1531ല്‍ മെക്‌സിക്കോ നഗരത്തിനടുത്തുള്ള പെയാക് മലയില്‍ വാന്‍ ഡിയേഗോ എന്ന വ്യക്തിക്ക് പ്രത്യക്ഷപ്പെടുകയും, അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ അത്ഭുതകരമായി തന്റെ രൂപം പതിച്ചുനല്‍കുകയും ചെയ്തു. മനുഷ്യകുലത്തിന്റെ മുഴുവന്‍ ആത്മീയ മാതാവാണ് താന്‍ എന്നതായിരുന്നു പ്രധാന സന്ദേശം. സാമൂഹ്യതിന്മകളില്‍ വിഹരിച്ചിരുന്ന മെക്‌സിക്കോയുടെ മുഖം തന്നെ ആ പ്രത്യക്ഷീകരണത്തോടെ മാറി. ഒരു രാജ്യത്തിന്റെ ധാര്‍മ്മിക പുനഃസ്ഥാപനം ഒറ്റയ്ക്ക് കരങ്ങളിലേറ്റിയ മറിയം അങ്ങനെ ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും ശക്തയായ വനിതയായി.

1830ല്‍ മൂന്നുപ്രാവശ്യം ഫ്രാന്‍സിലെ പാരീസില്‍ റുഡുബാക് എന്ന സ്ഥലത്ത് കാതറിന്‍ ലബോണ്‍ എന്ന സ്ത്രീക്ക് മറിയം പ്രത്യക്ഷപ്പെട്ടു. അമലോത്ഭവ മെഡല്‍ അത്ഭുതകരമായി കാണിച്ചുകൊടുക്കുകയും അതിലൂടെ ഫ്രാന്‍സിലും യൂറോപ്പിന്റെ പല മേഖലകളിലും വലിയ ധാര്‍മ്മിക നവീകരണം ആരംഭിക്കുകയും ചെയ്തു. അത്ഭുതമെഡല്‍ ലോകപ്രസിദ്ധമായി. കാതറിന്‍ ലബോണിന്റെ സന്ദേശങ്ങളും യാതൊരു ഭൗതിക ശക്തികള്‍ക്കും വിതരണ മേഖലകള്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്തിടത്തേക്ക് അത്ഭുതമെഡലിന്റെ സ്വാധീനം എത്തിയത് യുക്തിക്ക് വിവരിക്കാനാവുന്നതിനും അപ്പുറമാണ്. വീണ്ടും, ഫ്രാന്‍സിലെ സലേത്തെ എന്ന സ്ഥലത്ത് 1846ല്‍ പതിനൊന്നും പതിനാലും വയസ്സുള്ള രണ്ട് ഇടയ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് സാമൂഹ്യതിന്മയ്‌ക്കെതിരെ സന്ദേശം നല്‍കിയത് വലിയ നവോത്ഥാനത്തിന് കാരണമായി.

പതിനാലുകാരി ബര്‍ണദീത്തയ്ക്ക് മറിയം പ്രത്യക്ഷപ്പെടുന്നത് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍. പാപികളുടെ മാനസാന്തരത്തിനായി പരിഹാരപ്രവര്‍ത്തികള്‍ ചെയ്യണമെന്ന സന്ദേശം എത്താത്ത സ്ഥലങ്ങളില്ല. താന്‍ അമലോത്ഭവയാണെന്നുളള സത്യം വിദ്യാഭ്യാസമോ, അതിനെക്കുറിച്ചുള്ള അറിവോ ഇല്ലാത്ത പെണ്‍കുട്ടിയ്ക്ക് മറിയം വെളിപ്പെടുത്തി നല്‍കി. ലൂര്‍ദ്ദിലെ അത്ഭുത അരുവിയില്‍ സൗഖ്യം ലഭിച്ചവരുടെ എണ്ണം ലക്ഷകണക്കിന് വരും. അതിലധികവും ശാസ്ത്രീയമായും വൈദ്യശാസത്രപരമായും തെളിയിക്കപ്പട്ടവ. ലൂര്‍ദ്ദ് ലോകഭൂപടത്തില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനം അത്ര ചെറുതല്ലെന്ന് തീര്‍ത്ഥാടകരുടെ ഒഴുക്ക് തന്നെ വ്യക്തമാക്കും. എല്ലാ രാജ്യങ്ങളില്‍നിന്നും തന്നെ അവിടെ സന്ദര്‍ശകരെത്തിയിട്ടുണ്ട്.

ഫ്രാങ്കോറഷ്യന്‍ യുദ്ധത്തിന്റെ സമയത്ത് 1871ല്‍ പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പോന്ത്‌മെയ്ന്‍ എന്ന സ്ഥലത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട് യുദ്ധത്തിനെതിരായ സന്ദേശം നല്‍കി. പാദത്തിനുതാഴെ ഒരു ബാനറില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം യുദ്ധസ്‌നേഹികളായ അനേകരെ പിന്തിരിപ്പിച്ചു. ആ ഗ്രാമത്തിലെ പലരും ആക്രമണങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
അയര്‍ലണ്ടിലെ നോക്കില്‍ മറിയം പ്രത്യക്ഷപ്പെടുന്നത് 1879ലാണ്. ഒരു ഗ്രാമത്തിലെ അനേകംപേര്‍ ഈ പ്രത്യക്ഷീകരണത്തിന് സാക്ഷികളായി. മൂന്ന് മണിക്കൂറോളം ദര്‍ശനം നീണ്ടുനിന്നു. നാളിതുവരെ നോക്ക് തീര്‍ത്ഥാടനകേന്ദ്രം വ്യക്തികളുടെയും സമൂഹങ്ങളുടെയും ആത്മീയ വളര്‍ച്ചയ്ക്ക് നല്‍കുന്ന പങ്ക് എടുത്തുപറയത്തക്കതാണ്.

ചരിത്രം കണ്ട ഏറ്റവും പ്രസക്തമായ മരിയന്‍ പ്രത്യക്ഷീകരണം നടന്നത് 1917ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍. ഒമ്പതും ഏഴും ആറും വയസ്സുള്ള മൂന്നു കുട്ടികള്‍ക്ക്. ഒക്‌ടോബര്‍ മാസത്തില്‍ അവര്‍ ആറുപ്രാവശ്യം മറിയത്തെ കണ്ടു. താന്‍ ജപമാല രാജ്ഞിയാണെന്നും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും മുഖ്യസന്ദേശം. റഷ്യയെ മറിയത്തിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചാല്‍ മാറ്റങ്ങളുണ്ടാകുമെന്ന സന്ദേശവും അതിന്റെ അനുസരണവും ലോകശക്തിയായ റഷ്യയെ മാറ്റിമറിച്ചു.

റുവാണ്ടയിലെ കിബേഹോയില്‍ 1981 മുതല്‍ 1983 വരെ നല്‍കപ്പെട്ട സന്ദേശങ്ങള്‍ റുവാണ്ടന്‍ വംശഹത്യയ്ക്ക് മാറ്റമുണ്ടാക്കി. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും അല്ലാത്തതുമായ അനേകായിരം സംഭവങ്ങള്‍ വേറെയുണ്ട്. എല്ലാം വ്യക്തമാക്കുന്നത് ഒരു കാര്യംകാരണമില്ലാതെ മറിയം പ്രത്യക്ഷപ്പെട്ടിട്ടില്ല. സന്ദേശങ്ങളൊക്കെയും ചരിത്രവും സാമൂഹ്യരീതികളുമായി ബന്ധമുള്ളവ. ഒരു മനുഷ്യാവകാശപ്രവര്‍ത്തകയ്ക്കും അവകാശപ്പെടാനില്ലാതെ ഫലപ്രാപ്തിയുടെ തെളിമയും കൂടെയുണ്ട്. ഇങ്ങനെ സമൂഹത്തില്‍ ഒരു സ്ത്രീ ചെലുത്തിയ സ്വാധീനങ്ങളുടെയും ശക്തിയുടെയും കണക്കെടുത്താല്‍ മറിയം രാജ്യങ്ങളെ കീഴടക്കിയവളാണ്. ജാതിമതഭേദമന്യേ സമൂഹത്തില്‍ മാറ്റം വരുത്തിയ വ്യക്തിത്വമാണ്. എഴുതപ്പെട്ട പുസ്തകങ്ങളും വിവരിക്കപ്പെട്ട സന്ദേശങ്ങളും അതിലും ശക്തിയായ സ്വാധീനമുള്ളവ.

സെക്കുലര്‍ നിരീക്ഷകര്‍ക്കുപോലും സമ്മതിക്കേണ്ടിവരും, ചരിത്രത്തിലെ ഏറ്റവും ശക്തയായ സത്രീ നസ്രത്തിലെ മറിയമാണെന്ന്. ഒരു മനുഷ്യസ്ത്രീക്ക് അസാധ്യമായ രീതിയിലേക്ക് ചരിത്രത്തില്‍ മറിയത്തിന്റെ സ്വാധീനം വളരുമ്പോള്‍ നിരീശ്വരവാദികള്‍ പോലും അല്പമൊന്ന് ശങ്കിക്കും, ഇതെങ്ങനെ സംഭവിക്കുന്നെന്ന്? ദൈവമാതാവാണ് മറിയമെന്ന ചിന്തയല്ലാതെ മറ്റൊന്നിനും എളുപ്പമുള്ള ന്യായീകരണം നല്‍കാനാവുമെന്ന് തോന്നുന്നില്ല. ക്രിസ്തുവിന്റെ ദൈവത്വത്തിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാകുന്നു ആ നിരീക്ഷണം. ലോകം മുഴുവന്‍ മില്യണ്‍ കണക്കിന് പ്രേക്ഷകരുള്ള നാഷണല്‍ ജ്യോഗ്രഫി ചാനല്‍ ഇത്തരമൊരു പ്രോഗ്രാം നിര്‍മ്മിച്ചതില്‍ വിശ്വാസികള്‍ക്ക് അഭിമാനിക്കാം.