ഫിലാദെല്‍ഫിയ: അതിശയം തോന്നുന്നു ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. 100 വര്‍ഷം രാവും പകലുമില്ലാതെ 24 മണിക്കൂറും തുടര്‍ച്ചയായി ലോകത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിച്ച സന്യാസസമൂഹത്തിലെ സഹോദരിമാരെക്കുറിച്ചാണ് ഈ അത്ഭുതകരമായ വാര്‍ത്ത. പിങ്ക് സിസ്‌റ്റേഴ്‌സ് എന്നാണ് അവര്‍ അറിയപ്പെടുന്നത്. ഫിലാദെല്‍ഫിയയിലെ ഹോളി സ്പിരിറ്റ് അഡോറേഷന്‍ സിസ്‌റ്റേഴ്‌സാണ് തങ്ങളുടെ വിളിയില്‍ തെല്ലും ചലനം വരുത്താതെ ദിവ്യകാരുണ്യത്തിനുമുന്നില്‍ ലോകത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്. അവരുടെ സന്യാസവസ്ത്രത്തിന്റെ പിങ്ക് നിറമാണ് ഈ പേര് അവര്‍ക്ക് സമ്മാനിച്ചത്.
ഫിലാദെല്‍ഫിയയിലെ ഡിവൈന്‍ ലൗവ് ചാപ്പലിലെത്തിയാല്‍ ഓരോ സന്യാസിനി സഹോദരിമാര്‍ പിങ്ക് വസ്ത്രമണിഞ്ഞ് ദിവ്യകാരുണ്യത്തിന് മുന്നില്‍ തങ്ങളുടെ ഊഴമനുസരിച്ച് പ്രാര്‍ത്ഥിക്കുന്നത് കാണാം. അവര്‍ 100 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഈ പ്രാര്‍ത്ഥനയില്‍. 1896 ല്‍ ഹോളണ്ടിലാണ് സന്യാസസഭയുടെ ആരംഭം. ദിവ്യകാരുണ്യം എഴുന്നള്ളിച്ച് വച്ച് നിരന്തര ആരാധനയായിരുന്നു കാരിസം. പരിശുദ്ധാത്മാവിലുള്ള സന്തോഷം എടുത്തുകാട്ടുവാനാണ് പിങ്ക് നിറം വസ്ത്രത്തിനായി തിരഞ്ഞെടുത്തത്. ഇന്ന് 12 രാജ്യങ്ങളിലായി 22 കോണ്‍വെന്റുകളില്‍ 420 ഹോളി സ്പിരിറ്റ് അഡോറേഷന്‍ സന്യാസിനികളുണ്ട്. അമേരിക്കയില്‍ ഫിലാദെല്‍ഫിയ കൂടാതെ ടെക്‌സസില്‍ കോര്‍പസ് ക്രിസ്തിയിലും, നെബ്രാസ്‌കയില്‍ ലിങ്കണിലും.
ഫിലാദെല്‍ഫിയയില്‍ അഡോറേഷന്‍ കോണ്‍വെന്റില്‍ 40 സന്യാസികളുണ്ടായിരുന്നു മുമ്പ്. ഇപ്പോള്‍ 20 പേര്‍ മാത്രം. ഏറ്റവും പ്രായം കുറഞ്ഞ സന്യാസിനിക്ക് 52 വയസ്സുണ്ട്. പ്രായമായയാള്‍ 90. ദൈവവിളികള്‍ കുറഞ്ഞുവരുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അതിനാല്‍തന്നെ ചാപ്പിലിലും പുറത്തും മറ്റു സ്ഥലങ്ങളിലും ഈ വിളിയെക്കുറിച്ചും മഹനീയ ദൗത്യത്തെക്കുറിച്ചും വാര്‍ത്തകള്‍ നല്‍കുന്നുണ്ട് സിസ്‌റ്റേഴ്‌സ്. ആത്മവിശ്വാസം നല്‍കുന്നതാണ് സിസ്റ്റര്‍ മരിയ ക്ലാരിസയുടെ വാക്കുകള്‍, 'ഈ പ്രതിസന്ധിയെ ഞങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം നേരിടുന്നു. ലൗകിക കാര്യങ്ങളോട് തെല്ലും അനുഭാവം കാട്ടാതെ പരിശുദ്ധാത്മാവിലുള്ള സന്തോഷം അനുഭവിക്കുവാന്‍ ആഗ്രഹിക്കുന്ന അനേകര്‍ ഇനിയും വരുമെന്നാണ് വിശ്വസിക്കുന്നത്. ദൈവമാണല്ലോ വിളിക്കുന്നത്, അവിടുത്തെ ഹൃദയത്തിലേക്ക് ഈ പ്രതിസന്ധിയെ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.'
1915 ലാണ് ഫിലാദെല്‍ഫിയയിലെ ഡിവൈന്‍ ലൗവ് ചാപ്പല്‍ ആരംഭിക്കുന്നത്. 15 സന്യാസിനിമാരായിരുന്നു തുടക്കത്തില്‍. 2015 ല്‍ അവര്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ദിവ്യകാരുണ്യത്തിന് മുന്നില്‍. ആരാധന കൂടാതെ മഠത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചെറിയ രീതിയില്‍ ജപമാല നിര്‍മ്മാണവും പ്രാര്‍ത്ഥനാ കാര്‍ഡുകളുടെ വിതരണവും അവര്‍ നടത്തുന്നുണ്ട്. സന്യാസാംഗമായ മേരി അഞ്ചലീക്ക ക്രിസ്തുമസ് ആഘോഷത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആരുടെയും ഹൃദയം ആര്‍ദ്രമാകും, 'എല്ലാ ആഘോഷങ്ങളും ഞങ്ങള്‍ വളരെ ലളിതമാക്കുവാന്‍ ആണ് ആഗ്രഹിക്കുന്നത്. ഈശോയെ കൂടുതല്‍ ശ്രദ്ധിക്കുവാനാണ് ഇഷ്ടം. വലിയ ആഘോഷങ്ങള്‍ വരുമ്പോള്‍ അല്പം ഐസ്‌ക്രീം കഴിക്കും. ഈ ക്രിസ്തുമസിന്റെയും ആഘോഷം അതായിരുന്നു.'
കടപ്പാട് : us.sundayshalom.com