കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ് (വിലാപങ്ങള്‍ 3:22-23).

നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല (ഏശയ്യാ 54:10).

അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹന്നാന്‍ 3:16).

നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കു
ന്നു (റോമാ 5:8).

മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു (ഏശയ്യാ 49:15-16). 

എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല (ഏശയ്യാ 40:31).

ദുഷ്ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയംചെയ്യും (സങ്കീര്‍ത്തനങ്ങള്‍ 32:10).

ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല (1 തിമോത്തേയോസ് 6:6-7)