''പോര്‍ണോഗ്രഫി ആസ്വദിക്കുകയും അതിന് അടിമപ്പെടുകയും ചയ്യുന്നവരുടെ കുടുംബത്തില്‍ സംഭവിക്കാന്‍ 95 ശതമാനം സാധ്യതയുള്ള രണ്ട് പ്രധാന പരിണതഫലങ്ങള്‍: ഒന്ന്, ജീവിതപങ്കാളിയുമായുള്ള ലൈംഗികബന്ധത്തിലെ അസംതൃപ്തി (കാരണം ഇത്തരക്കാര്‍ സംതൃപ്തി നല്കുന്ന ലൈംഗിക ബന്ധങ്ങള്‍ എന്നു കരുതി മനസില്‍ സൂക്ഷിക്കുന്നവ യാഥാര്‍ത്ഥ്യവുമായി തെല്ലും ബന്ധമില്ലാത്ത ചില മായക്കാഴ്ചകളാണ്). രണ്ട്, ദാമ്പത്യ അവിശ്വസ്തത (പങ്കാളിക്ക് സാധ്യമല്ലാത്തത് തേടി മായക്കാഴ്ചകളും ബലഹീനമായ മനസുമായുള്ള യാത്രയുടെ ഫലം).'' ശാസ്ത്രീയമായ കണക്കെടുപ്പിനും വിശദമായ പഠനത്തിനും ശേഷം മന:ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്.

റോമില്‍ നടക്കുന്ന സിനഡ് കുടുംബത്തിന്റെ ശത്രുവായി ഈ തിന്മയെ എടുത്തുകാട്ടിയതില്‍ അതിശയിക്കാനൊന്നുമില്ല. ആധുനിക ലോകത്തിലെ കുടുംബങ്ങളെ തകര്‍ക്കുന്ന വലിയ ശത്രുക്കളിലൊന്നിനെക്കുറിച്ച് സിനഡ് അവസാന ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തു. ഒരു പക്ഷേ, അമ്പതുവര്‍ഷം മുമ്പ് ഇത്രയധികമായി ഈ തിന്മയ്ക്ക സ്വാധീനമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മെത്രാന്മാരുടെ സംഘം വത്തിക്കാനില്‍ ഒരുമിച്ചുകൂടി ചര്‍ച്ച ചെയ്യാന്‍ മാത്രം ഈ ശത്രു വളര്‍ന്നിരിക്കുന്നു. എന്നു കേള്‍ക്കുന്നതുതന്നെ ഭീകരമായിരിക്കുന്നു.

യുവജനങ്ങളും കൗമാരക്കാരും വിവാഹിതരായ ദമ്പതികളും പ്രായമായവര്‍ പോലും ഈ തിന്മയ്ക്ക് അടിമപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സിനഡ് ചര്‍ച്ചകള്‍. അമേരിക്കയില്‍നിന്നുള്ള മെത്രാന്‍ സംഘമാണ് ഏറെയധികമായി ഈ വിപത്തിനെ ചൂണ്ടിക്കാട്ടിയതും ആഗോളവത്ക്കരണത്തിന്റെയും സാങ്കേതിക മികവിന്റെയും നേട്ടങ്ങളില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഒരു തിന്മയാണ് ഇന്റര്‍നെറ്റില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ലഭ്യമായിരിക്കുന്ന പോര്‍ണോഗ്രഫി.

ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍നല്‍കി കുടുംബങ്ങളെ തകര്‍ക്കുക എന്നുള്ളതാണ് പോര്‍ണോഗ്രഫി എന്ന തിന്മയുടെ ലക്ഷ്യം. ഒരു വ്യക്തി പോണ്‍ വീഡിയോ കാണുമ്പോള്‍ അതിലൂടെ ലൈംഗികതയെക്കുറിച്ച് വികലമായ, എന്നാല്‍ സമ്പൂര്‍ണം എന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇമേജ് മനസില്‍ രൂപപ്പെടുന്നു. വിവാഹത്തിന് മുമ്പാണെങ്കില്‍ വിവാഹസമയത്ത് അത്തരമൊരു കാഴ്ചപ്പാടോടു കൂടിയാണ് അയാള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹിതരാണെങ്കില്‍ ജീവിതപങ്കാളിയില്‍നിന്ന് താന്‍ സമ്പൂര്‍ണം, പെര്‍ഫെക്ട് എന്നു കരുതിയിരുന്ന അത്തരമൊന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, പോണ്‍ വെറും മായയും കെട്ടിച്ചമച്ചതുമായതിനാല്‍ അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സുഖാന്വേഷണം സകലരെയും അസംതൃപ്തിയിലേക്ക് നയിക്കും. അങ്ങനെ യുവജനങ്ങളുടെയും ദമ്പതികളുടെയും ജീവിതം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. കുടുംബജീവിതത്തില്‍ ലൈംഗിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ നേരിടുന്ന 90 ശതമാനം വ്യക്തികളുടെയും മനസില്‍ അവര്‍ സ്ഥിരമായി കാണുന്നതോ, മുമ്പ് കണ്ടതോ ആയ പോര്‍ണോഗ്രഫിയാണ് കാരണമായി നില്‍ക്കുന്നത് എന്ന് മനസിലാക്കണം. ദാമ്പത്യബന്ധത്തില്‍ അവിശ്വസ്തത പുലര്‍ത്തുന്ന നൂറില്‍ തൊണ്ണൂറ്റിയൊമ്പതുപേരും പോര്‍ണോഗ്രഫിയ്ക്ക് അടിമകളാണ് എന്നു കേള്‍ക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ തകര്‍ക്കാന്‍ അത് എത്രകണ്ട് ശക്തമാണെന്ന് മനസിലാക്കുക. പോര്‍ണോഗ്രഫി മനുഷ്യന്റെ ലൈംഗികജീവിതത്തിന്റെയും സ്വസ്ഥതയുള്ള കുടുംബജീവിതത്തിന്റെയും ശത്രുവാണ്. നിരീക്ഷണങ്ങള്‍ നടത്തിയത് അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഷാപുത് ആണ്.

യഥാര്‍ത്ഥ സന്തോഷം യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. മായയായ കാഴ്ചകള്‍ക്ക് അതുനല്‍കാന്‍ സധിക്കുമെന്ന് മനുഷ്യനെ പിശാച് തെറ്റിദ്ധരിപ്പിക്കുന്നു. പോര്‍ണോഗ്രഫി ജനിപ്പിക്കുന്ന അടിമത്തം തന്നെ പിശാചിന്റെ റോള്‍ വ്യക്തമാക്കുന്നു. മദ്യം, അമിതമായ ഭക്ഷണം തുടങ്ങി മനുഷ്യനെ അടിമപ്പെടുത്തുന്ന സകല തിന്മകളും പിശാചിന്റെ ആയുധങ്ങളാണ്. എന്നാല്‍, വളരെ മാന്യന്മാരെന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്ന അനേകര്‍ പോര്‍ണോഗ്രഫി എന്ന തിന്മയ്ക്കടിമകളാണ് എന്നു മനസിലാക്കുമ്പോള്‍ പിശാച് ഈ മേഖലയില്‍ എത്രയധികമായി കൈകടത്തിയിരിക്കുന്നു എന്ന് നമുക്ക് മനസിലാക്കാം.

''ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത വളരെ സ്വീകാര്യമായ ഒരു പ്രവര്‍ത്തി യാണിതെന്നുള്ള വാദം പിശാച് കൊണ്ടുവരുന്ന വലിയൊരു നുണയാണ്.'' ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് വ്യക്തമാക്കി. ''ഇതൊരു സാമൂഹ്യവിപത്താണ്. വ്യക്തികളെ കാര്‍ന്നുതിന്നുന്നതു കൂടാതെ കുടുംബത്തെയും സമൂഹത്തെയും ഇത് മലിനമാക്കുന്നു. പോണ്‍ വ്യവസായവും, മാംസക്കച്ചവടവും, കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നതും തമ്മില്‍ വലിയ ബന്ധമുണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പോര്‍ണോഗ്രഫിയ്ക്ക് അടിമയായ വ്യക്തിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. എതിര്‍ലിംഗത്തിലുള്ള ആരെക്കണ്ടാലും ആ കണ്ണുകളിലൂടെയേ അയാള്‍ക്ക് കാണാനാവൂ. ദൈവം നല്‍കിയ ലൈംഗികത എന്ന ദാനത്തെ ദുരൂപയോഗിക്കാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുന്ന മയക്കുമരുന്നാണ് പോര്‍ണോഗ്രഫി.''

അമേരിക്കയില്‍ കുടുംബങ്ങള്‍ നേരിടുന്ന ഈ പ്രതിസന്ധി വളരെ വലുതായതിനാല്‍ യു.സ്. ബിഷപ്‌സ് കോണ്‍ഫറന്‍സ് ഈ തിന്മയെ പ്രതിരോധിക്കാന്‍ ഒരു ഡോക്യുമെന്റുതന്നെ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ''മനുഷ്യന്റെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ വികലമാക്കുന്നതില്‍ പോര്‍ണോഗ്രഫി വിജയിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. അത്തരം വികലമായ കാഴ്ചപ്പാടുകളുമായി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയോ, കുടുംബബന്ധങ്ങള്‍ നയിക്കാന്‍ ഉദ്യമിക്കുകയോ ചെയ്യുന്നവരുടെ പരാജയം എടുത്തുപറയേണ്ടതില്ലല്ലോ.'' കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡി നാര്‍ഡോ പറഞ്ഞു. പോര്‍ണോഗ്രഫി വലിയൊരു ബിസിനസ്സ് മേഖലയാണ്. ടെലിവിഷന്‍ ചാലനുകളും, കേബിള്‍ നെറ്റ് വര്‍ക്കുകളും വെബ്‌സൈറ്റ് ഭീമന്മാരും, ഹോട്ടലുകളും ഇതിനെ മുതലെടുക്കുന്നു. അതിനുപിന്നില്‍ നടക്കുന്ന മാംസക്കച്ചവടത്തിന്റെ ലാഭങ്ങള്‍ വേറെയും. മനുഷ്യനെ എളുപ്പം തെറ്റില്‍ വീഴ്ത്തുവാന്‍ ലൈംഗികതയെ ഉപയോഗിക്കാമെന്നതിനാല്‍ പിശാചും ഇതിനെ ശക്തമായി ഉപയോഗിക്കുന്നു. അനേകരുടെ വ്യക്തിജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും നശിപ്പിക്കുന്നതിനും അതിലൂടെ തിന്മനിറഞ്ഞ ഒരു സമൂഹം രൂപപ്പെടുത്തുന്നതിനും. കുടുംബജീവിതത്തിലും ഈ തിന്മ യഥാര്‍ത്ഥ സന്തോഷത്തെ അകറ്റി മിഥ്യയായ മരീചികകള്‍ക്കുവേണ്ടിയുള്ള ഓട്ടത്തില്‍ കൊണ്ടെത്തിക്കുന്നു. കൗമാരക്കാരിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന ഈ തിന്മ അവരുടെ ഭാവി നശിപ്പിക്കുകയും മാതാപിതാക്കളും സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

''ഇന്നത്തെ തലമുറയോട് എന്തിനാണ് വിവാഹം കഴിക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചാല്‍ വ്യക്തമായ മറുപടി പറയാനില്ലാതെ പലരും കുഴങ്ങുന്നത് കാണാം. കാരണം, ജീവിതപങ്കാളിയും കുട്ടികളും അടങ്ങുന്ന ഒരു കൂടുംബം രൂപീകരിക്കാന്‍എന്ന സരളമായ ഉത്തരം പോലും ആര്‍ക്കും നല്‍കാനാകുന്നില്ല. ജീവിതപങ്കാളിയുമായി സ്‌നേഹം പങ്കുവയ്ക്കാനും, ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനുമായി ദൈവം നല്‍കിയിരിക്കുന്ന ലൈംഗികത എന്ന മഹത്തായ ദാനത്തെ വികലമായ കാഴ്ചപാടുകളുടെ കൂമ്പാരമാക്കിയതില്‍ പോണ്‍ വ്യവസായത്തിന്റെ പങ്ക് വളരെ വലുതാണ്.'' സിനഡില്‍ പങ്കെടുത്ത ഓഡിറ്റര്‍മാരായ അത്മായ സഹോദരങ്ങളുടെ ഇക്കാര്യത്തെക്കുറിച്ചുള്ള വിലയിരുത്തലും ശ്രദ്ധേയമായി.

ചുരുക്കത്തില്‍ പോര്‍ണോഗ്രഫി ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാ ടുകള്‍ ഒരു വ്യക്തിയില്‍ കുത്തിനിറയ്ക്കാന്‍ സഹായിക്കും. അത്തരമൊരു അറിവ് ലഭിച്ചാല്‍ പിന്നീട് യഥാര്‍ത്ഥ കുടുംബജീവിതത്തില്‍പോലും ഈ തിന്മ ഒരു വ്യക്തിയെ വേട്ടയാടിക്കൊണ്ടിരിക്കും. അതുകൊണ്ട് കേവലം കാഴ്ചയുടെ മലിനീകരണമായി മാത്രം അതിനെ കാണരുത് വ്യക്തിത്വത്തിന്റെ ശിഥിലീകരണവും മനസുറപ്പില്ലാത്ത സമൂഹത്തിന്റെ ആവിര്‍ഭാവവുമാണ് ഈ തിന്മയുടെ ബാക്കിപത്രം. പലപ്പോഴും ദാമ്പത്യബന്ധത്തില്‍ ഉപകരിക്കുമെന്നുള്ള തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉപദേശത്തിന്റെ പേരിലാണ് ചില ദമ്പതികളെങ്കിലും ഈ തിന്മയെ ഒരുമിച്ച് ആശ്ലേഷിച്ചിട്ടുള്ളത്. എന്നാല്‍, പോര്‍ണോഗ്രഫി കാണുന്നവരില്‍ ഉണ്ടാകുന്ന, മന:ശാസ്ത്രപരമായി നൂറുശതമാനം ശരിയെന്ന് തെളിയിക്കപ്പെട്ട ഒരു ലക്ഷണമുണ്ട്; അത് ജീവിതപങ്കാളിയുമായുള്ള ലൈംഗികബന്ധത്തിലെ അസംതൃപ്തിയാണ്; അതിന്റെ തുടര്‍ച്ച ദാമ്പത്യ അവിശ്വസ്തതയും. അതു കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ എത്ര പര്യപ്തമാണെന്ന് അനേകം ശിഥിലമായ കുടുംബങ്ങളുടെ സാക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു.  

Please visit below website to save the life from these addictions

http://reclaimsexualhealth.com/