പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഒരു മലയോര ഗ്രാമമാണ്. ഫാത്തിമ ലൂസി, ഫ്രാന്‍സിസ്‌കോ, ജസീന്ത എന്നീ കൊച്ചുകുട്ടികള്‍ തങ്ങളുടെ ഭവനത്തില്‍ നിന്നും അകെലയല്ലാതെ ആടുകളെ മെയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മഴ ചാറുവാന്‍ തുടങ്ങി. അവര്‍ അടുത്തുള്ള ഒരു ഗുഹയില്‍ മഴ നനയാതിരിക്കാന്‍ കയറി നിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ കുഞ്ഞുങ്ങള്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. അതാ, ഒരു പ്രകാശഗോളം തങ്ങളുടെ നേരെ അന്തരീക്ഷത്തിലൂടെ അടുത്തുവരുന്നു.പ്രകാശഗോളത്തിന്റെ മധ്യത്തിലായി തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു യുവാവ് ഭയചകിതരായ കുഞ്ഞുങ്ങളോട് ആ രൂപം സംസാരിച്ചു.'ഭയപ്പെടേണ്ട, ഞാന്‍ സമാധാനത്തിന്റെ മാലാഖയാണ്; എന്നോടൊപ്പം പ്രാര്‍ത്ഥിക്കുക'. അദ്ദേഹം നിലത്തുമുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് മുന്നുപ്രാവശ്യം താഴെ ചേര്‍ത്തിരിക്കുന്ന പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. മൂന്നു കുട്ടികളും ആ പ്രാര്‍ത്ഥന ഏറ്റുചൊല്ലി.
'എന്റെ ദൈവമേ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു; ആശ്രയിക്കുന്നു. അങ്ങനെ ഞാന്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.വിശ്വസിക്കാത്തവര്‍ക്കായി ഞാന്‍ മാപ്പുചോദിക്കുന്നു. അങ്ങയെ സ്‌നേഹിക്കുകയോ ആരാധിക്കുകയോ അങ്ങയില്‍ പ്രത്യാശ വയ്ക്കുകയോ ചെയ്യാത്തവര്‍ക്കായി ഞാന്‍ കരുണയും പാപമോചനവും അപേക്ഷിക്കുന്നു'.
1916ലെ വേനല്‍ക്കാലത്ത് മൂന്നു കുട്ടികളും ഒരുമിച്ചായിരുന്നപ്പോള്‍ മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു.'പ്രാര്‍ത്ഥിക്കുക, കൂടുതലായി പ്രാര്‍ത്ഥിക്കുക. യേശുവിന്റെയും മറിയത്തിന്റെയും ഹൃദയങ്ങളില്‍ നിങ്ങള്‍ക്കായി കാരുണ്യത്തിന്റെ പദ്ധതികളുണ്ട്. അത്യുന്നതനായവനു നിരന്തരം പ്രാര്‍ത്ഥനകളും കാഴ്ചകളും സമര്‍പ്പിക്കുക. അവടിത്തേയ്‌ക്കെതിരായി ചെയ്യപ്പെടുന്ന പാപങ്ങള്‍ക്കുവേണ്ടി നിങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന സകല പരിഹാരപ്രവൃത്തികളും കാഴ്ചയായി അര്‍പ്പിക്കുക.പാപികളുടെ മാനസാന്തരത്തിന് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അങ്ങനെ നിങ്ങളുടെ രാജ്യത്തിനായ് സമാധാനം യാചിക്കുക. ഞാന്‍ പോര്‍ട്ടുഗലിന്റെ കാവല്‍മാലാഖയാണ്. എല്ലാറ്റിലും ഉപരിയായി ദൈവം നിങ്ങളുടെമേല്‍ അയക്കുന്ന സഹനങ്ങള്‍ എളിമയോടെ സ്വീകരിക്കുകയും ക്ഷമയോടെ വഹിക്കുകയും ചെയ്യണം.'
1916ലെ ശരത്കാലത്ത് ഒരു കൈയ്യില്‍ സ്വര്‍ണകാസയും അതിനു മുകളിലായി മറുകൈകൊണ്ട് പിടിച്ചിരിക്കുന്ന ഓസ്തിയുമായി മാലാഖ വീണ്ടും കുട്ടികള്‍ക്കു പ്രത്യക്ഷപ്പെട്ടു. ഓസ്തിയില്‍ നിന്നും രക്തത്തുള്ളികള്‍ കാസയിലേക്കു ഇറ്റുവീണുകൊണ്ടിരുന്നു. കാസയും ഓസ്തിയും അന്തരീക്ഷത്തില്‍ തനിയെ നിര്‍ത്തികൊണ്ട് മാലാഖ അതിനു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് മൂന്നു പ്രാവശ്യം ഇപ്രകാരം പ്രാര്‍ത്ഥിച്ചു.
'പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രീത്വമെ, ഞാന്‍ അങ്ങയെ ഹൃദയപൂര്‍വ്വം ആരാധിക്കുന്നു. അങ്ങേയ്‌ക്കെതിരെ നിന്ദ, എതിര്‍പ്പ്, സ്‌നേഹമില്ലായ്മ തുടങ്ങിയവ വഴിയായി ചെയ്യപ്പെടുന്ന എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി ലോകത്തിലെ സകല സക്രാരികളിലും വസിക്കുന്ന യേശുവിന്റെ അമൂല്യമായ ശരീരവും രക്തവും ആത്മാവും ദൈവത്വം ഞാന്‍ അങ്ങേയ്ക്കു കാഴ്ചവെയ്ക്കുന്നു. യേശുവിന്റെ തിരു ഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും യോഗ്യതകളെ പ്രതി പാപികളുടെ മാനസാന്തരത്തിനായി ഞാന്‍ യാചിക്കുന്നു.'
അനന്തരം മാലാഖ മൂന്നു കുട്ടികള്‍ക്കും ദിവ്യകാരുണ്യം നല്‍കുകയും കാസയില്‍ നിന്നു കുടിക്കുവാന്‍ കൊടുക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു. 'നന്ദിഹീനരായ മനുഷ്യരാല്‍ ഭീകരമായി പീഡിപ്പിക്കപ്പെടുന്ന യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കുക. അവരുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്തുകൊണ്ട് ദൈവത്തെ ആശ്വസിപ്പിക്കുക'.
സൂര്യനെ ഉടയാടയാക്കിയ സ്ത്രീ
1917 മെയ് 13 ഒരു ഞായറാഴ്ചയായിരുന്നു ലൂസിയുംകൂട്ടൂകാരും'കോവാദെഇറിയ' എന്ന മലഞ്ചെരുവില്‍ ആടിനെ മേയ്ച്ചുകൊണ്ട് നടന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് അവര്‍ കളിക്കാനൊരുങ്ങുമ്പോള്‍ പെട്ടെന്ന് ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു ഇടിമിന്നല്‍. അല്‍പ്പസമയത്തിനുശേഷം അത് ആവര്‍ത്തിച്ചു. വലിയൊരു കൊടുങ്കാറ്റുണ്ടാകാനുള്ള ലക്ഷണം കണ്ട കുട്ടികള്‍ ആടുകളെയെല്ലാം വീട്ടിലേക്കു കൊണ്ടുപോകാന്‍ ഒരുമിച്ചുകൂട്ടി അപ്പോഴാണ് അവര്‍ക്കു പോകേണ്ട വഴിയില്‍ അഭിമുഖമായി നില്‍ക്കുന്ന വലിയൊരു ഓക്കുമരത്തിന്റെ മുകളില്‍ വലിയൊരു തിളങ്ങുന്ന പ്രകാശം വന്നിറങ്ങുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയ അവര്‍ അത്ഭുതസ്തബ്ധരായി. മരത്തിനു മുകളിലായി അതിമനോഹരിയായ സ്ത്രീ. അവളുടെ പാദങ്ങള്‍ തിളങ്ങുന്ന മേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു. വെളുത്ത വസ്ത്രം ധരിച്ചിരുന്ന അവളുടെ മേലങ്കി സ്വര്‍ണ്ണക്കരയുള്ളതായിരുന്നു. നെഞ്ചിനു മുകളിലായി ഇരുകൈകളും കുപ്പി പിടിച്ചിരുന്ന അവളുടെ വലത്തുകൈത്തണ്ടയില്‍ അസാമാന്യ വൈശിഷ്ടമുള്ള വെളുത്ത മുത്തുകളുള്ള ഒരു ജപമാല തൂങ്ങിക്കിടന്നു. ലൂസി പിന്നീട് ആ രംഗം വിവരിച്ചതിങ്ങനെയാണ്.
'സൂര്യനെക്കാള്‍ തേജസറിയവളായിരുന്നു. ആ സ്ത്രീ' അവള്‍ പറഞ്ഞു.'ഭയപ്പെടേണ്ട, ഞാന്‍ സ്വര്‍ഗത്തില്‍ നിന്നുമാണ് വരുന്നത്'. ലൂസി ചോദിച്ചു. 'അങ്ങ് ഞങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്? സ്ത്രീ തുടര്‍ന്നു. 'തുടര്‍ന്നുള്ള അറുമാസങ്ങളിലെയും 13ാം തീയതികളില്‍ ഇതേ സ്ഥലത്ത്, ഇതേ സമയത്ത് നിങ്ങള്‍ വരണം. അപ്പോള്‍ ഞാന്‍ ആരാണെന്നും നിങ്ങള്‍ എന്തുചെയ്യണമെന്നും ഞാന്‍ പറയും'.
'ദൈവത്തിനായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുവാനും അവിടുത്തേക്കെതിരായി ചെയ്യപ്പെടുന്ന എണ്ണമറ്റ പാപങ്ങളുടെ പരിഹാരത്തിനായും പാപികളുടെ മാനസാന്തരത്തിനായും അവിടുന്നയക്കുന്ന സഹനങ്ങളെ സ്വീകരിക്കുവാനും നിങ്ങള്‍ക്കു സമ്മതമാണോ? എന്ന ചോദ്യത്തിനു മൂന്നുപേര്‍ക്കും വേണ്ടി ലൂസി 'അതെ'എന്ന ഉത്തരം നല്‍കി. ആ സ്ത്രീ തുടര്‍ന്നു.'എങ്കില്‍ നിങ്ങള്‍ക്കു വളരെയധികം സഹിക്കേണ്ടിവരും.എന്നാല്‍ ദൈവകൃപ നിങ്ങളെ ആശ്വിസിപ്പിക്കാനായി എപ്പോഴും ഉണ്ടായിരിക്കും.' യൂദ്ധം അവസാനിപ്പിക്കുവാനു (അപ്പോള്‍ ഒന്നാം ലോകമഹായുദ്ധം നടക്കുകയായിരുന്നു.) ലോകസമാധാനത്തിനായി ജപമാല ചൊല്ലുവാനും ഉപേദസിച്ചുകൊണ്ട് അവള്‍ യാത്ര പറഞ്ഞു.
1917 ജൂണ്‍ 13
എഴുപതോളം ആളുകള്‍ ദര്‍ശനം കാണാന്‍ എത്തിയിരുന്നുവെങ്കിലും കുട്ടികള്‍ക്കുമാത്രമാണ് മാതാവിനെ കാണാന്‍ സാധിച്ചത്. മാതാവ് പറഞ്ഞു.'പ്രാര്‍ത്ഥിക്കാനും പരിഹാരം ചെയ്യാനും ആരും ഇല്ലാത്തതിനാല്‍ അനേകം ആത്മാക്കാള്‍ നരകത്തിലകപ്പെട്ടു പോകുന്നു. ജപമാല ചോല്ലുക. ഒരോ രഹസ്യങ്ങല്‍ക്കുശേഷവും താഴെ പറയുന്ന ഈ പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ക്കുക.
'ഓ, എന്റെ യേശുവേ, ഭയങ്ങളുടെ പാപങ്ങള്‍ പൊറുക്കണമെ, നരകാഗ്‌നിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണേ. എല്ലാ ആത്മാക്കളെയും വിശിഷ്യ അങ്ങേ സഹായം ഏറ്റം ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗത്തിലേക്കാനായിക്കേണമെ'.
എഴുതുവാനും വായിക്കുവാനും പഠിക്കാന്‍ കുട്ടികളെ ഉപദേശിച്ച മാതാവ് ഫ്രാന്‍സിസ്‌കോയെയും അസീന്തയെയും താന്‍ അധികം വൈകാതെ സ്വര്‍ഗത്തിലേക്കു കൊണ്ടുപോകുമെന്നും പറയുകയുണ്ടായി. എന്നാല്‍ ലൂസിയോട് ദിവ്യജനനി പറഞ്ഞതിന്‍ പ്രകാരമാണ്: നീ കൂടുതല്‍ കാലം ഇവിടെ ജീവിക്കേണ്ടിയിരിക്കുന്നു. ഞാന്‍ കൂടുതല്‍ സ്‌നേഹിക്കപ്പെടാനും ആദരിക്കപ്പെടാനും യേശു നിന്നെ ഉപകരണമാക്കാനാഗ്രഹിക്കുന്നു. ലോകം മുഴുവനും എന്റെ വിമലഹൃദയത്തിനോടുള്ള ഭക്തി പ്രചരിപ്പിക്കുവാന്‍ ഈശോ ആഗ്രഹിക്കുന്നു. എന്റെ ഹൃദയത്തെ പുല്‍കുന്ന സകലര്‍ക്കും ഞാന്‍ രക്ഷ വാഗ്ദാനം ചെയ്യുന്നു. അവരുടെ ആത്മാക്കളെ ദൈവം തന്റെ സിംഹാസനത്തെ അലങ്കരിക്കുന്നതിനായി ഞാന്‍ അര്‍പ്പിച്ചിരിക്കുന്ന പൂക്കളെപ്പോലെ സ്‌നേഹിക്കും.'
ജൂലൈ 13,1917
പറഞ്ഞിരുന്നതുപോലെ അടുത്തമാസവും അതേ സമയത്ത് ഓക്കുമരത്തിന്റെ മുകളിലായി മാതാവ് പ്രത്യക്ഷപ്പെട്ടു. അവിടുന്ന് കുട്ടികളോടു പറഞ്ഞു. 'അടുത്തമാസം 13ാം തീയതിയും നിങ്ങളിവിടെ വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ജപമാല രാജ്ഞിയുടെ പുകഴ്ചക്കായി എല്ലാ ദിവസവും കൊന്ത ചൊല്ലുന്നത് തുടരുക.യുദ്ധം അവസാനിക്കുന്നതിനും ലോക സമാധാനത്തിനുവേണ്ടിയും അപ്രകാരം പ്രാര്‍ത്ഥിക്കണം. കാരണം ജപമാല റാണിക്കു മാത്രമേ അതിനു സഹായിക്കുവാന്‍ കഴിയു. എല്ലാ മാസവും ഇവിടെ വരുന്നത് തുടരുക. ഞാന്‍ ആരാണെന്നും ഞാന്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും ഒക്‌ടോബറില്‍ ഞാന്‍ പറയാം.സകലരും കാണുന്നതിനും വിശ്വസിക്കുന്നതിനും വേണ്ടി ഞാന്‍ അന്ന് ഒരത്ഭുതവും കാണിക്കും.'
തുടര്‍ന്ന് അവര്‍ കുട്ടികളെ ഇപ്രകാരം ഉപദേശിച്ചു. 'പാപികള്‍ക്കുവേണ്ടി നിങ്ങള്‍ നിങ്ങളെത്തന്നെ പരിഹാരബലിയായി സമര്‍പ്പിക്കുക. ത്യാഗപ്രവൃത്തികള്‍ ചെയ്യുമ്പോഴൊക്കെയും ഇങ്ങനെ പ്രാര്‍ത്ഥിക്കണം: 'ഓ, എന്റെ ഈശോയെ, അങ്ങയോടുള്ള സ്‌നേഹത്തെ പ്രതി, പാപികളുടെ മാനസാന്തരത്തിനും മറിയത്തിന്റെ വിമലഹൃദയത്തിനെതിരായി ചെയ്ത സകല പാപങ്ങളുടെയും പരിഹാരത്തിനുമായി ഞാനിതു സമര്‍പ്പിക്കുന്നു.'
നരകം എത്ര ഭീകരം
ഈ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കെ ദിവ്യ കന്യക തന്റെ കരങ്ങള്‍ നീട്ടി വിടര്‍ത്തി. അതില്‍ നിന്നും നിര്‍ഗമിക്കുന്ന ശക്തിയേറിയ പ്രകാശകിരങ്ങള്‍ ഭൂമിയിലേക്കു തുളഞ്ഞുകയറുന്നതായി തോന്നി.പെട്ടെന്ന് ഭൂമി അപ്രത്യക്ഷമായി. ഒരു അഗ്‌നി സമുദ്രത്തിന്റെ തീരത്ത് തങ്ങള്‍ നില്‍ക്കുന്നതായി കുട്ടികള്‍ തിരിച്ചറിഞ്ഞു. ആ ഭീകരമായ സ്ഥലത്തേക്കു സൂക്ഷിച്ചുനോക്കിയപ്പോള്‍ വളരെയധികം പിശാചുക്കളെയും നശിച്ച ആത്മാക്കളെയും നിറയ്ക്കുന്ന കറുത്തിരുണ്ട മൃഗങ്ങള്‍ക്കു സമാനമായിരുന്നു.പിശാചുക്കള്‍ നശിച്ച ആത്മാക്കള്‍ക്കോ, പിശാചുക്കള്‍ക്കോ തങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അടുപ്പിനുള്ളിലെ ആളിക്കത്തുന്ന തീക്കട്ടകള്‍പോലെ അവ തീജ്വാലക്കൊപ്പം ഉയര്‍ന്നു താണുകൊണ്ടിരുന്നു. വിളറി, വിറത്തുകൊണ്ടിരുന്ന ആ പാവങ്ങളെ ദയാപൂര്‍വ്വം നോക്കിക്കൊണ്ട് ഇങ്ങനെ സംസാരിക്കുന്നത് ദര്‍ശനത്തിലൂടെ അവര്‍ കേട്ടു.
'പാപികളുടെ ആത്മാക്കള്‍ എത്തിച്ചേരുന്ന നരകം നിങ്ങള്‍ കണ്ടുകഴിഞ്ഞു. അവരെ രക്ഷിക്കുന്നതിനായി എന്റെ അമലോത്ഭവ ഹൃദയത്തോടുള്ള ഭക്തി ലോകമെങ്ങും യാഥാര്‍ത്ഥ്യമാക്കുന്നതിനു ദൈവം ആഗ്രഹിക്കുന്നു.ഞാന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുവാന്‍ മനുഷ്യര്‍ തയ്യാറായാല്‍ അനേകം ആത്മാക്കള്‍ രക്ഷിക്കപ്പെടുകയും ലോകത്തില്‍ സമാധാനം ഉണ്ടാവുകയും ചെയ്യും. യുദ്ധം അവസാനിക്കുവാന്‍ പോവുകയാണ്. എന്നാല്‍ ദൈവത്തെ എതിര്‍ക്കുന്നത് അവസാനിച്ചില്ലെങ്കില്‍ 11ാം പീയൂസിന്റെ ഭരണകാലത്ത് ഇതിലും ഭീകരമായ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടും.
അജ്ഞാതമായ ഒരു വെളിച്ചത്തില്‍ ഒരു രാത്രി പ്രകാശമാനമാകുന്നത് നിങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയുക.അത് ദൈവം നല്‍കുന്ന വലിയൊരു അടയാളമാണ്. പരിശുദ്ധ പിതാവിനും സഭയ്ക്കും എതിരായുള്ള പീഡനങ്ങള്‍, യുദ്ധം, ദാരിദ്ര്യം ഇവയിലൂടെ ദൈവം ലോകത്തെ അതിക്രമങ്ങള്‍ നിമിത്തം ശിക്ഷിക്കാന്‍ പോകുന്നു എന്നതിന്റെ അടയാളം ഇത് തടയുവാനായി റഷ്യയെ എന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുകയും അഞ്ച് ആദ്യ ശനിയാഴ്ചകളില്‍ പാപ പരിഹാരാര്‍ത്ഥം വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും ഞാന്‍ ആവശ്യപ്പെടുന്നു. എന്റെ അഭ്യര്‍ത്ഥന സ്വകരിക്കപ്പെട്ടാല്‍ റഷ്യ മാനസാന്തരപ്പെടുകയും സമാധാനം സംജാതമാകുകയും ചെയ്യും. അല്ലെങ്കില്‍ റഷ്യ തന്റെ തെറ്റുകള്‍ ലോകരെങ്ങും പ്രചരിപ്പിക്കും. അവര്‍ യുദ്ധങ്ങള്‍ക്കു കാരണമാവുകയും സഭ പീഢിപ്പിക്കപ്പെടുകയും ചെയ്യും.നീതിമാന്‍മാരായവര്‍ രക്തമസാക്ഷിത്വം വരിക്കും.പരിശുദ്ധ പിതാവ് വളരെയധികം സഹിക്കേണ്ടി വരും. പല രാജ്യങ്ങളും നശിപ്പിക്കപ്പെടും. എന്നാല്‍ എന്റെ വിമലഹൃദയം അവസാനം വിജയം വരിക്കുകതന്നെ ചെയ്യും.പരിശുദ്ധ പിതാവ് റഷ്യയെ എനിക്കായി പ്രതിഷ്ഠിക്കുകയും ലോകത്തിനു ശാന്തിയുടേയതായ ഒരു കാലഘട്ടം നല്‍കപ്പെടുകയും ചെയ്യും' ഈ സന്ദേശം താന്‍ അനുവാദം തരുന്നതുവരെ രഹസ്യമായി സൂക്ഷിക്കുവാനും മാതാവ് അവരോടു പറഞ്ഞു.
ആഗസ്റ്റിലെ ദുരിതങ്ങള്‍
ഫാത്തിമായിലെ ദര്‍ശനങ്ങള്‍ ലോകമൊട്ടാകെ അത്ഭുതവും ശ്രദ്ധയും ഉണര്‍ത്തിയപ്പോള്‍ നിരീശ്വരവാദികളായ ഭരണാധികാരികള്‍ അസ്വസ്ഥരായി ആഗ്സ്റ്റ് 13നു മാതാവ് പ്രത്യക്ഷപ്പെടും എന്നറിയിച്ചിരുന്ന ദിവസം ഫാത്തിമ ഉള്‍പ്പെടുന്ന ഔറേമിലെ മേയര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ജയിലില്‍ അടച്ചു.'തിളയ്ക്കുന്ന എണ്ണയിലിട്ട് ജീവനോടെ പൊരിക്കുമെന്നു' ഭീഷണിപ്പെടുത്തിയിട്ടും കുട്ടികള്‍ അവര്‍ക്കു ലഭിച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.ഒടുവില്‍ ജനങ്ങള്‍ അക്രമാസക്തരാകും എന്ന് ഭയന്ന് പിറ്റേദിവസം കുട്ടികളെ ജയിലില്‍ നിന്നും വിട്ടയച്ചു. 19ാം തീയതിഭവാലിത്തോസ് എന്ന ഗ്രാമത്തിനടുത്തുവച്ച് മാതാവ് കുട്ടികള്‍ക്കുമാത്രം ദര്‍ശനം നല്‍കി.' കോവാദാ ഇറിയാ'യില്‍ എല്ലാ 13നും നിങ്ങള്‍ വരുന്നത് തുടകയും എല്ലാ ദിവസവും മുടങ്ങാതെ കൊന്ത ചെല്ലുകയും ചെയ്യണം.പ്രാര്‍ത്ഥിക്കുക, വളരെയധികം പ്രാര്‍ത്ഥിക്കുക, പാപികള്‍ക്കുവേണ്ടി പരിഹാരം ചെയ്യുക. കാരണം ആരും പ്രാര്‍ത്ഥിക്കാനും പരിഹാരം ചെയ്യാനും ഇല്ലാത്തതിന്റെ പേരില്‍ അനേകം ആത്മാക്കള്‍ നരകത്തില്‍ അകപ്പെട്ടുപോകുന്നു.'
സെപ്റ്റംമ്പര്‍ 13
സെപ്റ്റംമ്പറിലും 13-ാം തീയതിതന്നെ മാതാവ് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു.'യുദ്ധം അവസാനിപ്പിക്കുന്നതിനായി ജനങ്ങള്‍ എല്ലാ ദിവസവും ജപമാല ചൊല്ലപ്പെട്ട' ലൂസി ഒരു അത്ഭുതം പ്രാവര്‍ത്തിക്കാനായി നിര്‍ബന്ധിച്ചപ്പോള്‍ ദിവ്യ കന്യക പറഞ്ഞു. 'തീര്‍ച്ചയായും എല്ലാവരും വിശ്വസിക്കുന്നതിനായി ഒക്‌ടോബറില്‍ ഞാന്‍ ഒരു അത്ഭുതം പ്രവര്‍ത്തിക്കും.' മുപ്പതിനായിരത്തോളം പേര് ദര്‍ശന സ്ഥലത്ത് അന്ന് വന്നുചേര്‍ന്നിരുന്നു. മാതാവിനെ വഹിച്ചിരുന്ന പ്രകാശഗോളം പലര്‍ക്കും കാണുവാന്‍ സാധിച്ചു. എങ്കിലും കുട്ടികള്‍ക്കു മാത്രമാണ് മാതാവിന്റെ ദര്‍ശനം ലഭിച്ചത്.
അവസാനത്തെ ദര്‍ശനം ഒക്‌ടോബര്‍ 13,1917
ഒക്‌ടോബര്‍ മാസം ആയപ്പോഴേയ്ക്കും ഫാത്തിമ സംഭവങ്ങള്‍ പോര്‍ട്ടുഗല്‍ മുഴുവനെയും ഇളക്കി മറിച്ചു. പത്രങ്ങളും മാസികകളും ഫാത്തിമാദര്‍ശനത്തിനു വലിയ പ്രാധാന്യം നല്‍കി. ഒക്‌ടോബറില്‍ വലിയൊരത്ഭുതം നടക്കും എന്ന വാര്‍ത്ത കേട്ട് റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഓടിക്കൂടി. 13നു മുമ്പുള്ള ഒന്നു രണ്ടു ദിവസങ്ങളില്‍ രാജ്യത്തിന്റെ എല്ലാ റോഡുകളും ഫാത്തിമയിലേക്കു നീണ്ടു. വനത്തിലുടെയും വയലിലൂടെയും റോഡിലൂടെയുമെല്ലാം ദിവസങ്ങള്‍ നീണ്ട യാത്ര ചെയ്ത എഴുപതിനായിരത്തോളം ജനങ്ങള്‍ ഫാത്തമായില്‍ തടിച്ചുകൂടി. 12ാം തീയതി രാത്രി മുഴുവനും 13നു പ്രഭാതത്തിലും ചെയ്ത ശക്തമായ മഴ നിമിത്തം സകലയിടങ്ങളിലും ചെളിയായിരുന്നു. കണങ്കാലുകള്‍ ചെളിയില്‍ പൂണ്ട അവസ്ഥയില്‍ കുടയും പിടിച്ച് ജനം ജപമാല ചൊല്ലി. ഉച്ചകഴിഞ്ഞ ഉടനെ ഫാത്തിമയിലെ തന്റെ അവസാന ദര്‍ശനം നല്‍കാനായി മാതാവെത്തി. ദിവ്യജനനി കുട്ടികളോടു ഇങ്ങനെ പറഞ്ഞു.
'ഞാന്‍ ജപമാല രാജ്ഞിയാണ്. എന്റെ പുകഴ്ചക്കായി ഇവിടെയൊരു ചാപ്പല്‍ പണിയുവാന്‍ അവരോടു പറയുക. അവര്‍ ജപമാല ചൊല്ലുന്നത് എല്ലാ ദിവസവും തുടരണം. ഉടനെതന്നെ യുദ്ധം അവസാനിപ്പിക്കുകയും പട്ടാളക്കാര്‍ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങുകയും ചെയ്യും'. ദിവ്യകന്യക വിടപറയുംമുമ്പേ തന്റെ കൈകള്‍ വിടര്‍ത്തി. അതില്‍ നിന്നും പ്രകാശ കിരണങ്ങള്‍ സൂര്യനു നേരെ പ്രവഹിച്ചു. ക്രമേണ സൂര്യന്‍ മങ്ങി ഒരു വെള്ളിത്തളികപോലെയായി. കണ്ണുകള്‍ മറയ്ക്കാതെ ആര്‍ക്കും നേരിട്ട് സൂര്യനെ നോക്കുവാന്‍ കഴിയുമായിരുന്നില്ല. വിവിധ നിറങ്ങളിലുള്ള പ്രകാശം സൂര്യനചന്റ നിന്നും പ്രവഹിക്കാനാരംഭിച്ചു. പെട്ടെന്ന് സൂര്യന്‍ കറങ്ങാന്‍ തുടങ്ങി. ഭീകാരമായ ഒരു അഗ്‌നി ചക്രംപോലെ അത് കാണപ്പെട്ടു. അതിനുശേഷം അത് ഭ്രാന്തമായി നൃത്തം ചെയ്യാനാരംഭിച്ചു. സൂര്യന്‍ അതിന്റെ ഭ്രമണപഥത്തില്‍ നിന്നും വിട്ടുപോയതുപോലെയാണ് അപ്പോള്‍ എല്ലാവര്‍ക്കും തോന്നിയത്. ഭൂമിയെ ഇടിച്ചു തകര്‍ക്കാന്‍ പോകുന്നതുപോലെ അത് പെട്ടെന്ന് ഭൂമിയുടെ നേരെ പാഞ്ഞുവന്നു.
'ഇതാ ലോകം അവസാനിക്കുവാന്‍ പോകുന്നു'. എല്ലാവരും നിലവിളിച്ചു കരഞ്ഞു. സകലരും മുട്ടിന്‍മേല്‍ നിന്നു തങ്ങളുടെ പാപങ്ങള്‍ക്കു മാപ്പ് ചോദിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. ആകാശത്തില്‍ നിന്നും തെറിച്ചുവന്ന ആ അഗ്‌നിഗോളം തങ്ങളെ ഇപ്പോള്‍ നശിപ്പിക്കുമെന്നു കരുതിയ നിമിഷം തന്നെ അതിന്റെ താഴോട്ടുള്ള ഗതി നിലച്ചു. സൂര്യന്‍ വീണ്ടും മുകളിലേക്കുയര്‍ന്ന് അതിന്റെ പഴയ സ്ഥാനത്ത് സ്വയം ഉറപ്പിച്ചു. ആശ്വാസത്തിന്റെയും രോദനങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. കാരണം മഴയില്‍ നനഞ്ഞു കുതിര്‍ന്ന എഴുപതിനായിരത്തോളം പേരുടെ വസ്ത്രങ്ങളും പെട്ടെന്ന് ഉണങ്ങി. ആ സമയത്ത് അനേകരുടെ രോഗങ്ങളും സുഖമാക്കപ്പെട്ടു.
ഫാത്തിമായിലെ ദര്‍ശനങ്ങള്‍ അതോടെ അവസാനിച്ചെങ്കിലും അവിടെ നല്‍പ്പെട്ട സന്ദേശങ്ങള്‍ ഇന്നും സജീവമായി ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലെ ലോക ചരിത്രം വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യം നമുക്ക് ബോധ്യമാകും. ഫാത്തിമായില്‍ വെച്ച് മാതാവ് പ്രവചിച്ച ദൈവകോപത്തിന്റെയും ശുദ്ധീകരണത്തിന്റെയും നാളുകളിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. നമ്മുടെ ലോകം അതിന്റെ അവസാന മണിക്കൂറുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.