വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ നിദ്രയിലല്ല, പ്രത്യുത, നമ്മെ അനുയാത്രചെയ്യുകയും സംരക്ഷിക്കുകയും നിരന്തര മാനസാന്തരയാത്രയില്‍ നമ്മെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്ന് കര്‍ദ്ദിനാള്‍ ആഞ്ചെലൊ കൊമാസ്ത്രി.

വിശുദ്ധരായ പാദ്രെ പീയൊയുടെയും ലെയൊപോള്‍ഡ് മാന്റിത്സിന്റെയും അഴിയാത്ത ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വെള്ളിയാഴ്ച (05/02/16) വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ എത്തിയപ്പോള്‍ ഈ ബസിലിക്കയിലെ മുഖ്യപുരോഹിതനും വത്തിക്കാന്‍ നഗരത്തില്‍ പാപ്പായുടെ വികാരി ജനറാളും ആയ അദ്ദേഹം സ്വാഗത പ്രഭാഷണം നടത്തുകയായിരുന്നു.

അനുദിനം പതിനാറിലേറെ മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടില്‍ ഇരുന്നിരുന്ന ഈ രണ്ടു വിശുദ്ധരും കാരുണ്യത്തിന്റെ ഒരു നദിതന്നെ നമ്മിലേക്കൊഴുക്കുകയായിരുന്നുവെന്ന്  കര്‍ദ്ദിനാള്‍ കൊമ്‌സ്ത്രി പറഞ്ഞു. ഈ വിശുദ്ധരുടെ പക്കല്‍ കുമ്പസാരത്തിനണഞ്ഞ അനേകര്‍ സമാധാനവും സന്തോഷവും കണ്ടെത്തിയത് അനുസ്മരിച്ച അദ്ദേഹം ഇന്ന് കുമ്പസാരക്കൂട്ടില്‍ നിന്നകലം പാലിക്കുന്നവര്‍ ദൗര്‍ഭാഗ്യവശാല്‍ നിരവധിയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടുകയും പൊറുക്കലിന്റെ കൂദാശ ഉത്ഥിതാനായ ക്രിസ്തുവിന്റെ അനര്‍ഘ ദാനമാണെന്നും അതു മുറിവുകള്‍ സുഖപ്പെടുത്തുകയും സകലവിധ ഭയങ്ങളെയും അകറ്റുകയും ആനന്ദം പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

കടപ്പാട് : syromalabarchurch.in