ഹാലോവിന്റെ ചരിത്രം
ഹാലോവിന്‍ ആഘോഷങ്ങളുടെ വ്യക്തവും കൃത്യവുമായ ഒരു ചരിത്രം അത്ര തെളിമയുളളതല്ല. ചില ചരിത്രകാരന്മാരുടെ വിവരണമനുസരിച്ച് സാംഹയിന്‍ എന്നുപേരുളള ഒരു ഗേലിക് ഉത്സവത്തിന്റെ പരിണാമമാണിത്. വിളവിന്റെ ആഘോഷവും തണുപ്പുകാലത്തിന്റെ ആരംഭവും ആഘോഷിക്കുന്നതിനായിരുന്നു ഈ ഉത്സവം. തണുപ്പുകാലം കഠിനമായി ബാധിക്കുമെന്നതിനാല്‍ ഏറെപ്പേരുടെ മരണത്തിനും ഈ സമയം കാരണമാകുമായിരുന്നു. തണുപ്പുകാലത്തോടൊപ്പം വരുന്ന മരണകാലഘട്ടത്തെ ഭയന്നതിനാല്‍, മരണദൂതുമായെത്തുന്ന ആത്മാക്കളെ തെറ്റിദ്ധരിപ്പിക്കുവാനായി ജനങ്ങള്‍ മരിച്ചുപോയവരുടെയും മറ്റും വേഷം ധരിച്ച് കറങ്ങിനടന്നു. അങ്ങനെ മരണത്തെ ആ തണുപ്പുകാലത്തെങ്കിലും തോല്പിക്കാമെന്നവര്‍ കരുതി. അങ്ങനെ മരിച്ചുപോയവരുടെ ഉത്സവമായി അതു മാറി. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയവരുടെ വേഷമിട്ട് യമദൂതന്മാരെ പറ്റിക്കുന്ന സമയം. ഇതാണ് ഹാലോമിന്റെ ചരിത്രപരമായ ആരംഭം. 

കത്തോലിക്കാ സഭയില്‍ സകലവിശുദ്ധരുടെയും തിരുനാള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് എ.ഡി 609 ലാണ്. അന്ന് മെയ് മാസത്തിലായിരുന്നു തിരുനാള്‍. ഒമ്പതാം നൂറ്റാണ്ടില്‍ ഗ്രിഗറി നാലാമന്‍ പാപ്പ ഈ അവധിദിവസത്തെ നവംബര്‍ ഒന്നിലേക്ക് മാറ്റി. അങ്ങനെ, ഒക്‌ടോബര്‍ 31 രാത്രി സകല വിശുദ്ധരുടെയും തിരുനാളിന്റെ വിജില്‍ ആയും ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഓള്‍ ഹാലോവ്‌സ് ഈവ് എന്നാണ് അതു വിളിക്കപ്പെട്ടതും. ജെര്‍മാനിക് സഭ മുമ്പുതന്നെ ഈ തിരുനാള്‍ നവംബര്‍ ഒന്നിനാണ് ആഘോഷിച്ചിരുന്നത് എന്നും സാംഹയിന്‍ ആഘോഷത്തിന്റെ ദിവസത്തോട് യോജിപ്പിക്കുന്നതിനാണ് ഈ മാറ്റം വരുത്തിയതെന്നും ചരിത്രകാരന്മാര്‍ വിവരിച്ചുകാണുന്നു. 

ഒരു ഭൂതോച്ചാടകന്റെ വാക്കുകള്‍
ഫാദര്‍ വിന്‍സെന്റ് ലാംബെര്‍ട്ട് പ്രസിദ്ധ ഭൂതോച്ചാടകനാണ്. വത്തിക്കാനിലും റോമിലും ഏറെ പ്രശസ്തന്‍. അദ്ദേഹത്തോട് ഹാലോവിന്‍ ആഘോഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി: 'കുട്ടികള്‍ക്ക് ഈ ആഘോഷത്തിന്റെ ക്രിസ്തീയ അര്‍ത്ഥം മാതാപിതാക്കള്‍ മനസിലാക്കി ക്കൊടുക്കണം. തിന്മയുടെ ശക്തികളെ മഹത്വപ്പെടുത്തുന്ന രീതിയിലുളള ഒന്നിനെ മാറ്റിനിര്‍ത്തണം. പിന്നെ, കുട്ടികള്‍ രസകരമായ വേഷമൊക്കെ ധരിച്ച് വീടുകള്‍ തോറും പോയി സൗഹൃദം പുതുക്കി മിഠായി വാങ്ങുന്നതിനെയൊന്നും നിരാകരിക്കേണ്ടതില്ല. അതൊക്കെ ഒരു ആഘോഷത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. മറ്റുളളവരില്‍ ഭയം ജനിപ്പിക്കുന്നതും തിന്മയ്ക്ക് മഹത്വം നല്‍കുന്നതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. തമാശയ്‌ക്കോ, രസത്തിനോ ഈ ആഘോഷവുമായി ബന്ധപ്പെട്ട് മന്ത്രവാദം, മാജിക് തുടങ്ങിയവയൊന്നും ചെയ്യാതിരിക്കുകയും വേണം. ഹാലോവിനില്‍ പിശാചിന് എന്തെങ്കിലും പ്രത്യേക താല്പര്യമുണ്ടെന്നൊന്നും വിചാരിക്കേണ്ടതില്ല. അതില്‍ അവന് കൂടുതല്‍ നിയന്ത്രണവുമില്ല. പിശാച് ചെയ്യുന്നതിലല്ല നാം ശ്രദ്ധിക്കേണ്ടത്, നാം ചെയ്യുന്നതിനെക്കുറിച്ചാണ്. ഇത്തരം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏറെക്കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനാവും. സകല വിശുദ്ധരും ആരെന്നും മരണാനന്തരജീവിതം എന്തെന്നും ഒക്കെ, അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തുക.' 

കത്തോലിക്കാ വിശ്വാസമനുസരിച്ച് മരിച്ചുപോയവര്‍ മൂന്ന് സ്ഥലങ്ങളിലാണുളളത്. സ്വര്‍ഗ്ഗ ത്തില്‍, നരകത്തില്‍, ശുദ്ധീകരണസ്ഥലത്ത്. ആരെങ്കിലും നരകത്തില്‍ പോയതായി സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നില്ല. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പോയി എന്ന് സഭ ഉറപ്പിച്ച് പറയുകയും. മാതൃക അനുകരിക്കുവാന്‍ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നവരാണ് പ്രഖ്യാപിക്കപ്പെട്ട വിശുദ്ധര്‍. 

മരണശേഷം ആത്മാക്കള്‍ ഈ ഭൂമിയില്‍ അലഞ്ഞുതിരിയുമെന്നൊക്കെയുളള ചിന്തകളും ഭാവനകളും സിനിമകളുടെയും, നോവലുകളുടെയും ചില തെറ്റിദ്ധാരണകളുടെയും സംഭാവനയാണ്. ഈ തെറ്റിദ്ധാരണകളെ പിശാച് ധാരാളമായി മുതലെടുക്കുന്നുമുണ്ട്. കാരണം, മരണാനന്തര ജീവിതത്തെക്കുറിച്ച് മനുഷ്യര്‍ക്ക് തെറ്റിദ്ധാരണയും വ്യക്തമായ കാഴ്ചപ്പാടും ഇല്ലാതിരിക്കുക പിശാചിന്റെ ആവശ്യമാണ്. അക്കാര്യത്തില്‍ പല സാഹചര്യങ്ങളിലൂടെയും അവന്‍ വിജയിച്ചിട്ടുമുണ്ട്. സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്ന നവംബര്‍ ഒന്നാം തീയതി എല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥന നമുക്ക് യാചിക്കാം. സകല മരിച്ചവരുടെയും ഓര്‍മ്മയാചരിക്കുന്ന നവംബര്‍ രണ്ടിന് മരിച്ചുപോയ സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.