പ്രാര്‍ത്ഥിച്ചിട്ടും കാത്തിരുന്നിട്ടും ആഗ്രഹിച്ച സമയത്തൊന്നും വിവാഹം നടക്കാതെ വരുന്ന അവസ്ഥ അനേകരുടെ ജീവിതത്തില്‍. അങ്ങനെയൊരവസ്ഥയില്‍ ഏതൊക്കെ രീതിയില്‍ നമുക്കു പ്രതികരിക്കാം? തന്റെ കാര്യത്തില്‍ മാതാപിതാക്കളും വേണ്ടപ്പെട്ടവരും മതിയായ താത്പര്യമെടുക്കുന്നില്ലെന്നു ചിന്തിച്ച് അവരോട് പരിഭവിക്കാം. ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടും ഇങ്ങനെ സംഭവിക്കുകയാണല്ലോ എന്നോര്‍ത്ത് പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കാം. ആളുകളെ നേരിടുന്നതൊഴിവാക്കാന്‍, ദേവാലയത്തില്‍പ്പോകുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും മതിയാക്കാം. ജീവിതംതന്നെ അവസാനിപ്പിച്ചുകളയുന്നതിനെക്കുറിച്ചും ചിന്തിക്കാം. എന്നാല്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രശ്‌നപരിഹാരം നല്‍കാന്‍ ഈ വഴികളില്‍ ഏതെങ്കിലുമാകുമോ? ഇല്ലെന്നുതന്നെയാണ് ഉത്തരം.
രണ്ടു കല്യാണക്കഥകള്‍
ഒരു പെണ്‍കുട്ടിയുടെ കഥ പറയാം. ഉയര്‍ന്ന സാമ്പത്തികസ്ഥിതിയൊന്നുമില്ലാത്ത കുടുംബത്തിലെ അംഗമാണവള്‍. സാമാന്യം വണ്ണമുണ്ട്. വെളുത്ത നിറമുള്ളവരോട് താത്പര്യം കുടുതലുള്ള സമൂഹമായതിനാല്‍ അക്കാര്യത്തിലും പ്രതീക്ഷ പുലര്‍ത്താനാവില്ല. കാരണം അവള്‍ക്ക് അല്‍പം ഇരുണ്ട നിറമാണ്. എന്നിരുന്നാലും അവള്‍ നിരാശപ്പെടാന്‍ തയ്യാറായിരുന്നില്ല. മുന്‍കാലങ്ങളില്‍ തനിക്കായി അത്ഭുതങ്ങളൊരുക്കിയ കര്‍ത്താവുണ്ടെന്ന് അവള്‍ ഓര്‍മ്മിച്ചു. അവിടുന്നില്‍ ആശ്രയിച്ചു. പരിചയമുള്ളൊരു സന്യാസിനി നല്‍കിയ കരുണയുടെ ജപമാല ചൊല്ലുന്നത് ഒരു പതിവാക്കി. മറ്റുള്ളവര്‍ കേട്ടാല്‍ പുച്ഛിച്ചേക്കാമെങ്കിലും തന്റെ സ്വകാര്യ ആഗ്രഹവും അവള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. ദൈവഹിതമെങ്കില്‍ എനിക്ക് ഉദ്യോഗമുള്ള ഒരാളെ ഭര്‍ത്താവായി വേണം.
നല്ലൊരു വിവാഹബന്ധം ലഭിക്കാന്‍ സാധ്യത കുറവെന്നു പലരും വിധിയെഴുതിയ അവളുടെ ജീവിത്തില്‍ സംഭവിച്ചത് കരുണാമയനായ ദൈവത്തിന്റെ വലിയ ഇടപെടലാണ്. സാമാന്യം നല്ലൊരു ഉദ്യോഗസ്ഥനും സത്സ്വഭാവിയുമായ യുവാവിനെ അവള്‍ക്ക് വരനായി ലഭിച്ചു. സൗന്ദര്യമാകട്ടെ അവളെക്കാള്‍ കൂടുതലായിരുന്നു ഭര്‍ത്താവിന്. എന്നാല്‍ അവളെ സ്‌നേഹിക്കുന്നവനും. വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ സംതൃപ്തമായി ജീവിക്കുന്നു.
വിവാഹജീവിതം ലഭിക്കാത്തതില്‍ വേദനിക്കുന്ന ഒരു പെണ്‍കുട്ടിയെയും അവളുടെ ജീവിതത്തിലുണ്ടായ ദൈവീക ഇടപെടലിനെക്കുറിച്ചും ബൈബിളിലും വായിക്കുന്നുണ്ട്. സാറാ എന്നാണ് അവളുടെ പേര്. സത്സ്വഭാവമുള്ള യുവതി. ഏഴുപ്രാവശ്യം അവള്‍ വിവാഹിതയായി. പക്ഷേ ഏഴുതവണയും വിവാഹരാത്രിയാകുമ്പോഴേ ഭര്‍ത്താക്കന്മാര്‍ മരിക്കുകയാണ്. അതിനാല്‍ തീര്‍ച്ചയായും ഒരു യുവതിക്ക് താങ്ങാനാവാത്ത ഹൃദയഭാരത്തോടെയാണ് അവള്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ആയിടക്ക് എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലൊരനുഭവം അവള്‍ നേരിടേണ്ടിവരുന്നു. പിതാവിന്റെ പരിചാരികമാര്‍ ഈ വിധിയെപ്രതി അവളെ അധിക്ഷേപിക്കുന്നു. സാറായെ ആകെ ഉലച്ചുകളഞ്ഞു ഈ അധിക്ഷേപം. അപമാനഭാരം താങ്ങാനാകാതെ തൂങ്ങിമരിച്ചുകളഞ്ഞാലോ എന്നവള്‍ ചിന്തിക്കുകയാണ്.
ആധുനികലോകത്തെ ഏതൊരു പെണ്‍കുട്ടിയും സഞ്ചരിക്കാവുന്ന വഴികളിലൂടെയാണ് അതുവരെയും അവളുടെ ചിന്തകള്‍ സഞ്ചരിക്കുന്നത്. പക്ഷേ അധികം വൈകാതെ അതിന്റെ ഗതി മാറുന്നു. അവള്‍ പുനര്‍ വിചിന്തനം ചെയ്തു എന്നാണ് ബൈബിളില്‍ രേഖപ്പെടുച്തിയിരിക്കുന്നത്. പിന്നീട് അവള്‍ ചെയ്യുന്നത് കിളിവാതിലിനടുത്തുനിന്ന് പ്രാര്‍ത്ഥിക്കുകയാണ്. ആ പ്രാര്‍ത്ഥനയുടെ ഘടന ഏറെ ശ്രദ്ധേയമാണ്. ആദ്യം അവള്‍ കര്‍ത്താവിനെ സ്തുതിക്കുന്നു. തന്റെ ജീവിതത്തില്‍ ഇത്രമാത്രം ദു:ഖങ്ങള്‍ അനുവദിക്കുന്ന ദൈവത്തെ അവള്‍ സ്തുതിക്കാതിരിക്കുന്നില്ല. അതിനുശേഷം തന്റെ ദുഖത്തിന്റെ അവസ്ഥ സാറാ ദൈവത്തോടു തുറന്നു പറയുകയാണ്. തനിക്ക് തുടര്‍ന്നു ജീവിക്കണമെന്നില്ല. എന്നാല്‍ ഇനി അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടല്ലോ എന്നൊക്കെയാണ് അവള്‍ പറയുന്നത്. പ്രാര്‍ത്ഥന തുടരുന്നത് തന്റെ നിഷ്‌കളങ്കതയെക്കുറിച്ച ദൈവത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്. സ്വന്തം നാടുവിട്ട് മറ്റൊരു ദേശത്തേക്ക് കുടിയേറിപ്പാര്‍ത്ത തന്റെ കുടുംബത്തിന് താനൊരിക്കലും അപമാനം വരുത്തിയിട്ടില്ല. ഒരു പുരുഷനുമായും താന്‍ പാപം ചെയ്തിട്ടില്ല തനിക്ക് നല്ലൊരു വിവാഹജീവിതം തുവരെയും ലഭിക്കാത്തതിനു കാരണം തന്റെ ഭാഗത്തുനിന്നുളള ഒരു തെര്‌റുമല്ലെന്ന് അവള്‍ക്കുറപ്പാണ്. അതിനാല്‍ ഇനി ജീവിക്കുന്നതിനെന്തര്‍ത്ഥമാണുള്ളത്? അതാണ് സാറായുടെ ചോദ്യം.
എങ്കിലും അവള്‍ ഒടുവില്‍ ദൈവഹിതത്തിന് തന്നെത്തന്നെ വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നു. ഞാന്‍ ജീവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കില്‍ എന്നെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ! ഇനി അധിക്ഷേപങ്ങള്‍ കള്‍ക്കാന്‍ ഇടവരാത്തവിധം എനിക്കു മാന്യത നല്‍കണമേ! അപ്രകാരം പറഞ്ഞുകൊണ്ട് അവള്‍ തന്റെ പ്രാര്‍ത്ഥന ദൈവസന്നിധിയേക്കുയര്‍ത്തി. പിന്നീട് ദൈവത്തിന്റെ മഹനീയസന്നിധിയില്‍നിന്ന് ഉണ്ടായ ഇടപെടലിനെക്കുറിച്ചാണ് നാം വായിക്കുന്നത്. സാറായുടെ ദു:ഖമകറ്റുംവിധം അവള്‍ക്ക് നല്ലൊരു വിവാഹജീവിതം നല്‍കാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ, റഫായേല്‍ , നിയുക്തനാവുന്നു. ആ ദുഖമകറ്റാനുള്ള വഴികളില്‍ കര്‍ത്താവിന്റെ അനന്ത ജ്ഞാനം നമുക്കു കാണാനാകും. അവിടുത്തെ പദ്ധതികള്‍ എപ്പോഴും സമഗ്രമാണ്.
കാരണങ്ങളും പരിഹാരങ്ങളും
വിവാഹം വൈകിുന്നത് പല കാരണങ്ങള്‍കൊണ്ടാംകാം. ചിലപ്പോഴെല്ലാം സാമ്പത്തികമായി എല്ലാം ഒരുക്കി വച്ചിട്ടുണ്ടെങ്കിലും മാനസികമായി തയ്യാറെടുത്തിട്ടുണ്ടെങ്കിലും ആത്മീയമായി ജീവതപങ്കാളിയെ സ്വീകരിക്കാവുന്ന അവസ്ഥയിലല്ലെങ്കില്‍ വിവാഹം വൈകാനിടയുണ്ട്. അങ്ങനെയുള്ളവര്‍ തനിക്കായുള്ള ജീവിതപങ്കാളിയെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ തയ്യാറെടുത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ വിവാഹം നടക്കുന്നത് കാണാം. വിവാഹമെന്നത് ദൈകൃപയാല്‍ സംഭവിക്കേണ്ട ഒന്നാണ്. ദൈവകൃപ സ്വീകരിക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ വിവാഹം വൈകിയേക്കാം. അതിനാല്‍ അപ്രകാരം എന്തെങ്കിലുമെങ്കില്‍ സ്വയം വിശുദ്ധീകരണം തേടി പ്രാര്‍ത്ഥിക്കുകയാണ് പരിഹാരം. ഇനിയും ചിലരെ സംബന്ധിച്ച് അവര്‍തന്നെയോ ഉത്തരവാദിത്തപ്പെട്ടവരോ വച്ചുപുലര്‍ത്തുന്ന നിര്‍ബന്ധങ്ങള്‍ തടസ്സമായിത്തീരാം. ദൈവം ഒരുക്കിയിരിക്കുന്ന ജീവിതപങ്കാളി ഒരു കര്‍ഷകനായിരിക്കേ എന്‍ജിനീയറെമാത്രം മതി എന്നു കരുതുമ്പോള്‍ വിവാഹം വൈകാനിടയുണ്ട്. അതിനാല്‍ ആഗ്രഹങ്ങള്‍ പാടില്ലെന്നല്ല, അവ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ദൈവഹിതത്തിനായി വിട്ടുകൊടുക്കുന്നതാണ് ഉചിതം.
ചിലപ്പോള്‍ ഒരു വ്യക്തിയെ ദൈവവുമായുള്ള ഒരു നല്ല ബന്ധത്തിലേക്ക് നയിക്കാനും അവിടുന്ന് ഇപ്രകാരം അനുവദിച്ചെന്നു വരാം. തന്റെ ആ മകന്‍ അഥവാ മകള്‍ വിവാഹം വൈകുന്നതുവഴിയായി തന്നോട് കൂടുതല്‍ അടുക്കാനിടവരുന്നത് അവിടുത്തേക്ക് സന്തോഷജനകമായിരിക്കുകയില്ലേ? അതൊരിക്കലും അത്യന്തികമായി ദോഷകരമായിരിക്കുകയില്ല. ഇനിയും ചിലരുടെ കാര്യത്തില്‍ കുടുംബത്തിലെയോ തന്റെതന്നെയോ മേലുള്ള ഏതെങ്കിലും തിന്മയുടെ സ്വാധീനം നിമിത്തനമാണ് (ഉദാഹരണം സാറാ) അങ്ങനെ സംഭവിക്കുന്നതെങ്കില്‍ യേശുവിന്റെ പീഢാസഹനങ്ങളുടെയും തിരുരക്തത്തിന്റെയും യോഗ്യതയാല്‍ പ്രാര്‍ത്ഥിക്കുന്നതും കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും ഫലം ചെയ്യും. ചിലരുടെ കാര്യത്തില്‍ അവരോട് ഏതെങ്കിലും വിധത്തില്‍ വിദ്വേഷം പുലര്‍ത്തുന്നവരോ അസൂയക്കാരോ നിരന്തരം അവരുടെ വിവാഹം മുടക്കിക്കൊണ്ടിരിക്കും. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, കര്‍ത്താവ് നിങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്ന വിവാഹം തടയാന്‍ അവര്‍ക്കാര്‍ക്കും സാധിക്കുകയില്ല. ഏതെങ്കിലും വിവാഹം മുടങ്ങുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കുള്ളതല്ലാത്തതുകൊണ്ടുമാത്രമാണ് മുടങ്ങാന്‍ അവിടുന്ന് അനുവദിക്കുന്നത്. പ്രശസ്തനായ ഒരു വചനപ്രഘോഷകന്റെ ജീവിതാനുഭവം കേട്ടത് ഇതിന് നല്ലൊരു ഉദാഹരണമായി തോന്നി. അദ്ദേഹത്തിന്റെ ഭാര്യയായിത്തീര്‍ന്ന വ്യക്തിയെ മുന്‍പ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച പുരുഷന്‍ ആ യുവതിക്കു വരുന്ന എല്ലാ വിവാഹാലോചനയും മുടക്കും. അപ്രകാരം പ്രസ്തുത വചനപ്രഘോഷകനും ഊമകത്തുകള്‍ ലഭിച്ചു. ഭാവിവധുവിനെക്കുറിച്ചുള്ള അപവാദങ്ങളായിരുന്നു അവയില്‍., എന്നാല്‍ അദ്ദേഹം അതെല്ലാം അവഗണിച്ച് ദൈവഹിതപ്രകാരം ആ യുവതിയെത്തന്നെ വിവാഹം കഴിച്ചു.
ഇതോടൊപ്പം ഭാവി പങ്കാളിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതും ആവശ്യമാണ്. ഉദാഹരണത്തിന് വരന്‍ തന്റെ വീടിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായിട്ടേ വിവാഹം കഴിക്കൂ എന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നു കരുതുക. ഭവന നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ വിവഹം വൈകിയേക്കാം. അതിനാല്‍ താന്‍ വിവാഹം ചെയ്യേണ്ട ആളിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അയാളുടെ/ അവുളുടെ ജീവിതത്തിലും വേണ്ട ക്രമീകരണങ്ങള്‍ കര്‍ത്താവ് ചെയ്തുകൊള്ളും.
വിവാഹത്തിലേക്കുള്ള വഴികള്‍
സാറായുടെ കഥയിലേക്ക് തിരികെവരാം. മേദിയായിലെ എക്ബത്താനാ എന്ന സ്ഥലത്തുനിന്ന് സാറാ ഈ പ്രാര്‍ത്ഥനയുയര്‍ത്തിയപ്പോള്‍ നിനവേ പട്ടണത്തിലിരുന്ന് തന്റെ ദുരവസ്ഥയോര്‍ത്ത് ദൈവത്തോട് പ്രാര്‍ത്ഥിച്ച മറ്റൊരു മനുഷ്യനാണ് വൃദ്ധനായ തോബിത്. പരസ്‌നേഹപ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉത്സുകതയുണ്ടായിരുന്ന തോബിത് അങ്ങനെയൊരു പ്രവര്‍ത്തി ചെയതതിനു തൊട്ടുപിന്നാലെ കണ്ണില്‍ കുരുവിക്കാഷ്ഠം വീണ് അന്ധനായിത്തീര്‍ന്നു. അങ്ങനെയിരിക്കെ ഒരവസരത്തില്‍ സ്‌നേഹിക്കുന്ന ഭാര്യപോലും തന്നെ മനസ്സിലാക്കാതെ വന്നു. അവളുടെ വാക്കുകള്‍ കേട്ട് മനം നൊന്ത തോബിത് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. തന്റെയും തന്‍ന്റെ പിതാക്കന്മാരുടെയും പാപങ്ങള്‍ക്കു മാപ്പപേക്ഷിച്ചുകൊണ്ട് തന്നോട് കാരുണ്യം കാണിക്കണമേ എന്ന് അദ്ദേഹം യാചിച്ചു. തുടര്‍ന്നും മിഥ്യാപവാദങ്ങള്‍ ഠശറ്റക്കാനിടയാകാതെ തന്റെ ജീവന്‍ എടുത്തുകൊള്ളണമെന്നും അതായിരുന്നു പ്രാര്‍ത്ഥനയുടെ ഘടന. നന്മ ചെയ്തിട്ടും വേദനകള്‍ ലഭിച്ചവന്റെ ദുഖമായിരുന്നു അത്.
ആ പ്രാര്‍ത്ഥനക്കുശേഷം തന്റെ ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ചില കാര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അങ്ങനെ, നാളുകള്‍ക്കു മുന്‍പ് മേദിയായിലെ റാഗെസില്‍ ഗാബായേല്‍ എന്ന സുഹൃത്തിനെ താന്‍ സൂക്ഷിക്കാനേല്‍പിച്ച വെള്ളി തിരികെ വാങ്ങുന്നതിനായി മകന്‍ തോബിയസിനെ അദ്ദേഹം പറഞ്ഞയക്കുന്നു. കൂടെപ്പോകാനായി തോബിയാസിന് ലഭിക്കുന്നത് അസറിയാസ് എന്നു സ്വയം പരിചയപ്പെടുത്തിയ ദൈവദൂതന്‍ റഫായേലിനെയാണ്. അത് ഒരു ദൈവദൂതനാണെന്ന് അവരാരും അറിഞ്ഞുമില്ല. റഫായേല്‍ തോബിയാസിനെ എക്ബത്താനായില സാറായുടെ പിതാവ് റഗുവേലിനടുത്തെത്തിക്കുന്നു. തന്റെ വധുവാക്കേണ്ടവളാണ് സാറാ എന്നു തോബിയോസിനെ ബോധ്യപ്പെടുത്തി അവരെ വിവാഹത്തിലേക്കു നയിക്കുന്നു. സാറായുടെ മുന്‍പത്തെ ഏഴു ഭര്‍ത്താക്കന്മാരെയും വിവാഹത്തിന്റെ ആദ്യദിനത്തില്‍തന്നെ വധിച്ച സ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തില്‍നിന്ന് മോചനം നേടാന്‍ സഹായിക്കുന്നു. റഫായേലിന്റെ നിര്‍ദ്ദേശപ്രകാരം തോബിയാസ് സൂക്ഷിച്ച മത്സ്യത്തിന്റെ ചങ്കും കരളും വിവാഹരാത്രി ധൂപകലശത്തിലെ തീക്കനലില്‍ ഇട്ടു പുകച്ചപ്പോഴാണ് പിശാച് അവവരെ വിട്ട് ഓടിപ്പോയത്.
പിന്നീട് അസറിയാസ് എന്ന റഫായേല്‍തന്നെ ഗബായേലിന്റെ അടുത്തുനിന്ന് തോബിയാസിനുവേണ്ടി പണം തിരികെ വാങ്ങി. പിന്നീട് സാറാക്കൊപ്പം തിരികെ മാതാപിതാക്കള്‍ക്കടുത്തേക്കും തോബിയാസിനെ അനുഗമിക്കുന്നു. സാറായ്ക്കുമുമ്പേ വേണ്ട ഒരുക്കങ്ങള്‍ ചെയ്യാനായി അവരിരുവരും വീട്ടിലേക്ക് പോകുന്നു. നേരത്തെ സൂക്ഷിച്ചിരുന്ന മത്സ്യത്തിന്റെ കയ്പയെടുത്ത് റഫായേലിന്റെ നിര്‍ദ്ദേശപ്രകാരം തോബിത്തിന്റെ കണ്ണുകളില്‍ പുരട്ടിയപ്പോള്‍ തോബിത്തിന് കാഴ്ച തെളഴിഞ്ഞു. പിന്നീട് വിവരങ്ങളറിയിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ നഗരവാതില്‍ക്കല്‍ച്ചെന്ന് സാറായെ അദ്ദേഹം സ്വീകരിക്കുന്നു. തോബിയാസിനെ പിരിയും മുന്‍പ് റഫായേല്‍ സ്വയം വെളിപ്പെടുത്തുകയും ദൈവത്തെ സ്തുതിക്കാനും നന്ദി പറയാനും അവരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. തോബിത്താകട്ടെ കീര്‍ത്തനമാലപിച്ച് കര്‍ത്താവിനും നന്ദി പറയുകയും ചെയ്യുന്നു.
തോബിത്തിന്റെ പുസ്തകത്തില്‍ വിവരിക്കുന്ന തോബിത്തിന്റെയും സാറായുടേയും പ്രാര്‍ത്ഥനകള്‍ ഹൃദയഹാരികളാണ്. എന്തെന്നാല്‍ ദൈവത്തോടു നടത്തുന്ന അത്രയേറെ സത്യസന്ധമായ ഹൃദയപകര്‍ച്ചയാണ് ഈ രണ്ടു പ്രാര്‍ത്ഥനകളും. അതിനു ദൈവം കൊടുക്കുന്ന മറുപടിയുടെ വിശദമായൊരു വിവരണം നമുക്ക് വായിക്കാനാകും. എത്ര മനോഹരമാണ് കര്‍ത്താവിന്റെ വഴികള്‍!
അത്ഭുതങ്ങളെന്നുപോലും തോന്നിപ്പിക്കാതെ നമുക്കായി അവിടുന്ന് അത്ഭുതങ്ങള്‍ ചെയ്തുകൊള്ളും. അതിനാല്‍ സാറായെപ്പോലെ, തോബിത്തിനെപ്പോലെ, ഹൃദയവിചാരങ്ങള്‍ സത്യസന്ധമായി അവിടുത്തെ മുന്നില്‍ പകരുകമാത്രം ചെയ്യുക. എന്നിട്ട് കാത്തിരിക്കുക, അനുഗ്രഹ വര്‍ഷങ്ങള്‍ക്കായി.....