മകനേ, നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക് ആധി വേണ്ടാ. നിനക്കു ദൈവത്തോടു ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്കു വലിയ സമ്പത്തു കൈവരും (തോബിത് 4:21).

പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന് ഒരു നിമിഷം മതി (പ്രഭാഷകന്‍ 11:21).

കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക. അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍ സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും (സുഭാഷിതങ്ങള്‍ 3:9-10)

എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കൂം (ഫിലിപ്പി 4:19).

ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും (ലൂക്കാ 11:9).

അധാര്‍മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും? (ലൂക്കാ 16:11).

നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍ശും (യോഹന്നാന്‍ 15:16).

മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം (റോമാ 9:16).

ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍ - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു (മലാക്കി 3:10).

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജറെമിയാ 32:27). 

രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല (ഏശയ്യാ 59:1).

എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 4:1).

കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും (സങ്കീര്‍ത്തനങ്ങള്‍ 37:4).