മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബങ്കുയില്‍ മുസ്‌ലിം കേന്ദ്രമായ പികെ5 ജില്ലയിലെ മസ്ജിദില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ എത്തിയപ്പോള്‍. ടിഡിയാനി മൂസാ നൈബി സമീപം.

ബങ്കുയി. വിദ്വേഷവും പ്രതികാരചിന്തയും വെടിഞ്ഞു ക്രിസ്ത്യാനികളും മുസ്‌ലിംകളും സൗഹാര്‍ദ്രത്തിന്റെ പാത സ്വീകരിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പാ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് സന്ദര്‍ശനം പൂര്‍ത്തിയാക്കി. മതവിദ്വേഷത്തില്‍ മൂന്നുവര്‍ഷത്തിനിടെ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ട രാജ്യത്ത് സമാധാന സന്ദേശം നല്‍കി മുസ്‌ലിം കേന്ദ്രമായ പികെ5 ജില്ലയിലെ മസ്ജിദ് മാര്‍പാപ്പാ സന്ദര്‍ശിച്ചു. 
    
ക്രിസ്ത്യന്‍ തീവ്രവാദികളില്‍നിന്നു രക്ഷതേടി മുസ്‌ലിംകള്‍ ഒരുമിച്ചുകഴിയുന്ന പികെ5ല്‍ യുഎന്‍ സമാധാനസേനയുടെ കനത്ത സുരക്ഷയിലാണു മാര്‍പാപ്പാ എത്തിയത്. ആവേശാരവങ്ങളോടെയാണു ജനം മാര്‍പാപ്പായെ വരവേറ്റത്. മുസ്‌ലിം കളും ക്രിസ്ത്യാനികളും സഹോദരങ്ങളാണെന്നും വിദ്വേഷത്തിന്റെ പാത വെടിയണമെന്നും മാര്‍പാപ്പാ അഭ്യര്‍ത്ഥിച്ചു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ അക്രമത്തിന്റെ യല്ല, സാമാധാനത്തിന്റെ പാതയാണു സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 
    
മതസൗഹാര്‍ദത്തിനായി പ്രവര്‍ത്തിക്കുന്ന ഇമാം ടിഡിയാനി മൂസാ നൈബിയുടെ പ്രസംഗശേഷമായിരുന്നു മാര്‍പാപ്പായുടെ വികാരഭരിതമായ ആഹ്വാനം. സമാധാനത്തിന്റെ അറബി വാക്കായ 'സലാം' ഉരുവിട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത മാര്‍പാപ്പാ ദൈവം സമാധാനമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ക്രിസ്ത്യന്‍ ഭൂരിപക്ഷ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 2013-ല്‍ മുസ്‌ലിം സെലെക്ക വിമതര്‍ അധികാരം പിടിച്ചതോടെയാണു വംശീയ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്. ആയിരക്കിനാളുകള്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു.