അശ്ലീല ദൃശ്യങ്ങളുടെ നിര്‍മാണത്തിനും ഉപയോഗത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് യു.എസ് മെത്രാന്‍ സമിതി. 'നിര്‍മലമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമെ; പോര്‍ണോഗ്രഫിയോടുള്ള അജപാലന സമീപനം' എന്ന തലക്കെട്ടില്‍ ബാള്‍ട്ടിമൂറില്‍ നടന്ന ബിഷപ്പുമാരുടെ സമ്മേളനം പാസാക്കിയ പ്രസ്താവന ഇതിനകംതന്നെ ചര്‍ച്ചയായിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ സ്പാനിഷിലും ഇംഗ്ലീഷിലും ലഭ്യമായ പതിപ്പിന്റെ സംഗ്രഹം പ്ര സിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ബിഷപ്പുമാര്‍. 

പോര്‍ണോഗ്രഫിക്കെതിരെ യു. എസ് ബിഷപ്പുമാര്‍ ആദ്യമായാണ് ഇപ്രകാരമുള്ള പ്രസ്താവന പുറപ്പെടുവിക്കുന്നത്. പോര്‍ണോഗ്രഫി വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്താവനയില്‍,സഭയും സമൂഹവും ഇതിന്റെ ദൂഷ്യവശങ്ങള്‍ എപ്രകാരം ചെറുക്കണമെന്നും വിശദീകരിക്കുന്നു. പ്രസ്താവന പോര്‍ണോഗ്രഫിയുടെ അപലപനം മാത്രമല്ല, ദൈവം കരുണാമയനാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ ചൈതന്യം ഉള്‍ക്കൊണ്ടു ള്ള സന്ദേശം നല്‍കുന്നുവെന്നും വിവാഹത്തിനും കുടുംബ ജീവിതക്കാര്‍ക്കുമായുള്ള യു.എസ് ബിഷപ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ്പ് റിച്ചാര്‍ഡ് ജെ. മാലോണ്‍ പറഞ്ഞു. 

'ഈ പ്രസ്താവനയിലൂടെ പോര്‍ണോഗ്രഫിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും സഭ എങ്ങനെയാണ് ഇതിന് അടിമകളായവരെ സൗഖ്യത്തിലേക്ക് കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമ്പസാരത്തിന്റെ വേളകളില്‍ കൂടുതലായി ഇതിന് അടിമപ്പെട്ടുപോയവരെക്കുറിച്ച് ബോധ്യം ലഭിച്ചതാണ് ഈ രേഖ പ്രസിദ്ധീകരിക്കാന്‍ പ്രചോദനമെന്ന് രേഖ തയാറാക്കുന്നതില്‍ സഹകരിച്ച മിയാമി ആര്‍ച്ച്ബിഷപ്പ് തോമസ് വെന്‍സ്‌കി പറഞ്ഞു. നിരവധിപേര്‍ കുറ്റബോധംപേറി ജീവിക്കുന്നവരാണെന്നും പല വിവാഹബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് പിന്നില്‍ പോര്‍ണോഗ്രഫിയാണെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. 

'ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും അതില്‍തന്നെ നന്മയാണെങ്കിലും പോര്‍ണോഗ്രഫിപോലെ മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിലൂടെ അവസരം ലഭ്യമാകുന്നു. ഇതില്‍ അകപ്പെട്ടുപോയവര്‍ക്ക് ദൈവത്തിന്റെ കരുണ ലഭ്യമാണ്. കുമ്പസാരത്തിലൂടെ പാപം ഏറ്റുപറഞ്ഞ് ഇതില്‍നിന്ന് മോചനം നേടാം. 'പോര്‍ണോഗ്രഫിക്ക് അടിമപ്പെട്ടുപോയവര്‍ക്ക് കൗണ്‍സിലിംഗിലൂടെയും മറ്റ് സപ്പോര്‍ട്ട് ഗ്രൂപ്പുകളിലൂടെയും സൗഖ്യം നേടാന്‍ സാധിക്കും,' ആര്‍ച്ച്ബിഷപ്പ് വെന്‍സ്‌കി വ്യക്തമാക്കി.

കടപ്പാട് : us.sundayshalom.com