യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച്ച സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ എത്തിച്ചേര്‍ന്ന വിശ്വാസികളോട്, യേശു തന്റെ ആദ്യശിക്ഷ്യരെ തിരഞ്ഞെടുക്കുന്ന സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 'സാധാരണക്കാരായിരുന്ന ശിഷ്യന്‍മാരുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവമായിരുന്നു അത്. ഗലീലി കടലിന്റെ തീരത്ത് കുറച്ച് മീന്‍പിടുത്തക്കാര്‍ കൂടിയിരിക്കുന്നു. രാത്രി മുഴുവന്‍ കടലില്‍ മീന്‍ പിടിക്കാനായി ചിലവഴിച്ച അവര്‍ക്ക്, ഒരു മീന്‍ പോലും കിട്ടിയില്ല. അവര്‍ വല ഉണക്കികൊണ്ടിരിക്കുകയായിരുന്നു. യേശു അവരുടെ സമീപമെത്തി , തന്നെ കടലില്‍ അല്പദൂരത്തേക്കു കൊണ്ടുപോകാന്‍ പത്രോസിനോട് ആവശ്യപ്പെട്ടു. യേശുവിനെ പറ്റി ധാരാളം കേട്ടിരുന്ന പത്രോസ് അത് അനുസരിച്ചു. യേശു വഞ്ചിയില്‍ നിന്നു കൊണ്ട്, കരയില്‍ തന്റെ പ്രഭാഷണം കേള്‍ക്കാനെത്തിയവരോട് പ്രസംഗിച്ചു. 

പ്രസംഗത്തിനു ശേഷം യേശു പത്രാസിനോട്, മറ്റൊരു ദിക്കില്‍ വലയിടാന്‍ ആവശ്യപ്പെട്ടു. യേശുവിന്റെ വാക്കുകളില്‍ അതിനകം തന്നെ വിശ്വാസം വന്നു കഴിഞ്ഞിരുന്നയാളാണ് പത്രോസ്. അവന്‍ പറഞ്ഞു: 'ഗുരോ, ഞങ്ങള്‍ രാത്രി മുഴുവന്‍ വലയെറിഞ്ഞിട്ടും ഒന്നും കിട്ടിയില്ല. പക്ഷേ, അങ്ങ് കല്‍പ്പിച്ചാല്‍ ഞങ്ങള്‍ ഇനിയും വലയിറക്കാം.' യേശുവില്‍ വിശ്വസിച്ച പത്രോസിന് നിരാശപ്പെടേണ്ടി വന്നില്ല. വല കീറുന്നത്ര രീതിയില്‍ അവര്‍ക്കു വല നിറയെ മീന്‍ കിട്ടി. ഈ അത്ഭുതം കണ്ട് മീന്‍പിടുത്തക്കാര്‍ സ്തംഭിച്ചു നിന്നു. പത്രോസ് യേശുവിന്റെ കാലുകളില്‍ വീണു കൊണ്ട് പറഞ്ഞു, 'ഗുരോ, ഞാന്‍ പാപിയാണ്; എന്നെ വിട്ട് പോക്കുക'. യേശു ദൈവമാണെന്ന്, ആ അത്ഭുതത്തിലൂടെ അവിടെ കൂടിയിരുന്നവരെല്ലാം അറിയുന്നു. ദൈവത്തിന്റെ സാമീപ്യം പത്രോസിനെ സ്വന്തം അശുദ്ധിയേ പറ്റി, അപര്യാപ്തതയെ പറ്റി ബോധവാനാക്കുന്നു. മനുഷ്യന്റെ അളവുകോലനുസരിച്ച് ഇവിടെ പപിയും വിശുദ്ധനും തമ്മില്‍ വലിയൊരു ദൂരമുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ദൂരമില്ല. വൈദ്യനും രോഗിയും തമ്മില്‍ ദൂരമില്ലാത്തതുപോലെ. 

യേശുവിന്റെ മറുപടി പത്രോസിന് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. 'ഭയപ്പെടേണ്ട! ഇനി മുതല്‍ നിങ്ങള്‍ മനുഷ്യരെ പിടിക്കുന്നവരാകും.' ഗലീലിയോക്കാരനായ ആ മീന്‍പിടുത്തക്കാരന്‍ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെയൊപ്പം ചേരുന്നു. പാപിയായിരുന്നു എങ്കിലും പത്രാസിന് വിശ്വാസം എന്ന അനുഗ്രഹം ഉണ്ടായിരുന്നു. മീന്‍ പിടിച്ചിരുന്ന യാക്കോബും യോഹന്നാനും ശിമിയോന്‍ പത്രോസിന്റെയൊപ്പം ചേരുന്നു. യേശുവിന്റെയും തിരുസഭയുടെയും ദൗത്യം ഇതുതന്നെയാണ്. ജനത്തിന്റെ പാപങ്ങള്‍ പൊറുത്തു കൊണ്ട് അവരെ തിരുസഭയുടെ മക്കളാക്കുക. ദൈവത്തിന്റെ കാരുണ്യം എല്ലാവര്‍ക്കുമുള്ളതാണ്. ദൈവിക കാരുണ്യത്തിന്റെ വാഹകരാണ് കുമ്പസാരിപ്പിക്കുന്ന വൈദികര്‍. വിശുദ്ധ പാദ്രെ പീയോയും വിശുദ്ധ ലെപ്പോള്‍ഡും അതിലെ ഏറ്റവും ഉന്നതമായ മാതൃകകള്‍ ആയിരുന്നു. 

ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍മിപ്പിക്കുന്നു. നാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ വാക്ക് വിശ്വസിക്കുന്നുണ്ടോ? അതോ നമ്മള്‍ സ്വന്തം പാപങ്ങള്‍ ഓര്‍ത്ത് പിന്തിരിയുകയാണോ?. അങ്ങനെ പിന്തിരിയുന്നവര്‍ക്ക് ദൈവത്തിന്റെ കരുണ മനസ്സിലാക്കി കൊടുക്കുക എന്ന ചുമതലയാണ് നമുക്കുള്ളത്. ഭയപ്പെടേണ്ട! ദൈവത്തിന്റെ കാരുണ്യം നമ്മടെ പാപങ്ങളെക്കാള്‍ വലുതാണ്. ഈ അറിവ് ഒരു അനുഗ്രഹമാണ്. ഈ അറിവിനു വേണ്ടി നമുക്ക് പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കാം' മാര്‍പാപ്പ പറഞ്ഞു. "കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു" (പ്രഭാഷകന്‍ 2:11).

കടപ്പാട്: pravachakasabdam.com