1981 ജൂണ്‍ 25 (വി.സ്‌നാപക യോഹന്നാന്റെ തിരുനാള്‍ ദിനം) മുതല്‍ മെജുഗോറിയ എന്ന ചെറുഗ്രാമത്തില്‍ പരിശുദ്ധ കന്യകാമാതാവ് ആറു കുട്ടികള്‍ക്കു പ്രത്യക്ഷയായി ദൈവിക സന്ദേശങ്ങള്‍ തുടര്‍ച്ചയായി ലോകത്തിനു നല്‍കിക്കൊണ്ടിരിക്കുന്നു. ദൈവപിതാവാണ് തന്നെ അയച്ചിരിക്കുന്നതെന്നും തന്നോടൊപ്പം ചെലവഴിക്കുന്ന ഈ കാലം മനുഷ്യകുലത്തിനു കൃപയുടെ ദിനങ്ങളാണെന്നും ഈ സന്ദേശത്തിലൂടെ അമ്മ അറിയിക്കുന്നു.
തന്റെ ദൗത്യം സമാധാനത്തിന്റെതുമാണെന്ന് പറയുന്ന പരിശുദ്ധ അമ്മ അതു കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും കാട്ടിത്തരുന്നു. ആ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് തന്റെ പുത്രനായ ഈശോയിലേക്ക് നാം എത്തിച്ചേരണമെന്ന് അമ്മ ആഗ്രഹിക്കുന്നു. ഈശോയുടെ രണ്ടാംവരവ് ഏറ്റം അടുത്തിരിക്കുന്നതിനാല്‍, അമ്മയുടെ വിളിക്കു പ്രത്യുത്തരം നല്‍കിക്കൊണ്ട്, പാപം വെടിയുവാനും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെതുമായ ഒരു ജീവിതം നയിക്കുവാനും അമ്മ ആഹ്വാനം ചെയ്യുന്നു.
മിര്‍ജാന, മരീജ, വിക്കാ, ഇവാന്‍, ഇവാങ്കാ, ജക്കോവ് എന്നീ കുട്ടികള്‍ക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. കുട്ടികള്‍ ഇക്കാര്യം ഗ്രാമവാസികളെയും ദേവാലയാധികാരികളെയും അറിയിച്ചുവെങ്കിലും ആരും അവരെ വിശ്വസിച്ചില്ല. എന്നാല്‍ ദര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി വസിക്കുന്ന ദര്‍ശകരായ കുട്ടികള്‍ മാതാവു പ്രത്യക്ഷപ്പെടുന്ന സമയമാകുമ്പോഴേക്കും അത്ഭുതകരമായി ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഇതു ശ്രദ്ധിച്ച ഇടവകജനങ്ങളും അവരോടൊപ്പം പ്രാര്‍ത്ഥനയ്ക്കു കൂടി. സംശയാലുവും ഇടവകയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനുമായിരുന്ന വികാരി ഫാ.ജോസോ, ഒരു ദിവസം തീക്ഷ്ണമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍, ഒരു ആന്തരിക സ്വരം ശ്രവിച്ചു. കുട്ടികള്‍ പറയുന്നതു സത്യമാണ്. അവരെ സംരക്ഷിക്കുക, പിന്നീടൊരിക്കലും അദ്ദേഹം സംശയിച്ചില്ല. അന്നുമുതല്‍ അദ്ദേഹം മെജുഗോറിയന്‍ സന്ദേശങ്ങളുടെ വിശ്വസ്തനായ പ്രചാരകനായി മാറി.
ആദ്യകാല സന്ദേശങ്ങള്‍
1981 ജൂണ്‍ 24 വൈകുന്നേരം നടക്കാനിറങ്ങിയ ഇവാങ്കാ ഇവാങ്കോവിച്ച് (16) മിര്‍ജാന ഡജിസെവിച്ച് (16) എന്നീ പെണ്‍കുട്ടികള്‍ തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ സമീപത്തുള്ള മലമുകളില്‍, കൈകളില്‍ ഒരു ശിശുവിനെ വഹിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു സ്ത്രീരൂപത്തിന്റെ അവ്യക്തരൂപം കണ്ടു! അത് പരിശുദ്ധ കന്യകാമാതാവാണെന്ന് അവര്‍ക്കു തോന്നി. ആ രൂപം അവരെ മാടിവിളിച്ചെങ്കിലും ഭയം നിമിത്തം അവര്‍ മലയുടെ സമീപത്തേക്കു പോയില്ല. വീട്ടിലുള്ളവരോട് ഇക്കാര്യം അവര്‍ രണ്ടുപേരും പറഞ്ഞെങ്കിലും വീട്ടുകാരതു വിശ്വസിച്ചില്ല. പിറ്റെദിവസവും അതേസമയത്ത് ദര്‍ശനം ആവര്‍ത്തിച്ചു. ഇപ്രാവശ്യം ആദ്യദിനം ദര്‍ശനത്തില്‍ കണ്ട ശിശു ഉണ്ടായിരുന്നില്ല. മിര്‍ജാനയോടും ഇവാങ്കയോടുമൊപ്പം അവരുടെ കൂട്ടുകാരായ മറ്റു നാലുപേര്‍ കൂടിയുണ്ടായിരുന്നു. വിക്കാ (17), മരീജ (16), ഇവാന്‍ (16), ജക്കൊവ് (10) എന്നിവരായിരുന്നു അവര്‍.
ജൂണ്‍ 15, 1981
ദര്‍ശനത്തിലെ സ്ത്രീ രൂപം പറഞ്ഞു. ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ!. ഇവാങ്ക ചോദിച്ചു എന്റെ അമ്മ എവിടെയാണ്? ( ഇവാങ്കയുടെ അമ്മ 2 മാസം മുന്‍പ് മരിച്ചുപോയിരുന്നു). അവള്‍ എന്നോടൊപ്പമുണ്ട്. സന്തോഷവതിയായിരിക്കുന്നു. കുട്ടികള്‍ വീണ്ടും ചോദിച്ചു. ഗോസ്പ ( പരിശുദ്ധ അമ്മയുടെ ക്രോയേഷ്യന്‍ നാമമാണ് ഗോസ്പ) നാളെയും വരുമോ? സ്ത്രീ രൂപം സമ്മതഭാവത്തില്‍ തല കുലുക്കി. മിര്‍ജാന പറഞ്ഞു: ഞങ്ങളെ ആരും വിശ്വസിക്കുന്നില്ല. ഞങ്ങള്‍ക്ക് വട്ടാണെന്ന് അവര്‍ പറയും. അവര്‍ ഞങ്ങളെ വിശ്വസിക്കേണ്ടിതിന് ദയവായി ഗോസ്പ ഒരു അടയാളം തരിക. ദര്‍ശനം പുഞ്ചിരി തൂകി പറഞ്ഞു. എന്റെ കുഞ്ഞു മാലാഖമാരെ, കര്‍ത്താവിന്റെ സമാധാനത്തില്‍ പോവുക. അന്നത്തെ ദര്‍ശനം അവസാനിച്ചു.
ജൂണ്‍ 26, 1981
മൂന്നാം ദിനത്തില്‍ ദര്‍ശകരായ കുട്ടികളോടൊപ്പം ഏതാണ്ട് മൂവായിരം പേരോളം വരുന്ന ജനക്കൂട്ടവുമുണ്ടായിരുന്നു. ദര്‍ശനം തുടങ്ങിയപ്പോള്‍ ആരോ പറഞ്ഞു കൊടുത്തതനുസരിച്ച് , വിക്കാ ദര്‍ശനത്തിലെ സ്ത്രീ രൂപത്തിന്റെ മേല്‍ വിശുദ്ധ ജലം തളിച്ചുകൊണ്ടു പറഞ്ഞു . ഇത് ഗോസ്പ ആണെങ്കില്‍ ഞങ്ങളോടൊപ്പം നില്‍ക്കുക. അല്ലെങ്കില്‍ മാറിപോവുക.
ദര്‍ശനത്തിലെ സ്ത്രീരൂപം പുഞ്ചിരിക്കുക മാത്രം ചെയ്തു. ഇവാങ്ക: ഗോസ്പ എന്തിനാണ് ഇവിടെ വരുന്നത്? ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് ഗോസ്പ ആഗ്രഹിക്കുന്നത്?. ഇവിടെ അനേകം യഥാര്‍ത്ഥ വിശ്വാസികളുണ്ട്, അതാണ് ഞാന്‍ ഇവിടെ വരാന്‍ കാരണം.നിങ്ങളോടൊപ്പമായിരുന്നുകൊണ്ട് ലോകം മുഴുവനെയും അനുരഞ്ജനത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കാന്‍ ഞാനാഗ്രഹിക്കുന്നു. മിര്‍ജാന വീണ്ടും ചോദിച്ചു അങ്ങ് വാസ്തവത്തില്‍ ആരാണ്. മറുപടി ഞാന്‍ പരിശുദ്ധ കന്യാകാമാതാവാകുന്നു. അമ്മ ഞങ്ങള്‍ക്കു പ്രത്യക്ഷപ്പെടാന്‍ കാരണമെന്താണ്? ഞങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഒട്ടും നല്ലവരല്ല. ഏറ്റം നല്ലവരെ മാത്രം തെരെഞ്ഞെടുക്കണമെന്ന് എനിക്കു നിര്‍ബന്ധമില്ല. അമ്മ നാളെയും വരുമോ?. ഉവ്വ് ഇതേ സ്ഥലത്ത്. ദര്‍ശനം അവസാനിച്ചു.