വത്തിക്കാന്‍സിറ്റി: ഡിസംബര്‍ എട്ടിനാരംഭിക്കുന്ന കരുണയുടെ വിശുദ്ധവര്‍ഷ ആചരണത്തിനുളള ലോഗോ പുറത്തിറക്കി. വിശുദ്ധ വര്‍ഷത്തേയ്ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനയും വിശുദ്ധ വര്‍ഷത്തിലെ വിവിധ ചടങ്ങുകളുടെ കലണ്ടറും ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ല പുറത്തിറക്കി.

'പിതാവിനെപ്പോലെ കരുണനിറഞ്ഞ' എന്നതാണ് വിശുദ്ധ വര്‍ഷത്തിന്റെ മോട്ടോ. നഷ്ടപ്പെട്ട മനുഷ്യനെ ചുമലില്‍ വഹിക്കുന്ന നല്ലിടയനായ യേശുവിനെയാണ് ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

യേശുവിന്റെയും മനുഷ്യന്റെയും കണ്ണുകള്‍ ഒന്നിച്ചു ചിത്രീകരിച്ചതിലൂടെ യേശു വീണ്ടെടുക്കപ്പെട്ട മനുഷ്യന്റെ കണ്ണിലൂടെയും വീണ്ടെടുക്കപ്പെട്ട മനുഷ്യന്‍ യേശുവിന്റെ കണ്ണിലൂടെയും കാര്യങ്ങള്‍ കാണുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഈശോ സഭാംഗമായ ഫാ. മാര്‍ക്കോ റുപ്നിക് ആണ് ലോഗോ തയ്യാറാക്കിയത്. 

വിശുദ്ധ വര്‍ഷത്തില്‍ ഒരു ഡസനിലേറെ വിവിധ ജൂബിലികളും ആചരിക്കും ഫെബ്രുവരി രണ്ടിന് സമര്‍പ്പിത വര്‍ഷാചരണം സമാപനത്തോടനുബന്ധിച്ച് സമര്‍പ്പിതരുടെ ജൂബിലി, ഏപ്രില്‍ മൂന്നിന് ദൈവകരുണയുടെ ആത്മീയതയ്ക്കു സമര്‍പ്പിക്കപ്പെട്ടവരുടെ ജൂബിലി, മദര്‍തെരേസായുടെ തിരുന്നാള്‍ ദിനത്തില്‍ (2016 സെപ്റ്റംബര്‍ അഞ്ച്) കരുണയുടെ പ്രവര്‍ത്തകരുടെ ജൂബിലി, 2016 നവംബര്‍ ആറിനു തടവുകാരുടെ ജൂബിലി എന്നിവ ആചരിക്കും. വൈദികര്‍, ഡീക്കന്‍മാര്‍ രോഗികള്‍, ഭിന്നശേഷിയുള്ളവര്‍, മതബോധന അദ്ധ്യാപകര്‍, കൗമാരക്കാര്‍ എന്നിവര്‍ക്കും ജൂബിലി ആചരണമുണ്ട്.