വിവാഹം അസാധുവാക്കല്‍ നടപടി പൂര്‍ത്തിയാക്കാതെ പുനര്‍വിവാഹിതരാകുന്നവരും സ്വവര്‍ഗപ്രേമികളും കത്തോലിക്കാ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ചര്‍ച്ചാ വിഷയമായിരിക്കുന്നു. ദൈവവചനം അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഈ രണ്ടു കൂട്ടരും സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗാവസ്ഥയി ലാണെന്നു തിരിച്ചറിയാം. രോഗാതുരമായ ഈ അവസ്ഥയ്ക്കു ചികിത്സ തേടുമ്പോള്‍ രോഗലക്ഷണങ്ങള്‍ക്ക് മരുന്നന്വേഷിക്കാതെ രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സ ആരംഭിക്കേണ്ടത് അനിവാര്യമാകുന്നു.
ഉല്‍പ്പത്തിയിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ത്രിത്വമായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഒരു കൂട്ടായ്മയായത് തികച്ചും സ്വാഭാവികമെന്ന് മനസ്സിലാകും. താന്‍ സൃഷ്ടിച്ചതെല്ലാം നല്ലതെന്നു കണ്ട ദൈവം ഒ ന്നുമാത്രം നന്നല്ല എന്നു കണ്ടു, മനുഷ്യന്‍ ഏകനായിരിക്കുന്നത്. 'വെടക്കാക്കി തനിക്കാക്കാന്‍' ഒരുമ്പെട്ടിറങ്ങിയ സാത്താന്‍ അവിടെ തുടങ്ങിയതാണ് മനുഷ്യനെ ഒറ്റപ്പെടുത്തി വീഴിക്കാനുള്ള ശ്രമം. ആദ്യ പാപം ഉണ്ടായതുതന്നെ ഈ ഒറ്റപ്പെടലിന്റെ പശ്ചാത്തലത്തിലാണെന്ന് നാമോര്‍ക്കണം.
കൂട്ടായ്മ വേറെ, ഒത്തുചേരല്‍ വേറെ. ശക്തമായ കൂട്ടായ്മയില്‍ നിലനില്‍ക്കുന്ന കുടുംബങ്ങള്‍ സാത്താന് വെല്ലുവിളിയാണ്. എന്നാല്‍, ബാബേലിലേതുപോലെയുള്ള കൂട്ടായ്മയില്ലാത്ത ഒത്തുചേരലുകള്‍ അവനൊരു പ്രശ്‌നമല്ല താനും. സ്ത്രീയും പുരുഷനും കുടുംബമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ശക്തമായ കൂട്ടായ്മയെ തകര്‍ക്കാന്‍ സാത്താന്‍ ആദിമുതലേ ശ്രമിച്ചു; ഇന്നും തുടരുന്നു. ആധുനികകാലത്ത് ജനസംഖ്യാ വിസ്‌ഫോടനമെന്ന മിഥ്യാധാരണയിലൂടെ അവന്‍ പണി തുടങ്ങിയപ്പോള്‍ കുടുംബത്തിനെതിരെയുള്ള പാരയാണിതെന്ന് നാം തിരിച്ചറിഞ്ഞില്ല. എന്നു മാത്രമല്ല, സന്തുഷ്ടകുടുംബം സൃഷ്ടിക്കാനുള്ള ശ്രമമായി തെറ്റിദ്ധരിക്കുകയും ചെയ്തു. അങ്ങിനെ, കുട്ടികളുടെ എണ്ണം ദമ്പതികള്‍ക്കു തീരുമാനിക്കാമെന്നായി. പിന്നെ അതിനുള്ള മാര്‍ഗങ്ങള്‍ മാത്രമായി തര്‍ക്കവിഷയം. മനുഷ്യസൃഷ്ടിയില്‍ ദൈവത്തിനുള്ള പരമാധികാരം എടുത്തു മാറ്റപ്പെട്ടു. 'കുഞ്ഞുങ്ങള്‍ ദൈവദാനം' എന്നത് ആക്ഷേപഹാസ്യ മൊഴിയായി. അവര്‍ ദമ്പതികളുടെ ഇച്ഛയുടെ ഉല്‍പ്പന്നങ്ങളായി.
വിരക്തിയല്ലാതെ മറ്റൊരു വഴിയും ജനനനിയന്ത്രണത്തിനു മാര്‍ഗമായി അംഗീകരിക്കാതിരുന്ന ഗാന്ധിജി ദൈവഹിതത്തില്‍നിന്ന് ഏറെ അകലെയായിരുന്നില്ല. ദാമ്പത്യത്തിലെ ഈ വിരക്തി 1 കോറി. 7:5 മായി ചേര്‍ത്തു വായിക്കേണ്ടതാണ്: 'പ്രാര്‍ത്ഥനാജീവിതത്തിനായി ഇരുവരും തീ രുമാനിക്കുന്ന കുറെക്കാലത്തേക്കല്ലാതെ പരസ്പരം നല്‍കേണ്ട അവകാശം നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചു ചേരുകയും വേണം. അല്ലാത്തപക്ഷം, നിങ്ങളുടെ സംയമനക്കുറവുനിമിത്തം പിശാചു നിങ്ങളെ പ്രലോഭിപ്പിക്കും.' കുഞ്ഞുങ്ങള്‍ എത്രയെന്നു ദമ്പതികള്‍ക്കു തീരുമാനിക്കാമെങ്കില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്നു തീരുമാനിക്കാനും അവര്‍ക്കു അധികാരമുണ്ടെന്ന് വരുന്നു. കുഞ്ഞുങ്ങള്‍ വേണ്ട എന്നു വയ്ക്കാമെങ്കില്‍ സ്ത്രീപുരുഷന്മാര്‍ സഹവസിക്കുന്നത് വിവാഹമെന്ന കൂട്ടായ്മയാകുന്നില്ല; പങ്കാളിത്ത ഉടമ്പടി മാത്രമായി അത് മാറുന്നു. പരസ്പര താല്‍പ്പര്യം നിലനില്‍ക്കുന്ന അത്രയും കാലമേ അതിനു നിലനില്‍പ്പുള്ളൂ. ഉഭയസമ്മതപ്രകാരമോ മുന്‍കൂര്‍ തീരുമാനിച്ച നിബന്ധനപ്രകാരമോ അതു അവസാനിപ്പിക്കാവുന്നതേയുള്ളൂ. വിവാഹത്തിന്റെ നിര്‍വചനം മനുഷ്യമനസ്സുകളില്‍ ഇങ്ങനെയായി മാറുമ്പോള്‍ കുട്ടികളുള്ളതും കരാര്‍ അവസാനിപ്പിക്കുന്നതിന് ഒരു തടസ്സമല്ല എന്നായിത്തീരും. വിവാഹമോചനങ്ങള്‍ സര്‍വസാധാരണമാകുന്നത് അങ്ങിനെയാണ്. സമീപകാല ചരിത്രം പരിശോധിച്ചാലും ഈ നിഗമനത്തിന്റെ സാധുതളിയിക്കാവുന്നതേയുള്ളു. ജനനനിയന്ത്രണകാര്യത്തില്‍ അമേരിക്കയും യൂറോപ്പും വളരെ മുമ്പിലായിരുന്നു.
സഹനങ്ങളിലൊന്ന് തിരഞ്ഞെടുക്കണം
സ്ത്രീപുരുഷ സഹവാസം പങ്കാളിത്ത ഉടമ്പടി മാത്രമെങ്കില്‍ അതു സ്ത്രീപുരുഷന്മാര്‍ തമ്മില്‍ത്തന്നെ ആവണമെന്ന് എന്തിനു നിര്‍ബന്ധിക്കണം? പരസ്പര താല്‍പ്പര്യമാണല്ലോ പങ്കാളിത്ത ഉടമ്പടിയില്‍ പ്രധാനം. സ്വവര്‍ഗ വിവാഹത്തിന് സാമൂഹ്യ അംഗീകാരം ലഭിക്കാനിടയാകുന്നത് ഇങ്ങനെയാണ്. രണ്ടു വ്യക്തികള്‍ തമ്മില്‍ മാനസികമായും ശാരീരികമായും ഏറ്റം അടുത്തിടപഴകുന്ന ബന്ധമെന്ന നിലയില്‍ വിവാഹം എക്കാലത്തും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. തെറ്റുകളും ബലഹീനതകളുമുള്ള രണ്ടു വ്യക്തികള്‍ക്ക് തെറ്റുകള്‍ തിരുത്താനും ബലഹീനതകളെ അതിജീവിക്കാനും അങ്ങിനെ പരസ്പര പൂരകമായി പങ്കുവെച്ച് ജീവിക്കാനുമുള്ള പരിശീലന കളരിയാണ് വിവാഹ ജീവിതം. അങ്ങിനെ അതിനെ കാണുന്നവര്‍ക്ക് വിജയകരമായ വിവാഹജീവിതം നയിക്കാന്‍ സാധിക്കും.
എന്നാല്‍, അങ്ങിനെ കാണാത്ത വര്‍ക്ക് ജീവിതാന്ത്യംവരെ നി ല നില്‍ക്കുന്ന വിവാഹജീവിതം അ ചിന്ത്യമാവും. മോശയുടെ കാലത്ത് ഇസ്രായേലില്‍ അങ്ങിനെയുള്ളവരുടെ മുന്‍തൂക്കം വിവാഹമോചനം അംഗീകരിക്കുന്ന നിയമനിര്‍മാണ ത്തിന് കാരണമായെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തുന്നു. മത്തായി 19:3-10 നോക്കുക. വിവാഹത്തിന്റെ അവിഭാജ്യതയെക്കുറിച്ചു യേശു പഠിപ്പിക്കുമ്പോള്‍ ശിഷ്യന്മാര്‍ പ്ര തികരിക്കുന്നതും ഇതോട് ചേര്‍ത്തുവായിക്കാം: 'ഭാര്യാഭര്‍തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം കഴിക്കാതിരിക്കുന്നതാണല്ലോ ഭേദം.'
വാസ്തവത്തില്‍ യേശുവാണ് വിവാഹത്തിന്റെ അവിഭാജ്യതയെക്കുറിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പഠിപ്പിക്കുന്നത്. സഭ അതേറ്റെടുക്കുകയും മാനവസംസ്‌ക്കാരങ്ങളിലേക്ക് അതിനെ സന്നിവേശിപ്പിക്കുകയും ചെയ്തു. സഭയുടെ ഒരു ഭാഗം അടര്‍ന്നു പോകുമെന്ന നിലവന്നപ്പോഴും (ആംഗ്ലിക്കന്‍ സഭാരൂപീകരണം) അതിനെ ഉയര്‍ത്തിപ്പിടിച്ചു. ഇതിനര്‍ത്ഥം, വിവാഹബന്ധത്തില്‍ സഹനം ഉള്‍ച്ചേര്‍ന്നിട്ടില്ല എന്നല്ല. ഇനിയൊരിക്കലും ഒരുമിച്ചു പോകാനാവില്ലെന്ന് തിരിച്ചറിയുന്നത്ര വൈരുദ്ധ്യങ്ങളിലേക്ക് അതെത്തിച്ചേരാമെന്നുവരെ വചനം മുന്‍കൂട്ടി കാണുകയും അ തിന് ഉപാധി നിര്‍ദേശിക്കുകയും ചെയ്യുന്നു. വേര്‍പിരിയുകയല്ലാതെ മറ്റു മാര്‍ഗമില്ലെങ്കില്‍ അവര്‍ അവിവാഹിതരെപോലെ ജീവിക്കണം.
1 കോറി. 7:10-11 നോക്കുക: വിവാഹജീവിതത്തില്‍ സഹനമുണ്ട്; അവിവാഹിതരെപോലെ ജീവിക്കുന്നതിലും സഹനമുണ്ട്. ഇതില്‍ ഒന്നു തിരഞ്ഞെടുക്കാനുള്ള അവസരം മാത്രമാണ് തിരുവചനം നല്‍കുന്നത്. എന്നാല്‍, സഹനത്തെ പൂര്‍ണമായും ഒഴിവാക്കാനാണ് ദൈവഹിതപ്രകാരമുള്ള സഹനത്തിന്റെ രക്ഷാകരമൂല്യം മനസ്സിലാക്കാത്ത ആധുനികമനുഷ്യന്‍ ആഗ്രഹിക്കുന്നത്. കുരിശുകളില്ലാത്ത, കുരിശുകളെ ഒഴിവാക്കിയുള്ള ജീവിതമല്ല സുവിശേഷം മുന്നോട്ടുവെക്കുന്നത്; കുരിശിനെ അതിജീവിച്ച് ഉയര്‍പ്പിലെത്താനാണ് ആഹ്വാനം. സഹനങ്ങളെ ഒഴിവാക്കി കിരീടം വാഗ്ദാനം ചെയ്യുന്ന സമ്പന്നതയുടെ സുവിശേഷം (പ്രോസ്പിരിറ്റി ഗോ സ്പല്‍) സാത്താന്റെ സൃഷ്ടിയാണ്. മരുഭൂമിയിലെ പരീക്ഷയില്‍ അവന്‍ അത് യേശുവിന് ഉപദേശിക്കുന്നത് നാം കാണുന്നു.
ഈ ലോകത്തിലെ സഹനം തന്റെ ശിഷ്യര്‍ക്ക് യേശു നല്‍കിയ വാഗ്ദാനങ്ങളിലൊന്നാണെന്ന് നാം തിരിച്ചറിയണം. (യോഹ.16:33) അങ്ങനെയെങ്കില്‍ സഹനത്തെ അതിജീവിക്കാനും അതിലൂടെ ദൈവം വെച്ചുനീട്ടുന്ന സമ്മാനം പ്രാപിക്കാനുമാണ് നാം അവിടുത്തെ സഹായം തേടേണ്ടത്. ജനസംഖ്യാ വിസ്‌ഫോടനമെന്നപോലെ സ്വവര്‍ഗപ്രേമികളുടെ കാര്യത്തിലും അടിസ്ഥാനമില്ലാത്ത മിഥ്യാധാരണ ഉണ്ടാക്കുന്ന കാര്യത്തില്‍ സാത്താന്‍ വിജയിച്ചിരിക്കുന്നു. ജനസംഖ്യയില്‍ ചെറിയ ശതമാനം ഹിജഡകളായി ജനിക്കുന്നതുപോലെ (മനുഷ്യര്‍ ഹിജഡകളാക്കുന്നവര്‍ വേറെയുണ്ട്). കുറേപ്പേര്‍ സ്വവര്‍ഗപ്രേമികളായി ജനിക്കുന്നു എന്നതാണത്. അതേസമയം ചെറുപ്പകാലത്ത് ലൈംഗീക അതിക്രമങ്ങള്‍ക്കു വിധേയരാകുന്നവരിലും അത്തരം അരുതായ്കകളിലൂടെ കടന്നുപോകുന്നവരിലും സ്വവര്‍ഗാനുരാഗ പ്രവണത ഉണ്ടാകുന്നതായി കാണുന്നുണ്ടുതാനും.
സഭയുടെ ശ്രദ്ധാപൂര്‍വമായ പരിചരണത്തിലൂടെ വളരെ ക്ലേശിച്ചാണെങ്കിലും ഈ പ്രവണതയില്‍നിന്ന് വിമുക്തരായവരുമുണ്ട്. ഇനിയുമതല്ല, ജനിതക കാരണങ്ങളാല്‍ ചെറിയൊരു ശതമാനംപേര്‍ ഇങ്ങനെയൊരു പ്രവണതയിലേക്ക് വരുന്നുണ്ടെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാലും അതിനെ അതിജീവിക്കാനല്ലേ സമൂഹം അവരെ സഹായിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും?. മോഷണപ്രവണത ഒരു രോഗമെന്നനിലയില്‍ ചിലരില്‍ കാണപ്പെടുന്നു. സമൂഹം അവര്‍ക്കു മോ ഷണത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയോ മോഷണം കുറ്റകൃത്യമല്ലെന്നു പ്രഖ്യാപിക്കുകയോ അല്ലല്ലോ ചെയ്യേണ്ടത്. ആ രോഗത്തില്‍നിന്ന് മോചനത്തിന് സാധ്യമായതെല്ലാം ചെയ്തുകൊടുക്കുകയും ഇതിനെ അതിജീവിക്കാന്‍ അയാളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയുമല്ലേ വേണ്ടത്?
സഭയ്ക്കുമുന്നില്‍ ഒരൊറ്റ മാര്‍ഗം
ഇത്തരം തിന്മകളുടെ കാരണത്തെക്കുറിച്ച് വചനം പറയുന്നു: 'അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച് അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടു പോവുകയും ചെയ്തു…. ഇക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ചു അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയത് നിമിത്തം അധമ വികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.' (റോമ. 1:21-28)
തെറ്റിനെ ശരിയെന്നു പറയുക ദൈ വത്തിന്റെ സ്വഭാവമല്ല. ആദിമനുഷ്യന്റെ പാപത്തിലൂടെ മനുഷ്യകുലം മുഴുവനും പാപഗ്രസ്തമാവുകയും പ്രപഞ്ചമപ്പാടെ ജീര്‍ണതയ്ക്ക് അടിപ്പെടുകയും ചെയ്തിട്ടും മുന്‍കാല പ്രാബല്യത്തോടെ തെറ്റിനെ ശരിയാക്കുകയല്ല ദൈവം ചെയ്തത്. ക്ലേശകരവും സങ്കീര്‍ണവുമായ പദ്ധതിയിലൂടെ എങ്കിലും അവന് തിരിച്ചു വരാനുള്ള വഴിയൊരുക്കുകയാണ് ദൈവം ചെയ്തത്. അതിനപ്പുറമൊ ന്നും സഭയ്ക്കും ചെയ്യാനാവില്ല. പാപത്തെ വെറുത്തുകൊണ്ടു പാപിയെ സ്‌നേഹിക്കുകയും അവന്റെ മാനസ്സാന്തരത്തിനും തിരിച്ചുവരവിനുമായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയും വഴിയൊരുക്കുകയുമേ സഭയ്ക്ക് കരണീയമായുള്ളൂ.
കടപ്പാട്: ജോര്‍ജ് ഗ്ലോറിയ
us.sundayshalom.com/