-നല്ല വിദ്യാഭ്യാസവും നല്ല സ്വഭാവവും നല്ല ആരോഗ്യവും നല്ല ജോലിയുമുള്ള ആരെയും വിവാഹം ചെയ്യാന്‍ ദൈവം അനുവദിക്കുന്നുവോ?
-മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നവരുടെ മാതാപിതാക്കള്‍ അനുവാദം നല്‍കിയെന്നു കരുതി ആ ബന്ധം ദൈവത്തിനു പ്രീതികരമാകുമോ?
-ഞാന്‍ പ്രേമിക്കുന്നയാളെ വിവാഹം കഴിക്കാതെ മാതാപിതാക്കന്മാര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആലോചിച്ചു കൊണ്ടു വരുന്നയാളെ വിവാഹം കഴിച്ചാല്‍ അതൊരു പരാജയമാണെങ്കിലോ?
-ഞാന്‍ വിവാഹം കഴിക്കാം എന്നു പറഞ്ഞിട്ട് വാക്കു മാറിയാല്‍ അവന്റെ/അവളുടെ ശാപം എന്റെ മേല്‍ വരുകയില്ലേ? അതൊരു വഞ്ചനയല്ലേ? അയാളുടെ കണ്ണുനീര് എന്റെ കുടുംബത്തിന്റെ മേല്‍ വീഴുകയില്ലേ?
-ഈ വിവാഹം നടന്നില്ലെങ്കില്‍ മറ്റൊരു വിവാഹമേ വേണ്ട എന്നു ചിന്തിക്കുന്നതല്ലേ നല്ലത്?
-ആജീവനാന്ത ഉടമ്പടിയായ വിവാഹം എന്ന കൂദാശയുമായി ബന്ധപ്പെട്ട ഉത്തരം സംശയങ്ങള്‍ക്കുള്ള മറുപടി വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. അവയെപ്പറ്റി വേണ്ടത്ര ഉള്‍ക്കാഴ്ച ലഭിക്കാന്‍ തുടര്‍ന്നു വായിക്കുക.  

നിയമ 5 : 32-33 'ആകയാല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളോട് കല്പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. നിങ്ങള്‍ ഇടംവലം വ്യതിചലിക്കരുത്. നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്ക് നന്മയുണ്ടാകാനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്ത് ദീര്‍ഘനാള്‍ വസിക്കാനും വേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവ് കല്‍പ്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തിലൂടെ ചരിക്കണം.'

ഒരു വിശ്വാസിക്ക് മിശ്രവിവാഹം അനുവദനീയമോ? ദൈവവചനം ഇതേപ്പറ്റി എന്തുപറയുന്നു?

തോബിത് 4:12-13 'എല്ലാത്തരം അധാര്‍മികതയിലും നിന്നു നിന്നെ കാത്തുകൊള്ളുക. നിന്റെ പൂര്‍വ്വീകരുടെ ഗോത്രത്തില്‍ നിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യ ജനതകളില്‍ നിന്നു വിവാഹം  ചെയ്യരുത്. നാം പ്രവാചകന്മാരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂര്‍വ്വ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങള്‍ വഴി അവര്‍ അനുഗ്രഹീതരായി അവരുടെ പിന്‍തലമുറ ദേശം അവകാശമാക്കും. അതിനാല്‍ മകനെ നിന്റെ സഹോദരന്മാരെ സ്‌നേഹിക്കുക. നിന്റെ ചാര്‍ച്ചക്കാരില്‍ നിന്ന് നിന്റെ ജനത്തിന്റെ മക്കളില്‍ നിന്ന് ഭാര്യയെ സ്വീകരിക്കാതെ അവരെ നിന്ദിക്കരുത്. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും.'

ദൈവവചനം മിശ്രവിവാഹത്തെ അംഗീകരിക്കുന്നില്ല. മിശ്രവിവാഹം ചെയ്ത് നിങ്ങള്‍ വഞ്ചിതരാകരുത്. ഗോത്രങ്ങളിലെ പരമ്പര്യങ്ങള്‍ അറുത്തെറിയരുത്. പൂര്‍വ്വീകരിലൂടെ ദൈവാത്മാവ് വെളിപ്പെടുത്തിയിട്ടുള്ളതും രൂപപ്പെടുത്തിയിട്ടുള്ളതുമായ വിശുദ്ധ ജീവിതത്തിന്റെ വഴികളെ അവഗണിക്കരുത്. ചോരത്തിളപ്പില്‍ ചെറുപ്പത്തിന്റെ അവിവേകത്താല്‍ തലമറന്ന് എണ്ണതേയ്ക്കരുത്.

ജഞാനം 3:11 'ജ്ഞാനവും പ്രബോധനവും പുച്ഛിച്ചു തള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ പ്രത്യാശ വ്യര്‍ത്ഥവും പ്രയത്‌നം നിഷ്ഫലവുമാണ്. അവര്‍ ഉണ്ടാക്കുന്നത് നിരുപയോഗവുമാണ്'.

നിന്നിലുള്ള അഹങ്കാരം നിന്റെ വിനാശത്തിനും അരാജകത്വത്തിനും കാരണമായിത്തീരുന്നു. സോളമന്റെ ജീവിതം തന്നെ എടുത്തു പരിശോധിക്കുക. ദൈവത്തിന് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം ചോദിച്ചതിലുമധികം ദൈവം നല്‍കി അനുഗ്രഹിച്ചുകൊണ്ടേയിരുന്നു.

2 ദിന 1 : 12 'ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്കുന്നു. കൂടാതെ നിന്റെ മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത സമ്പത്തും ധനവും പ്രശസ്തിയും ഞാന്‍ നിനക്ക് നല്‍കും'.

ദൈവം സോളമനെ സമൃദ്ധമായി അനുഗ്രഹിച്ചു. സ്‌നേഹിച്ചു എന്നാല്‍, 1 രാജാ 11  :1 മുതലുള്ള വാക്യങ്ങളില്‍ സോളമന്റെ അധഃപതനം നാം കാണുന്നു.ദൈവം സോളമന് മൂന്നാം തവണ പ്രത്യക്ഷപ്പെട്ടപ്പോള്‍ രാജ്യം അദ്ദേഹത്തില്‍ നിന്ന് പറിച്ചെടുത്ത് മാറ്റുമെന്ന് ദൈവം പ്രഖ്യാപിച്ചു.

1 രാജാ 11:11-12 'എന്റെ ഉടമ്പടിയും ഞാന്‍ നല്കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ രാജ്യം നിന്നില്‍ നിന്ന് പറിച്ചെടുത്ത് നിന്റെ ദാസന് നല്‍കും. എന്നാല്‍ നിന്റെ പിതാവായ ദാവിദിനെയോര്‍ത്ത് നിന്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല. നിന്റെ മകന്റെ കരങ്ങളില്‍ നിന്ന് അതു ഞാന്‍ വേര്‍പ്പെടുത്തും'.

ഐശ്വര്യവും പ്രതാപവും സോളമനില്‍ നിന്ന് ദൈവം എടുത്തുമാറ്റി. എന്തായിരുന്നു കാരണം?. മിശ്രവിവാഹം തന്നെ.

1 രാജാ 11 : 1-8 'സോളമന്‍ രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളേയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സിദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശത്തില്‍പ്പെട്ട സ്ത്രീകളേയും ഭാര്യമാരായി സ്വീകരിച്ചു. നിങ്ങള്‍ അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. അവര്‍ നിങ്ങളുമായും അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചു കളയും എന്ന് അവരെക്കുറിച്ച് കര്‍ത്താവ് അരുളിചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു. അവനു രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവന്റെ ഹൃദയം വ്യതിചലിപ്പിച്ചു. സോളമനെ വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കര്‍ത്താവിനോട് വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോട് പരിപൂര്‍ണ്ണ വിശ്വസ്തത പാലിച്ചില്ല. സോളമന്‍ സിദോന്യരുടെ ദേവിയായ അസ്താര്‍ത്തെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. അങ്ങനെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിനെ പൂര്‍ണ്ണമായി അനുഗമിച്ചില്ല. അവന്‍ ജറുസലേമിന് കിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും, അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോളെക്കിനും പൂജാഗിരികള്‍ നിര്‍മ്മിച്ചു. തങ്ങളുടെ ദേവന്മാര്‍ക്ക് ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും ചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു.'

അന്യഗോത്രങ്ങളില്‍ നിന്നും ജാതിയില്‍ നിന്നും യുദ്ധത്തില്‍ കീഴടക്കിയ രാജ്യങ്ങളിലെ രാജകുമാരിമാരെ സോളമന്‍ വിവാഹം ചെയ്തുകൊണ്ടിരുന്നു. പുറ. 34: 15-16 'ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടി ചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്ക് ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്‌തേക്കാം. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം'.

ദൈവമായ കര്‍ത്താവ് വിലക്കിയിട്ടുള്ള ആ ദുഷിച്ച പ്രവര്‍ത്തികള്‍ സോളമന് അത്ര ചീത്തയായി തോന്നിയില്ല. ഫലമോ? വംശം ദുര്‍ബലമായി.... തകര്‍ന്നു.... സോളമന്റെ കാലശേഷം പത്തു വര്‍ഷത്തിനുള്ളില്‍ അഞ്ചു പിന്‍ഗാമികളുടെ തലയറുക്കപ്പെട്ടു, ദാരുണമായ ഈ തകര്‍ച്ചയുടെ വിവരണം പ്രഭാഷകന്റെ പുസ്തകത്തില്‍ വായിക്കാം.

പ്രഭാ. 47: 16-21. 'നിന്റെ പ്രശസ്തി വിദൂര ദ്വീപുകളില്‍ എത്തി. സമാധാനപൂര്‍ണ്ണമായ ഭരണം നിമിത്തം നീ പ്രിയങ്കരനായി. നിന്റെ കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി. ഇസ്രായേലിന്റെ ദൈവമായ  കര്‍ത്താവിന്റെ നാമത്തില്‍ തകരം പോലെ സ്വര്‍ണ്ണവും ഈയം പോലെ വെള്ളിയും നീ ശേഖരിച്ചു. എന്നാല്‍ നീ സ്ത്രീകള്‍ക്ക് അധീനനായി. അഭിലാഷങ്ങള്‍ നിന്നെ കീഴ്‌പ്പെടുത്തി. നിന്റെ സത്കീര്‍ത്തിക്ക് നീ തന്നെ കളങ്കം വരുത്തി. സന്തതി പരമ്പരയെ മലിനമാക്കി. അവരെ ക്രോധത്തിന് ഇരയാക്കി. നിന്റെ ഭോഷത്തം അവര്‍ക്ക് ദുഃഖകാരണമായി. അങ്ങനെ രാജ്യം വിഭജിക്കപ്പെട്ടു'.

എന്തിനാണ് സോളമന്റെ ജീവിതാനുഭവം ബൈബിളില്‍ എഴുതി നമ്മുക്ക് തന്നിരിക്കുന്നത്?

1 കൊറി 10:11  'ഇതെല്ലാം അവര്‍ക്ക് ഒരു താക്കീതായിട്ടാണ് സംഭവിച്ചത്.നമ്മുക്ക് ഒരു പാഠമാകേണ്ടതിന് അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു'. അതെ. നമുക്കൊരു ഗുണപാഠമാണത്. അന്യജാതിയില്‍പ്പെട്ടവരെ പ്രേമിക്കുന്നവര്‍ പാപത്തിലാണ് ജീവിക്കുന്നത്. തെറ്റാണത്. തിരുത്തണം. നിര്‍ത്തണം. എല്ലാവരും ദൈവത്തിന്റെ മക്കളല്ലേ? ആരെ കെട്ടിയാലെന്താ? മനഃപ്പൊരുത്തമല്ലേ പ്രധാനം? എനിക്കിഷ്ടമുള്ളവരെ ഞാന്‍ വിവാഹം കഴിക്കും. എന്നെ ആരും ഉപദേശിക്കേണ്ട... എന്ന് ചിലര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വചനം പഠിപ്പിക്കുന്നു.

ഏശ. 30:1 'കര്‍ത്താവ് അരുളിചെയ്യുന്നു. എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്ക് ദുരിതം'.

പ്രഭാ. 5:9  'ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗ്ഗത്തിലും ചരിക്കുകയോ അരുത് '. പ്രഭാ. 6 : 2-4 'അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്. അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും. അവ നിന്റെ ഇലകള്‍ ഭക്ഷിക്കുകയും, നിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. നീ ഒരു ഉണക്കമരമായിത്തീരും. ദുഷിച്ച ഹൃദയം അവനവനെ തന്നെ നശിപ്പിക്കുന്നു. ശത്രുക്കളുടെ മുന്‍പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും.' നിനക്ക് ശരിയെന്ന് തോന്നുന്ന വഴി ശരിയായിരിക്കണമെന്നില്ല. നിന്റെ ബുദ്ധിയും യുക്തിയും നിനക്ക് നേര്‍വഴി കാണിച്ചെന്ന് വരില്ല. സുഭാ. 16 : 25 'ശരിയെന്ന് തോന്നിയ വഴി മരണത്തിലേക്ക് നയിക്കുന്നതാവാം'.

മിശ്രവിവാഹം ദൈവത്തിന്റെ ക്രമീകരണമല്ല. ദൈവവചനം അതിന് കൂട്ടുനില്‍ക്കുന്നില്ല. നിങ്ങള്‍ വഞ്ചിതരാകരുത്. തിരുസഭയുടെ പ്രബോധനങ്ങള്‍ നിങ്ങള്‍ അവഗണിക്കരുത്. പൂര്‍വ്വികമായി അനുവര്‍ത്തിച്ചു വരുന്ന ആചാരങ്ങളും ജീവിത രീതികളും പെട്ടെന്നുള്ള ഒരാവേശത്തില്‍ കാറ്റില്‍ പറത്തരുത്. പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുക. വചനത്തില്‍ വേരൂന്നി വളരുവാന്‍ നിങ്ങളുടെ മക്കളെ സഹായിക്കുക.

മിശ്രവിവാഹത്തെ അനുകൂലിച്ച് വിവാഹ സംബന്ധമായ കാര്യങ്ങളില്‍ പുരോഗമന ചിന്താഗതി പുലര്‍ത്തുന്നു എന്നഭിമാനിക്കുന്നവര്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്. മിശ്രവിവാഹത്തിന് തയ്യാറെടുക്കുന്നവരെ വിയോജിപ്പിച്ച് വേറെ വിവാഹം നടത്തി അതും പരാജയപ്പെട്ടെങ്കിലോ…

ഇതേപ്പറ്റി ചിന്തിക്കുമ്പോള്‍ നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമുണ്ട്. വിവാഹം, ജീവിത പങ്കാളി, കുടുംബം... ഇതൊക്കെ ദൈവീക പദ്ധതി പ്രകാരമുള്ളതാണ്. ദൈവത്തിന്റെ ഹിതമനുസരിച്ചുള്ള ഒരു വിവാഹം നടന്നിട്ട് കഷ്ഠതയാണെങ്കില്‍ അതേറ്റെടുക്കണം. ആ വിവാഹം മൂലം ഒരാളുടെ വിശുദ്ധീകരണമാണ് ദൈവം ആഗ്രഹിക്കുന്നതെങ്കിലോ? നിത്യ രക്ഷയ്ക്ക് വേണ്ടിക്കൂടി ദൈവം ക്രമീകരിച്ചിരിക്കുന്ന മാര്‍ഗ്ഗമാണത്. 1 പത്രോ 4: 12 'പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നി പരീക്ഷകള്‍ ഉണ്ടാകുമ്പോള്‍ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത് '.

ചിലര്‍ സംശയം ചോദിക്കുന്നു
ഞാന്‍ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്തിട്ട് പിന്നെ വാക്കു മാറുന്നത് വഞ്ചനയല്ലേ?  ശാപമുണ്ടാവില്ലേ?. 
ഇല്ല. വിവാഹം, തിരുപ്പട്ടം തുടങ്ങിയ കൂദാശകള്‍ ഒരു വ്യക്തിയുടെ മരണ നിമിഷം വരെ നീണ്ടുനില്‍ക്കുന്ന ഉടമ്പടിയായതുകൊണ്ട് ഈ കൂദാശകള്‍ സ്വീകരിക്കുന്നതിന് തൊട്ടു മുന്‍പ് വരെ പിന്മാറാനുള്ള അവകാശമുണ്ട്. വിവാഹം സ്വതന്ത്ര മനസ്സോടെ ആയിരിക്കണം. സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടാവരാകരുത്. പിന്മാറുന്നത് ശാപം വരുത്തുന്നില്ല.

മറ്റു ചിലര്‍ ചോദിക്കുന്നു.
നല്ല സ്വഭാവമാണ്. മദ്യപിക്കില്ല. പുകവലിയില്ല. ചീട്ടുകളിയില്ല. നല്ല തങ്കപ്പെട്ട സ്വഭാവമാണ്. നല്ല വിദ്യാഭ്യാസമുണ്ട്. ജോലിയുമുണ്ട്. സമുദായം മാത്രം നമ്മുടേതല്ല. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങണോ?  ഞാനെന്തു ചെയ്യണം?. ജോലിയും പണവും സ്വഭാവവും ആരോഗ്യവും മാത്രം നോക്കിയാല്‍ പോരെ. നീ യേശുക്രിസ്തുവുമായിട്ടുള്ള ബന്ധം ഓര്‍ക്കണം. ഈ ബന്ധത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒന്നും ചെയ്യരുത്. 
'Because, You are sIrael'. നീ ഒരു ഉടമ്പടി പൈതലാണ്. ദൈവവുമായിട്ടുള്ള ഉടമ്പടിയെ ലംഘിക്കത്തക്ക യാതൊരു പ്രവൃത്തിയും നിന്റെ ഭാഗത്തുനിന്നുണ്ടാവരുത്.

2 കൊറി 6 : 14-15 'നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടു ചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത് ? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിന് ബലിയാലുമായി എന്തു യോജിപ്പാണുള്ളത് ?വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണ് പൊതുവിലുള്ളത് ?'

2 കൊറി 6 : 17-18 'ആകയാല്‍, നിങ്ങള്‍ അവരെ വിട്ട് ഇറങ്ങി വരികയും അവരില്‍ നിന്ന് വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്. അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും. ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്ക് പുത്രന്മാരും പുത്രികളും ആയിരിക്കും എന്ന് സര്‍വ്വശക്തനായ കര്‍ത്താവ് അരുളിചെയ്യുന്നൂ' .

ഈ വിവാഹം നടന്നില്ലെങ്കില്‍ എനിക്ക് വിവാഹമേ വേണ്ട എന്നു പറയുന്ന ചിലരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ചിന്തിക്കുന്നത്. ശരിയല്ല. ദൈവം ഒരു നിര്‍ദ്ദേശം നല്‍കുമ്പോള്‍ അനുസരിക്കാതെ തന്നിഷ്ടക്കാരായി നടക്കാന്‍ പാടില്ല. പ്രഭാ. 3: 26-27 'നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും. സാഹസബുദ്ധി അപകടത്തില്‍ ചാടും. ദുശ്ശാഠ്യമുള്ള മനസ്സ് കഷ്ടതകള്‍ക്ക് അടിപ്പെടും. പാപി പാപം കുന്നു കൂട്ടും'. നിയമ 29: 18-19 '…കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേര് നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്ന് പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും'.

പ്രഭാ 5:2 'സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്ത് ജീവിക്കരുത്'.

മിശ്രവിവാഹത്തെ സംബന്ധിച്ച് ഒരു ദൈവപൈതലിന്റെ  നിലപാട് എന്തായിരിക്കണം?
1.  അന്യജാതിയില്‍പ്പെട്ടവരെ സഹോദരതുല്യം സ്‌നേഹിക്കുക. അവരെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കരുത്.
2.   അന്യജാതിയില്‍പ്പെട്ടവരെ പ്രേമിക്കുകയോ ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടുകയോ അരുത്.
3. മിശ്രവിവാഹത്തിന് ആരേയും പ്രോത്സാഹിപ്പിക്കരുത്. പിന്‍തിരിപ്പിക്കുക.
4. വിവാഹത്തെ സംബന്ധിച്ച് സഭയുടെ ആരോഗ്യപരമായ രീതി മാത്രമേ അവലംബിക്കാവു. സഭ മിശ്രവിവാഹം ഉപദേശിക്കുന്നില്ല. മിശ്രവിവാഹത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങള്‍ അറിയുക.
5. മക്കളെ ചെറുപ്പം മുതലേ ഇക്കാര്യങ്ങളില്‍ ശരിയായ ബോധ്യങ്ങള്‍ കൊടുത്ത് വളര്‍ത്തുക.
6. പ്രബോധനങ്ങള്‍ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുക.
7. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ മിശ്രവിവാഹബന്ധം അനിവാര്യമായി വന്നാല്‍ത്തന്നെ ക്രിസ്തീയ വിശ്വാസം സ്വീകരിച്ച് സഭയില്‍ അംഗമായാല്‍ മാത്രമേ അവരെ വിവാഹം ചെയ്യാവു. ഇത്തരം സാഹചര്യത്തില്‍ ഈ നടപടി മറ്റൊരാത്മാവിന് ദുര്‍മാതൃകയാകാനിടയുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്.

മത്താ. 18-6 'എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരിക്കല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും'.  

പ്രാര്‍ത്ഥന
കര്‍ത്താവേ..... എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഉടയവനെ... ഞാനങ്ങയെ ആരാധിക്കുന്നു. എന്റെ പാദങ്ങളെ വിനയത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും എന്റെ ചിന്തകളെ അന്ധകാരത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കണമേ.. കര്‍ത്താവേ, മനുഷ്യന്റെ മാര്‍ഗ്ഗങ്ങള്‍ അവന്റെ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവന് നിന്റെ ചുവടുകള്‍ സ്വാധീനമല്ലെന്നും എനിക്കറിയാം. കര്‍ത്താവേ നീതിപൂര്‍വ്വം എന്നെ തിരുത്തേണമേ... വഴുവഴുപ്പുള്ള പാറയില്‍ എന്നെ നിറുത്തരുതേ... ദൈവവചന വിപരീതമായ സ്വഭാവത്തിലേക്ക് നയിക്കുന്ന എല്ലാ
ദുഷ്ടാരൂപികളേയും  നസ്രായനായ യേശുവിന്റെ നാമത്തില്‍ ഞാന്‍  ബന്ധിക്കുന്നു. നിത്യ നരകാഗ്നിയിലേക്ക് ആട്ടിപ്പായിക്കുന്നു. പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ!     ആമ്മേന്‍.