മതത്തിന്റെപേരില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ വ്യാജന്മാരാണെന്ന് തിരിച്ചറിയുക: മുസ്ലീം മസ്ജിദ് സന്ദര്‍ശിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പാ

അക്രമങ്ങളിലൂടെ ദൈവത്തിന്റെ വചനം മലിനമാക്കുന്നവര്‍ക്കെതിരെ അണിനിരക്കാന്‍ മദ്ധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ, ക്രൈസ്തവരോടും മുസ്ലീയങ്ങളോടും മാര്‍പാപ്പാ ആഹ്വാനം ചെയ്തു. ''യഥാര്‍ത്ഥ ദൈവവിശ്വാസികള്‍, സമാധാന കാംക്ഷികളായിരിക്കും. ദൈവത്തിന്റെ പേരില്‍ അക്രമത്തിനിറങ്ങുന്നവര്‍ കപടവിശ്വാസികളാണ്.'' പിതാവ് പറഞ്ഞു. കൊഡൊ കൗയിലെ മുസ്ലീം മസ്ജിദിലെത്തി, അവിടുത്തെ മുസ്ലീങ്ങളെ അഭിസംബോധനചെയ്യുമ്പോള്‍, അദ്ദേഹം, ആ രാജ്യത്ത് ഒരു കാലത്ത് നിലനിന്നിരുന്ന മതസൗഹാര്‍ദ്ദത്തെപ്പറ്റി ഓര്‍മിപ്പിച്ചു. 

മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ നടത്തിയ സന്ദര്‍ശനത്തിന്റെ അവസാനദിവസം, അദ്ദേഹം സ്വമേധയാ ഒരു യുദ്ധമേഖലയില്‍ എത്തി സമാധാന ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ''ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരീ സഹോദരന്മാരാണ്.''  പിതാവ് വീണ്ടും അവരെ ഓര്‍മിപ്പിച്ചു. നാം ഒരുമിച്ച് വെറുപ്പിനോടും, വിദ്വേഷത്തോടും പ്രതികാരത്തോടും, അക്രമത്തോടും 'ഇല്ല' എന്ന് പറയണം. ദൈവം സമാധാനമാണ്. ദൈവത്തിന്റെപേരില്‍, മതത്തിന്റെപേരില്‍, അക്രമങ്ങള്‍ നടത്തുന്നവര്‍ വ്യാജന്മാരാണ് എന്ന് തിരിച്ചറിയുക.''

2012 ഡിസംബറിലാണ് മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മുസ്ലീംഗ്രൂപ്പുകള്‍ ഒരുമിച്ച് ചേര്‍ന്ന് സെലേക്ക എന്ന പേരില്‍ ഒരു സഖ്യ മുണ്ടാക്കി, അന്നത്തെ പ്രസിഡന്റ് ഫ്രാങ്കോയീസ് ബോഡീസിന്റെ ഭരണം അട്ടിമറിച്ച് അധികാരമേറ്റു. അതിനുശേഷം 6000-ല്‍ അധികം ആളുകള്‍ സംഘട്ടനങ്ങളില്‍ മരിച്ചു കഴിഞ്ഞു. അക്രമങ്ങള്‍മൂലം മാറ്റിവെയ്ക്കപ്പെട്ട ഒക്‌ടോബറിലെ തിരഞ്ഞെടുപ്പുകള്‍ ഈ വരുന്ന ഡിസംബര്‍ 27-ാം തീയതി നടക്കാനിരിക്കുകയാണ്. ഇടക്കാല പ്രസിഡന്റ്, കാതറീന സാംബ പാസയുടെ സമാധാന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. 

മുസ്ലീം മസ്ജിദില്‍ നടത്തിയ പ്രസംഗത്തില്‍, പിതാവ്, മുസ്ലീം-ക്രിസ്ത്യന്‍ മത നേതാക്കളുടെ സമാധാന ശ്രമങ്ങളെ പുകഴ്ത്തി. 'വരുന്ന തിരഞ്ഞെടുപ്പില്‍, ഈ രാജ്യത്തെ, സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ശക്തരായ നേതാക്കള്‍ ഉയര്‍ന്നുവരും' എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിതാവിന്റെ സന്ദര്‍ശനം, കലഹത്തിലേര്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളില്‍, സമാധാനത്തിന്റെ പ്രത്യാശ ഉളവാക്കിയിട്ടുണ്ട്. 

'ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് (CAR-Cetnral African Republic), എല്ലാം കൊണ്ടും ആഫ്രിക്കയുടെ ഹൃദയമായി തീരട്ടെ' എന്ന് പിതാവ് ആശംസിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സാഹോദര്യത്തിനും, സമന്വയത്തിനുമായി പ്രവര്‍ത്തിക്കാനും, അവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെട്ടുകൊണ്ട്, പിതാ വ് പ്രസംഗം ഉപസംഹരിച്ചു. 1985-ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്റെ മദ്ധ്യ ആഫ്രിക്കന്‍ സന്ദര്‍ശത്തിനുശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പാ CAR-ല്‍ എത്തുന്നത്. 

കടപ്പാട്: അഗസ്റ്റസ് സേവ്യര്‍
പ്രവാചക ശബ്ദം