സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ജോര്‍ജ്ജിന് ആദ്യമായി ആ ചോദ്യം നേരിടേണ്ടിവന്നത്: 'നിങ്ങളുടെ അമ്മയൂടെ ജോലി എന്താണ്?'. ഡോക്ടര്‍, എഞ്ചിനീയര്‍, ടീച്ചര്‍... അങ്ങനെ സഹപാഠികളോരോരുത്തരും മറുപടി പറയുന്നതിനിടയില്‍ ജോര്‍ജ്ജ് ചിന്തിക്കുകയായിരുന്നു, താന്‍ പറയേണ്ടിവരുന്ന ഉത്തരത്തെപ്പറ്റി. തന്റെ മാതാവ് ഒരു സുവിശേഷ പ്രഘോഷകയാണെന്ന് എങ്ങനെ പറയും? എല്ലാവരും ചിരിക്കില്ലേ.. ഒടുവില്‍ ഒരു വെളിപാടെന്ന പോലെ ആ ആശയം ജോര്‍ജ്ജിന്റെ കുഞ്ഞുമനസ്സില്‍ മിന്നി. 'എന്റെ അമ്മ ഒരു 'Housewife്' ആണ്, ജോര്‍ജ്ജിന്റെ മറുപടി.
വീട്ടിലെത്തിയപ്പോള്‍ സ്‌കൂളിലെ വിശേഷങ്ങളോരോന്നായി പറയുന്നതിനിടെ ഇക്കാര്യവും ജോര്‍ജ്ജ് അവതരിപ്പിച്ചു. എന്നാല്‍ അമ്മക്ക് ആ തമാശ അത്ര രസിച്ചില്ല. 'ഞാന്‍ ദൈവത്തിന്റെ അംബാസഡറാണ്', അമ്മ പറഞ്ഞു. ദൈവത്തിന്റെ അംബാസിഡര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന് അന്ന് ജോര്‍ജ്ജിന് മനസ്സിലായില്ല. എന്നാലിന്ന് ജോര്‍ജ്ജും ദൈവത്തിന്റെ അംബാസഡറാണ് പ്രശസ്ത വചന പ്രഘോഷകനും ന്യൂറോസര്‍ജനുമായ ജോര്‍ജ്ജ് കോവൂര്‍.
ഏറെ സംഭവബഹുലമായിരുന്നു ജോര്‍ജ്ജിന്റെ ജനനവും തുടര്‍ന്നുള്ള ദിനങ്ങളും. സാധാരണ കുട്ടികളെക്കാള്‍ നാലിരട്ടി വലിപ്പമുള്ള തലയുമായാണ് ജോര്‍ജ്ജ് ജനിച്ചത്. തലയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അപൂര്‍വ്വ തരം രോഗമായിരുന്നു കാരണം. മാതാപിതാക്കള്‍ കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി കൊണ്ടുപോയി. ഈ രോഗത്തിന് ചികിത്സയില്ലെന്നും കുട്ടിക്ക് അല്‍പായുസ്സു മാത്രമേ ഉള്ളൂവെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ജോര്‍ജ്ജിന്റെ മാതാപിതാക്കള്‍ നിരാശരായില്ല. അനേകര്‍ക്കു വേണ്ടി എന്നും ദൈവതിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്കാറുള്ള അവര്‍ തങ്ങളുടെ കുഞ്ഞിനെ മടിയിലിരുത്തി പ്രാര്‍ത്ഥിക്കാനാരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം കുട്ടിയെക്കൊണ്ട് അവര്‍ വീണ്ടും വെല്ലൂരില്‍ എത്തി. ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു. തലയുടെ നീളം 30 മില്ലിമീറ്റര്‍ കുറഞ്ഞിരിക്കുന്നു! പിന്നീട് അത് ഒരു സെന്റിമീറ്ററായി, രണ്ടു സെന്റിമീറ്ററായി, മൂന്നും നാലുമായി.. ജോര്‍ജ്ജിന് 14 വയസ്സ് ആയപ്പോഴേക്കും തല പൂര്‍ണ്ണമായും സാധാരണ കുട്ടികളുടേതു പോലെയായി.
14ാം വയസ്സിലാണ് ഒന്നാം ക്ലാസില്‍ ചേരുന്നത്. മറ്റു കുട്ടികളെപ്പോലെ പഠിക്കാന്‍ എളുപ്പമായിരുന്നില്ല അവന്. എന്നാല്‍ ഓരോ ക്ലാസുകള്‍ കഴിയുംതോറും ക്ലാസില്‍ ജോര്‍ജ്ജിന്റെ സ്ഥാനം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. 10ാം ക്ലാസില്‍ എത്തിയപ്പോഴേക്കും ക്ലാസില്‍ ഒന്നാമനായി. പ്രീഡ്രിക്കു ചേര്‍ന്ന് സയന്‍സ് പഠിച്ചു. അവിടെയും ഒന്നാം റാങ്ക്. ചെറുപ്പത്തില്‍ ഡോക്ടര്‍മാരെ പേടിയായിരുന്നു ജോര്‍ജ്ജിന്. പിന്നീട് ആ തൊഴിലിനോട് ആരാധന തോന്നി. മെഡിസിന്‍ പഠിക്കണമെന്ന ആഗ്രഹം ശക്തമായി. എംബിബിഎസ് പഠനകാലത്തും എല്ലാ ക്ലാസിലും ഒന്നാമനായിരുന്നു ജോര്‍ജ്ജ്. എംബിബിഎസ് പഠനശേഷം എംഎസും ന്യൂറോസര്‍ജറിയും പാസ്സായി.
ജീവിത വിജയത്തിന്റെ മന്ത്രമെന്താണെന്നു ചോദിച്ചാല്‍ ഡോക്ടര്‍ കോവൂരിന് ഒരുത്തരമേ ഉള്ളൂ ദൈവാശ്രയത്വം. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുക, ബാക്കിയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിച്ചുകൊള്ളും എന്ന് സ്വന്തം ജീവിതം സാക്ഷി നിര്‍ത്തി ഡോ.ജോര്‍ജ്ജ് കോവൂര്‍ പറയും. ഡോക്ടറുടെ ജീവിതത്തില്‍ ദൈവം സവിശേഷമാം വിധം ഇടപെട്ട സാഹചര്യങ്ങള്‍ അനവധി. പ്രാര്‍ത്ഥന നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ അലട്ടിയിരുന്ന രോഗങ്ങളെപ്പോലും ദൈവത്തോടു കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ ലഭിച്ച അവസരങ്ങളായാണ് ഡോ.ജോര്‍ജ്ജ് കാണുന്നത്. 12 വയസ്സു മുതല്‍ തന്നെ കൂട്ടുകാരുള്‍പ്പെടുന്ന ചെറിയ കൂട്ടങ്ങളില്‍ ജോര്‍ജ്ജ് വചനം പ്രസംഗിച്ചിരുന്നു. പഠിക്കാനിരിക്കുമ്പോള്‍ പോലുമുണ്ടായിരുന്നു ദൈവത്തിന്റെ ഈ ഇടപെടല്‍. തന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് മാനുഷിക ജ്ഞാനമല്ല, മറിച്ച് ദൈവിക ജ്ഞാനമാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. താന്‍ പഠിച്ച പാഠഭാഗങ്ങള്‍ മാത്രമേ പരീക്ഷക്ക് ചോദിച്ചിരുന്നുള്ളൂ എന്നത് ഡോക്ടറുടെ അനുഭവസാക്ഷ്യം.
പുതിയ കാലത്തെ യുവജനങ്ങളോട് ഡോക്ടര്‍ക്ക് പറയാനുള്ളത് ഇത്രയുമാണ്: 'ദൈവത്തെ അന്വേഷിക്കുക, ഇന്ന് അതിനുള്ള അവസരം കുറവാണെങ്കില്‍ പോലും. യൗവനത്തില്‍ നിന്റെ സൃഷ്ടാവിനെ ഓര്‍ത്തുകൊള്ളുക എന്ന തിരുവചനമോര്‍ക്കുക. 'ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുമ്പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക' (സഭാപ്രസംഗകന്‍ 12:1).
തൃശ്ശൂരിലെ ഹാര്‍ട്ട് കോസ്പിറ്റലിലും വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലും ന്യൂറോ സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ് ഡോക്ടര്‍ ജോര്‍ജ്ജ് കോവൂര്‍ ഇപ്പോള്‍.. സുവിശേഷപ്രഘോഷണരംഗത്തും സജീവം.
കടപ്പാട്: hrudayavayal.com