കിഴക്കിന്റെ ലൂര്‍ദ്ദ് എന്ന് വിളിക്കപ്പെടുന്ന തീര്‍ത്ഥാനനകേന്ദ്രമാണ് വേളാങ്കണ്ണി.തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഈ ബസിലിക്ക ' ആരോഗ്യമാതാവ്' എന്നറിയപ്പെടുന്ന കന്യകാമറിയത്തിന്റെ പ്രഭാവം കുടികൊള്ളുന്ന ദേവാലയമാണ്.നാഗപട്ടണത്തുനിന്നും 8 കിലോമീറ്റര്‍ അകലെയാണിത്.
16-17 നൂറ്റാണ്ടുകളിലാണ് ഈ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഉത്ഭവം.ഒരു ആട്ടിടയ ബാലനും മുടന്തനായ ബാലനും ഉണ്ടായ മരിയന്‍ ദര്‍ശനങ്ങളാണ് ഇതിന് പിന്നിലുള്ളത്.ഉച്ചസമയത്ത് ആട്ടുടമയുടെ ഭവനത്തിലേക്ക പാലുമായി പോയ ബാലനോട് സുന്ദരിയായ സ്ത്രീ തന്റെ കുഞ്ഞിന് പാല്‍ ചോദിക്കുകയും ബാലന്‍ പാല്‍ കൊടുക്കുകയും ചെയ്തിട്ട് വീട്ടിലെത്തിയപ്പോള്‍ കുടം നിറയെ പാല്‍ കാണപ്പെട്ടു.ബാലനു ദര്‍ശനമുണ്ടായ സ്ഥലത്തുള്ള കുളം മാതാക്കുളം എന്നറിയപ്പെടുന്നു.കുളത്തിലെ ജലം ഔഷധജലമായി സംഭരിച്ച് സൂക്ഷിക്കുന്നു.മറ്റൊരിക്കല്‍ മോര് വിറ്റുനടന്ന മുടന്തനായ ബാലനോട് ഈ സ്ത്രീ സംഭാരം ചോദിച്ചു.സംഭാരം കൊടുത്ത ശേഷം ബാലന്റെ മുടന്തുമാറി.കന്യകയുടെ നിര്‍ദേശ പ്രകാരം ബാലന്‍ സ്ഥലത്തെ ജനപ്രമാണിയെ വിവരമറിയിച്ചു.അദ്ദേഹവും വാര്‍ത്തകേട്ടവരുംകൂടി അവിടെയെത്തി ഓലമേഞ്ഞ ദേവാലയം നിര്‍മ്മിക്കുകയാണുണ്ടായത്.സെപ്റ്റംബര്‍ 8-ാം തിയതി അവിടത്തെ തിരുനാളായി തിരഞ്ഞെടുത്തു.മൈലാപ്പൂര്‍ രൂപതയുടെ കീഴിലായിരുന്ന ഈ പള്ളി 1771ല്‍ സ്വതന്ത്ര ഇടവകയായി.ഇന്ന് തഞ്ചാവൂര്‍ രൂപതയുടെ കീഴിലാണ്.1933-ല്‍ ഇന്ന് കാണുന്ന പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടകര്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നു.മാതൃസംരക്ഷണം ലഭിച്ച് അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നവര്‍ ധാരാളമാണ്.2004 ഡിസംബര്‍ 24 നുണ്ടായ സുനാമി ദുരന്തത്തില്‍ പള്ളയില്‍ ദിവ്യബലിയില്‍ സംബന്ധിച്ചുകൊണ്ടിരുന്ന ദൈവമക്കള്‍ എല്ലാവരും അത്ഭുതകരമായി രക്ഷപെട്ടത് ഒരു വലിയ സാക്ഷ്യമാണ്.ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മരിയ ഭക്തരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വേളാങ്കണ്ണി.