ദൈവവും ആത്മീയതയുമെല്ലാം വെറും പഴഞ്ചന്‍ ആശയങ്ങളോ കഴമ്പില്ലാത്ത സങ്കല്പങ്ങളോ മാത്രമാണെന്നു വാദിക്കുന്ന ആധുനിക തലമുറയിലാണ് നാമിന്നു ജീവിക്കുന്നത്. സംതൃപ്തി ബാഹ്യലോകത്തിലാണെന്ന ബുദ്ധിജീവികളുടെ പഠനത്തെ സ്വന്തം ആന്തരീകത കൈമോശം വന്നുപോയ 'നൂ ജനറേഷന്‍' യുവത്വം നെഞ്ചിലേറ്റി, സകല മ്ലേച്ഛതകളിലും, ആഭിചാരങ്ങളിലും മുഴുകി ജീവിക്കുന്ന കാഴ്ച ഭയാനകമാണ്. 

ജീവിതം ഏതുവിധേനയും ആഘോഷമാക്കി മാറ്റാന്‍ തുനിയുന്ന നമ്മുടെ യുവതലമുറ വളരെ പെട്ടെന്ന് നിരാശയുടെ അഗാധമായ ആഴങ്ങളിലേക്ക് ചെന്നുവീഴുന്നു. പേരുപോലെതന്നെ 'നൂ ജനറേഷന്‍' ഒന്നിലും തൃപ്തിവരാതെ എല്ലാറ്റിനും പുതിയ ഭാവഭേദങ്ങള്‍ തേടുന്നു. അവസാനം അസംതൃപ്തിയുടെ നിലയില്ലാക്കയങ്ങളില്‍ പതിച്ച് വഴിപിഴച്ച ബന്ധങ്ങളിലും പൈശാചിക ആധിപത്യത്തിലും അകപ്പെട്ടു സ്വന്തം ജീവിതം പാതിവഴിയില്‍ അവസാനിപ്പിക്കുന്നു. 

ആധുനിക മനുഷ്യന്‍ പ്രത്യേകിച്ചും യുവജനത വലിയകുഴപ്പത്തില്‍ ചെന്നുപെട്ടിരിക്കുകയാണ്. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയിലടിമപ്പെട്ടു  അവരുടെ മനസ്സ് ദുര്‍ബ്ബലമാവുകയും, ആ ദിവസങ്ങള്‍ കെണിപോലെ അവരുടെമേല്‍ വന്നുവീഴുകയും ചെയ്തിരിക്കുന്നു. (ലൂക്കാ 21:34). മനുഷ്യന്‍ ഇപ്പോള്‍ എന്തായാലും അവന്‍ ആയിരിക്കേണ്ട അവസ്ഥയിലല്ല. അവന്‍ ഇന്നു കാണിച്ചുകൂട്ടുന്ന എല്ലാ തകരാറുകളും ക്രമകേടുകളും അവന്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതിന്റെ ഫലമാണ്. മനുഷ്യന്റെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി സ്വയം മനസ്സിലാക്കുക എന്നതാണ്. പ്രിയരേ, ഈ ലോകം നമ്മെ ഒരു മാറ്റത്തിന് സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും യുവതലമുറയെ. വെളുക്കുവാനും, മെലിയുവാനും, മുടിചുരുട്ടുവാനും നീട്ടുവാനും, നഖം വെച്ചുപിടിപ്പിക്കാനും തുടങ്ങി ഒടുവില്‍ സ്വന്തം നഗ്നത ലോകത്തെ കാണിക്കുവാനും ഈ ലോകം നമ്മെ പ്രലോഭിപ്പിക്കുന്നു. നമ്മുടെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങള്‍ക്കുപോലും വലിയ മാറ്റങ്ങള്‍  സംഭവിച്ചിരിക്കുന്നു. സിനിമ, പരസ്യതാരങ്ങളെയും, കായിക താരങ്ങളെയുമൊക്കെ നോക്കിയാണ് നമ്മുടെ യുവത്വം പലപ്പോഴും സൗന്ദര്യത്തെ വിലയിരുത്തുന്നത്.

ദൈവവചനം നമ്മോടു പറയുന്നു ''നാം ദൈവത്തിന്റെ കരവേലയാണ്.'' (എഫേ. 2:10). അതെ! നാം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. സൃഷ്ടിവേളയില്‍ മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് അവിടുന്നരുളിചെയ്യുന്നു; ''നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം.'' (ഉല്പത്തി 1:26) മറ്റൊരു സൃഷ്ടിക്കും നല്കാത്ത മഹത്വം അവിടുന്ന് നമുക്ക് നല്കി. ദൈവത്തിന്റെ സ്വന്തം രൂപം. നാമോരോരുത്തരും അവിടുത്തെ രൂപഭാവങ്ങളാണ്. അവിടുത്തെ മുഖത്തെ അത്യുജ്ജ്വല പ്രകാശത്തിന്റെ ഓരോ കിരണങ്ങള്‍ ആണ് നാം ഓരോരുത്തരും. ദൈവീക തേജസിന്റെ അനന്യഭാവം നമ്മിലോരോരുത്തരിലും കുടികൊള്ളുന്നുണ്ട്. പിന്നെന്തിനാണ് നാം ആകുലപ്പെടുന്നത്...? എല്ലാറ്റിന്റെയും അന്തസത്ത ദൈവമാണ്. പിന്നെയെന്തിനാണ് നാം നമ്മെത്തന്നെ അലങ്കരിക്കാന്‍ ശ്രമിക്കുന്നത്...? സത്യത്തില്‍ അങ്ങനെ ചെയ്യുക വഴി നാം നമ്മെത്തന്നെ വിരൂപരാക്കുകയല്ലേ ചെയ്യുന്നത്...? കാരണം അത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വഴി നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ദൈവീക ചൈതന്യത്തെ നാം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. 

തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും നമ്മെ സൃഷ്ടിച്ച അവിടുത്തെ അനന്തമായ സ്‌നേഹത്തെക്കുറിച്ച് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ...? ആ ദൈവസ്‌നേഹത്തിന്റെ ഒരു പൊരിയെങ്കിലും നിങ്ങളുടെ ചങ്കില്‍ വീണാല്‍ പന്നീടൊരിക്കലും ലോകസുഖം നിങ്ങളെ അത്ഭുതപ്പെടുത്തുകയില്ല. തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും എന്നെ സൃഷ്ടിച്ചിരിക്കുന്ന ദൈവം എന്നെ കാണാനാഗ്രഹിക്കുന്നത് ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്നെയാണ്, തെറ്റുപറ്റില്ലാത്ത പിഴവുസംഭവിക്കാത്ത ദൈവത്തിന്റെ അമൂല്യ സൃഷ്ടിയാണ് ഞാന്‍. ഈ തിരിച്ചറിവ് നമുക്കുണ്ടാകുമ്പോഴാണ് നാമോരുരത്തരും പ്രകാശത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. 

കാരണം, ഓരോ സൃഷ്ടികര്‍മ്മത്തിനുശേഷവും അവിടുന്നു സംതൃപ്തിയോടെ പറയുന്നുണ്ട് ''എല്ലാം മനോഹരമായിരിക്കുന്നു.'' അതെ! ഇതിലും മനോഹരമായി മറ്റൊന്നില്ല, ഇനി ഉണ്ടാവുകയുമില്ല. പിന്നെന്തിനാണ് നാം ആകുലപ്പെടുന്നത്...? ദൈവത്തോളം നമ്മെ അലങ്കരിക്കാന്‍ ഈ ലോകത്തില്‍ ആര്‍ക്കാണ് സാധിക്കുക...? 
അനശ്വരനായ ദൈവത്തിന്റെ അനന്യമായ സൃഷ്ടിയാണ് നാം ഓരോരുത്തരും. എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളൂ. അതാണ് ദൈവഹിതം! അതുകൊണ്ട്, കൃത്രിമമായി നിങ്ങള്‍ എന്തുചെയ്താലും അതു ഒരു ക്രമകേട് വരുത്തുന്നുണ്ടെന്ന് തിരിച്ചറിയുക. മാത്രവുമല്ല നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ദൈവീക ചൈതന്യത്തെ നിങ്ങള്‍ മൂടിവെയ്ക്കുകയും ചെയ്യുന്നു.  എല്ലാറ്റിനുമുപരി ദൈവസ്‌നേഹത്തെ മുറിവേല്പ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.