ബ്രസീല്‍: അബോര്‍ഷനെ അനൂകൂലിച്ച് സംസാരിക്കുകയും തികച്ചും വ്യത്യസ്തയുള്ള, എന്നാല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്ന ഫിമെന്‍ എന്ന സംഘടനയെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ഫിമെന്‍ സംഘടന ലോകത്തെങ്ങും പ്രശസ്തമാണ്. മേല്‍വസ്ത്രം ഉരിഞ്ഞ് സ്ത്രീകള്‍ക്കുവേണ്ടി വാദിക്കാന്‍ ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം നടത്തുന്ന അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു പല കാലത്തും. ഈ സംഘടനാംഗങ്ങള്‍ വത്തിക്കാനില്‍ ദേവാലയങ്ങളില്‍ കയറി അവിടെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതും, സ്‌പെയിനില്‍ കര്‍ദ്ദിനാള്‍ ആന്റോണിയോ മരിയ റോക്കോ വരേലയ്‌ക്കെതിരെ കൈയ്യില്‍ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞതും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അര്‍ജന്റീനയില്‍ ദേവാലയത്തിന് പുറത്ത് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്ന കത്തോലിക്കാ വിശ്വാസികളുടെ നേരെ കുപ്പികളും വടിയും എറിഞ്ഞതും വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതും പോലീസ് ഇടപെടലിനും കാരണമായിരുന്നു. 

ബ്രസീലില്‍ ഫിമെന്‍ സംഘടനയ്‌ക്കൊരു സ്ഥാപകയുണ്ട്. സാറാ വിന്റര്‍ എന്നറിയപ്പെടുന്ന സാറ ഫെര്‍ണാണ്ട ജിറോമിന്‍. ചെറുപ്പക്കാരിയാണ്. രാജ്യവ്യാപകമായി ഈ സംഘടന ബ്രസീലില്‍ പ്രശസ്തമാകുന്നതിന് സാറായുടെ പങ്ക് വളരെ വലുതായിരുന്നു. പല സ്ഥലങ്ങളിലും വസ്ത്രമുരിഞ്ഞ് അബോര്‍ഷനുവേണ്ടി അവള്‍ വാദിച്ചു. എന്നാല്‍ സാറാ വിന്റര്‍ അടുത്തനാളുകളില്‍ ഒരു സത്യമറിഞ്ഞു. സ്ത്രീകളെ ഇങ്ങനെ പ്രതിഷേധത്തിനിറക്കി മുതലെടുക്കുന്ന വലിയ അബോര്‍ഷന്‍ ഭീമന്മാരാണ് ഇതിന് പിന്നില്‍. പണമാണ് അവരുടെ ലക്ഷ്യം. സ്ത്രീകള്‍ ഇങ്ങനെ പ്രതിഷേധത്തിനിറങ്ങുമ്പോള്‍ അതില്‍നിന്ന് ലാഭമുണ്ടാക്കുന്ന വമ്പന്‍ കമ്പനികളുണ്ട്. അവിടെ ഒഴുകുന്ന പണത്തിന് ബലിയാടാകുകയാണ് ഇത്തരം സ്ത്രീകള്‍. 

വിന്റര്‍ ഇപ്പോള്‍ പ്രോലൈഫ് ആണ്. ജീവനുവേണ്ടിയും സ്ത്രീയുടെ യഥാര്‍ത്ഥ രക്ഷയ്ക്കും വേണ്ടി വാദിക്കുന്നവള്‍. മൂന്ന് വര്‍ഷമായി ഈ മാറ്റം. ഫെമിനിസം എന്ന വാദത്തിന്റെ മറവില്‍ നടക്കുന്ന വലിയ സാമ്പത്തിക ലാഭത്തിന്റെ മറനീക്കി കാട്ടുന്നു സാറാ. സ്ത്രീകളെ ചൂഷണം ചെയ്ത് സ്ത്രീ ആരോഗ്യത്തിന്റെപേരില്‍ നടക്കുന്ന വലിയ അബോര്‍ഷന്‍, കോണ്‍ട്രാസെപ്ഷന്‍ ബിസിനസ്സിനെക്കുറിച്ച്. 

സ്വന്തം ജീവിതത്തിലും ഒരു ഭ്രൂണഹത്യ നടത്തിയവളാണ് സാറാ. അത്ര ആത്മാര്‍ത്ഥതയോടെയായിരുന്നു അവളുടെ പ്രോഅബോര്‍ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് അവളുടെ ചിന്തകളെ മാറ്റിമറിച്ചു. ആദ്യം കൊന്നുകളഞ്ഞ കുഞ്ഞും ഇതുപോലെ തന്റെ ജീവിതത്തിന്റെ സന്തോഷം വളര്‍ത്താന്‍ വന്നതായിരുന്നില്ലേ എന്ന ലളിതമായ ചിന്ത അവളുടെ കണ്ണുതുറന്നു. താന്‍ എതു മാഫിയയ്ക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് അവള്‍ക്ക് ബോധ്യവും ലഭിച്ചതോടെയാണ് മാറി ചിന്തിക്കുവാന്‍ തയ്യാറായത്. 

തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ തെറ്റുകള്‍ക്കും മാപ്പുചോദിച്ചുകൊണ്ടാണ് സാറാ തന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. താന്‍ ആരുടെയോ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നെന്നും, പ്രോഅബോര്‍ഷന്‍ ചിന്തകള്‍ വളരുമ്പോള്‍ വളരുന്നത് സ്ത്രീയുടെ മഹത്വമല്ലെന്നും സാമ്പത്തിക ലാഭം കൊയ്യുന്ന അബോര്‍ഷന്‍ ബിസിനസ്സാണെന്നും പല രാജ്യങ്ങളിലുടെ സഞ്ചരിച്ച് ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ച് പരിചയമുള്ള സാറാ വിന്റര്‍ പറയുന്നു. സ്ത്രീയുടെ മഹത്വം ഹനിക്കപ്പെടുകയാണ് പല സ്ഥലങ്ങളിലും. മഹത്വം ലഭിക്കുന്നത് പണത്തിനാണ്. 

ലളിതമായ ഒരു ലോജിക് കൂടി സാറാ വിന്റര്‍ തന്റെ വാദങ്ങളില്‍ നിരത്തുന്നുണ്ട്. അതിങ്ങനെ, 'ഗര്‍ഭസ്ഥശിശു ഒരു വസ്തുവാണ് മനുഷ്യനല്ല എന്നാണല്ലോ അബോര്‍ഷന്‍ ഭീമന്മാര്‍ വാദിക്കുന്നത്. ഞാനൊന്നു ചോദിക്കട്ടെ, ഗര്‍ഭത്തിലുള്ള ഈ 'വസ്തുവിനെ' മുന്നോട്ട് പോകാന്‍ അനുവദിച്ചാല്‍ അത് എന്താണ് ആയിത്തീരുക? അതൊരു വസ്തു മാത്രമായിരിക്കുമോ? ഒരിക്കലുമല്ല. ഭാവിയില്‍ അതു മനുഷ്യന്‍ ആയിത്തീരും, അല്ലേ. അപ്പോള്‍ ഭാവിയില്‍ മനുഷ്യനാകുവാന്‍ സാധ്യതയുള്ള ഒന്നിനെയാണ് നാം ഇല്ലായ്മ ചെയ്യുന്നത്. അതായത് മനുഷ്യജീവനെത്തന്നെ. വളര്‍ന്നുവരുന്ന ഒരു കൊച്ചുചെടി നശിപ്പിച്ചാല്‍ അതിന് മരമാകുവാനുള്ള സാധ്യതയുണ്ടെങ്കില്‍, മരത്തെത്തന്നെയല്ലേ നാം ഇല്ലായ്മ ചെയ്യുന്നത്?' സാറാ വിന്ററിന്റെ ഈ ലളിതമായ യുക്തിക്കുനേരെ ഭരണകൂടങ്ങള്‍ കണ്ണുതുറന്നിരുന്നെങ്കില്‍.

കടപ്പാട് : us.sundayshalom.com