അക്രമത്തിലും സംഘര്‍ഷത്തിലും ദാരിദ്ര്യത്തിലും അകപ്പെട്ടിരിക്കുന്ന ലോക ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്, ഫ്രാന്‍സിസ് മാര്‍പാപ്പ, വിശ്വാസികള്‍ക്കായി (ഡൃയശ ല േഛൃയശ) എന്നറിയപ്പെടുന്ന ക്രിസ്മസ് ആശീര്‍വാദം നല്‍കി. യേശുവിന്റെ ജനനം നമുക്ക് മോചനമാര്‍ഗ്ഗം തുറന്നു തരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യന് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ ദൈവകൃപകൊണ്ടുള്ള മനംമാറ്റത്തിലൂടെ സാധ്യമായി തീരും' ക്രിസ്മസ് സന്ദേശത്തില്‍ പിതാവ് പറഞ്ഞു. 

'യേശുവിന്റെ ജനനം പ്രത്യാശയുടെ ജനനമാണ്; യേശുവിന്റെ ജനനം സമാധാനത്തിന്റെ ജനനമാണ്. സമാധാനം ജനിക്കുന്നിടത്ത് വിദ്വേഷത്തിനും യുദ്ധത്തിനും സ്ഥാനമുണ്ടാകില്ല.' സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ ക്രിസ്മസിന്റെ ആശിര്‍വാദം സ്വീകരിക്കാനെത്തിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധനാട്ടില്‍ സമാധാന ജീവിതം അസാദ്ധ്യമാക്കി തീര്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ അദ്ദേഹം അഗാധമായ ഖേദം പ്രകടിപ്പിച്ചു. വിശുദ്ധനാട്ടിലും സംഘര്‍ഷഭൂമികളായി മാറി കൊണ്ടിരിക്കുന്ന സിറിയ, ഇറാക്ക്, ലിബിയ, യെമന്‍ ആഫ്രിക്ക, കോംഗോ സുഡാന്‍, കൊളംബിയ ഉക്രെയ്ന്‍ എന്നിവിടങ്ങളിലും സമാധാനം പുനസ്ഥാപിക്കപ്പെടാനായി അദ്ദേഹം പ്രാര്‍ത്ഥിച്ചു. 

ഭീകരാക്രമണങ്ങളുടെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നവരെയും അദ്ദേഹം പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് വീടും നാടുമുപേഷിച്ച് പലായനം ചെയ്തു കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥി സമൂഹങ്ങള്‍, മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍, തൊഴില്‍ രഹിതര്‍, ദാരിദ്ര്യത്തിന് അടിപ്പെട്ടവര്‍ എന്നിവരെയെല്ലാം അദ്ദേഹം പ്രാര്‍ത്ഥനയില്‍ സ്മരിച്ചു. ക്രിസ്മസ്സിന്റെ ഏറ്റവും വലിയ വരദാനമാണ് യേശു. നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് യേശുവിനെ സ്വീകരിക്കാന്‍ അദ്ദേഹം ജനക്കൂട്ടത്തെ ഉദ്‌ബോധിപ്പിച്ചു. 

മനുഷ്യവംശത്തിന് പ്രകാശം നല്‍കാനായി ഉദിച്ചുയര്‍ന്ന പ്രഭയാണ് യേശു. അദ്ദേഹത്തിന്റെ ജനന ദിവസം ദൈവകാരുണ്യത്തിന്റെ ദിവസമാണ്. ദൈവം തന്റെ ഏകപുത്രനെ മനുഷ്യ മോചനത്തിനായി ഭൂമിയിലേക്കയച്ച ദിവസമാണിത്. ഭയത്തിന്റെയും സംശയത്തിന്റെയും അന്ധകാരത്തെ അകറ്റി മനുഷ്യകുലത്തിനുമേല്‍ പ്രകാശം ചൊരിയുന്ന ദിവസമാണിത്. ഇത് ശാന്തിയുടെ ദിവസമാണ്, സംഭാഷണത്തിലൂടെ, സമന്വയത്തിലൂടെ , സമാധാനത്തിലേക്ക് നയിക്കപ്പെടുന്ന ദിവസമാണിത്. ഇത് സന്തോഷത്തിന്റെ ദിവസമാണ്. ലോകമെങ്ങുമുള്ള ജനവിഭാഗങ്ങള്‍ക്കും ആഹ്‌ളാദം നല്‍കുന്ന ദിവസം. പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആഹ്‌ളാദിക്കുവാനുള്ള ദിവസം. ലോകത്തിന്റെ രക്ഷകന്‍ പിറന്ന ദിവസം. 

ഈ ദിവസത്തിന്റെ അനുഗ്രഹം കൃസ്തു തന്നെയാണ്. നമുക്ക് ഹൃദയം തുറന്ന് അദ്ദേഹത്തെ സ്വീകരിക്കാം. മനുഷ്യകുലത്തിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന പൊന്‍പുലരിയാണ് യേശു . ഈ ദിനം കരുണയുടേതാണ്. ദൈവം തന്റെ അനന്ത കാരുണ്യത്താല്‍ സ്വപുത്രനെ മനുഷ്യ മോചനത്തിനായി അയച്ച ദിവസം. ഭയത്തിന്റെ അന്ധകാരം അകറ്റുന്ന, പ്രകാശത്തിന്റെ ദിവസമാണിത്. ഇത് സമാധാനത്തിന്റെ ദിവസമാണ്. സംഭാഷണത്തിലൂടെയും സമന്വയത്തിലൂടെയും ശാന്തിയിലേക്ക് എത്തിച്ചേരാന്‍ സന്ദേശം നല്‍കുന്ന ദിവസം. പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ലോകത്തിലെല്ലാവര്‍ക്കും സന്തോഷിക്കാനുള്ള ദിവസം. 

കന്യകാമറിയത്തില്‍ നിന്നും യേശു ഉത്ഭവിച്ച ദിനമാണിത്. പുല്‍ത്തൊഴുത്തില്‍ കിടക്കുന്ന ദൈവപുത്രന്‍ ഒരു അടയാളമാകുന്നു. ബെത് ലേഹമിലെ ആട്ടിടയരെ പോലെ നമുക്കും അതേ അടയാളം കാണാം. തിരുസഭ എല്ലാ വര്‍ഷവും ഈ അടയാളത്തിന്റെ ഓര്‍മ്മ പുതുക്കുന്നു. ദൈവസ്‌നേഹം മനുഷ്യനായി രൂപമെടുത്തതാണ് യേശു. ആ സ്‌നേഹത്തിന്റെ, ആ മനുഷ്യാവതാരത്തിന്റെ, ഓര്‍മ്മ എല്ലാ വീടുകളിലും, എല്ലാ ഇടവകകളിലും, എല്ലാ സമൂഹങ്ങളിലും വര്‍ഷംതോറും പുതുക്കപ്പെടുന്നു. 

തിരുസഭ, പരിശുദ്ധ മറിയത്തെ പോലെ, നമുക്കെല്ലാവര്‍ക്കും ഒരു ദൈവീക അടയാളം കാണിച്ചുതരുന്നു. മേരി ഗര്‍ഭം ധരിച്ചു പ്രസവിച്ച യേശു ദൈവപുത്രനാകുന്നു. അവന്‍ പരിശുദ്ധാത്മാവിനാല്‍ അയക്കപ്പെട്ടവനാകുന്നു. അവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനാകുന്നു. ഈ ലോകത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത ദൈവത്തിന്റെ ആട്ടിന്‍കുട്ടിയാകുന്നു. ആട്ടിടയരോടൊപ്പം നമുക്കും ആ കഞ്ഞിനെ വണങ്ങാം. യേശു ദൈവ നന്മയുടെ അവതാരമാകുന്നു. നമുക്ക് പശ്ചാത്താപത്തിന്റെ കണ്ണീര്‍ കൊണ്ട് നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാം. 

യേശുവിന്, അതെ, യേശുവിനു മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയുകയുള്ളു. ദൈവകാരുണ്യത്തിന് മാത്രമേ ഇന്നത്തെ ലോകത്തിലുള്ള തിന്മന്മയെ, പൈശാചികതയെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളു. മനുഷ്യന്റെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് ദൈവകാരുണ്യത്താലുണ്ടാകുന്ന ഹൃദയ പരിവര്‍ത്തനം മാത്രമാണ് പ്രതിവിധിയായിട്ടുള്ളത്. യേശുവിന്റെ ജനനം പ്രത്യാശയുടെ ജനനമാണ്; യേശുവിന്റെ ജനനം സമാധാനത്തിന്റെ ജനനമാണ്. സമാധാനം ജനിക്കുന്നിടത്ത് വിദ്വേഷത്തിനും യുദ്ധത്തിനും സ്ഥാനമുണ്ടാകില്ല. പക്ഷേ ഈ ലോകത്തില്‍, ദൈവപുത്രന്‍ ജനിച്ചു വീണ നാട്ടില്‍ തന്നെ, അക്രമവും വിദ്വേഷവും അരങ്ങുവാഴുന്നു. ഇസ്രയേല്‍ ജനതയും പാലസ്തീന്‍ ജനതയും സന്ധി സംഭാഷണത്തിലൂടെ സമാധാത്തിലെത്തിച്ചേരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. 

യുണൈറ്റഡ് നേഷന്‍സിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായി സിറിയയിലെ സംഘര്‍ഷവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും അവസാനിക്കുവാന്‍ ദൈവത്തിന്റെ ഇടപെടലിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ലിബിയയിലെ സംഘര്‍ഷങ്ങള്‍ക്കും അവസാനമുണ്ടാകണം. വിശുദ്ധനാട്ടിലും സംഘര്‍ഷഭൂമികളായി മാറി കൊണ്ടിരിക്കുന്ന സിറിയ, ഇറാക്ക്, ലിബിയ, യെമന്‍' ആഫ്രിക്ക, കോംഗോ സുഡാന്‍, കൊളംബിയ ഉക്രെയ്ന്‍ എന്നിവിടങ്ങളിലും സംഘര്‍ഷങ്ങളും കലഹങ്ങളും അവസാനിപ്പിക്കാന്‍ ലോക സമൂഹം മുന്നോട്ടിറങ്ങുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇവിടങ്ങളിലെല്ലാം നിഷ്‌കളങ്കരായ മനുഷ്യര്‍ പീഠനമേല്‍ക്കുകയാണ്. മനുഷ്യ സംസ്‌ക്കാരത്തിന്റെ സ്മാരകങ്ങള്‍ പോലും വിദ്വേഷത്തിന്റെയും പകയുടെയും അഗ്‌നിയില്‍ ദഹിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യേശുവിനെ പ്രതി പീഠനമേറ്റുവാങ്ങുന്നവര്‍ ഉണ്ണിയേശുവില്‍ ആശ്വാസവും ധൈര്യവും കണ്ടെത്തട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. 

ദൈവം ജനിക്കുന്നിടത്ത് പ്രത്യാശയുണ്ട്. പ്രത്യാശയുള്ളിടത്ത് മനുഷ്യന്‍ മഹത്വം വീണ്ടെടുക്കുന്നു. എങ്കിലും ഇപ്പോഴും ധാരാളം സ്ത്രീ പുരുഷന്മാര്‍ സമൂഹത്തില്‍ നിന്നും ബഹിഷ്‌ക്കരിക്കപ്പെട്ട് ദാരിദ്ര്യത്തിനടിപ്പെട്ട് ദൈവ സൃഷ്ടിയുടെ അന്തസ്സിന് യോജിക്കാത്ത ജീവിതം നയിക്കാനായി മനുഷ്യരാല്‍ തന്നെ വിധിക്കപ്പെട്ടിരിക്കുന്നു. പഠിച്ചു നടക്കേണ്ട കാലത്ത് ബാലജനങ്ങള്‍ക്ക് തോക്ക് കൊടുത്ത് കൊല്ലാന്‍ പഠിപ്പിക്കുന്ന ക്രൂരതയാണ് നമുക്ക് ചുറ്റുമുള്ളത്. ആശ്രയമില്ലാത്ത സ്ത്രീകള്‍ പീഠിപ്പിക്കപ്പെടുന്നു. മനുഷ്യക്കടത്തില്‍ മനുഷ്യര്‍ മൃഗങ്ങളെ പോലെ വില്‍ക്കപ്പെടുന്നു. പ്രാര്‍ത്ഥനയോടെ ഇവിടെയെല്ലാം നമുക്ക് സഹായഹസ്തം നീട്ടാന്‍ ശ്രമിക്കാം. അഭയാര്‍ത്ഥികള്‍ക്ക് അഭയവും ജീവിതത്തിന് അര്‍ത്ഥവും കൊടുക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ദൈവത്തിന്റെ അനുഗ്രഹം സമൃദ്ധമായുണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. 

തൊഴില്‍ രഹിതര്‍ക്ക് ആശ്വാസം അരുളാനും രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങള്‍ എറ്റെടുത്തിരിക്കുന്നവര്‍ക്ക് തുടര്‍ന്നും അര്‍പ്പണബോധം നല്‍കുവാനും ദൈവം അനുഗ്രഹം നല്‍കട്ടെ. കരുണയാണ് ദൈവം തരുന്ന അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്വമുള്ളത്. കരുണ നമ്മുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരത്തട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. മനസ്സിന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്ന കരുണ, പ്രത്യേകിച്ചും തടവുകാര്‍ക്ക്, ആശ്വാസം കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

ഇന്ന് മോക്ഷത്തിന്റെ ദിനമാണ്. യേശുവിന്റെ തുറന്നു പിടിച്ചിരിക്കുന്ന കരങ്ങള്‍, ദൈവത്തിന്റെ കരുണയുടെ ആലിംഗനത്തിന്റെ അടയാളമാണ്. അത് നോക്കി നില്‍ക്കുമ്പോള്‍ നമ്മള്‍ ഒരു കുട്ടിയുടെ ശബ്ദം കേള്‍ക്കുന്നു: 'എന്റെ സഹോദരര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഞാന്‍ പറയുന്നു: സമാധാനം നിങ്ങളോടുകൂടെ.' അത് ഉണ്ണിയേശുവിന്റെ ശബ്ദമാണ്. 

കടപ്പാട് : pravachakasabdam.com