'ദൈവത്തിന്റെ പേരാണ് കാരുണ്യം.' കരുണയുടെ തൂവല്‍സ്പര്‍ശംകൊണ്ടും ലാളിത്യത്തിന്റെയും സ്‌നേഹത്തിന്റെയും പരിലാളനംകൊണ്ടും ലോകത്തെ കോരിയെടുത്ത  ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ജനുവരിയില്‍ പുറത്തിറങ്ങുന്ന പുസ്തകമാണ് 'ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി.' വത്തിക്കാന്‍ എക്‌സ്‌പേര്‍ട്ടും ഇറ്റാലിയന്‍ ജേര്‍ണ്ണലിസ്റ്റുമായ ആന്‍ഡ്രിയ ടോര്‍ണിലി മാര്‍പാപ്പായുമായി നടത്തുന്ന അഭിമുഖം പോലെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പാപ്പായുടെ കയ്യക്ഷരത്തില്‍ പേരെഴുതിയ പുസ്തകത്തിന്റെ കവര്‍ചിത്രം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പുസ്തകത്തിന്റെ പ്രകാശനം ജനുവരി 12-ന് നടക്കും. പുസ്തകത്തില്‍ പരിശുദ്ധ പിതാവ് കാരുണ്യത്തെ തന്റെ പ്രബോധനങ്ങളുടെയും സാക്ഷ്യത്തിന്റെയും കേന്ദ്രബിന്ദുവായിട്ടാണ് അവതരിപ്പിക്കുന്നത്. ഒപ്പം അനുരജ്ഞനവും ദൈവത്തോടുള്ള അടുപ്പവും എടുത്തുകാണിക്കുന്നു. സഭയില്‍ നിന്നകന്നുപോയവരിലേക്കും അകത്തോലിക്കരിയിലേക്കും കാരുണ്യത്തിന്റെ കരങ്ങളുമായി കടന്നുചെല്ലുവാന്‍ ആഗ്രഹിക്കുന്നതായും പാപ്പാ വെളിപ്പെടുത്തുന്നു. റാന്‍ഡം ഹൗസ് ജനുവരിയില്‍ ഇതിന്റെ ഓഡിയോബുക്കും പുറത്തിറക്കും. ഇപ്പോള്‍തന്നെ ഈ പുസ്തകത്തെക്കുറിച്ചുള്ള അന്വേഷണം ലോകംമുഴുവന്‍ ആരംഭിച്ചുകഴിഞ്ഞു. അജഗണങ്ങളോട് സംവദിക്കുവാന്‍ ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പാ അഭിമുഖശൈലിയില്‍ പുസ്തകം തയ്യാറാക്കുന്നത്. 

വത്തിക്കാനിലെ ല സ്റ്റാംമ്പ ന്യൂസ്‌പേപ്പറിന്റെയും വത്തിക്കാന്‍ ഇന്‍സൈഡര്‍ വെബ്‌സൈറ്റിന്റെയും റിപ്പോര്‍ട്ടറാണ് ടോര്‍ണിലി. അദ്ദേഹം നേരത്തെ രചിച്ച മാര്‍പാപ്പായുടെ ജീവിതകഥ 16 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ ഈ പുസ്തകം സഭയ്ക്ക് അകത്തും പുറത്തുമുള്ള ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നവരും സമാധാനവും അനുരജ്ഞനവും ആഗ്രഹിക്കുന്നവര്‍ക്കും ആത്മീയവും ശാരീരികവുമായ മുറിവുകള്‍ക്ക് സൗഖ്യം തേടുന്നവര്‍ക്കും വേണ്ടിയുള്ളതാണെന്ന് പ്രസാധകര്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പാ അസാധാരണവ്യക്തിത്വ മാണ്. അനേകായിരങ്ങളെ അദ്ദേഹം സ്വാധീനിക്കുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്പുകളെ ഭേദിച്ച് അദ്ദേഹം എല്ലാവരിലേക്കും എത്തിച്ചേരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പേപ്പസിയുടെ മുഖ്യമായ സന്ദേശം സഹാനുഭൂതിയും ക്ഷമയുമാണ്. കരുണയുടെ വര്‍ഷാചരണത്തിലൂടെ മാര്‍പാപ്പാ ലക്ഷ്യമിടുന്നതും ആഗോള കത്തോലിക്കാസഭയിലെ അംഗങ്ങളോട് ഈ സന്ദേശം ഉള്‍ക്കൊള്ളുക എന്നതാണ് 'സഭയിലൂടെ എങ്ങനെ ദൈവകരുണ മറ്റുള്ളവര്‍ക്ക് വ്യക്തമാക്കുവാന്‍ കഴിയും?' ഇതേ ദൗത്യത്തിന് എങ്ങനെ ജനത്തെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് താന്‍ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് മാര്‍പാപ്പാ സൂചിപ്പിച്ചു. നാമെല്ലാം പാപികളായതിനാല്‍ ദൈവകരുണ ഏറെ ആവശ്യമുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ജൂബിലി വര്‍ഷത്തില്‍ നാം കരുണയുടെ സന്തോഷം വീണ്ടെടുക്കുകയും കണ്ടെത്തുകയും ചെയ്യണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഇന്ന് എല്ലാവരിലേക്കും ആശ്വാസം പകരുവാന്‍ നമുക്ക് കഴിയണം. പാപ്പാ വ്യക്തമാക്കുന്നു. ദൈവം വീണ്ടും വീണ്ടും ക്ഷമിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ട് ഒരിക്കല്‍കൂടി ക്ഷമ ചോദിക്കുന്നതിന് നാം വിമുഖതകാണിക്കരുതെന്നും മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: സണ്‍ഡേ ശാലോം