അഹങ്കാരമുളളവരോട് പിശാചിന് ഇഷ്ടം കൂടുമെന്ന് സ്പാനിഷ് ഭൂതോച്ചാടകനായ ഫാ. ജുവാന്‍ ജോസ് ഗല്ലേഗോ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഫാ. ജുവാന്‍ ഇക്കാര്യം പങ്കുവെച്ചത്. സ്‌പെയിനിലെ ബാര്‍സിലോണ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായ ഇദ്ദേഹം വര്‍ഷങ്ങളായി പിശാചുബാധിതരെ മോചിപ്പിച്ച് ദൈവത്തിലേക്കടുപ്പിക്കുന്നു. ഇതുവരെ ആയിരത്തില്‍പ്പരം ഭൂതോച്ചാടനങ്ങള്‍ക്ക് ജുവാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. 

അഹങ്കാരമാണ് ഏറ്റവും വലിയ തിന്മ. ജഡികപാപങ്ങളോ കൊലപാതകമോ സാത്താന്‍ പൂജയോ അഹങ്കാരത്തോളം പിശാച് ഇഷ്ടപ്പെടുന്ന പാപമല്ല. കാരണം മനുഷ്യനെ അത്രയേറെ തകര്‍ക്കാന്‍ പര്യാപ്തമായ പാപമാണ് അഹങ്കാരമെന്ന് പിശാചിന് അറിയാം. അദ്ദേഹം വ്യക്തമാക്കി. എപ്പോഴെങ്കിലും പിശാചിനെ ഭയക്കേണ്ട അവസ്ഥ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, ചിലപ്പോഴൊക്കെ പിശാചിന്റെ ശക്തിയും സ്വാധീനവും എത്രയധികമാണെന്ന് ആകുലതയോടെ നോക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിശാച് ആവസിച്ച വ്യക്തി ചിലപ്പോള്‍ അപരിചിതമായ ഭാഷ സംസാരിക്കും. അമാനുഷിക ശക്തിയും പ്രകടിപ്പിക്കും. തന്റെ അനുഭവങ്ങള്‍ ഫാ.ജുവാന്‍ വെളിപ്പെടുത്തി. 

ദൈവത്തോട് ചേര്‍ന്ന് സഹിക്കുന്ന മനുഷ്യരെ പിശാചിന് ഭയമാണ്. എന്നാല്‍ അതികഠിനവേദനകളിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ ജീവിതത്തില്‍ പിശാച് കടന്നുകൂടിയതാണോ എന്നു ഭയന്ന് ഭൂതോച്ചാടനത്തിന് വരുന്നവരും ഉണ്ടെന്ന് ഫാ.ജുവാന്‍ പറയുന്നു. പിശാച് ഉറ്റുനോക്കുന്ന മറ്റൊരു മേഖലയാണ് സഹനങ്ങളില്‍ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത്. താല്‍ക്കാലിക ആശ്വാസങ്ങള്‍ നല്‍കുന്നത് പിശാചാണെങ്കിലും മനുഷ്യര്‍ ചിലപ്പോള്‍ വേദനയെ ഭയന്ന് അതിനെ സ്വീകരിക്കുന്നു. ഇതുമൂലം വലിയ ബന്ധങ്ങള്‍ക്ക് അടിമകളായി തന്റെ അടുക്കലെത്തിയവരും ഉണ്ട് അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കി.