രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്തി അവനില്‍ ഉണ്ടായിരുന്നു (ലൂക്കാ 5:17).

മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും (പ്രഭാഷകന്‍ 38:9).

കര്‍ത്താവു നിങ്ങളില്‍നിന്ന് എല്ലാ രോഗങ്ങളും മാറ്റിക്കളയും (നിയമാവര്‍ത്തനം 7:15).

ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട് തിന്‍മയില്‍നിന്ന്‌ അകന്നുമാറുക. അത് നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികള്‍ക്ക് അനായാസതയും നല്‍കൂം (സുഭാഷിതങ്ങള്‍ 3:7-8).

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും. നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ് (യാക്കോബ് 5:15-16).

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത് (ജ്ഞാനം 16:12).

അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു (സങ്കീര്‍ത്തനങ്ങള്‍ 107:20).

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു (ഏശയ്യാ 53:5).

അവന്റെ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. അവന്‍ അവരെ സുഖപ്പെടുത്തി (മത്തായി 4:24).

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ (ജറെമിയാ 17:14).

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും (പുറപ്പാട് 23:25).