കരുണയുടെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസ്റ്റീനായോട് ഒരിക്കല്‍ സാത്താന്‍ ഇങ്ങനെ പറഞ്ഞു.സര്‍വ്വശക്തന്റെ മഹാ കാരുണ്യത്തെക്കുറിച്ച് നീ ഉദ്‌ഘോഷിക്കുമ്പോള്‍ ഒരായിരം ആത്മാക്കള്‍ ഒരുമിച്ചുണ്ടാക്കുന്നതിനേക്കാള്‍ വലിയ ഉപദ്രവമാണ് നീ എന്നോട് ചെയ്യുന്നത്. കാരണം ഏറ്റവും വലിയ പാപി പോലും പ്രത്യാശയും ശരണവും വീണ്ടെടുക്കുകയും ദൈവത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നതിന് ദൈവകരുണയെക്കുറിച്ചുള്ള അറിവ് കാരണമാകും. (വി.ഫൗസ്റ്റീനായുടെ ഡയറി 1167).

ദൈവം നല്ലവനാണെന്ന് അംഗീകരിക്കാന്‍ സാത്താന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല.ആദി മാതാപിതാക്കളെപ്പോലും ദൈവത്തിന്റെ നന്മയില്‍ സംശയം ജനപ്പിച്ചുകൊണ്ടാണ ് സാത്താന്‍ തെറ്റിലേക്ക് ആകര്‍ഷിച്ചത്. ഇന്നും അനേകര്‍ കുറ്റബോധത്തിലും നിരാശയിലും ദൈവ നിഷേധത്തിലും ആത്മീയ സന്തോഷമില്ലാത്ത അവസ്ഥയിലും ബന്ധിക്കപ്പെട്ടു കിടക്കുന്നത് ദൈവത്തിന്റെ മഹാ കാരുണ്യത്തെക്കുറിച്ച് ബോധ്യമില്ലാത്തിതിനാലാണ്. പലരും പാപകരമായ ജീവിതത്തില്‍ തന്നെ തുടരുന്നതിന്റെ കാരണം തങ്ങളുടെ ജീവിതം ശരിയല്ല എന്നറിയാത്തതല്ല.പ്രത്യുത ഈ അവസ്ഥയില്‍നിന്ന് രക്ഷപെടാന്‍ തങ്ങള്‍ക്കാവില്ല, ദൈവത്തിന്റെ കരുണയും ക്ഷമയും തങ്ങള്‍ക്ക് അപ്രാപ്യമാണ്‌ എന്ന ചിന്തയാണ്. 

വി. ഫൗസ്റ്റീനായോട് കര്‍ത്താവ് പറഞ്ഞു എന്റെ കാരുണ്യത്തിനായി അപേക്ഷിക്കുന്ന ഏറ്റവും വലിയ പാപിയെപ്പോലും എനിക്ക് ശിക്ഷിക്കാനാവില്ല. പകരം ഞാന്‍ അവരെ എന്റെ അനന്തമായ കരുണയാല്‍ നീതീകരിക്കും. വിധിയാളനായി ഞാനാഗതനാകുന്നതിനു മുമ്പായി എന്റെ കരുണയുടെ വാതില്‍ ഞാന്‍ മലര്‍ക്കെ തുറന്നിടും .കരുണയുടെ വാതിലിലൂടെ പ്രവേശിക്കാന്‍ വിസമ്മതിക്കുന്നവരാകട്ടെ എന്റെ നീതിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടതായും വരും (ഡയറിക്കുറിപ്പുകള്‍ 1146).

പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വര്‍ഷം ഫൗസ്റ്റീനാക്കു ലഭിച്ച വെളിപാടുകളുടെ വെളിച്ചത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍ത്താവിന്റെ കരുണ സ്വയം സ്വീകരിക്കുവാനും മറ്റുള്ളവര്‍ക്കു കൊടുക്കുവാനുമുള്ള ഈ വിശുദ്ധ വത്സരത്തില്‍ ദൈവത്തിന്റെ കരുണയുടെ മുഖം ലോകത്തിന് നാം എങ്ങനെ കാട്ടിക്കൊടുക്കും?.

ഒന്നാമതായി നാം തന്നെ ദൈവകരുണയുടെ ആഴവും അപാരതയും ഗ്രഹിക്കാന്‍ പരിശ്രമിക്കണം.ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയുടെ സന്തോഷവും സ്വാതന്ത്ര്യവും നമ്മിലുണ്ടാകണം.മനസാക്ഷി കുറ്റപ്പെടുത്താത്ത , നിരാശയില്‍ പീഡിതമല്ലാത്ത പ്രത്യാശ നിറഞ്ഞ ജീവിതമാണ് ദൈവ കരുണ സ്വന്തമാക്കിയവന്റെ അയൊളം.

രണ്ടാമതായി കര്‍ത്താവിന്റ കരുണയെപ്രതി നമ്മളെ വേദനിപ്പിച്ച എല്ലാവരോടും ഹൃദയപൂര്‍വ്വം ക്ഷമിക്കണം. 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍' ലൂക്ക 6: 36 ഈ വചനത്തിന്റെ വെളിച്ചത്തില്‍ ആര്‍ക്കും കരുണ നിഷേധിക്കുവാന്‍ നമുക്കവകാശമില്ല. വാശി , നീരസം , ശത്രുത , പ്രതികാരം ഇവയില്‍ നിന്നെല്ലാം തിരിച്ചു വരാനും കാരുണ്യത്തിന്റെ പ്രവൃത്തികള്‍  നിര്‍വ്വഹിക്കാനുമുള്ളതാണ് കരുണയുടെ വത്സരം.

മൂന്നാമതായി ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും ലോകമെങ്ങും സാധ്യമായി എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രഘോഷിക്കപ്പെടണം. നാശത്തിന്റെ വഴിയിലൂടെ ചരിക്കുന്ന ലോകത്തോടു കാണിക്കാവുന്ന ഏറ്റവു വലിയ കാരുണ്യ പ്രവൃത്തി സുവിശേഷം കൊടുക്കുക എന്നതാണ്. ജീവകാരുണ്യ പ്രവൃത്തികള്‍ ഒരിക്കലും സുവിശേഷ പ്രഘോഷണത്തിന് പകരമാകില്ല. ക്രിസ്തുവിന്റെ മനുഷ്യാവതാരവും കുരിശുമരണവും പുനരുദ്ധാനവും വഴിയാണ് ദൈവത്തിന്റെ കരുണയുടെ മുഖം ലോകത്തില്‍ ഏറ്റവും അധികം വെളിപ്പെട്ടത്. അവനില്‍  വിശ്വസിക്കാതെ കരുണയുടെ ദൈവത്തെ അനുഭവിക്കാനാകില്ല.വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍  നിന്നുമാണ്.റോമ 10:17. അതിനാല്‍ കരുണയുടെ വര്‍ഷത്തില്‍ ദൈവകരുണയുടെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കാന്‍ നമുക്കു തയ്യാറാകാം. കരുണാവത്സരം സാത്താന്‍ പരാജയപ്പെടാനും ആത്മാക്കള്‍ രക്ഷിക്കപ്പെടാനും ലോകം നവീകരിക്കപ്പെടാനും ഇടയാക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന
കര്‍ത്താവെ ,അങ്ങയുടെ കരുണയുടെ ആഴം ഞങ്ങള്‍ക്ക് മനസിലാക്കിത്തരണമേ. കാരുണ്യവാനും കൃപാനിധിയുമായ ഒരു ദൈവമുണ്ടെന്ന് ലോകം മുഴുവന്‍ അറിയാന്‍ ഈ വിശുദ്ധ വത്സരം കാരണമാകട്ടെ.

കടപ്പാട് : ബെന്നി പുന്നത്തറ
ശാലോം ടൈസ്