ജനങ്ങളെ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാക്കുന്നതാണ് ക്രിസ്തുരാജ്യമെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുരാജന്റെ തിരുനാള്‍ദിവസം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ഈ ലോകത്തിലെ അധികാരകേന്ദ്രങ്ങളും സാമ്രാജ്യങ്ങളും ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍, ക്രിസ്തുവിന്റെ രാജ്യം യഥാര്‍ത്ഥസന്തോഷവും സമാധാനവും നല്‍കി അവരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നു. ഇതൊരു സങ്കല്‍പ്പമല്ല. മറിച്ച് ക്രിസ്തുവിനെ അറിഞ്ഞ് അവനെ അനുഗമിക്കുമ്പോള്‍ കരഗതമാകുന്ന വലിയ സന്തോഷത്തിന്റെ അനുഭവമാണ്. 

എല്ലാ ഭരണാധികാരികളെയും പോലെ ക്രിസ്തുവും ഒരു രാജാവാണ്. എന്നാല്‍ തന്റെ പൗരന്മാരുടെമേല്‍ ആധിപത്യവും അധികാരവും സ്ഥാപിക്കുക എന്നതല്ല അവിടുത്തെ ലക്ഷ്യം. മറിച്ച്, അവരെ തന്റെ മഹത്വത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. ഈ ലോകത്തില്‍ ഏതു രാജാവാണ്, അല്ലെങ്കില്‍ ഏത് അധികാരിയാണ് തനിക്കുള്ള മഹത്വവും ശ്രേഷ്ഠതയും എല്ലാ പൗരന്മാര്‍ക്കും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത്? 

ക്രിസ്തുവിന്റെ ഭരണത്തിന്റെ ശക്തി അധികാരമോ, ആള്‍ബലമോ അല്ല, സ്‌നേഹമാണ്. സ്‌നേഹം ഭരിക്കുകയല്ല സേവിക്കുകയാണ് ചെയ്യുന്നത്. ഓരോരുത്തരെയും അവരുടെ ബലഹീനതകളില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നും ഈ രാജാവ് രക്ഷിക്കുന്നു. അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും പാത അവര്‍ക്കായി തുറക്കുന്നു. ക്രിസ്തു തന്റെ രാജ്യത്തിലെ അംഗങ്ങളെ സ്വന്തം മഹത്വത്തിന് സമാനമായ മഹത്വത്തിലേക്ക് ഉയര്‍ത്തുന്നു, പാപ്പ പറഞ്ഞു. 

പന്തിയോസ് പീലാത്തോസിനോട് തന്റെ രാജ്യം ഐഹികമല്ല എന്നാണ് ക്രിസ്തു പറയുന്നത്. അപ്പോള്‍ ഈ ലോകത്തില്‍ നിലവിലിരിക്കുന്ന രീതിയും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ രീതിയും രണ്ടും വ്യത്യസ്തമാണെന്ന് നാം മനസ്സിലാക്കണം. ഈ ലോകത്തില്‍ അധികാരത്തിനായുള്ള അഭിനിവേശങ്ങളും പോരാട്ടങ്ങളും നടക്കുന്നു. മത്സരങ്ങളും കുറവല്ല. എന്നാല്‍ ക്രിസ്തുവിന്റെ രാജ്യത്തില്‍ എല്ലാവരും തുല്യരാണ്. അതിനാല്‍തന്നെ മത്സരിക്കേണ്ടതിന്റെയോ, അധികാരം സ്ഥാപിച്ചെടുക്കേണ്ടതിന്റെയോ ആവശ്യമില്ല. 

സുവിശേഷം ശക്തി പ്രകടമാക്കുന്നത് സത്യത്തിന്റെയും എളിമയുടെയും ബലത്തില്‍ നിശ്ശബ്ദമായാണ്. ഈശോയുടെ രാജത്വം പൂര്‍ണമായി വെളിപ്പെടുത്തപ്പെട്ടത് കുരിശിലാണ്. ലോകത്തിന്റെ കണ്ണുകളില്‍ പരാജയപ്പെട്ടതിന്റെയും ഇല്ലാതായതിന്റെയും അടയാളമായിരുന്നു കുരിശുമരണം. എന്നാല്‍ സത്യത്തില്‍ ലോകത്തിന്റെയും മരണത്തിന്റെയും നരകത്തിന്റെയുംമേല്‍ അവിടുന്ന് വിജയം വരിക്കുകയായിരുന്നു. ആരെയും കാണിക്കാനല്ല, സത്യത്തിന്റെയും എളിമയുടെയും ബലത്തില്‍, നിശ്ശബ്ദനായി. 

ഒരു ക്രിസ്ത്യാനി അധികാരത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും സംസാരിക്കുമ്പോള്‍, കുരിശിന്റെ അധികാരവും ക്രിസ്തുസ്‌നേഹത്തിന്റെ ശക്തിയുമാണ് വെളിപ്പെടുത്തേണ്ടത്. അതല്ലാതെ ഈ ലോകത്തില്‍ കാണുന്ന അധികാരവും ശക്തിയുമല്ല. തിരസ്‌കരണത്തിന്റെയും വേദനയുടെയും നടുവിലും ഈ ശക്തി നമ്മുടെ കൂടെയുണ്ടാവും. സ്വന്തം ജീവന്‍ മനുഷ്യവംശത്തിനുവേണ്ടി ത്യജിക്കാന്‍വരെ അതുനമ്മെ പ്രാപ്തരാക്കും. 

സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലാണ് ഈ ലോകത്തില്‍ ലഭ്യമാകുന്ന അധികാരത്തിന്റെ മുഴുവന്‍ ശ്രദ്ധ. എന്നാല്‍ സ്വന്തം ജീവന്‍ മറ്റുള്ളവര്‍ക്കായി വിട്ടുകൊടുത്തുകൊണ്ടാണ് ക്രിസ്തു യഥാര്‍ത്ഥ ശക്തിയും അധികാരവും പ്രകടമാക്കിയത്. അങ്ങനെ മരണത്തെപ്പോലും കീഴടക്കുന്ന അധികാരവും ശക്തിയും അവിടുന്ന് പ്രകടിപ്പിച്ചു, പാപ്പ പറഞ്ഞു.

കടപ്പാട് : us.sundayshalom.com