ഫീനിക്‌സ്, അരിസോണ: ഫീനിക്‌സ് സിറ്റി കൗണ്‍സിലില്‍ 65 വര്‍ഷം പഴക്കമുള്ള ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. കൗണ്‍സില്‍ മീറ്റിംഗുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഓരോ കൗണ്‍സിലന്മാരും ചെറിയ ഒരു പ്രാര്‍ത്ഥന ചൊല്ലുക. അത് ഏതുമതത്തില്‍പെട്ട വിശ്വാസികളാണെങ്കിലും ചൊല്ലാം. പക്ഷേ, ആ പ്രവണത രാജ്യവ്യാപകമായ ഒരു ചര്‍ച്ചക്കിടയാക്കി. കാരണം മറ്റൊന്നുമല്ല, അടുത്തിടെ കൗണ്‍സിലറായി ഒരു സാത്താന്‍ ആരാധകന്‍ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കാനുള്ളത് പിശാചിനോടാണ്. അതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞു. തിന്മ വരുത്തണമെന്നും നന്മ പ്രവര്‍ത്തിക്കുന്നവരെ നശിപ്പിക്കണമെന്നും ധാരാളം അഴിമതിക്കാരും പീഢകരും ഉയര്‍ന്നുവരണമെന്നുമൊക്കെ അദ്ദേഹം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയതോടെ സംഗതി പന്തിയല്ലെന്ന് പലര്‍ക്കും തോന്നിത്തുടങ്ങി.

ഇതെത്തുടര്‍ന്ന് ഫീനിക്‌സ് സിറ്റി കൗണ്‍സിലില്‍ കഴിഞ്ഞദിവസം പ്രമാദമായ ഒരു വോട്ടിംഗ് നടന്നു. കൗണ്‍സില്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് നടത്തിവന്നിരുന്ന പ്രാര്‍ത്ഥന ഉപേക്ഷിച്ച് തെല്ലുനേരത്തെ നിശബ്ദതയാക്കണമെന്നുള്ള വാദമാണ് വിജയിച്ചത്. 54 അനുപാതത്തില്‍ വോട്ടിങ്ങിലൂടെ ഇനിമുതല്‍ പ്രാര്‍ത്ഥന ആവശ്യമില്ല, നിശബ്ദത മതി എന്നാണ് തീരുമാനമുണ്ടായത്. പ്രാര്‍ത്ഥന നിരോധനത്തിലൂടെ വിജയിച്ചത് സാത്താന്‍ ആരാധകരാണ്. കാരണം, പ്രാര്‍ത്ഥനയ്ക്ക് അംഗീകാരം നല്‍കപ്പെട്ടാല്‍ പൈശാചിക പ്രാര്‍ത്ഥനകളും ഉള്‍ച്ചേര്‍ക്കപ്പെടണമെന്ന് വാദിക്കാന്‍ ടക്‌സണില്‍നിന്നുള്ള സാത്താന്‍ ആരാധനാലയ അംഗമായ ഒരു കൗണ്‍സിലര്‍ ശക്തിയുക്തം വാദിക്കാനിരിക്കെയാണ് നിശബ്ദത മതി എന്ന തീരുമാനമുണ്ടായത്. അതോടുകൂടി സാത്താന്‍ പ്രാര്‍ത്ഥനയോടുകൂടി കൗണ്‍സില്‍ മീറ്റിംഗ് ആരംഭിക്കേണ്ട ഗതികേടില്‍നിന്ന് അംഗങ്ങള്‍ കഷ്ടിച്ച് രക്ഷപെട്ടു.

'സത്യത്തില്‍ സാത്താന്‍ ആരാധകര്‍ വിജയിക്കുകയാണ് ചെയ്തത്. എല്ലാത്തരത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ നിരോധിക്കപ്പെട്ടതിലൂടെ അവരുടെ അജന്‍ഡ വിജയിച്ചു.' കൗണ്‍സില്‍ വോട്ടിംഗില്‍ പങ്കെടുത്ത ഡിസിസിയോ പറഞ്ഞു. 'ഏതെങ്കിലും ഒരു പ്രാര്‍ത്ഥനയെന്നല്ല, എല്ലാ പ്രാര്‍ത്ഥനകളും നിരോധിക്കപ്പെടണമെന്ന് അവര്‍ വാദിച്ചു. അല്ലെങ്കില്‍ സാത്താനിക പ്രാര്‍ത്ഥനയും ഉള്‍ച്ചേര്‍ക്കണമെന്ന്. അപ്പോള്‍, 54 വോട്ടിംഗില്‍ പ്രാര്‍ത്ഥന വേണ്ട, നിശബ്ദത മതി എന്ന തീരുമാനമുണ്ടാവുകയായിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടുകൂടി 65 വര്‍ഷം പഴക്കമുള്ള ഒരു കീഴ്‌വഴക്കത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. സാത്താനിസം ഒരു മതമല്ലെന്നുള്ള വാദമുയര്‍ത്തി എല്ലാ പ്രാര്‍ത്ഥനകളും നിരോധിച്ച തീരുമാനത്തെ അതിജീവിക്കാമായിരുന്നെന്ന് പലരും വിലയിരുത്തുകയുണ്ടായി. കൗണ്‍സില്‍ അംഗങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ചാപ്ലയിനെ നിയമിച്ച് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇത്തരമൊരു തീരുമാനമാണ് ഉണ്ടാവുന്നതെങ്കില്‍ സാത്താന്‍ പ്രാര്‍ത്ഥന ഒഴിവാക്കാമായിരുന്നു. ഗ്രീസ് വി. ഗാല്ലോവേ വിധിയിലൂടെ സുപ്രീം കോടതി പബ്ലിക് ഓഫീസുകളിലും പ്രാര്‍ത്ഥന അനുവദനീയമാണെന്ന് വിധിച്ചതും നിയമപരമായി ചൂണ്ടിക്കാണിക്കാവുന്നതായിരുന്നു. ഏങ്ങനെയായാലും യാതൊരു പ്രാര്‍ത്ഥനയും ഉയരില്ല എന്ന കൗണ്‍സില്‍ തീരുമാനം തത്വത്തില്‍ സാത്താന്‍ ആരാധകരുടെ വിജയമായി.

ടെലിവിഷന്‍ ചാനലുകളിലും ഈ വാര്‍ത്ത ഇടംപിടിച്ചിരുന്നു. ചര്‍ച്ചയ്ക്കായി എത്തിയ ഡിസിസിയോ സാത്താന്‍ ആരാധകരെ ഐസിസ് ഭീകരരോട് ഉപമിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. അതിന് അദ്ദേഹം നല്‍കിയ വിശദീകരണം ഇങ്ങനെ, 'ഈ 65 വര്‍ഷങ്ങളില്‍ ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ മാത്രമല്ല ഇവിടെ അര്‍പ്പിക്കപ്പെട്ടത്. മറ്റ് പല മതസ്ഥരും പ്രാര്‍ത്ഥിച്ചു. എന്നാല്‍ അവയെല്ലാം ഏതെങ്കിലും തരത്തില്‍ നന്മയുളവാക്കുന്നതായിരുന്നു. അതല്ലേ നമ്മുടെ സമൂഹത്തിനാവശ്യം. ഐസിസ് എന്നാല്‍ തിന്മയാണെന്ന് നാം പറയുന്നു. സാത്താന്‍ ആരാധകരും തിന്മയാണ് ആഗ്രഹിക്കുന്നത്. അവരുടെ പ്രാര്‍ത്ഥനയും ക്ഷണിച്ചുവരുത്തുന്നത് തിന്മയായിരിക്കും. ഈ സിറ്റി കൗണ്‍സില്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നോ അതിന് ഘടകവിരുദ്ധമാണ് അവരുടെ പ്രാര്‍ത്ഥന. നന്മയുളവാകുവാന്‍ നാം അധ്വാനിക്കുന്നു. തിന്മയുളവാകുവാന്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നു. ഇതെങ്ങനെയാണ് ഒരുമിച്ചുപോകുക?'

പ്രാര്‍ത്ഥന അനുവദിച്ചില്ലെങ്കില്‍ സാത്താനിക് ആരാധകര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പറഞ്ഞിരുന്നു. അങ്ങനെ, പ്രാര്‍ത്ഥന നടത്തുക എന്ന വിഷയം വലിയ ചര്‍ച്ചയായപ്പോഴാണ് നിശബ്ദതയിലേക്ക് എല്ലാവരും ചുവടുമാറ്റിയത്. ഈ പ്രാര്‍ത്ഥനാ നിരോധനം മറ്റ് സംസ്ഥാനങ്ങളിലും ചര്‍ച്ചയാകുമെന്നും പലരും ഭയക്കുന്നുണ്ട്. സാത്താന്‍ ആരാധകരുടെ വിജയമാവും അത്. കാരണം അവര്‍ ഭയക്കുന്ന ഒരു കാര്യത്തെ എടുത്തുമാറ്റാന്‍ അവര്‍ക്കായല്ലോ. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ പല രീതിയിലും മലീമസപ്പെടുത്തുവാനാണ് പലരും ശ്രമിക്കുന്നത്.

പ്രശസ്ത ഭൂതോച്ചാടകനായ ഫാ. വിന്‍സെന്റ് ലാംപെര്‍ട്ട് പറയുന്നത് ഇത് സാത്താന്‍ ആരാധകര്‍ നേടിയ വലിയ വിജയമാണെന്നാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും തടസ്സം സൃഷ്ടിക്കുന്നത് പ്രാര്‍ത്ഥനകളാണെന്ന് സാത്താന്‍ ആരാധകര്‍ക്കറിയാം എന്നും അദ്ദേഹം പറയുകയുണ്ടായി. 'ദൈവത്തെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് പ്രാര്‍ത്ഥനയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. നിശബ്ദത മാത്രമാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു ശൂന്യതയാണ്. അപ്പോള്‍ പിശാചിന് എളുപ്പം ഈ ശൂന്യതയിലേക്ക് കടന്നുകയറാനാകും. ഉച്ചത്തില്‍ പ്രാര്‍ത്ഥന ചൊല്ലുന്നത് വിശ്വാസത്തിന്റെ പ്രഘോഷണം കൂടിയാണ്. അതു കേള്‍ക്കുന്നവരിലും വിശ്വാസം ഉണരും. ഈ സാധ്യതയെ തകിടം മറിക്കുവാനുള്ള ശ്രമങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നടക്കുന്നത്. പിശാചിന് പ്രാര്‍ത്ഥനയെ മാത്രമെ തേല്‍പിക്കാനായിട്ടൂള്ളൂ, ദൈവത്തെ തോല്പിക്കാനാവില്ല എ്ന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മനുഷ്യരുടെ വിശ്വാസം ക്ഷയിക്കുന്നിടത്താണ് പിശാച് ഇത്തരത്തില്‍ വിജയിക്കുന്നത്.' ഫാദര്‍ ലാംപെര്‍ട്ട് പറഞ്ഞു.

കടപ്പാട്: in.sundayshalom.com