തീവ്രവാദികളുടെ ഏത് ആകര്‍ഷണത്തേക്കാളും ശക്തമാണ്, ദൈവത്തിന്റെ ഇടപെടല്‍ എന്ന് മനസ്സിലാക്കുക: യുവാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പാ
നവംബര്‍ 27-ന്, കെനിയയിലെ സന്ദര്‍ശനത്തിന്റെ അവസാന ദിവസം, മാര്‍പാപ്പാ കെനിയയിലെ യുവജനങ്ങളോട്, ഹൃദയം തുറന്ന, വികാരപരമായ ഒരു സംവാദത്തി ല്‍ ഏര്‍പ്പെട്ടു. വിദ്യാഭ്യാസം, തൊഴില്‍, അഴിമതി, തീവ്രവാദം തുടങ്ങി യുവജനങ്ങള്‍ ഉയര്‍ത്തിയ നാനാവിധ വിഷയങ്ങള്‍ക്ക്, അദ്ദേഹം വികാരധീനനായി, ഹൃദയത്തില്‍ നിന്നുമുയര്‍ന്ന മറുപടികള്‍ നല്‍കി.
യുവജനങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ്, പിതാവ്, നെയ്‌റോബിക്കടുത്തുള്ള കാംഗെമി എന്ന ചേരിപ്രദേശം സന്ദര്‍ശിച്ചിരുന്നു. ചേരിനിവാസികളുടെ സാമൂഹ്യബോധവും പരസ്പര ബന്ധങ്ങളും, അപകടത്തില്‍പെട്ടുകൊണ്ടിരിക്കുന്ന ആധുനിക പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ പശ്ചാതലത്തില്‍, അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. തങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍, പ്രത്യേകിച്ച് അഴിമതി, വംശീയത, തീവ്രവാദ സംഘങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ചെല്ലാം, യുവജനങ്ങളുടെ പ്രതിനിധികളായി, ലിനെത്ത്, മാന്വല്‍ എന്നീ രണ്ടു യുവാക്കള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും, പിതാവ് തന്റെ മാതൃഭാഷയായ സ്പാനീഷില്‍ മറുപടി നല്‍കി. മാര്‍പാപ്പായുടെ ഔദ്യോഗിക വിവര്‍ത്തകന്‍, മോണ്‍.മാര്‍ക്ക് മൈല്‍സ് തല്‍സമയം വിവര്‍ത്തനം ചെയ്തു.
എല്ലാ ആശങ്കകള്‍ക്കിടയിലൂടെയും, പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകാന്‍, താന്‍ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന, തന്റെ ജപമാലയും കുരിശിന്റെ വഴിയുടെ ചെറുപതിപ്പും, തന്നെ ശക്തനാക്കുന്നു എന്ന് പിതാവ് യുവജനങ്ങളെ അറിയിച്ചു.
മാര്‍പാപ്പായുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
എനിക്കുവേണ്ടിയുള്ള നിങ്ങളുടെ ജപമാല പ്രാര്‍ത്ഥനയ്ക്ക് ഞാന്‍ നന്ദി പറയട്ടെ. എന്റെ വാക്കുകള്‍ കേള്‍ക്കാനായി എത്തിച്ചേര്‍ന്ന നിങ്ങളോരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. ലിനെത്തും മാന്വലും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയായി, എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലിനെത്തിന്റെ സംശയങ്ങള്‍ക്കുള്ള മറുപടി:
എന്തുകൊണ്ട് സമൂഹത്തില്‍ കലഹവും, യുദ്ധവും, മരണവും നടക്കുന്നു? മതഭ്രാന്തി ന്റെ കാരണമെന്ത്? അളുകള്‍ നശീകരണ പ്രവത്തികളില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ട്?
വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ താളുകളില്‍, ദൈവം ഈ മനോഹരമായ പ്രപഞ്ചവും ജീവജാലങ്ങളെയും മനുഷ്യനേയും സൃഷ്ടിച്ചത് വിവരിക്കുന്നു. പിന്നെ കാണുന്നത് സഹോദരന്‍ സഹോദരനെ കൊല്ലുന്നതാണ്. പിശാച് നമ്മെ നാശത്തിലേക്ക് തള്ളിവിടുന്നു. പിശാച് നമ്മെ ഭിന്നിപ്പിക്കുന്നു. അവന്‍ നമ്മെ വംശീയതയിലേക്കും, അഴിമതിയിലേക്കും, മയക്കുമരുന്നിലേക്കും നയിക്കുന്നു. മതഭ്രാന്തിലൂടെ അതിക്രമങ്ങളിലേക്ക് നയിക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ മറക്കുമ്പോള്‍, മനുഷ്യന് അവന്റെ മനുഷ്യപ്രകൃതി നഷ്ടപ്പെടുന്നു. തങ്ങള്‍ ശക്തരാണെന്ന് അവര്‍ കരുതുന്നു. തങ്ങള്‍ക്ക് ദൈവത്തിന്റെ ആവശ്യമില്ലെന്ന് അവര്‍ കരുതുന്നു.
ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. പക്ഷേ, ബുദ്ധിമുട്ടുകളെ നമുക്ക് വ്യത്യസ്ത കോണുകളിലൂടെ നോക്കിക്കാണാന്‍ കഴിയും. അവയെ നിങ്ങള്‍ തടസ്സങ്ങളായാണോ കാണുന്നത്, അതോ അവസരങ്ങളായിട്ടോ? തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഒരു പാത തിരഞ്ഞെടുക്കുന്നതിനുമുമ്പ്, നിങ്ങള്‍ തീരുമാനിക്കുക. ഇത് എന്നെ നാശത്തിലേക്കാണോ കൊണ്ടുപോകുന്നത്? അതോ, എന്റെയും, കുടുംബത്തിന്റേയും, രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടിയുള്ള ഒരു അവസരമാണോ?
യുവാക്കളെ, നമ്മള്‍ ജിവിക്കുന്നത് ഭൂമിയിലാണ്, സ്വര്‍ഗ്ഗത്തിലല്ല! ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍, നിങ്ങള്‍ തിന്മയെ സ്വീകരിക്കുമോ? പിശാചിന്റെ സൗഹൃദം തേടുമോ?. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് തന്നിട്ടുള്ള വരമാണ്. നിങ്ങള്‍ ഏത് പാത തിരഞ്ഞെടുക്കും?. ഒരു ചോദ്യം കൂടി. വെല്ലുവിളികളെ നിങ്ങള്‍ അതിജീവിക്കുമോ, അതോ അവയ്ക്ക് കീഴടങ്ങുമോ?. നിങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ കളിക്കാരനാണോ, അതോ, കാഴ്ചക്കാര്‍ക്കുള്ള ടിക്കറ്റ് വിറ്റു പണമുണ്ടാക്കുന്ന ദല്ലാളോ? വഴി നിങ്ങള്‍ തിരഞ്ഞെടുക്കണം.
വംശീയത നിങ്ങളെ നശിപ്പിക്കും. നിങ്ങള്‍, പുറകില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കൈകളില്‍ സൂക്ഷിക്കുന്ന കല്ലുകളാണത്. മറ്റു വംശക്കാരെ എറിയാനുദ്ദേശിക്കുന്ന കല്ല്! നിങ്ങള്‍ കേള്‍ക്കുന്നതും, ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വംശീയ വിഷയത്തിനെതിരായിരിക്കട്ടെ!. സ്വയം ചോദിക്കുക, എന്റെ സംസ്‌ക്കാരമേത്, എന്റെ പൈതൃകം എന്ത്? ഞാന്‍ ഉത്തമനോ അധമനോ ആണോ? അതിന്റെയെല്ലാം ഉത്തരം, നിങ്ങളെ സൗഹൃദയത്തിലേക്ക് നയിക്കുന്നു. ആരെയും വേര്‍തിരിക്കാനും, മാറ്റി നിറുത്താനും നിങ്ങള്‍ക്ക് കഴിയുകയില്ല. നമുക്ക് എല്ലാവര്‍ക്കും കൈകള്‍ കോര്‍ത്തുപിടിച്ച്, വംശീയതയ്‌ക്കെതിരേയുള്ള നമ്മുടെ നിലപാട് ഉറപ്പിക്കാം. നമ്മളെല്ലാം ഒരു രാജ്യമാണ്, നമ്മള്‍ ഇവിടെ കൈകള്‍ കോര്‍ക്കുന്നത്, വംശീയതയ്‌ക്കെതിരേയുള്ള നമ്മുടെ നിലപാട് ഉറപ്പിക്കലാണ്. അത് ഹൃദയംകൊണ്ടും, പ്രവര്‍ത്തികൊണ്ടും നടപ്പിലാക്കേണ്ട ഉത്തരവാദിത്തം, നമുക്കോരോരുത്തര്‍ക്കും ഉണ്ട്.
അഴിമതിയെ പറ്റി:
അഴിമതി നമുക്ക് ന്യായീകരിക്കാനാവുമോ? എല്ലാവരും അഴിമതിക്കാരായതുകൊണ്ട്, ഞാനും അഴിമതിക്കാരനാകണമോ?. എന്റെ നാട്ടില്‍ 20 വയസ്സുള്ള ഒരു യുവാവ് രാഷ്ട്രീയത്തിലിറങ്ങി. അവന്‍ പഠിച്ചു. രാഷ്ട്രീയത്തില്‍തന്നെ ജോലിയും നേടി. ഒരിക്കല്‍, അവന് വാണിജ്യകാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടിവന്നു. മൂന്നു സ്ഥാപനങ്ങള്‍ വില അറിയിച്ചു. അവന്‍ അതെല്ലാം പഠിച്ചിട്ട്, വില കുറവും ലാഭകരവുമായ കച്ചവടമുറപ്പിച്ചു. മേലധികാരി അവനോടു ചോദിച്ചു: 'നീ എന്തിനാണ് അത് തിരഞ്ഞെടുത്തത്?' അവന്‍ പറഞ്ഞു:'നമ്മുടെ രാജ്യത്തിന്റെ സാമ്പത്തീകത്തിന് നല്ലത് എന്നതിനാല്‍' മേലധികാരി മറുപടി പറഞ്ഞു.'നമ്മുടെ കീശയില്‍ പണം നിറക്കാന്‍ പറ്റിയത് നീ തിരഞ്ഞെടുക്കണം.'യുവാവ് പറഞ്ഞു:'പക്ഷേ, ഞാന്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് രാഷ്ട്രീയത്തില്‍ വന്നത്!' മേലധികാരിയുടെ മറുപടി ഇതായിരുന്നു:'ഞാന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് പണം സമ്പാദിക്കാനാണ്.'
ജീവിതത്തിന്റെ എല്ലാ തുറകളിലും ഇത്തരം ആളുകളുണ്ട്. വത്തിക്കാനില്‍ പോലുമുണ്ട്. അഴിമതി, പഞ്ചസാരപോലെയാണ്. മധുരിക്കും. പക്ഷേ, അത് നിങ്ങളെ ഉള്ളില്‍നിന്നും നശിപ്പിക്കും. പഞ്ചസാര കൂടി നിങ്ങള്‍ രോഗിയാകും. രാജ്യം രോഗിയാകും. ഓരോ തവണയും, അഴിമതിയുടെ പണം നിങ്ങളുടെ കീശയില്‍ വീഴുമ്പോള്‍, അത് ഹൃദയത്തെ നശിപ്പിക്കുന്നു; വ്യക്തിത്വം നശിപ്പിക്കുന്നു; പഞ്ചസാരയ്ക്കുവേണ്ടിയുള്ള ആഗ്രഹം വളരാന്‍ അനുവദിക്കരുത്. അഴിമതി എന്ന താല്‍ക്കാലിക മധുരം നിങ്ങളെ നശിപ്പിക്കും.
മറ്റുള്ളവര്‍ അഴിമതിക്കാരാണ് എന്നുള്ളത് ഒരു ന്യായീകരണമല്ല. അഴിമതി ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അതിനെതിരായി നിങ്ങള്‍ നിലയുറപ്പിക്കുക. അടുത്തു നില്‍ക്കുന്നവര്‍ക്ക് അത് പ്രചോദനമായിരിക്കും. അഴിമതി നമ്മുടെ സന്തോഷവും മന:സമാധാനവും ഇല്ലാതാക്കുന്നു. ഒരു യഥാര്‍ത്ഥ സംഭവം ഞാന്‍ പറയാം. ഇത് എന്റെ നാട്ടില്‍ നടന്നതുതന്നെയാണ്. എന്റെ പട്ടണത്തില്‍ അഴിമതിക്കാരനായ ഒരാള്‍ മരിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഞാന്‍ ചോദിച്ചു: 'ശവസംസ്‌ക്കാരം എങ്ങനെയുണ്ടായിരുന്നു?' അതിന,് ഒരു സ്ത്രീ തമാശയായി പറഞ്ഞു: 'ശവപ്പെട്ടിയുടെ മൂടി ശരിക്കും അടയ്ക്കാന്‍ പറ്റിയില്ല. അയാള്‍ കൊള്ളയടിച്ച പണം മുഴുവന്‍ അകത്തിട്ട്, അവര്‍ പെട്ടിയടക്കാന്‍ നോക്കി. ശരിക്ക് അടഞ്ഞില്ല!'. അഴിമതിയിലൂടെ കൊള്ളയടിക്കുന്നതെല്ലാം, നിങ്ങള്‍ക്ക് ഇവിടെ ഇട്ടുകൊണ്ട് പോകേണ്ടിവരും. നിങ്ങള്‍ വൃണപ്പെടുത്തിയ ഹൃദയങ്ങളുടെ ശാപം, നിങ്ങള്‍ക്ക് തീര്‍ച്ചയായും കൊണ്ടുപോകാം!. യുവാക്കളെ, അഴിമതി ജീവിതത്തിലേക്കുള്ള വഴിയല്ല, അത് നിത്യനാശത്തിലേക്ക് നയിക്കുന്നു.
മറ്റൊരു ചോദ്യം ആശയവിനിമയത്തെ സംബന്ധിച്ചതാണ്. യേശുവിന്റെ സന്ദേശം, എങ്ങനെ നമുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കഴിയും?
ആശയവിനിമയത്തിന്റെ ആദ്യ ചുവടുകള്‍, നമ്മുടെ സംസാരവും, പുഞ്ചിരിയും, ചലനങ്ങളുമാണ്. ചലനത്തില്‍ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ അടുത്ത് നില്‍ക്കുക എന്നതാണ്. സൗഹൃദമായിരിക്കുക എന്നതാണ്. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ സംസാരിച്ചാല്‍, വംശീയതയുടെ അതിരുകള്‍ ഇല്ലാതാകും. പാവപ്പെട്ടവരുടെ അടുത്തെത്തുക; ആലംബഹീനരായവര്‍ക്ക് തുണയാകുക; തിരസ്‌ക്കരിക്കപ്പെട്ടവര്‍ക്ക് സുഹൃത്താകുക; ഇതെല്ലാം, TV ചാനലുകളിലെ സുവിശേഷ പ്രഘോഷണങ്ങളേക്കാള്‍, ഫലപ്രദമാണെന്ന് നിങ്ങളറിയുക.
കര്‍ത്താവിനോട് ശക്തി നല്‍കാന്‍ പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ വാക്കുകളിലും, പുഞ്ചിരിയിലും, സാമീപ്യത്തിലും, മറ്റുള്ളവര്‍ യേശുവിനെ ദര്‍ശിക്കും. മാന്വലിന്റെ ചോദ്യത്തിനുള്ള മറുപടി: മാന്വലിന്റെ ആദ്യത്തെ ചോദ്യം നമ്മെ അലസോരപ്പെടുത്തുന്നതാണ്.
യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേരുന്നത്, എങ്ങനെ തടയാന്‍ കഴിയും? ചേര്‍ന്നവരെ എങ്ങനെ തിരിച്ചുകൊണ്ടുവരും?
അവര്‍ എന്തുകൊണ്ട് ആ വഴിയിലേക്ക് പോയി എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. കുടുംബത്തെ വിട്ട്, സുഹൃത്തുക്കളെ വിട്ട്, ഗോത്രവും രാജ്യവും വിട്ട്, അവര്‍ പോയതെന്തുകൊണ്ട്?. ഒരു യുവാവ് അല്ലെങ്കില്‍ യുവതി, പഠിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലാതെ, ജോലിയില്ലാതെ നടക്കുമ്പോള്‍, അവന്/അവള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത്, ദുഷ്‌കര്‍മ്മങ്ങളുടെ ഒരു ജീവിതമാണ്, മയക്കുമരുന്നിന്റെ, ആത്മഹത്യയുടെ ഒരു ഭാവിയാണ്.
ഒരിക്കല്‍ ദുഷ്‌കര്‍മ്മത്തില്‍ വീണാല്‍, പിന്നെ സ്വയം തിരിച്ചു കയറുന്നത് എളുപ്പമല്ല. ഈ അപകടത്തില്‍ വീഴാതെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍, വിദ്യാഭ്യാസവും ജോലിയുമാണ്. തൊഴില്‍രഹിതരായ യുവജനങ്ങള്‍, എളുപ്പത്തില്‍ ഭീകരവാദികളുടെ വലയില്‍ കുടുങ്ങുന്നു. തൊഴിലില്ലായ്മ ഒരു സാമൂഹ്യവിപത്താണ്. അതിന്റെ പ്രതിവിധി, ഒരു രാജ്യത്തിനുള്ളില്‍ ഒതുങ്ങുന്നതല്ല. പണം മാത്രം കേന്ദ്രമാക്കിയുള്ള, അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതി തുടരുന്ന ഈ ലോകത്തില്‍, വലിയ മാറ്റങ്ങള്‍ വരേണ്ടത് ആ നിലയില്‍ തന്നെയാണ്.
വ്യക്തികളുടെ ജീവിത സുരക്ഷയ്ക്കുവേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
പ്രാര്‍ത്ഥിക്കുക. ഹൃദയം നിര്‍മ്മലമായി സൂക്ഷിക്കുക തീവ്രവാദികളുടെ ഏത് ആകര്‍ ഷണത്തേക്കാളും ശക്തമാണ്, ദൈവത്തിന്റെ ഇടപെടല്‍ എന്ന് മനസ്സിലാക്കുക. തീവ്രവാദത്തിന്റെ ആകര്‍ഷണത്തിന് വിധേയരാകുമെന്ന് സംശയിക്കുന്നവരെ സുഹൃത്തുക്കളാക്കുക. അവരോട് പുഞ്ചിരിക്കുക. പന്തുകളിക്കാന്‍ വിളിക്കുക. അവരെ നിങ്ങളോടൊപ്പം നിറുത്തുവാന്‍ പരിശ്രമിക്കുക.
മാന്വലിന്റെ മറ്റൊരു ചോദ്യം, ഒരു തത്വചിന്തകന്റെ നാവില്‍നിന്നും വരുന്നതാണ്!
ജീവിതത്തിലെ സഹനങ്ങളുടെയും, ദുരന്തങ്ങളുടെയും അര്‍ത്ഥമെന്ത്? ദൈവത്തിന്റെ സമാധാനം എങ്ങനെ കണ്ടെത്തും?
ലോകം മുഴുവന്‍ നൂറ്റാണ്ടുകളായി ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ജീവിതത്തിലെ ദുരന്തങ്ങളെപറ്റിയുള്ള ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ, രണ്ടു ചോദ്യങ്ങള്‍ക്കും ചൂണ്ടിക്കാണിക്കാനുള്ളത്, ഒരു വഴിയാണ്. ദൈവപുത്രന്റെ വഴി-മറ്റുള്ളവരുടെ രക്ഷയ്ക്കായി, പീഠനവും മരണവും ഏറ്റുവാങ്ങിയ ദൈവപുത്രന്റെ വഴി!.
കാര്യങ്ങള്‍ മനസ്സിലാകാതെ വരുമ്പോള്‍, നിരാശരാകുമ്പോള്‍ കുരിശിലേക്ക് നോക്കുക. ദൈവത്തിന്റെ പരാജയമാണോ കുരിശ്?. അല്ല! മനുഷ്യവംശത്തിന് രക്ഷയേകി, ഉയിര്‍ത്തെഴുന്നേറ്റ ദൈവപുത്രന്റെ കഥയാണ് കുരിശ് പറയുന്നത്. സഹനത്തിനുശേഷമുള്ള ഉയര്‍ത്തെഴുന്നേല്‍പ്പില്‍, നിങ്ങള്‍ ഓരോരുത്തരും വിശ്വാസം അര്‍പ്പിക്കുക.
ഇനി വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയാം. എന്റെ പോക്കറ്റില്‍ ഞാന്‍ എപ്പോഴും രണ്ടുകാര്യങ്ങള്‍ കൊണ്ടുനടക്കുന്നു. ജപമാലയും, കുരിശിന്റെവഴിയും. ഇവ എന്റെ ആത്മീയശക്തിയാണ്. ഇവയുടെ സാമീപ്യം എനിക്ക് ഏതവസരത്തിലും പ്രത്യാശ നല്‍കുന്നു.
നമ്മുടെ തത്വചിന്തകനായ സുഹൃത്ത് മാന്വലിന്റെ അവസാനത്തെ ചോദ്യം:
സ്വന്തം വീട്ടില്‍ സ്‌നേഹം ലഭിക്കാത്ത യുവാക്കളോട്, എന്തു പറയാനുണ്ട്?
തിരസ്‌ക്കരിക്കപ്പെട്ട കുട്ടികള്‍ എല്ലായിടത്തുമുണ്ട്. സ്വന്തം കുടുംബത്തില്‍ സ്‌നേഹം ലഭിക്കാത്തവര്‍ അതില്‍ യുവാക്കളും കുട്ടികളുമുണ്ട്; പ്രായമായവരുണ്ട്. ആരും സ്‌നേഹിക്കാനില്ലാത്തവര്‍. അതിന് ഒരു പ്രതിവിധിയേയുള്ളു. നിരാശരാകാതിരിക്കുക. നമുക്കു കിട്ടാത്ത സ്‌നേഹം, നമ്മള്‍ കൊടുക്കുക. ഒറ്റപ്പെട്ടവരുമായി സൗഹൃദം പങ്കിടുക. സ്‌നേഹം പങ്കിടുക.
ഈ കൂടിക്കാഴ്ച ഇപ്പോള്‍ അവസാനിക്കുകയാണ്. എന്റെ വാക്കുകള്‍ കേള്‍ക്കാനായി ഇവിടെയെത്തിയ എല്ലാവരോടും, എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും, ഞാന്‍ നന്ദി പറയുന്നു. ഇനി നമുക്ക് എഴുന്നേറ്റുനിന്ന്, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. നന്ദി!
കടപ്പാട്: അഗസ്റ്റസ് സേവ്യര്‍,
പ്രവാചക ശബ്ദം