വര്‍ഷം 2011 ഏപ്രില്‍
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ വൈദികര്‍ക്കുവേണ്ടിയുള്ള ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഫാ. അജി കപ്യാരുമലയില്‍ സിഎസ് സി. കൗണ്‍സലിംങ് നടത്തിയ സിസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടയില്‍ അച്ചനോട് പറഞ്ഞു

'അച്ചാ, അച്ചന്റെ പുറകില്‍ പരിശുദ്ധ അമ്മ നില്ക്കുന്നതായി കാണുന്നു. അച്ചനെ നെഞ്ചോട് ചേര്‍ത്തുവച്ചു അമ്മ പറയുന്നു, മോനേ നിന്റെ ചെറുപ്പത്തില്‍ നിനക്ക് മാരകമായ രോഗം വന്നപ്പോള്‍ ആ വലിയ അപകടത്തില്‍ നിന്ന് നിന്നെ ഞാന്‍ രക്ഷിച്ചപ്പോ നിന്റെ അമ്മ നിന്നെ എനിക്ക് തന്നതാണ് എന്ന്. അച്ചന് എന്തായിരുന്നു അസുഖം?. വ്യക്തമായ ഓര്‍മ്മകള്‍ ഇല്ലാതിരുന്നതിനാല്‍ അച്ചന്‍ പറഞ്ഞു. 'എന്തൊക്കെയോ അസുഖങ്ങള്‍ ചെറുപ്പത്തില്‍ ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ അത് എന്തൊക്കെയാണെന്ന് കൃത്യമായി അറിയില്ല.' എങ്കില്‍ അച്ചന്‍ പോയി അമ്മയോട് ചോദിച്ചു നോക്കൂ..' സിസ്റ്റര്‍ പറഞ്ഞു.

ധ്യാനം കഴിഞ്ഞിറങ്ങുമ്പോള്‍ അമ്മയുടെ അടുക്കലെത്താന്‍ ധൃതിയായിരുന്നു അജി അച്ചന്. അമ്മയോട് ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍..സംശയങ്ങള്‍ തന്റെ ജീവിതത്തെക്കുറിച്ച് ആയുസിനെക്കുറിച്ച് അറിയാന്‍ ഇനിയും എന്തൊക്കെയോ ബാക്കി കിടക്കുന്നതുപോലെ..ജനിമൃതികളുടെ പൊരുളുകള്‍ അല്ലെങ്കില്‍ ആരറിയുന്നു?. അച്ചന്റെ ചോദ്യത്തിന് മുമ്പില്‍ ആദ്യം പൊട്ടിക്കരച്ചിലായിരുന്നു അമ്മയുടെ മറുപടി. പിന്നെ ആ അമ്മ മകനില്‍ നിന്നും ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്ന കഥ കണ്ണീരിലൂടെ മകനോട് പറഞ്ഞു. മകനെ സെമിത്തേരിയുടെ കരയില്‍ നിന്ന് വല്ലാര്‍പാടത്തമ്മ രക്ഷിച്ച കഥ. ആ കഥയ്ക്ക് പിന്നില്‍ ഒരമ്മയുടെ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ചൂടുണ്ടായിരുന്നു.. പ്രാര്‍ത്ഥിച്ചാല്‍ ദൈവം മറുപടി തരുമെന്ന വിശ്വാസത്തിന്റെ ആവര്‍ത്തനം ഉണ്ടായിരുന്നു.. വല്ലാര്‍പാടത്തമ്മയുടെ അത്ഭുതങ്ങളുടെ തുടര്‍ക്കഥയുണ്ടായിരുന്നു.

ആ കഥ ഇങ്ങനെയാണ്
കോതമംഗലം തഴുവംകുന്ന് ഇടവകയിലെ കപ്യാരുമലയില്‍ പോള്‍ലീലാമ്മ ദമ്പതികളുടെ മൂത്തമകനായ അജി മൂന്നാംക്ലാസില്‍ പഠിക്കുകയാണ്. ദിവസം മുഴുവന്‍ ചുമയായിരുന്നു അവന്. രാത്രികാലങ്ങളില്‍ പനിയും .വീടിനടുത്തുള്ള കല്ലൂര്‍ക്കാട് ഹോസ്പിറ്റലിലായിരുന്നു ആദ്യ ചികിത്സ. ഒന്നരമാസത്തോളംചികിത്സ. പക്ഷേ പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായില്ല. അതിനിടയിലാണ് അജി ചുമച്ചുതുപ്പിയ കഫത്തില്‍ രക്തം അമ്മ കണ്ടത്. ഇടതുവശത്തുള്ള ശ്വാസകോശത്തെ ക്ഷയരോഗം പിടികൂടിയിരിക്കുന്നു എന്നതായിരുന്നു അതിന്‌ശേഷം നടത്തിയ എക്‌സറേ ഫലം വ്യക്തമാക്കിയത്. ക്ഷയരോഗത്തിന് ഇന്നത്തേതുപോലെ വിദഗ്ധചികിത്സ ലഭ്യമല്ലാതിരുന്ന കാലം. എണ്‍പതുകളുടെ ആരംഭകാലമായിരുന്നു അത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ക്ഷയരോഗത്തിന് ഒരേ അളവിലും ഒരേ മരുന്നും. 110 ഇഞ്ചക്ഷന്‍ വരെ അജിക്ക് നല്കിയിട്ടുണ്ട്.

മൂന്ന് മാസക്കാലം അജി ക്ഷയരോഗത്തിന് മരുന്ന് കഴിച്ചു. പക്ഷേ അസുഖം കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വീണ്ടും എക്‌സറേ എടുത്തപ്പോള്‍ കിട്ടിയ ഫലം ഇടതുവശത്തെ ശ്വാസകോശം വെളുത്തിരിക്കുന്നു എന്നായിരുന്നു. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് മകന്റെ ജീവനും പൊതിഞ്ഞുപിടിച്ചുള്ള മാതാപിതാക്കളുടെ യാത്ര ആരംഭിക്കുകയായിരുന്നു. മൂവാററുപുഴ, നെടുംചാല്‍, കോഴഞ്ചേരി എന്നിങ്ങനെ ഒമ്പത് ആശുപത്രികള്‍.. അതിനിടയില്‍ ആയുര്‍വേദവും ഹോമിയോയും. നെടുംചാലില്‍ ഹോസ്പിറ്റലില്‍ നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കേസ് റഫര്‍ ചെയ്തു. ഇടത് ശ്വാസകോശത്തില്‍ വലിയ മുഴ ഉണ്ടെന്നായിരുന്നു എക്‌സ്‌റേ ഫലം. അതുകൊണ്ട് അവിടെ നിന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക്..

1980 ഡിസംബര്‍ പതിനാലിന് അജിയെ ഓപ്പറേഷന് വിധേയനാക്കി. വെല്ലൂരിലേക്കാണ് ബയോപ്‌സിക്കായി മുഴ അയച്ചത്. റിസള്‍ട്ട് ആ മാതാപിതാക്കളെ തകര്‍ത്തുകളയുന്ന വിധത്തിലുള്ളതായിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദം. അതായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനകള്‍ പോലും വിഫലമായോ എന്ന് ആരും സംശയിച്ചുപോകുന്ന ദയനീയത. അഞ്ച് കീമോയാണ് ഡോക്ടേഴ്‌സ് നിര്‍ദ്ദേശിച്ചത്. പക്ഷേ ഒന്നു മാത്രമേ എടുക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചുള്ളൂ. എന്നിട്ടും മൂന്ന് മാസത്തില്‍ കൂടുതല്‍ ആയുസ് അവര്‍ വിധിച്ചതുമില്ല.

അജിയുടെ മുടി കൊഴിഞ്ഞു. നിലയക്കാത്ത ഛര്‍ദ്ദി. കണ്ണീര്‍മഴയില്‍ കപ്യാരുമലയില്‍ വീട് നനഞ്ഞു. തുടര്‍പരിശോധനകള്‍ക്കായി നിശ്ചയിച്ചിരുന്ന ആ ദിവസം മാതാപിതാക്കള്‍ അജിയുമായി ഡോക്ടറുടെ അടുക്കലെത്തി. വെല്ലൂരില്‍ നിന്ന് കൊണ്ടുവന്ന മരുന്നുകളും അമ്മയുടെ കയ്യിലുണ്ടായിരുന്നു.. മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍ ഒരു പ്രതീക്ഷയും ആ മാതാപിതാക്കള്‍ക്ക് നല്കിയില്ല.. മരണം മകന്റെ മേല്‍ നിഴല്‍വിരിച്ചിരിക്കുന്നതായി അവരറിഞ്ഞു. പ്രതികൂലങ്ങളില്‍ ദൈവവിശ്വാസം ശക്തിപ്രാപിക്കുമെന്ന ജീവിത സത്യം വെളിപ്പെടുത്തിക്കൊണ്ട് അവിടെ വച്ച് അജിയുടെ അമ്മ ഡോക്ടറോട് പറഞ്ഞു. ഇനി എന്റെ മോനെ ഡോക്ടര്‍ ചികിത്സിക്കണ്ടാ.. ഇനി ഒരു മരുന്നും അവന് കൊടുക്കുന്നുമില്ല.. ഇനി ഇവന്റെകാര്യം മാതാവ് നോക്കിക്കോളും.. '

കയ്യിലിരുന്ന മരുന്ന് ഡോക്ടറുടെ മുമ്പിലേക്ക് നീക്കിവച്ചതിന് ശേഷം അമ്മ എണീറ്റു..' ഡോക്ടര്‍ ആര്‍ക്കെങ്കിലും ഈ മരുന്ന് കൊടുത്തുകൊള്ളൂ. എന്റെ കുഞ്ഞിനെ ഈ മരുന്ന് രക്ഷിക്കില്ല..' ഇളം മുള കീറും പോലെ കരഞ്ഞുകൊണ്ട് ആ അമ്മ നേരെ പോയത് വല്ലാര്‍പാടത്തമ്മയുടെ തിരുനടയിലേക്കാണ്. എന്റെ അമ്മേ എന്റെ കുഞ്ഞിനെ രക്ഷിക്കണേയെന്ന് ഇടനെഞ്ച് പൊട്ടിയുള്ള നിലവിളി.. കെടാവിളക്കിലെ എണ്ണപകര്‍ന്ന് മകന്റെ ശരീരത്തില്‍ തുടച്ചു.

അമ്മ നിന്നെ നോക്കിക്കോളും
വല്ലാര്‍പാടത്തമ്മയ്ക്ക് മകനെ അടിമവച്ചു. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അലകള്‍ അടങ്ങിയ കടല്‍പോലെ അമ്മയുടെ മനസ്സ് ശാന്തമായിരുന്നു. വല്ലാര്‍പാടത്തമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കും എന്ന വിശ്വാസം അമ്മയുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരോടിയിരുന്നു. മരണം മാത്രം മുമ്പിലുള്ള മകന്റെ ജീവിതവുമായി ദൈവത്തിന്റെ മുമ്പില്‍ ഒരു വാദത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു ആ അമ്മ. ഇടതടവില്ലാതെയുള്ള ജപമാല പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു അമ്മയുടെ കരുത്ത്.. രാത്രി 9.30 മുതല്‍ വെളുപ്പിന് അഞ്ചു മണിവരെ.. പിന്നെ ദേവാലയത്തിലേക്ക്.. കരള്‍ നൊന്തുള്ള ദിവ്യബലിയര്‍പ്പണങ്ങള്‍..ദിവ്യകാരുണ്യവും കൊന്തയും തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുമെന്ന് ആ അമ്മയ്ക്ക് അത്രയ്ക്കും ഉറപ്പായിരുന്നു.

എവിടെയാണെന്ന പോലും അപ്രസക്തമായിക്കൊണ്ടായിരുന്നു അമ്മയുടെ കൊന്ത ചൊല്ലലുകള്‍. കന്നുകാലിത്തൊഴുത്തില്‍ മുട്ടുകുത്തി നിന്നും ആ അമ്മ മകന്റെ ജീവനുവേണ്ടി കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. താന്‍ കരയുന്നത് മകന്‍ കാണരുതെന്ന് കരുതി വാതില്‍പ്പാളിക്ക് മറഞ്ഞുനിന്നും അവന്‍ ഉറങ്ങിക്കിടക്കുമ്പോഴും എല്ലാം അമ്മ കൊന്ത ചൊല്ലിക്കൊണ്ടേയിുരുന്നു. തന്റെ മകന്‍ ആരോഗ്യം വീണ്ടെടുത്താല്‍ ഏഴ് വാഗ്ദാനങ്ങളാണ് അമ്മ വല്ലാര്‍പാടത്തമ്മയ്ക്ക് നല്കിയത്. എല്ലാവര്‍ഷവും പതിമൂന്ന് വീടുകള്‍ കയറിയിറങ്ങി ഭിക്ഷയാചിക്കും. വല്ലാര്‍പാടത്ത് മകന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തും ഇവയായിരുന്നു അവയില്‍ ചിലത്.

മുടി കൊഴിഞ്ഞ് പച്ചച്ചോര്‍ മാത്രം ഭക്ഷിച്ച് ആരിലും സഹതാപവും വേദനയും ഉളവാക്കുന്ന വിധത്തില്‍ കട്ടിലില്‍ മാത്രം കഴിച്ചുകൂട്ടിയിരുന്ന അജി വല്ലാര്‍പാടത്തു നിന്ന് മടങ്ങിയെത്തിയതിന്റെ പതിനാലാം ദിവസം സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കട്ടിലില്‍ നിന്ന് ചാടിയെണീറ്റു. മുണ്ഡനം ചെയ്യപ്പെട്ട ശിരസില്‍ മുടി കിളിര്‍ത്തുവന്നു. രാത്രി പകലായി മാറിയതിന്റെ മണിക്കൂറുകളുടെ വ്യത്യാസത്തിലെന്നോണം സംഭവിച്ച അത്ഭുതമായിരുന്നു അത്. മരണം പടിയിറങ്ങിപ്പോയ വീട്ടില്‍ ആനന്ദഗാനം മുഴങ്ങി.. അജിയുടെ ശരീരത്തില്‍ കാന്‍സറിന്റെ യാതൊരു അംശവും കണ്ടെത്താന്‍ കഴിയാത്തത് ഡോക്ടേഴ്‌സിനെയും അത്ഭുതപ്പെടുത്തി. ഇതെങ്ങനെ സംഭവിച്ചു എന്നോര്‍ത്ത് ഉത്തരം കണ്ടെത്താതെ അവര്‍ എല്ലാം ദൈവത്തിന്റെ ഇടപെടല്‍ എന്ന് പറഞ്ഞ് ആകാശങ്ങളിലേക്ക് മിഴിയുയര്‍ത്തി കരം കൂപ്പി.

കാലം കടന്നുപോയി. അജി വളര്‍ന്നുവലുതായി. രോഗദുരിതങ്ങളുടെ ഓര്‍മ്മകള്‍ ആ മനസ്സില്‍ നിന്ന് പലപ്പോഴായി പടിയിറങ്ങിപ്പോയി. ചെറുപ്പകാലത്ത് എന്തോ ഒരു അസുഖമുണ്ടായിരുന്നു എന്നതിനപ്പുറം ദൈവത്തോട് പ്രാര്‍ത്ഥനയിലൂടെ കരഞ്ഞുമേടിച്ചെടുത്ത ജീവിതമായിരുന്നു തന്റേതെന്ന് അജി അറിഞ്ഞത് വൈദികനായി ഒടുവില്‍ സെഹിയോനിലെ ഈ ധ്യാനത്തില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ മാത്രം. 1989 ല്‍ ആയിരുന്നു അജി ഹോളിക്രോസ് സഭയില്‍ ചേര്‍ന്നത്. 2002 ല്‍ വൈദികനായി.
ദൈവം ഏറെ അനുഗ്രഹിച്ച ജീവിതമാണ് തന്റേതെന്ന് അച്ചന്‍ പറയുന്നു. മാതാവ് വഴിതന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ഇപ്പോള്‍ അച്ചന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം 172 പള്ളികളില്‍ മരിയന്‍ ധ്യാനം നടത്തി വല്ലാര്‍പാടത്തമ്മയുടെ അപദാനങ്ങളെ അച്ചന്‍ വിശ്വാസികള്‍ക്ക് പകര്‍ന്നുകൊടുത്തു കഴിഞ്ഞു. ഇടവകധ്യാനങ്ങള്‍, താമസിച്ചുള്ള ധ്യാനങ്ങള്‍.. എല്ലാം അച്ചന്‍ നടത്തുന്നു.

ഇനിയുള്ളകാലവും മാതൃസ്തുതികളുമായി മുമ്പോട്ടുപോകണമെന്നാണ് അച്ചന്റെ ആഗ്രഹം. 222000 ജപമാലകള്‍ വിശ്വാസികള്‍ക്ക് ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. നമ്മുടെ കന്യകയുടെ തിരുശേഷിപ്പാണ് കൊന്ത..അജിയച്ചന്‍ പറയുന്നു. എന്നാല്‍ ഈ തിരുശേഷിപ്പിന് കൂടുതല്‍ ബലവും ശക്തിയും ലഭിക്കുന്നത് അത് വിശുദ്ധ ബലിപീഠത്തിനോട് ചേര്‍ത്തുവയ്ക്കുമ്പോഴാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. ഫാ. അജി കപ്യാരുമലയില്‍ സിഎസ് സിയുടെ സഹോദരനും വൈദികനാണ്. ഫാ. അനില്‍കപ്യാരുമലയില്‍ എസ വി ഡി. പ്രാര്‍ത്ഥിച്ചാല്‍ ദൈവം മറുപടിതരും. ഒരു പ്രാര്‍ത്ഥനയും വിഫലമായിപ്പോകില്ല എന്നാണ് ഫാ. അജി കപ്യാരുമലയില്‍ സിഎസ് സിയുടെ ഈ ജീവിതാനുഭവം നമ്മോട് പറയുന്നത്. കൂടുതലായി പ്രാര്‍ത്ഥനകളോട് ചേര്‍ന്നുനില്ക്കാന്‍ ഈ സാക്ഷ്യം നമുക്ക് കരുത്തു പകരുന്നില്ലേ?.

കടപ്പാട്: hrudayavayal.com