ഉവ്വ് എന്നാണ് ഈ ചോദ്യത്തിനുളള ഉത്തരം. വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയുടെ ജീവിതം പറയുന്നത് അക്കാര്യമാണ്. പക്ഷേ അതെങ്ങനെ സാധിക്കും എന്ന ചോദ്യത്തിന് പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം യാചിക്കുക എന്നുകൂടി ഉത്തരമുണ്ട്. എല്ലാവിധത്തിലും മലിനമാക്കപ്പെട്ട ജീവിതമായിരുന്നു ബര്‍ത്തലോ ലോംഗോയുടേത്. സമ്പന്നവും ക്രിസ്തീയവുമായ ഒരു കുടുംബത്തിലാ യിരുന്നു ജനനമെങ്കിലും നിയമം പഠിക്കാന്‍ നേപ്പിള്‍സിലേക്കുളള യാത്ര ബെര്‍ത്തലോ ലോംഗോയുടെ ജീവിതത്തെ മുഴുവന്‍ തകിടം മറിച്ചു. അന്നുവരെ ജപമാലയും വിശുദ്ധ കുര്‍ബാനയും ജീവശ്വാസം പോലെ നിറഞ്ഞുനിന്നിരുന്ന ജീവിതത്തിലേക്ക് അവിശ്വാസവും നിരീശ്വരവാദവും കത്തോലിക്കാസഭ യോടുളള വിയോജിപ്പുകളും വര്‍ദ്ധിച്ചുവന്നു. ഒടുവിലായി സാത്താന്‍ ആരാധകനും സാത്താന്‍ പുരോഹിതനുമായി.  

ഒരിക്കല്‍ വിശുദ്ധിയോടെ പങ്കെടുത്തുപോന്നിരുന്ന തിരുക്കര്‍മ്മങ്ങള്‍ ഏറ്റവും മലീനവും അപഹാസ്യവുമായി അവതരിപ്പിക്കാന്‍ സന്നദ്ധനായ വ്യക്തിയായി തീര്‍ന്നു അയാള്‍. സാത്താന്‍ ജീവിതത്തില്‍ പിടിമുറുക്കുമ്പോള്‍ എങ്ങനെയെല്ലാമാണ് നമ്മള്‍ മാറിമറിയുന്നതെന്നതിന് ഇതുമാത്രം മതി ഉദാഹരണം. ബെര്‍ത്തോലോയുടെ വഴിപിഴച്ച ജീവിതത്തെയോര്‍ത്ത് കണ്ണീരൊഴുക്കാത്ത ഒരു നേരം പോലും ഉണ്ടായിരുന്നില്ല ബന്ധുക്കള്‍ക്ക്. അവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നുണ്ടായി രുന്നു. കണ്ണീരുകള്‍ പരിശുദ്ധ മിറയം കാണുന്നുണ്ടായിരുന്നു. അവര്‍ അര്‍പ്പിച്ച മാതൃസ്തുതി കള്‍..ജപമാലകള്‍..അതൊക്കെയും വെറുതെയാവില്ലല്ലോ.. അതുകൊണ്ട് ബെര്‍ത്തോലോയെ രക്ഷിച്ചെ ടുക്കാനായി ദൈവം മാതൃമാധ്യസ്ഥം വഴി ഫാ. ആല്‍ബര്‍ട്ടിനെയും പ്രഫ. വിന്‍സെന്റ് പെപ്പേയേയും അയാളുടെ അടുക്കലേക്ക് അയച്ചു. അവിടെ മറ്റൊരു ബെര്‍ത്തലോ ലോംഗോ ജനിക്കുകയായിരുന്നു.

എന്റെ ജപമാല ചൊല്ലുന്നവരെ ഞാന്‍ രക്ഷിക്കും എന്ന പരിശുദ്ധ മറിയത്തിന്റെ വാക്കുകളായിരുന്നു ബെര്‍ത്തോലേയുടെ ജീവിതത്തെ തിരികെ കൊണ്ടുവരാനായി ഫാ.അല്‍ബര്‍ട്ട് ഉപയോഗിച്ച ആയുധം. അത് ബെര്‍ത്തോലോയുടെ ജീവിതത്തെ മാറ്റിമറിച്ചു. പരിശുദ്ധ അമ്മ ആ ഹൃദയത്തിലെ കെടാവിളക്കായി ശോഭിക്കാന്‍ തുടങ്ങി. തീവ്രമായ മരിയന്‍ സ്‌നേഹത്തില്‍ ബെര്‍ത്തലോ എരിഞ്ഞുതുടങ്ങി. മരിയന്‍ ഭക്തി പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം മുന്നിട്ടിറങ്ങി. ആയുസിലെ ഏറ്റവും വലിയ ആഗ്രഹം മറിയത്തെ നേരില്‍ കാണണം എന്നതായി. സാത്താന്റെ കറുത്ത കരങ്ങളില്‍ നിന്ന് തന്നെ രക്ഷിച്ചത് മാതാവാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. തന്റെ എല്ലാ പ്രതീക്ഷയും അമ്മയിലാണെന്നും എല്ലാ പ്രതിസന്ധികളിലും താന്‍ ശരണം വച്ചത് അമ്മയിലാണെന്നും ബെര്‍ത്തലോ ലോംഗോ വിളിച്ചുപറഞ്ഞു. 1926 ഒക്‌ടോബര്‍ അഞ്ചിനായിരുന്നു മരണം. 1980 ഒക്‌ടോബര്‍ 26 ന് വാഴ്ത്തപ്പെട്ട പദവിയിലെത്തി.