ആദിയില്‍ പിതാവായ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും ആദം എന്ന പുരുഷനെയും അവന് ചേര്‍ന്ന ഇണയും തുണയുമായി ഹവ്വ (മനുഷ്യവര്‍ഗ്ഗത്തിന്റെ അമ്മ) എന്ന സ്ത്രീയെയും സൃഷ്ടിച്ചു. അവരെ അനുഗ്രഹിച്ച് ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുവാന്‍ ദൈവകൃപ അവരുടെമേല്‍ വര്‍ഷിച്ചുകൊണ്ട് പറഞ്ഞു. 'വര്‍ദ്ധിച്ചു പെരുകിവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍' (ഉല്‍പ. 1:28). തന്മൂലം ദൈവം യോജിപ്പിച്ച ഭാര്യാഭര്‍ത്താക്കന്മാര്‍ ഇനി രണ്ടല്ല, ഒറ്റശരീരമായിരിക്കും (മത്താ. 16:6). ഇതാണ് ദൈവം ആശീര്‍വദിച്ച് സ്ഥാപിച്ച ആദ്യ കുടുംബം. ആദം എന്ന പുരുഷനെയും ഹവ്വ എന്ന സ്ത്രീയെയും വിവാഹത്തിലൂടെ ഒന്നിപ്പിച്ച് സ്വര്‍ഗീയ ഭവനമാക്കി തീര്‍ത്ത സ്‌നേഹപിതാവായ ദൈവത്തെ പാപം ചെയ്ത് അവര്‍ അങ്ങയുടെ ജീവിതത്തില്‍ നിന്ന് അകറ്റി.

പിശാചിന്റെ അടിമത്തത്തിലായി (പിശാചു വരുന്നത് കൊല്ലുവാനും കലഹിപ്പിക്കുവാനും ബന്ധങ്ങള്‍ നശിപ്പിച്ച് വേര്‍പെടുത്തുവാനുമാണ് (യോഹ. 10:10)അനാദിയിലെ നിനക്കുവേണ്ടി സൃഷ്ടിച്ച ഇണയെ, നിന്റെ കരങ്ങളില്‍ ഏല്‍പിച്ചുതന്ന ദൈവത്തെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കുടിയിറക്കിയാല്‍ ആദി മുതല്‍ (ആദ്യ കുടുംബത്തില്‍) വഞ്ചകനും നുണയനും നുണയുടെ പിതാവുമായ ദുഷ്ടസര്‍പ്പം- പിശാച് ആ കുടുംബത്തിന്റെ ഭരണം ഏറ്റെടുക്കും. ദൈവം പറുദീസായില്‍ സ്ഥാപിച്ച ആദ്യകുടുംബത്തിന്റെ തുടര്‍ച്ചയാണ് ഓരോ ക്രിസ്തീയ കുടുംബവും. ഈശോ സഭയില്‍ സ്ഥാപിച്ച ഏഴു കൂദാശകളില്‍ മാമോദീസ, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകള്‍ സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കപ്പെട്ട് ഇടവക ദൈവാലയത്തില്‍ വച്ച് വിവാഹമെന്ന കൂദാശയിലൂടെ അതിന്റെ പ്രതീകങ്ങളാകുന്ന സ്ത്രീപുരുഷന്മാരില്‍ ഈശോ- ദൈവസ്‌നേഹം, ക്ഷമ, ദയ, നന്മ, സന്തോഷം, സമാധാനം, ആത്മസംയമനം, വിവേകം, ബുദ്ധി, പ്രാര്‍ത്ഥനാ ചൈതന്യം തുടങ്ങിയ പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങള്‍ കൊണ്ട് നിറയ്ക്കുന്നു. മാതാപിതാക്കളുടെ അനുഗ്രഹവും ബന്ധുമിത്രാദികളുടെയും ഇടവക സമൂഹത്തിന്റെയും പ്രാര്‍ത്ഥനാശംസകളും ഭാര്യാഭര്‍ത്താക്കന്മാരുടെ കുടുംബങ്ങള്‍ തമ്മിലുളള സ്‌നേഹബന്ധവും ഊട്ടിയുറപ്പിക്കുന്ന ദൈവിക സംവിധാനമാണ് വിവാഹമെന്ന കൂദാശ.

ദൈവം പറുദീസായില്‍ സ്ഥാപിച്ച ആദികുടുംബത്തിന്റെ തുടര്‍ച്ചയാണ് ഓരോ പുതിയ കുടുംബവും. ഈശോ വസിക്കുന്ന ദൈവാലയമാകുന്ന കത്തോലിക്ക കുടുംബം സ്വര്‍ഗമാണ്. അത് സഭയുടെ കൊച്ചു പതിപ്പാണ്. ഇങ്ങനെയുളള കുടുംബത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ഏക മനസ്സോടെ ദൈവം തരാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ആഗ്രഹിച്ച്, ദാഹിച്ച് പ്രാര്‍ത്ഥിക്കുന്നു (സങ്കീ. 127 :3). വിവാഹമെന്ന കൂദാശയുടെ പരികര്‍മവേദിയായ വിവാഹ കിടക്ക മലിനമാകാതെയുളള (ഹെബ്രാ. 13 :4-5) പരിശുദ്ധമമായ ദൈവസ്‌നേഹം പരസ്പരം അനുഭവവേദ്യമാക്കുന്ന ദാമ്പത്യ കര്‍മാനുഷ്ഠാനങ്ങളിലൂടെ ഭര്‍ത്താവ് പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ തന്റെ ഭാര്യയുടെ ഉദരത്തില്‍ ഒരു ദൈവപൈതലിന് ജന്മം കൊടുക്കുന്നു (1 കോറി. 7:3). ''എല്ലാ പ്രവൃത്തികളിലും നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍ ' (1 പത്രോ. 14:15). വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തോബിയാസും സാറായും മുട്ടിന്മേല്‍നിന്ന് കണ്ണില്‍ കണ്ണില്‍ നോക്കി ഇപ്രകാരം പ്രാര്‍ത്ഥിച്ചു ''കര്‍ത്താവേ, ഞാന്‍ ഇവളെ പ്രാപിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, പിന്നെയോ നിഷ്‌കളങ്കമായ സ്‌നേഹത്താലാണ്. ജീവിതകാലം മുഴുവനും സന്തോഷത്തോടും സമാധാനത്തോടുംകൂടി ഏക മനസ്സുളളവരായി കഴിയുവാന്‍ അനുഗ്രഹം ചൊരിയണമേ' (തോബിത് 8 :1-8).

ഇപ്രകാരം ജനിക്കുന്ന കുട്ടികള്‍ യേശുവിനെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും മാതാപിതാക്കന്മാരോടുളള സ്‌നേഹത്തിലും ബഹുമാനത്തിലും അനുസരണത്തിലും വളര്‍ന്ന് (ലൂക്കാ 2:52) കുടുംബത്തിനും നാടിനും ലോകത്തിനും അനുഗ്രഹമായി ഭവിക്കുന്നു. അവര്‍ നിത്യജീവന്‍ ലക്ഷ്യമാക്കി നന്മ ചെയ്തുകൊണ്ട് പ്രാര്‍ത്ഥിച്ച് ജീവിക്കുന്നു. ഇതൊക്കെ സംഭവിക്കണമെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരാകേണ്ടവര്‍ ഒരേ ദൈവവിശ്വാസപാരമ്പര്യവും കുടുംബപരവും സാമൂഹ്യസാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ ഏറെക്കുറെ പൊരുത്തമുളളവരുമാകണം. ഇങ്ങനെയുളള ദമ്പതികള്‍ക്കേ വിവാഹദിവസം മുതല്‍ മരണം അവരെ വേര്‍പെടുത്തുന്നതുവരെ സുഖത്തിലും ദു:ഖത്തിലും ദാരിദ്ര്യത്തിലും സമ്പത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഏകമനസ്സോടെ വിശുദ്ധ ദാമ്പത്യജീവിതം നയിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ഈ കാലഘട്ടത്തില്‍ ജാതി, മതം, വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, പാരമ്പര്യം, സംസ്‌കാരം എന്നിവ പരിഗണിക്കാതെ ഭൗതികവും ജഡികവുമായ മേഖലകളില്‍ മാത്രം ഉന്നംവച്ചുകൊണ്ട് അനേക സ്ത്രീപുരുഷന്മാര്‍ മിശ്രവിവാഹങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവിടെയെല്ലാം ചില മതാധികാരികളുടെയും സാമൂഹ്യനേതാക്കന്മാരുടെയും പിന്തുണയും വഴിവിട്ട സാമ്പത്തിക സഹായങ്ങളിലൂടെ വലിയ പ്രോത്സാഹനവും ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്ന മിശ്രവിവാഹങ്ങള്‍ പലപ്പോഴും പരാജയമാണ് എന്ന് മനസ്സിലാകുന്നു. കലഹങ്ങളും, കോടതി കേസുകളും വിവാഹമോചനങ്ങളും നടക്കുന്നുവെന്ന് എല്ലാ മാധ്യമങ്ങളും രേഖപ്പെടുത്തുന്നു.

2015 ജൂണിലെ ദീപികപത്രം രേഖപ്പെടുത്തിയിരിക്കുന്നു, ഇരുപത് കുടുംബകോടതികളില്‍ 1720 കേസുകള്‍ കെട്ടിക്കിടക്കുന്നു. 40 ശതമാനത്തിലധികം വിവാഹമോചനക്കേസുകളാണ്. 1456 കുടുംബിനികള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ 1260 പുരുഷന്മാരും പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു. ഭൂരിഭാഗം കേസുകളും മിശ്രവിവാഹത്തിന്റെ ബാക്കിപത്രങ്ങളാണ്. അനേകം സംഭവങ്ങളില്‍ വിവാഹശേഷം പെണ്‍കുട്ടികളെ വിദേശ ഭീകര സംഘടനകള്‍ക്ക് ഉപഭോഗ വസ്തുക്കളായി വിലപേശി വില്‍പന ചരക്കുകളാക്കുകയാണ് പതിവ്. വിവാഹശേഷം പെണ്‍കുട്ടികളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് യാതൊരു വിവരവും ഇല്ലായെന്ന സത്യാവസ്ഥ വിവര സാങ്കേതിക വിദ്യാസമ്പന്നര്‍ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ മനസ്സിലാക്കുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കോണ്‍വെന്റില്‍ പാചകജോലി ചെയ്തിരുന്ന ഒരു സ്ത്രീ മലപ്പുറം ജില്ലയില്‍ നഴ്‌സിംഗ് പഠിക്കുന്ന മകളുമായി എന്റെയടുക്കല്‍ വന്നു. ക്രിസ്ത്യാനിയാ മകള്‍ അന്യമതത്തില്‍പ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുമായി പ്രേമബന്ധത്തിലാണ്. ആ മനുഷ്യന്‍ അപ്പനില്ലാത്ത ഈ പെണ്‍കുട്ടിക്ക് വിലകൂടിയ ചുരിദാര്‍, മൊബൈല്‍ ഫോണ്‍ എന്നുവേണ്ട ഇവള്‍ക്കാവശ്യമുളളതും ഇല്ലാത്തതും വാങ്ങിക്കൊടുക്കുന്നു. ഞാന്‍ അവളോട് ചോദിച്ചു : എങ്ങനെയുണ്ട് നിന്റെ കാമുകന്റെ സ്വഭാവം. 'അവള്‍ പ്രതിവചിച്ചതിപ്രകാരമാണ്;' നമ്മുടെ ക്രിസ്ത്യാനിച്ചെക്കന്മാരെപ്പോലെ വിലകെട്ടവനല്ല എന്റെ കാമുകന്‍. അയാള്‍ എനിക്ക് വാക്കു നല്‍കിയിട്ടുണ്ട്, 'നീ എന്നെ വിവാഹം ചെയ്യാന്‍ സമ്മിതിക്കുകയാണെങ്കില്‍ മാമോദീസ മുങ്ങാനും ഞാന്‍ തയ്യാറാണെന്ന്.' ഏതായാലും വിവാഹിതനും രണ്ടു കുട്ടികളുടെ ബാപ്പയുമായ ഈ മനുഷ്യന്‍ ജ്ഞാനസ്‌നാനവെളളം ഒഴുക്കുവാന്‍ തല കുനിച്ചുകൊടുത്ത് ഇവളെ വിവാഹം ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുശേഷം അമ്മ മകളെ കാണാന്‍ അവളെ കെട്ടിച്ചയച്ച് വീട്ടില്‍ ചെന്നു. മകളുടെ അമ്മായിയമ്മ ഈ അമ്മയോട് പറഞ്ഞു, അവള്‍ പര്‍ദ ഇട്ടുപോയി. ഇനി നിങ്ങള്‍ക്കവളെ കാണാന്‍ സാധിക്കുകയില്ല. വിദേശത്ത് അവള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ മകള്‍ ലോകത്തിലെവിടെയാണെന്ന് വിധവയായ അമ്മയ്ക്ക് അറിയില്ല! ഏശയ്യാ പ്രവാചകനിലൂടെ കര്‍ത്താവായ ദൈവം അരുളിചെയ്യുന്നു: എന്റേതല്ലാത്ത പദ്ധതി നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണയില്ലാത്ത സന്തതികള്‍ക്ക് ദുരിതം (ഏശ. 30:1). കൗണ്‍സലിംഗ് സമയത്ത് ഒരു പെണ്‍കുട്ടി എന്നോട് ചോദിച്ചു. അന്യമതത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണെന്നു കരുതി എന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന, എനിക്ക് ആവശ്യമുളള വസ്തുവകകള്‍ വാങ്ങിച്ചുതരുന്ന, എനിക്കുവേണ്ടി മതം മാറാന്‍ സമ്മതിച്ച, ആ മാന്യവ്യക്തിയെ വിവാഹം ചെയ്യുന്നതിലെന്താണ് തെറ്റ് ? സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്നാണല്ലോ കവി വചനം.

എന്നാല്‍ ബൈബിള്‍ പറയുന്നു. തോബിത് തന്റെ ഏകമകന്‍ തോബിയാസിനോട് പറഞ്ഞു: എല്ലാത്തരം അധാര്‍മികതയില്‍ നിന്ന് നിന്നെ കാത്തുകൊളളുക. നിന്റെ പൂര്‍വ്വികരുടെ ഗോത്രത്തില്‍ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂര്‍വ്വ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങള്‍ വഴി അവര്‍ അനുഗ്രഹീതരായി. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും (തോബിത് 4:12-13). നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്ക് നന്മയുണ്ടാകുവാനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്ത് ദീര്‍ഘനാള്‍ വസിക്കുവാനും വേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുളള മാര്‍ഗത്തിലൂടെ ചരിക്കണം.

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ചിന്തിക്കുന്നത് എന്താണ്? മതവിശ്വാസം, ജാതി വര്‍ണ, സാംസ്‌കാരിക വശങ്ങളെല്ലാം ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളില്‍ പെടുന്നതാണ്. മാതാപിതാക്കളും അധികാരികളും വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല. എന്നെ സ്‌നേഹിക്കുന്ന, എന്നെ മനസ്സിലാക്കുന്ന വ്യക്തിയെ എന്റെ ജീവിതപങ്കാളിയാക്കും. അനേകര്‍ ഇന്ന് മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നുണ്ടല്ലോ? അധികാരികളും മിശ്രവിവാഹിതരുടെ സമര്‍ത്ഥരായ മക്കള്‍ക്ക് അവാര്‍ഡുകള്‍ വരെ നല്‍കി, മാനവസമൂഹത്തില്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു. 'ഭൂരിപക്ഷത്തോട് ചേര്‍ന്ന് നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കരുത്'എന്ന് വചനം അനുശാസിക്കുന്നു (പുറ. 23:2).

ധനവും വിവേകവും സമ്പത്തും പ്രശസ്തിയും കൊടുത്ത് ദൈവം അനുഗ്രഹിച്ച മഹാനായ സോളമന്‍ രാജാവ്, ദൈവത്തെ ധിക്കരിച്ച് അന്യവംശങ്ങളില്‍ നിന്നുളള സ്ത്രീകളുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സോളമന്‍ രാജാവിന്റെ ഐശ്വര്യവും പ്രതാപവും രാജ്യവും ദൈവം എടുത്തുമാറ്റി. അന്യദൈവങ്ങളെ ആരാധിച്ചിരുന്ന വിജാതീയ ഭാര്യമാര്‍ സോളമന്‍ രാജാവിന്റെ ഹൃദയത്തെ ഇസ്രായേലിന്റെ സത്യദൈവമായ യഹോവയില്‍ നിന്ന് വ്യതിചലിപ്പിച്ചു. മ്ലേഛ വിഗ്രഹങ്ങളെ ആരാധിക്കുകയും അവര്‍ക്കര്‍പ്പിച്ച ബലിവസ്തുക്കള്‍ ഭക്ഷിക്കുകയും ചെയ്ത് തന്നെത്തന്നെ അശുദ്ധനാക്കി (1 രാജാ. 11 :1-8). (പുറ. 34:15-18). മിശ്രവിവാഹങ്ങള്‍ നടത്തിയ സോളമന്‍ രാജാവിന്റെ പിന്‍തലമുറകളില്‍ കൊലപാതകങ്ങളും അതിദാരുണമായ തകര്‍ച്ചകളും സത്കീര്‍ത്തി നഷ്ടവും അതീവ ദു:ഖകാരണങ്ങളുമുണ്ടായി (പ്രഭാ. 47:16-21).

അതീവ സുന്ദരിയും എല്ലാ കാര്യത്തിലും വളരെ കഴിവുമുളള കത്തോലിക്ക പെണ്‍കുട്ടിയെ വിജാതിയനായ മനുഷ്യന്‍ പ്രേമിച്ചു. അക്രൈസ്തവമായി ചില മന്ത്രത്തെക്കുറിച്ച് കേട്ടിട്ടുളള ഈ പെണ്‍കുട്ടി ഭീകരരൂപങ്ങള്‍ സ്വപ്നത്തില്‍ കണ്ട് പേടിച്ചുവിറക്കാന്‍ തുടങ്ങി. ഇവളെ എങ്ങനെയെങ്കിലും വിവാഹം ചെയ്യാന്‍ വേണ്ടി അവളുടെ ആഗ്രഹത്തിന് വഴങ്ങി ഈ വിജാതീയ മനുഷ്യന്‍ മാമോദീസാവെളളം തലയിലൊഴുക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ വിവാഹജീവിതം നയിച്ച ഇവര്‍ക്ക് മക്കളൊന്നുമുണ്ടായില്ല. കാരണം ദാമ്പത്യാനുഷ്ഠാനം ശരിയായ വിധത്തിലല്ല നടത്തിയത്.

അതോടെ ഇവളുടെ മിശ്രവിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളും ദു:ഖങ്ങളും സംഘര്‍ഷങ്ങളും തിരമാലകള്‍പോലെ അടിച്ചുയരാന്‍ തുടങ്ങി. അവളുടെ മന:സാക്ഷിയും അവളെ കുറ്റപ്പെടുത്തിയപ്പോള്‍ അവളുടെ ഞരമ്പുകള്‍ പൊട്ടി രക്തസ്രാവമുണ്ടായി. കഴിഞ്ഞ എട്ടു വര്‍ഷമായി തളര്‍വാത രോഗിയായി കിടപ്പിലാണ്. മിശ്രവിവാഹത്തിന്റെ അതിദാരുണമായ ഇരയെന്ന് വിശേഷിപ്പിക്കാം!

 വിശുദ്ധ ബൈബിള്‍ ജീവിതത്തിന് ആധാരമാക്കി സ്വീകരിച്ച് ഒരു ദൈവപൈതല്‍ ജീവിതാദര്‍ശങ്ങള്‍, പ്രവര്‍ത്തന ശൈലികള്‍, തീരുമാനങ്ങള്‍ എല്ലാം ദൈവഹിതപ്രകാരം ക്രമപ്പെടുത്തണം. വിവാഹജീവിതത്തില്‍ പ്രവേശിക്കുവാന്‍ സമയമാകുമ്പോള്‍, അനാദിയിലെ ദൈവം നിനക്കുവേണ്ടി, നിന്റെ ജീവിതപങ്കാളിയാകുവാന്‍ നിശ്ചയിക്കപ്പെട്ട വ്യക്തിയെ കാണിച്ച് തരണമേ എന്ന് മാതാപിക്കളോടും ബന്ധുമിത്രാദികളോടൊത്തു പ്രാര്‍ത്ഥിക്കുക. അബ്രഹാത്തിന്റെ മകനായ ഇസഹാക്കിന് വിവാഹപ്രായമായപ്പോള്‍ അബ്രഹാം തന്റെ ഭൃത്യനെ അയച്ച് തന്റെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്ന് റബേക്കാ എന്ന പെണ്‍കുട്ടിയെ ഇസഹാക്കിന് ഭാര്യയായി കണ്ടെത്തി. അപ്പോള്‍ ബന്ധുമിത്രാദികള്‍ പറഞ്ഞു, ഇത് കര്‍ത്താവിന്റെ ഇഷ്ടമാണ്. ഈ വിവാഹബന്ധത്തെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും പറയുവാനില്ല (ഉല്‍. 24:1-50). ഈശോയുടെ വളര്‍ത്തുപിതാവായ, നീതിമാനും പ്രാര്‍ത്ഥിക്കുന്നവനുമായ വിശുദ്ധ യൗസേഫ് തന്റെ കുടുംബജീവിതം ആരംഭിക്കുന്നതിന് മുമ്പ് രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു.

പരിശുദ്ധ കന്യാമറിയത്തോട് മംഗല വാര്‍ത്തയറിയിച്ച ഗബ്രിയേല്‍ ദൂതന്‍ (സന്ദേശവാഹകന്‍) തന്നെ പറഞ്ഞു 'യൗസേപ്പേ, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാന്‍ ശങ്കിക്കേണ്ട. ഇത് ദൈവഹിതമാണ് '(മത്താ. 1:19-21). അതുകൊണ്ട്, കുടുംബജീവിതത്തിന് സമയമായിട്ട് ഒരുങ്ങുന്ന പ്രിയ ദൈവമക്കളെ, പ്രാര്‍ത്ഥിച്ച് ദൈവഹിതം അറിയുവാനുളള നിങ്ങളുടെ മാനുഷിക പ്രയത്‌നങ്ങള്‍ ഫലദായകവും അനുഗ്രഹീതവുമാകുന്നു. അങ്ങനെ ദൈവം വിളിച്ച് വിശുദ്ധീകരിച്ച് നിനക്ക് നല്‍കുന്ന ജീവിതപങ്കാളിയെ, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും ഇടവകജനത്തിന്റെയും ആശീര്‍വാദത്തോടുകൂടി നീ ഒരു ക്രിസ്തീയ കുടുംബത്തിന് അടിത്തറയിട്ടാല്‍ അത് ഈശോ വസിക്കുന്ന തിരുക്കുടുംബം തന്നെ ആകുന്നു.