പ്രാര്‍ത്ഥന ആദ്ധ്യാത്മിക കാരുണ്യപ്രവര്‍ത്തിയാണെന്ന് മാര്‍പ്പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. കരുണയുടെ അസാധാരണ ജൂബിലി പ്രമാണിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പൊതുവണക്കത്തിന് വച്ചിട്ടുള്ള വിശുദ്ധരായ പാദ്രെ പീയൊയുടെയും ലെയൊപോള്‍ഡ് മാന്റിത്സിന്റെയും പൂജ്യദേഹം കണ്ടു വണങ്ങുന്നതിനെത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരില്‍ വിശുദ്ധ പാദ്രെ പീയൊയുടെ പ്രാര്‍ത്ഥനാസംഘങ്ങള്‍ക്കും അദ്ദേഹം സ്ഥാപിച്ച ആതുരാലയമായ  സഹനത്തിന്റെ സാന്ത്വന ഭവനം എന്നര്‍ത്ഥമുള്ള, 'CASA SLOLLIEVO DELLA SOFFERENZA' (കാസ സൊള്ളിയേവൊ ദെല്ല സൊഫെറേന്‍സ) യിലെ ജീവനക്കാര്‍ക്കും മാന്‍ഫ്രെദോണിയ  വ്യെസ്‌തേ  സാന്‍ ജൊവാന്നി റൊത്തോന്തൊ അതിരൂപതിയില്‍ നിന്നെത്തിയിരുന്ന വിശ്വാസികള്‍ക്കും ശനിയാഴ്ച(06/02/16) രാവിലെ അനുവദിച്ച പൊതുദര്‍ശനവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

മുഴുവന്‍സമയ കാരുണ്യപ്രവര്‍ത്തകനായിരുന്നു വിശുദ്ധ പാദ്രെ പീയൊ എന്നു നമുക്കു പറയാന്‍ കഴിയുമെന്നും കമ്പസാരിപ്പിക്കുകയെന്ന ശുശ്രൂഷവഴി ദൈവപിതാവിന്റെ ജീവസുറ്റ തലോടലായി അദ്ദേഹം മാറിയെന്നും ബസിലിക്കാങ്കണത്തില്‍ നിറഞ്ഞുനിന്ന ജനസഞ്ചയത്തോട് തദ്ദവസരത്തില്‍ പാപ്പാ പറഞ്ഞു. പ്രാര്‍ത്ഥന നരകുലത്തിലാകമാനം  സ്‌നേഹാഗ്‌നി പടര്‍ത്തുന്ന യഥാര്‍ത്ഥ   ദൗത്യമാണെന്ന് പ്രസ്താവിച്ച പാപ്പാ, പ്രാര്‍ത്ഥന ലോകത്തെ ചലിപ്പിക്കുന്ന ശക്തിയാണെന്ന വിശുദ്ധ പാദ്രെ പീയോയുടെ വാക്കുകള്‍ അനുസ്മരിച്ചു. സകലത്തെയും ദൈവത്തിന്റെ ഹൃദയത്തിലേക്കെത്തിക്കുന്ന ആദ്ധ്യാത്മിക കാരുണ്യ പ്രവൃത്തിയാണ് പ്രാര്‍ത്ഥനയെന്നും അത് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ദാനമാണെന്നും ദൈവത്തിന്റെ ഹ!ദയത്തെ എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന താക്കോലാണെന്നും പാപ്പാ വിശദീകരിച്ചു.

വിശുദ്ധ പാദ്രെ പീയൊ പ്രാര്‍ത്ഥനാസംഘങ്ങള്‍ക്കൊപ്പം തന്നെ സഹനങ്ങളില്‍ സാന്ത്വനമേകുന്നതിനുള്ള ഭവനം വേണമെന്നാഗ്രഹിച്ചതിനെയും സഹനത്തിന്റെ സാന്ത്വന ഭവനം, അഥവാ, ഇറ്റാലിയന്‍ ഭാഷയില്‍ 'CASA SLOLLIEVO DELLA SOFFERENZA' (കാസ സൊള്ളിയേവൊ ദെല്ല സൊഫെറേന്‍സ) 60 വര്‍ഷം മുമ്പ് തുറക്കപ്പെട്ടതിനെയും കുറിച്ച് പരാമര്‍ശിച്ച പാപ്പാ അത് ശ്രേഷ്ഠമായ ഒരാതുരാലയം മാത്രമല്ല, ശാസ്ത്രത്തിന്റെയും പ്രാര്‍ത്ഥനയുടെയും കോവിലുമായിരിക്കണമെന്ന് അദ്ദേഹം അഭിലഷിച്ചിരുവെന്നനുസ്മരിച്ചു. സാങ്കേതികമായി കുറ്റമറ്റതായ ഒരു ചികിത്സയ്ക്കുപരിയായി മനുഷ്യത്വം, ഹൃദയത്തിന്റെ കരുതല്‍, മനുഷ്യര്‍ക്കാവശ്യമുണ്ടെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ ഫ്രാന്‍സീസ് പാപ്പാ ഇവിടെ കൂട്ടിച്ചേര്‍ത്തു.

രോഗചികിത്സയും രോഗീപരിചരണവും ഒരുപോലെ സുപ്രധാനമാണെന്നും പാപ്പാ പറഞ്ഞു. ശരീരത്തിന്റെ മുറിവുകളില്‍ ഔഷധം പുരട്ടുമ്പോള്‍ ആത്മാവിന്റെ  മുറിവുകള്‍ ആഴപ്പെടുന്നതു സംഭവിച്ചെക്കാമെന്നും ഈ മുറിവുണക്കല്‍ പ്രക്രിയ മന്ദഗതിയിലുള്ളതും പലപ്പോഴും ആയാസകരവും ആണെന്നും പാപ്പാ പ്രസ്താവിച്ചു. രോഗികളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തു സാന്നിധ്യം തിരിച്ചറിയാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരേയും ക്ഷണിച്ച പാപ്പാ രോഗി യേശുവാണ് എന്ന് വിശുദ്ധ പാദ്രെ പീയൊ ആവര്‍ത്തിച്ചിരുന്നത് അനുസ്മരിച്ചു. 

കടപ്പാട് : syromalabarchurch.in