യേശു എന്ന ആ വാതിലിലൂടെ കടന്നുവരാത്തവര്‍ പൗരോഹിത്യത്തിനും, സമ്മര്‍പ്പിത ജീവിതത്തിനും യോഗ്യരല്ല: ഫ്രാന്‍സിസ് മാര്‍പാപ്പാ 

എഴുതി തയ്യാറാക്കിയിരുന്ന പ്രസ്താവനകള്‍ മാറ്റിവെച്ച്, പിതാവ്, കെനിയയിലെ വൈദീകരോടും വൈദീകവിദ്യാര്‍ത്ഥികളോടും സമ്മര്‍പ്പിതരോടും ഹൃദയം തുറന്നു. പ്രാര്‍ത്ഥനയിലൂടെയും കൂദാശകളിലൂടെയും, ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രഭാഗത്ത് കൊണ്ടുവരണമെന്ന്, പിതാവ് അവരോട് ആഹ്വാനം ചെയ്തു.''തിരുസഭ ഒരു കച്ചവട സ്ഥാപനമല്ല. അതൊരു ദിവ്യരഹസ്യമാണ്. മറ്റുള്ളവര്‍ക്ക് നന്മ പകര്‍ന്ന്, ആനന്ദം കണ്ടെത്താനുള്ള ഒരു ദൈവീക രഹസ്യമാണത്.''

''കര്‍ത്താവ് കുരിശുമരണം വരിച്ചു! ക്രൈസ്തവരായ ആര്‍ക്കെങ്കിലും, അത് പുരോഹിതനാകട്ടെ, അല്‍മായനാകട്ടെ, ആ യാഥാര്‍ത്ഥ്യം മറക്കാന്‍ കഴിയുമോ? അത് മറക്കുന്നത് ഒരു പാപമാണ്. നികൃഷ്ടമായ പാപം!''. ''നന്മയ്ക്ക് നേരെയുള്ള അലംഭാവം ഒരു പാപമാണ്.'' പുരോഹിതരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തുടര്‍ന്നു. ''എന്റെയൊപ്പം പൗരോഹിത്യ ദൗത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രിയ സുഹൃത്തുക്കളെ, വിശ്വാസികളെ, വൈദീകവിദ്യാര്‍ത്ഥികളെ, നിങ്ങള്‍ ഒരിക്കലും 'വിശ്വാസത്തില്‍ അലംഭാവം' എന്ന പാപത്തില്‍ വീഴാതെ സൂക്ഷിക്കുക!''

''ദൈവം നമ്മെ എല്ലാവരെയും തിരഞ്ഞെടുത്തിരിക്കുന്നു. ജ്ഞാനസ്‌നാന സമയത്ത് തന്നെ പിശുദ്ധാത്മാവ് നമ്മെ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു!''. ''പൗരോഹിത്യത്തിനും, സമ്മര്‍പ്പിത ജീവിതത്തിനുമായി, നമ്മളെല്ലാം ഒരു വാതിലിലൂടെ കടന്നുപോന്നിരിക്കുന്നു. ആ വാതില്‍ യേശുവാണ്!''. ''യേശു എന്ന ആ വാതിലിലൂടെ കടന്നുവരാത്തവര്‍ പൗരോഹിത്യം, സമ്മര്‍പ്പിതജീവിതം, എന്നീ നിയോഗങ്ങള്‍ക്ക് യോഗ്യരല്ല. സ്‌നേഹത്തോടെ തന്നെ, നമുക്ക് അവരോട് പറയാം, 'ഈ വഴി നിങ്ങളുടേതല്ല'!'' 

''യേശു എന്ന വാതിലിലൂടെ കടന്നുവരാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല. നന്നായി തുടങ്ങാത്തത് നന്നായി അവസാനിക്കുകയില്ല. അവര്‍ പോകുകയാണ് നല്ലത്!''. ''മറ്റു ചിലരുണ്ട്. ദൈവം തന്നെ വിളിച്ചുവെന്ന് ഹൃദയത്തില്‍ അറിഞ്ഞിട്ടും, ദൈവം എന്താനാണ് തന്നെ വിളിച്ചത് എന്ന് അറിയാത്തവര്‍! അവര്‍ ഒട്ടു ആശങ്കപ്പെടേണ്ടതില്ല. എന്തിനു അവര്‍ വിളിക്കപ്പെട്ടു എന്ന്, ഉചിതമായ സമയത്ത് ദൈവം അവര്‍ക്ക് വെളിപ്പെടുത്തും!''

''ചിലര്‍ക്ക് ദൈവവിളിയുണ്ടാകും, സമ്മര്‍പ്പിതമായ ഒരു മനസ്സുണ്ടാകും. പക്ഷേ, ആ മനസ്സിന്റെ ഒരു കോണില്‍, അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമായി ആഗ്രഹിക്കുന്ന ഒരിടമുണ്ടാകും. യേശുശിഷ്യരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ, തന്റെ മക്കള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ യേശുവിന്റെ ഇടത്തും വലത്തുമായി ഇരിക്കാനുള്ള അനുഗ്രഹമാണ് ആവശ്യപ്പെടുന്നത്.'' ''ഓരോരുത്തരും സ്വയം ചോദിക്കുക: ഞാന്‍ യേശുവിനെ പിന്തുടരുന്നത്, പണത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണോ?''

''ചിലരുടെ ഹൃദയത്തില്‍, ഇവയ്ക്കുവേണ്ടിയുള്ള ആഗ്രഹം ഒരു ഇത്തിക്കണ്ണിയായി വേരുപിടിക്കുന്നു. അത് നമ്മുടെ ഹൃദയത്തിലെ ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും നശിപ്പിക്കുന്നു.'' ''ഞാന്‍ ഒരിക്കല്‍കൂടി പറയുന്നു. തിരുസഭ ഒരു കച്ചവട സ്ഥാപനമല്ല; ഒരു സന്നദ്ധ പ്രസ്ഥാനമല്ല. സഭ ഒരു ദൈവീക രഹസ്യമാണ്. യേശുവിന്റെ ദൃഷ്ടി നമ്മുടെമേല്‍ പതിഞ്ഞിരിക്കുന്നു. അദ്ദേഹം പറയുന്നു: 'എന്നെ പിന്തുടരുക!''

''പാപത്തെപറ്റി ഓര്‍ത്ത് പലരും പശ്ചാത്തപിക്കും. എന്നാല്‍ പാപത്തെപറ്റി ഓര്‍ത്ത് കരഞ്ഞ, ഒരാളെ പറ്റിയെ വിശുദ്ധ ഗ്രന്ഥം പറയുന്നുള്ളു. വി. പത്രോസ്! താന്‍ പാപിയാണെന്നറിഞ്ഞ്, താന്‍ കര്‍ത്താവിനെ വഞ്ചിച്ചുവെന്നറിഞ്ഞ്, പത്രോസ് കരഞ്ഞു! പക്ഷേ യേശു അദ്ദേഹത്തെ ഒരു മാര്‍പാപ്പായാക്കി.'' ''പൗരോഹിത്യ-സമ്മര്‍പ്പിത ജീവിതം നയിക്കുന്ന നമ്മുടെ കണ്ണുകള്‍ ഈറനണിയുന്നില്ലെങ്കില്‍, എവിടെയോ എന്തോ കുഴപ്പമുണ്ട് എന്ന് ഉടന്‍ തിരിച്ചറിയണം.''

''സമ്മര്‍പ്പിത ജീവിതം നയിക്കുന്നവര്‍ യഥാര്‍ത്ഥ പ്രാര്‍ത്ഥന മറന്നാല്‍ അവരുടെ ആത്മാവ് വരണ്ടുണങ്ങും. ലോകത്തിന് മുമ്പില്‍ അവര്‍, ഉണങ്ങിയ, ഫലം പുറപ്പെടുവിക്കാത്ത, വൃക്ഷംപോലെ അനാകര്‍ഷമായി മാറും!'' പാവപ്പെട്ടവരോടും കുട്ടികളോടും പ്രായമായവരോടും നാം ഒരു പ്രത്യേക സേവന സന്നദ്ധത വളര്‍ത്തിയെടുക്കണം എന്നുകൂടി ഉപദേശിച്ചുകൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു.

കടപ്പാട്: പ്രവാചക ശബ്ദം