''കരുണ സുവിശേഷത്തിന്റെ അന്തഃസത്തയും ക്രിസ്തീയ ജീവിതത്തിന്റെ താക്കോലും'' എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ജര്‍മന്‍ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറി-ന്റെ അഭിപ്രായത്തില്‍ ദൈവത്തിന്റെ കരുണയാണ് യേശുക്രിസ്തുവിന്റെ സന്ദേശത്തിന്റെ കാതല്‍. നമ്മുടെ ചര്‍ച്ചകളുടെയും ധ്യാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയു മെല്ലാം അടിസ്ഥാനമാകേണ്ടത് ഈ കരുണയാണ്. കരുണയുടെ ഉപകരണങ്ങളാകുകയെന്നതാണ് ഒരു ക്രസ്ത്യാനിയുടെ കടമ. കരുണയില്‍ സമ്പന്നനായ ദൈവത്തിന്റെ മുഖം നമ്മുടെ മുഖത്ത് പ്രകാശിക്കപ്പെടണം. കരുണയുടെ മാനുഷിക മുഖമായ യേശുക്രിസ്തു നമ്മുടെ പ്രവര്‍ത്തനങ്ങളുടെയും ജീവിതത്തിന്റെയും മാതൃകയാകണം.
നാം തിരിച്ചറിയേണ്ട കാര്യം ദൈവത്തിന്റെ മുഖം കരുണയുടേതാണ് എന്നാണ്. കരുണ ദൈവത്തിന്റെ മുഖമുദ്രയാണ്. ശത്രുക്കളെപ്പോലും സ്‌നേഹിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തുവാണ് ദൈവത്തിന്റെ കരുണയുടെ മുഖം. ഈ മുഖമാകണം നമ്മുടെ ഓരോരുത്തരുടേതും. നമ്മുടെ കണ്ണുകളും കാതുകളും പാദങ്ങളും അധരങ്ങളും നാവും ഹൃദയവും എല്ലാം കരുണകൊണ്ട് നിറയുമ്പോള്‍ കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടും.
ദൈവത്തിന്റെ കരുണയെപ്പറ്റി ശക്തമായി പ്രഘോഷിക്കുന്ന, ജീവിക്കുന്ന പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ. 2013-ല്‍ അദ്ദേഹം നടത്തിയ നാല് പ്രസംഗങ്ങളില്‍ കരുണയെപ്പറ്റി അതിശക്തമായി അദ്ദേഹം പറയുന്നു.
1.''ഒരു വശത്ത് ഈശോയെ ശ്രവിക്കാന്‍ ആഗ്രഹിക്കുകയും മറുവശത്ത് ചിലപ്പോഴെല്ലാം ഒരു വടി കണ്ടെടുത്ത് മറ്റുള്ളവരെ അടിക്കാനും വിധിക്കാനും ആഗ്രഹിക്കുന്നവരാണ് നാം. കരുണയാണ് യേശുക്രിസ്തു നമുക്ക് നല്‍കുന്ന സന്ദേശം. എല്ലാ എളിമയോടുംകൂടി ഞാന്‍ പറയുന്നു: കരുണയാണ് കര്‍ത്താവിന്റെ ഏറ്റവും കരുത്തുറ്റ സന്ദേശം.'' (2013 മാര്‍ച്ച് 17).
2.''ദൈവത്തിന്റെ കരുണയ്ക്ക് ഏറ്റവും വരണ്ട ഭൂമിയെപ്പോലും പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയും ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്‍കാന്‍ ദൈവത്തിന്റെ കരുണയ്ക്ക് കഴിയും (എസെ. 37:1-14). ദൈവത്തിന്റെ കരുണയാല്‍ നമുക്ക് നവീകരിക്കപ്പെടാം. നമുക്ക് യേശുക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടാം. അവിടുത്തെ സ്‌നേഹത്തിന്റെ ശക്തി നമ്മെ രൂപാന്തരപ്പെടുത്താന്‍ അതിനെ നമുക്ക് ശക്തിപ്പെടുത്താം. നമുക്ക് ഈ കരുണയുടെ ഏജന്റുമാരാകാം. ദൈവത്തിന് ഭൂമി നനയ്ക്കാനുള്ള വെള്ളത്തിന്റെ കനാലുകളാകാം. സൃഷ്ടിയെ സംരക്ഷിക്കാനും നീതിയും സമാധാനവും വളര്‍ത്താനും നമുക്ക് ദൈവത്തിന്റെ സേവകരാകാം.''(2013 മാര്‍ച്ച് 31).
3.''തോമസ് അപ്പസ്‌തോലന്‍ ദൈവകരുണ അനുഭവിച്ചു.'ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു' എന്ന് മറ്റ് അപ്പസ്‌തോലന്മാര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചില്ല. എന്നാല്‍ എങ്ങനെയാണ് യേശുക്രിസ്തു പ്രതികരിക്കുന്നത്? ക്ഷമയോടെ. തോമസിന്റെ വാശിപിടിച്ച അവിശ്വാസത്തില്‍ യേശു അയാളെ കൈവെടിയുന്നില്ല. കതകടയ്ക്കുന്നുമില്ല. അവിടുന്ന് തോമസിനായി കാത്തിരിക്കുന്നു. തോമസ് തന്റെ വിശ്വാസ ദാരിദ്ര്യം അംഗീകരിച്ചുകൊണ്ട് 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്ന ലളിതമായ, വിശ്വാസം നിറഞ്ഞ അഭിസംബോധനയിലൂടെ യേശുവിന്റെ ക്ഷമയ്ക്ക് മറുപടി പറയുന്നു. തന്നെതന്നെ ദൈവകരുണയാല്‍ മൂടപ്പെടാന്‍ ആഗ്രഹിക്കുന്നു. തന്റെ കണ്‍മുമ്പില്‍, കര്‍ത്താവിന്റെ കരങ്ങളിലെയും പാദങ്ങളിലെയും പാര്‍ശ്വത്തിലെയും മുറിവുകളില്‍ അവിടുത്തെ കരുണ കാണുകയും വിശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.''(2013 മാര്‍ച്ച് 7).
4.''എന്റെ സ്വന്തം ജീവിതത്തില്‍, മിക്കപ്പോഴും ഞാന്‍ ദൈവത്തിന്റെ കരുണാര്‍ദ്രമായ മുഖവും അവിടുത്തെ ക്ഷമയും കണ്ടിട്ടുണ്ട്. അതുപോലെ ധാരാളംപേര്‍ യേശുവിന്റെ മുറിവുകളില്‍ പ്രവേശിക്കാന്‍ ധൈര്യം കാണിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടുത്തോട് പറഞ്ഞു: കര്‍ത്താവേ, ഞാനിതാ ഇവിടെയുണ്ട്. എന്റെ ദാരിദ്ര്യം സ്വീകരിക്കണമേ. എന്റെ പാപങ്ങള്‍ അങ്ങയുടെ തിരുമുറിവുകളില്‍ മറച്ചുകളയണമേ. അവ അങ്ങയുടെ രക്തത്തില്‍ കഴുകിക്കളയണമേ. ദൈവം അങ്ങനെ ചെയ്തതായി ഞാന്‍ കണ്ടിട്ടുണ്ട്. അവിടുന്ന് അവരെ സ്വീകരിച്ചു, ആശ്വസിപ്പിച്ചു, വിശുദ്ധീകരിച്ചു, സ്‌നേഹിച്ചു'' (2013 ഏപ്രില്‍ 7).
കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ നല്‍കിയ 'കരുണയുടെ മുഖം' എന്ന ബ്യൂള കരുണയെപ്പറ്റിയുള്ള കരുത്തുറ്റ ലേഖനമാണ്. ഈ ബൂളയില്‍നിന്നും കരുണയെപ്പറ്റിയുള്ള ആശയങ്ങളില്‍ ചിലത് കുറിക്കുകയാണ്. യേശു പിതാവിന്റെ കരുണയുടെ മുഖമാണ്. ക്രിസ്തീയ വിശ്വാസരഹസ്യത്തെ ചുരുക്കിപ്പറയുകയാണ് ഈ വാക്കുകള്‍. കരുണയില്‍ സമ്പന്നനായ പിതാവിന്റെ യഥാര്‍ത്ഥ മുഖമാണ് യേശുക്രിസ്തു. യേശുവിനെ കാണുന്നവന്‍ പിതാവിനെ കാണുന്നു. (യോഹ. 14:9). യേശു തന്റെ വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ, തന്റെ മുഴുവന്‍ വ്യക്തിത്തത്തിലൂടെയും ദൈവകരുണ വെളിപ്പെടുത്തുന്നു.
നമ്മുടെ കര്‍ത്താവ് നമുക്ക് നല്‍കിയ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ നാം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ പരിശുദ്ധ പിതാവ് നല്‍കുന്നു. ഈ ചോദ്യങ്ങള്‍ ധ്യാനിക്കണം. വിശക്കുന്നവരെ തീറ്റിയിട്ടുണ്ടോ? ദാഹിക്കുന്നവരെ കുടിപ്പിച്ചിട്ടുണ്ടോ? നഗ്നരെ ഉടുപ്പിച്ചിട്ടുണ്ടോ? രോഗികളോടും തടവിലാക്കപ്പെട്ടവരോടുമൊപ്പം സമയം ചിലവഴിച്ചിട്ടുണ്ടോ? നിരാശയിലേക്കും നിസഹായതയിലേക്കും നയിക്കുന്ന സംശയത്തെ മാറ്റിക്കൊടുക്കാന്‍ മറ്റുള്ളവരെ സഹായിച്ചിട്ടുണ്ടോ? ദശലക്ഷക്കണക്കിന് ആളുകള്‍ അജ്ഞതയില്‍ ജീവിക്കുന്നു. അതുപോലെ ദാരിദ്ര്യത്തിന്റെ പിടിയില്‍ നി ന്നും രക്ഷപ്പെടാന്‍ നിവൃത്തിയില്ലാത്ത കുട്ടികളുണ്ട്. അവരെ അജ്ഞതയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും രക്ഷപ്പെടാന്‍ നാം സഹായിച്ചിട്ടുണ്ടോ? അക്രമത്തിലേക്ക് നയിക്കുന്ന കോപവും വിദ്വേഷവും നാം ഉപേക്ഷിച്ചിട്ടുണ്ടോ? നമ്മോട് ക്ഷമകാണിക്കുന്ന ദൈവത്തിന്റെ ക്ഷമ നമുക്കുണ്ടോ? നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കുവേണ്ടി നാം കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? ഈ ചെറിയവരിലെല്ലാം കര്‍ത്താവ് സന്നിഹിതനാണ്. അവിടുത്തെ ശരീരം പീഡിപ്പിക്കപ്പെടുന്നവന്റെ ശരീരത്തിലാണ്. അവരെ നാം അംഗീകരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണം.
ദൈവകാരുണ്യത്തിന്റെ പ്രേഷിതയായ വിശുദ്ധ ഫൗസ്റ്റീന പഠിപ്പിച്ച മനോഹരമായ പ്രാര്‍ത്ഥന കരുണയുടെ വര്‍ഷത്തില്‍ സ്വന്തമാക്കാം. ഓരോ ദിവസവും പ്രാര്‍ത്ഥിക്കാം. കരുണയുടെ വ്യക്തിത്വം സ്വീകരിച്ച് കരുണയുടെ ഉപകരണങ്ങളാ കാന്‍ ഈ പ്രാര്‍ത്ഥന നമ്മെ സഹായിക്കും.
''എന്റെ കര്‍ത്താവേ, എന്റെ കണ്ണുകളെ കരുണയുടേതാക്കണമേ. അതുവഴി ആരെയും സംശയദൃഷ്ടിയോടെ നോക്കാതിരിക്കുവാന്‍ പുറംമോടികണ്ട് വിധിക്കാതിരിക്കാന്‍ ഇടയാക്കണമേ. എന്റെ അയല്‍ക്കാരുടെ ആത്മാവിലെ സൗന്ദര്യം ദര്‍ശിക്കുവാനും അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുവാനും എന്നെ അനുഗ്രഹിക്കണമേ. എന്റെ കാതുകളെ കരുണയുടേതാക്കണമേ. അതുവഴി എന്റെ അയല്‍ക്കാരുടെ ആവശ്യങ്ങളില്‍ ശ്രദ്ധിക്കുവാനും അവരുടെ വേദനകളിലും പരാതികളിലും നിസ്സംഗത പുലര്‍ത്താതിരിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ നാവ് കരുണയുടേതാക്കണമേ. എന്റെ സഹോദരങ്ങളെപ്പറ്റി ഒരിക്കലും തിന്മ പറയാതിരിക്കാന്‍, മാപ്പിന്റെയും സാന്ത്വനത്തിന്റെയും വാക്കുകള്‍ പറയുവാന്‍ സഹായിക്കണമേ.
എന്റെ കരങ്ങളെ കരുണയുള്ളതും നിറയെ നന്മപ്രവൃത്തികളുടേതും ആക്കണമേ. എന്റെ പാദങ്ങള്‍ കരുണയുടേതാക്കണമേ. എന്റെ ആകുലതകളും വിഷമങ്ങളും മറന്ന് എന്റെ അയല്‍ക്കാരെ സഹായിക്കുന്നതിന് തിടുക്കത്തില്‍ എത്തുവാന്‍ എനിക്കിടയാകട്ടെ. എന്റെ ഹൃദയം കരുണയുടേതാക്കണമേ. അതുവഴി എന്റെ അയല്‍ക്കാരുടെ സഹനങ്ങള്‍ പങ്കുവയ്ക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.
കടപ്പാട്: സണ്‍ഡേ ശാലോം
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍