊപ്പം കുഞ്ഞുമോനും നടുങ്ങി. ചെറിയ കുട്ടികള്‍ മാത്രമാണ് സഹോദരന് ഉള്ളത്. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന് അദ്ദേഹം മനസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആ വേദന തീരുംമുമ്പേ അതിനേക്കാള്‍ നൊമ്പരമുളവാക്കുന്ന സംഭവമാണ് പിന്നീട് ഉണ്ടായത്.

എടത്വായ്ക്ക് സമീപത്തുള്ള തലവടിയില്‍ ഏറ്റെടുത്ത കെട്ടിടത്തിന്റെ പയല്‍ താഴ്ത്തുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയം. അവിടെ റിംഗ് ഉയര്‍ത്തുന്ന പണിക്കാരെ ജ്യേഷ്ഠ സഹോദരന്‍ സഹായിക്കുന്നത് കുഞ്ഞുമോന്‍ ദൂരെ നിന്നേ കണ്ടു. ഭാരമെടുക്കാന്‍ ക്ലേശിക്കുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് കുഞ്ഞുമോന്‍ ഓടിച്ചെന്ന് റിംഗ് എടുത്ത് സ്വന്തം തോളിലേക്ക് ചേര്‍ത്തു. എന്നാല്‍ പെട്ടെന്ന് അതിന്റെ ഭാരത്തില്‍ അദ്ദേഹം ഒരു വശത്തേക്ക് ചരിഞ്ഞ് നിലത്തുവീണു. അതോടെ ആ വലിയ ഭാരക്കട്ടയും അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് പതിച്ചു. ഒരു സോഡ പൊട്ടുന്നപോലുള്ള ശബ്ദമാണ് നെഞ്ചില്‍ നിന്നും കുഞ്ഞുമോന്‍ കേട്ടത്. കടുത്തവേദനയൊന്നും അപ്പോള്‍ തോന്നിയില്ല. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ കുഞ്ഞുമോനെ എടുത്ത് ഒരു പായയില്‍ കിടത്തി. അവിടെ കിടന്നപ്പോഴും കുഞ്ഞുമോന്‍ ദൈവഹിതം തേടി പ്രാര്‍ത്ഥിക്കുകയായിരുന്നു.

ആശുപത്രിയില്‍ വെച്ചാണ് തന്റെ നെഞ്ചിന്‍കൂടിന് കീഴ്‌പോട്ടുള്ള ഭാഗം നിര്‍വീജമായെന്ന് അദ്ദേഹത്തിന് മനസിലാകുന്നത്. എങ്കിലും ദൈവം തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം ഹൃദയത്തില്‍ ഉറച്ച് വിശ്വസിച്ചു. മരുന്നുകളും പ്രാര്‍ത്ഥനയുമായി അദ്ദേഹം പിന്നീട് വീട്ടില്‍ കുറേക്കാലം വിശ്രമിച്ചു. ആ കാലങ്ങളില്‍ ധാരാളംപേര്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തുമായിരുന്നു. ആശ്വസിപ്പിക്കാനെത്തിയവര്‍ക്ക് പ്രത്യാശദൂത് പകര്‍ന്നാണ് കുഞ്ഞുമോന്‍ തിരിച്ചയച്ചത്. ദൈവം കരുണാസമ്പന്നനാണെന്ന് കുഞ്ഞുമോന്‍ അവരെ തിരുവചനം ഉദ്ധരിച്ച് പഠിപ്പിച്ചു. അവര്‍ സന്തുഷ്ടരായി മടങ്ങുമ്പോള്‍ കുഞ്ഞുമോന്‍ പ്രാര്‍ത്ഥനയിലേക്ക് മനസിനെ നയിക്കും. എടത്വായില്‍നിന്ന് അക്കാലത്ത് ധാരാളം പേര്‍ ഡിവൈനിലേക്ക് ധ്യാനത്തിന് പോകുന്നുണ്ടായിരുന്നു. ഒരു ദിവസം കുഞ്ഞുമോന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ 'രോഗികള്‍ക്കുള്ള ധ്യാനത്തില്‍ സംബന്ധിക്കുക. ഇത് നിന്റെ ജീവിതത്തിന് ഏറെ പ്രതീക്ഷ നല്‍കും.' എന്നൊരു സ്വരം കേട്ടു. 'എത്രയോ തീരാവ്യാധി പിടിപെട്ടവരും കിടപ്പുരോഗികളും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച് സുഖം നേടുന്നു. അങ്ങനെയെങ്കില്‍ തന്റെ വേദനയും കര്‍ത്താവ് സുഖപ്പെടുത്തുമെന്ന് കുഞ്ഞുമോന്‍ കരുതി.

യാത്രയ്ക്ക് മുമ്പ് പുതിയ ഷര്‍ട്ടും മുണ്ടും അദ്ദേഹം വാങ്ങി. കര്‍ത്താവ് സുഖപ്പെടുത്തിയാല്‍ പുതിയ ഡ്രസ് ധരിച്ച് ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങാമല്ലോ. ഇതായിരുന്നു പദ്ധതി. അങ്ങനെ ഏതാനുംപേരൊടൊപ്പം അദ്ദേഹം ഡിവൈനിലെത്തി ധ്യാനം തുടങ്ങി. ധ്യാനഹാളിന്റെ ഒരു വശത്ത് വീല്‍ചെയറില്‍ അദ്ദേഹം ഒതുങ്ങിയിരുന്നു. ഒന്നുരണ്ട് ദിവസം കടന്നുപോയി. എന്നാല്‍ യാതൊന്നും സംഭവിച്ചില്ല. വീട്ടുകാരും പ്രാര്‍ത്ഥനാഗ്രൂപ്പില്‍പ്പെട്ടവരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ രോഗസൗഖ്യത്തിന് രാപകല്‍ വീട്ടില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ചവരെ ഒന്നും സംഭവിച്ചില്ല. അതോടെ നിരാശതയുടെ കാര്‍മേഘങ്ങള്‍ അദ്ദേഹത്തിന്റെ മനസിലേക്ക് കടന്നുവരാന്‍ തുടങ്ങി. വിശ്വാസമില്ലാതിരുന്ന അനേകം രോഗികള്‍ സുഖപ്പെട്ട് കര്‍ത്താവിന് സാക്ഷ്യം പറഞ്ഞ് കടന്നുപോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ആത്മീയ ജീവിതം നയിക്കുന്ന തന്നെ മാത്രം എന്തുകൊണ്ട് കര്‍ത്താവ് സുഖപ്പെടുത്തുന്നില്ല? എന്ന് അദ്ദേ ഹം കര്‍ത്താവിനോട് പരാതിപ്പെട്ടുകൊണ്ടിരുന്നു. ധ്യാനം കഴിഞ്ഞ് ആഹ്ലാദചിത്തരായി വീട്ടിലേക്ക് മടങ്ങുന്നവരുടെ ഒരുക്കം കണ്ടപ്പോള്‍ കുഞ്ഞുമോന്റെ ഹൃദയം നീറിപ്പിടയുകയായിരുന്നു.

പിറ്റേന്ന് പ്രഭാതത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചശേഷം അദ്ദേഹം വിശുദ്ധബലിക്കണഞ്ഞു. പനയ്ക്കലച്ചനാണ് ബലിയര്‍പ്പിച്ചത്. സുവിശേഷവായനയക്ക് ശേഷം അച്ചന്‍ പറഞ്ഞു. 'അനേകം രോഗികള്‍ ഇവിടെ വന്നിട്ടുണ്ട്. കുറെ പേര്‍ക്ക് സൗഖ്യം ലഭിച്ചു. കുറെപ്പേര്‍ക്ക് സൗഖ്യം കിട്ടിയിട്ടില്ല. സൗഖ്യം കിട്ടാത്തവര്‍ കിട്ടിയവരെക്കാള്‍ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ പറയുന്നു. കാരണം, ഞാന്‍ ഇപ്പോള്‍ ഇവിടെ അര്‍പ്പിക്കുന്ന ക്രിസ്തുവിന്റെ ബലിപോലെ, ജീവിതബലിയായി അനേകരുടെ രക്ഷയ്ക്കുവേണ്ടി അര്‍പ്പിക്കുവാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കുകയാണ്. അത് ഏറ്റെടുക്കാനുള്ള കൃപയും ദൈവം അവര്‍ക്ക് നല്‍കുന്നുണ്ട്. ഈ വാക്കുകള്‍ തീക്കനല്‍ പോലെ അദ്ദേഹത്തിന്റെ ഹൃദയത്തിലിരുന്ന് ജ്വലിച്ചു. ഇതുവരെ സൗഖ്യപ്പെട്ടില്ലെന്ന് ചിന്തിച്ച് വിഷമിച്ചിരുന്ന കുഞ്ഞുമോന്റെ സങ്കടമെല്ലാം അവിടെ തീര്‍ന്നു. ക്രിസ്തുവിന്റെ ബലിജീവിതത്തിനായിട്ടാണ് താന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബോധ്യം അദ്ദേഹത്തിന് ലഭിച്ചു.

ആഹ്ലാദചിത്തനായി ഡിവൈന്‍ധ്യാനകേന്ദ്രത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരാളുടെ കിടക്കയ്ക്കരികില്‍ ചെറിയൊരു ആള്‍ക്കൂട്ടം. അദ്ദേഹം വീല്‍ച്ചെയറുരുട്ടി അവിടേക്ക് ചെന്നു. ശരീരം തളര്‍ന്നുപോയൊരാളെ കിടക്കയില്‍ ഭാര്യ താങ്ങിയിരുത്തി ഭക്ഷണം വാരിക്കൊടുക്കുന്ന രംഗമാണ് അദ്ദേഹം കണ്ടത്. ബഞ്ചമിന്‍ എന്നായിരുന്നു അയാളുടെ പേര്. അയാളെ കണ്ടപ്പോള്‍ ഈ അവസ്ഥയക്ക് കാരണമെന്തെന്ന് കുഞ്ഞുമോന്‍ തിരക്കി. പ്ലാവിന്‍നിന്നും വീണതാണത്രേ അയാള്‍. ആ വീഴ്ചയില്‍ ശരീരം മുഴുവന്‍ അനക്കമറ്റു. ഇപ്പോള്‍ തല മാത്രമേ ചലിക്കുകയുള്ളൂ. എന്നിട്ടും അയാളു ടെ മുഖത്ത് സന്തുഷ്ടി നിറഞ്ഞുനില്‍ക്കുന്നു. തന്റെ ജീവിതം കുഞ്ഞുമോന്‍ അയാളുടെ ജീവിതവുമായി തട്ടിച്ചുനോക്കി. അപ്പോഴാണ് ദൈവം തനിക്ക് നല്‍കിയ നന്മ അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിയുന്നത്. 'ഹോ.. ദൈവമേ, എനിക്ക് കൈകള്‍ ചലിപ്പിക്കാം, ഉറക്കെ സംസാരിക്കാം. എന്നാല്‍ ഇതിനെക്കാള്‍ എത്രയോ കഷ്ടമാണ് ഇയാളുടെ ജീവിതം. എന്നിട്ടും ആ മനുഷ്യന്റെ സന്തുഷ്ടി കുഞ്ഞുമോന്റെ കണ്ണ് തുറപ്പിച്ചു. ആഹ്ലാദ ചിത്തനായ ബഞ്ചമിന്റെ ജീവിതം കുഞ്ഞുമോനെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്നതായിരുന്നു.

ധ്യാനത്തില്‍നിന്നും ലഭിച്ച ബോധ്യങ്ങള്‍ കുഞ്ഞുമോന്റെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയെന്ന് പിന്നീട് അദ്ദേഹത്തിനുണ്ടായ ജീവിതാനുഭവങ്ങളെല്ലാം തെളിയിച്ചു. സഹനത്തിലേക്ക് നോക്കിയിരിക്കാതെ സഹനം തന്ന ദൈവത്തിലേക്ക് നോക്കി ജീവിതപാഠങ്ങള്‍ പഠിച്ച്, അവയെല്ലാം മറ്റുള്ളവര്‍ക്ക് ആശ്വാസം കൊടുക്കുന്നതിന് അദ്ദേഹം ഉപയോഗിക്കാന്‍ തുടങ്ങി. ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ തകര്‍ന്നുപോയ ആരെയും എവിടെ കണ്ടുമുട്ടിയാലും ജാതിമതഭേദമെന്യേ തന്റെ ജീവിതസന്ദേശം അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. ഓട്ടോയില്‍ വീല്‍ച്ചെയര്‍ കയറ്റി പ്രാര്‍ത്ഥനാകൂട്ടായ്മകളിലേക്ക് ആവേശപൂര്‍വം അദ്ദേഹം ദിനവും പൊയ്‌ക്കൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും സഹനജീവിതം സന്തോഷദായകമായി പരിണമിക്കുവാന്‍ കര്‍ത്താവ് ഇടയാക്കി. വിശുദ്ധ കുര്‍ബാനയെക്കുറിച്ചും പരിശുദ്ധ അമ്മയെക്കുറിച്ചും സഹനത്തിലൂടെ വരുന്ന മഹത്വത്തെക്കുറിച്ചുമെല്ലാം പുതിയ പുതിയ ഉള്‍ക്കാഴ്ചകള്‍ കുഞ്ഞുമോന് ലഭിച്ചുകൊണ്ടിരുന്നു. ശുശ്രൂഷയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തി ആനന്ദിക്കുവാന്‍ കര്‍ത്താവ് സഹായിക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. ലഭിച്ചുകൊണ്ടിരുന്ന അനുഭവങ്ങള്‍ ചിലപ്പോള്‍ ഗാനങ്ങളായി എഴുതുവാനും ദൈവം കൃപ നല്‍കി്. അത്ഭുതമെന്ന് പറയട്ടെ, കര്‍ത്താ വ് നല്‍കിക്കൊണ്ടിരുന്ന ഗാനങ്ങള്‍ക്ക് അവിടുന്നുതന്നെ അനുയോജ്യമായ ചില ഈണങ്ങളും നല്‍കിയപ്പോള്‍ അവ പാടിനടക്കാന്‍ കുഞ്ഞുമോനിഷ്ടപ്പെട്ടു. ഒരു വര്‍ഷത്തോളം ഇപ്രകാരം കിട്ടിയ ഗാനങ്ങള്‍ പാടിക്കൊണ്ടിരുന്നു. അടുത്തവര്‍ഷം ഏതാനും ചില വ്യക്തികളിലൂടെ 'കഷ്ടതയില്‍ സ്തുതി' എന്നൊരു ഭക്തിഗാനകാസറ്റും പ്രത്യാശയുടെ സങ്കീര്‍ത്തനം എന്ന വീഡിയോ സിഡിയും ചെയ്യാന്‍ ദൈവം അദ്ദേഹത്തിന് അവസരം നല്‍കി.

ഇന്ന് നടന്ന് ചെയ്യുന്നതിനേക്കാള്‍ നൂറുകൂട്ടം കാര്യങ്ങള്‍ വീല്‍ച്ചെയറിലിരുന്നുള്ള ജീവിതത്തിലൂടെ അദ്ദേഹത്തിന് സാധിക്കുന്നു. മെഡിക്കല്‍ സയന്‍സ് പറഞ്ഞു, 'നീയിനി എണീല്‍ക്കില്ല, പുറത്തേക്കിറങ്ങില്ല എന്നൊക്കെ.' എന്നാല്‍ ദൈവം പറഞ്ഞു, നീയിനി കുറക്കൂടി ശക്തനാകും. അനേകം കാര്യങ്ങള്‍ ചെയ്യുമെന്ന്. ദൈവം പറഞ്ഞത് സംഭവിച്ചു. ഓടി നടന്ന് ലോകകാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഡ്രൈവിംഗ്‌ കുഞ്ഞുമോന്‍ തെല്ലും പഠിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുവാന്‍ ദൈവം അദ്ദേഹത്തിന് കൃപ നല്‍കിയിരിക്കുന്നു. അതൊടൊപ്പം നിരവധി വേദികളില്‍ ദൈവവചനത്തിന്റെ സാക്ഷിയാകാനും.

കുഞ്ഞുമോന്‍ സന്തുഷ്ടനാണ്, ലോകത്തില്‍ എവിടെയെല്ലാം ദൈവവചന പ്രഘോഷണത്തിന് അവസരം ലഭിക്കുമോ അവിടെയെല്ലാം പറന്നെത്തി ക്രിസ്തു സാക്ഷിയാകണമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിനാല്‍ കുഞ്ഞുമോനെപ്പോലെ നമ്മുടെ ജീവിത്തിലും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക. ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കിയാല്‍ നാം മനുഷ്യപ്രീതി തേടുകയില്ല. ദൈവത്തിന് മുന്‍ഗണന കൊടുക്കുമ്പോള്‍ ആത്മധൈര്യവും പ്രത്യാശയും ലഭിക്കും. അവനെ താങ്ങുന്ന ശക്തിയേറിയ കൈകള്‍ കാണുവാന്‍ അവസരം ലഭിക്കുകയും ചെയ്യും.

കടപ്പാട് : in.sundayshalom.com