'ദൈവമാണ് എന്റെ ശക്തി, ദൈവത്തിന്റെ  ശക്തിയുള്ളവന്‍' എന്നൊക്കെയാണ് ഈ പേരിനു അര്‍ത്ഥം. ദൈവത്തിന്റെ സന്ദേശം മനുഷ്യരില്‍ എത്തിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. പരിശുദ്ധ മറിയത്തെ മംഗള വാര്‍ത്ത അറിയിച്ചത് ഈ മാലാഖയാണ്.

കര്‍ത്താവായ  ദൈവത്തിന്റെ  മുന്നില്‍ നില്‍ക്കുന്ന ഏഴു മാലാഖമാരില്‍ ഒരാളാണ് വി. ഗബ്രിയേല്‍ മാലാഖ. ദൈവത്തിന്റെ  സന്ദേശവാഹകരാണ് മാലാഖമാര്‍. ബൈബിളില്‍ മാലാഖമാരെപ്പറ്റി പലഭാഗത്തും പറയുന്നുണ്ടെങ്കിലും മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നിവരുടെ മാത്രമേ പേര് പറയുന്നുള്ളൂ. ഇവര്‍ മൂന്നു പേരും  പ്രധാന മാലാഖമാര്‍ എന്നറിയപ്പെടുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലും പലതവണ  പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍. 'ദൈവത്തിന്റെ ശക്തന്‍' എന്നാണ് ഗബ്രിയേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. നാലു തവണ വി. ഗബ്രിയേല്‍ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.  പഴയനിയമത്തിലെ  ദാനിയലിന്റെ  പുസ്തകത്തില്‍ രണ്ടു തവണയും പുതിയ നിയമത്തില്‍ രണ്ടു തവണയും, വരാനിരിക്കുന്ന രക്ഷകനെ കുറിച്ച് ദാനിയേല്‍ പ്രവാചകനെ അറിയിക്കുന്നതും ഗബ്രിയേല്‍ ദൈവദൂതനായിരുന്നു. ( ദാനിയേല്‍ 8:16-26, 9:21) പുതിയനിയമത്തില്‍  സ്‌നാപകയോഹന്നാന്റെ ജനനവും യേശുവിന്റെ ജനനവും അറിയിക്കുന്നതും ഗബ്രിയേല്‍ മാലാഖയാണ്. സ്‌നാപകയോഹന്നാന്റെ ജനനവാര്‍ത്ത ഗബ്രിയേല്‍ മാലാഖ പിതാവായ സക്കറിയായെ അറിയിക്കുന്ന സംഭവം ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം. വൃദ്ധയായ തന്റെ ഭാര്യ ഒരു കുഞ്ഞിനെ പ്രസവിക്കുമെന്ന വാര്‍ത്ത കേട്ട് സക്കറിയ അവിശ്വസിക്കുമ്പോള്‍  ഗബ്രിയേല്‍ മാലാഖ ഇങ്ങനെയാണ് പറയുന്നത്.

'ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേലാകുന്നു. നിന്നോട് സംസാരിക്കുവാനും  ഈ സദ്വാര്‍ത്ത നിന്നെ അറിയിക്കുവാനുമായി  ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.  യഥാകാലം പൂര്‍ത്തിയാകാനുള്ള എന്റെ ഈ വാക്കുകള്‍ നീ അവിശ്വസിച്ചതിനാല്‍ അവ സംഭവിക്കുന്ന ദിവസം വരെ നീ സംസാരശക്തി നഷ്ടപ്പെട്ട് മൂകനായിരിക്കും.' ( ലൂക്ക 19:20)

ലോകരക്ഷകനായ യേശുവിന്റെ ജനനവാര്‍ത്ത കന്യകയായ മറിയത്തെ അറിയിക്കുന്നതും  ഗബ്രിയേല്‍  മാലാഖയാണ്. യൗസേപ്പ് എന്ന പുരുഷനുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുത്തേക്ക് ദൈവം ഗബ്രിയേല്‍ ദൂതനെ അയച്ചു. ആ കന്യകയുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തെത്തി പറഞ്ഞു. ദൈവകൃപ ലഭിച്ചവളേ , സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ ( ലൂക്ക 1:327:28) ദൈവദൂതനെ കണ്ട് ഭയപ്പെടുന്ന മറിയത്തെ ഗബ്രിയേല്‍ ആശ്വസിപ്പിക്കുന്നതായും ദൈവത്തിന് അസാധ്യമായി  യാതൊന്നുമില്ല എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നതായും ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം.

യഹൂദര്‍ ഗബ്രിയേലിനെ വിധിയുടെ മാലാഖയായാണ് കണക്കാക്കുന്നത്. മിഖായേല്‍ മാലാഖയ്ക്കു തൊട്ടുതാഴെയുള്ള മാലാഖയാണ് ഗബ്രിയേല്‍ എന്നാണ് അവരുടെ വിശ്വാസം.  എന്നാല്‍, െ്രെകസ്തവവിശ്വാസം അനുസരിച്ച് ഗബ്രിയേല്‍ മാലാഖയ്ക്കാണ് ഉന്നത സ്ഥാനം . ലോകരക്ഷകനായ യേശുവിന്റെ ജനനവാര്‍ത്ത അറിയിക്കുവാന്‍  നിയോഗിക്കപ്പെടുന്നത് ഏറ്റവും ഉന്നതസ്ഥാനമുള്ള  ദൈവദൂതനായിരിക്കും എന്ന വിശ്വാസംമൂലമാണിത്. യൗസേപ്പ് പിതാവിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൈവദൂതനും ഗബ്രിയേലാണെന്ന്  വിശ്വസിക്കപ്പെടുന്നു. കുരിശുമരണത്തിനു വിധിക്കപ്പെടുന്നതിനായി  പടയാളികള്‍ തടവിലാക്കും മുന്‍പ് ഗദ്‌സമന്‍ തോട്ടത്തില്‍   പ്രാര്‍ത്ഥിക്കുന്ന യേശുവിനു കരുത്തുനല്‍കുവാനും ആശ്വാസമേകുവാനും ഗബ്രിയേല്‍ മലാഖയെ ദൈവം അയച്ചു എന്നൊരു വിശ്വാസമുണ്ട്. ബൈബിളില്‍ ഈ സംഭവം സൂചിപ്പിക്കുന്നില്ലെങ്കിലും ആദിമസഭയുടെ കാലം മുതല്‍ ഈ വിശ്വാസം നിലവിലുണ്ട്.

സെപ്തംബര്‍ 29 തിരുസഭ മുഖ്യദൂതന്‍മാരായ വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍ , വിശുദ്ധ റാഫേല്‍ എന്നിവരുടെ തിരുനാള്‍ ആഘോഷിക്കുന്നു.