2015 ഡിസംബര്‍ എട്ടുമുതല്‍ (മാതാവിന്റെ പിറവിതിരുന്നാള്‍) 2016 നവംബര്‍ 20 വരെ (ക്രിസ്തുരാജന്റെ തിരുനാള്‍) യുള്ള ഒരു വര്‍ഷം നീളുന്ന കാലഘട്ടത്തെ കരുണയുടെ വിശുദ്ധ വര്‍ഷം അഥവാ കരുണയുടെ ജൂബിലിവര്‍ഷമായി ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചിരിക്കുകയാണ്. 
    
ഈ വിശുദ്ധ വര്‍ഷം രണ്ട് കാര്യങ്ങളില്‍ ശ്രദ്ധിച്ച് വേണ്ടത് ചെയ്യുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്നു. ഒന്ന്, ദൈവത്തില്‍നിന്ന് കരുണനേടുക. രണ്ട്, മറ്റുള്ളവരോട് കരുണകാണിക്കുക. കരുണയുടെ വര്‍ഷത്തെപ്പറ്റി ചിന്തിക്കുമ്പോഴും പറയുമ്പോഴും അധികംപേരുടെയും മനസ്‌പോവുക, നമ്മള്‍ മറ്റുള്ളവരോട് കരുണ കാണിക്കുന്നതിനെപ്പറ്റിയാണ്. എന്നാല്‍, അതിനെക്കാള്‍ പ്രധാനം നാം ഓരോരുത്തരും ദൈവകരുണ നേടിയെടുക്കുക എന്നതാണ്. ദൈവത്തിന്റെ പക്കല്‍നിന്നും കരുണ ലഭിക്കേണ്ട അവശ്യം എന്താണ് എന്ന് ചിന്തിക്കാം; ചോദിക്കാം. ഉത്തരം പറയാം. നമ്മള്‍ പാപികളാണ് എന്നതുകൊണ്ട് നമ്മള്‍ എല്ലാവരും ദൈവത്തിന്റെ കരുണ ആവശ്യമുള്ളവരാണ്. താഴെ പറയുന്ന ബൈബിള്‍ വചനങ്ങള്‍ ശ്രദ്ധിക്കുക: പാപത്തോടുകൂടിയാണ് ഞാന്‍ പിറന്നത് (സങ്കീ. 51:5), കര്‍ത്താവേ, അങ്ങ് പാപങ്ങളുടെ കണക്കു വച്ചാല്‍ ആര്‍ക്ക് നിലനില്‍ക്കാനാവും (സങ്കീ. 130:3). ജന്മംകൊണ്ടും കര്‍മംകൊണ്ടും നാം പാപികളാണ്. 

ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു (റോമ. 5:12). അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍ (റോമ. 4:7). അതിനാല്‍, പാപമോചനവും പാപത്തിന്റെ കടങ്ങള്‍ക്കുള്ള ശിക്ഷ ഇളച്ചുകിട്ടലുമാണ് മനുഷ്യന് ദൈവത്തിന്റെ കരുണ ഏറ്റവും ആവശ്യമുള്ള മേഖല. ഇവ രണ്ടും കിട്ടിയില്ലെങ്കില്‍ മനുഷ്യന് വന്നു ഭവിക്കുന്ന ദുരന്തങ്ങള്‍ അനവധിയും അതീവ ഗൗരവം ഉള്ളവയുമാണ്. പ്രഭാഷകന്‍ 21:3 പറയുന്നു: പാപം ഇരുതലവാള്‍ പോലെയാണ്. രണ്ടുവശത്തും മൂര്‍ച്ചയുള്ള വാളുകൊണ്ട് വെട്ടോ കുത്തോ കിട്ടിയാല്‍ രണ്ടു ഭാഗത്തും മുറിവ് ഉണ്ടാകും. ഇതുപോലെ, ഒരാള്‍ പാപം ചെയ്യുമ്പോള്‍ ആ പാപം, ചെയ്യുന്ന വ്യക്തിയെയും മറ്റുള്ളവരെയും മുറിപ്പെടുത്തുന്നു. 

പാപം ചെയ്യുന്ന വ്യക്തിക്കും മറ്റുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പാപംചെയ്യുന്ന വ്യക്തിക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇവയാണ്: ഒന്ന്, ആത്മനാശം, നിത്യനരകം, സ്വര്‍ഗ്ഗം നഷ്ടപ്പെടുന്നു. അഥവാ ശുദ്ധീകരണസ്ഥലത്തിലെ സഹനം. രണ്ട്, ദൈവ-മനുഷ്യബന്ധം മോശമാകുന്നു. മൂന്ന്, പ്രാര്‍ത്ഥനയ്ക്ക് ഫലം കുറയുന്നു. നാല്, ആന്തരികമുറിവുകള്‍ സൃഷ്ടിക്കുന്നു. എന്റെ പാപങ്ങള്‍ എനിക്ക് താങ്ങാനാവാത്ത ചുമട് ആയിരിക്കുന്നുവെന്ന് സങ്കീര്‍ത്തനം 38:4    -ല്‍ പറയുന്നു. തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അത് മനസിലുണ്ടാക്കുന്ന മുറിവാണ് പാപത്തിന്റെ മുറിവ്. 

അഞ്ച്, രോഗങ്ങള്‍. പാപകരമായ മാര്‍ഗ്ഗങ്ങള്‍ പിന്‍തുടര്‍ന്ന് പലരും രോഗികളായിത്തീര്‍ന്നു എന്ന് സങ്കീര്‍ത്തനം 107:7 പറയുന്നു. പാപംമൂലം രോഗം ബാധിച്ച നിരവധി പേരെ നാം കാണുന്നു. ആറ്, പാപം മനുഷ്യബന്ധം മോശമാക്കുന്നു. ഏഴ്, പാപം മറ്റുള്ളവര്‍ക്ക് സഹനം, മാനഹാനി, ജീവഹാനി, ധനനഷ്ടം, അവസരനഷ്ടം, ആത്മനാശം, കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കുന്നു. എട്ട്, പാപം പ്രകൃതിയെ നശിപ്പിക്കുന്നു. ഒമ്പത്, പാപം ജീവജാലങ്ങള്‍ക്ക് സഹനവും മരണവും വംശനാശവും വരെ ഉണ്ടാക്കുന്നു. പത്ത്, പാപം വരാനിരിക്കുന്ന തലമുറകളെ എല്ലാ വിധത്തിലും നശിപ്പിക്കുന്നു. അതിനാല്‍, മനുഷ്യന് പാപമോചനംവേണം. പാപത്തിന്റെ കടങ്ങള്‍ക്ക് ഇളവ് വേണം. പാപത്തിന്റെ മുറിവുകള്‍ക്ക് സൗഖ്യം വേണം. ഇതിനൊക്കെ മനുഷ്യന് ദൈവകരുണ കിട്ടിയേ തീരൂ. അതിനുംപുറമേ, പാപത്തിന്റെ നിത്യശിക്ഷയില്‍നിന്നും കാലികശിക്ഷയില്‍നിന്നും മനുഷ്യന് ദൈവം കരുണതോന്നി ഇളവ് തരണം. രോഗശാന്തിയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ദൈവം കരുണ കാണിച്ചാല്‍ മനുഷ്യന് കിട്ടും. 

കരുണ കിട്ടണമെങ്കില്‍ മനുഷ്യന്‍ കരുണയ്ക്കുവേണ്ടി പരിശ്രമിക്കണം. അനുതാപം, പാപമോചനം, പ്രായശ്ചിത്തം, പ്രാര്‍ത്ഥന, പരോപകാരപ്രവൃത്തികള്‍ തുടങ്ങിയവ വഴിയാണ് കരുണ നേടിയെടുക്കേണ്ടത്. ദൈവത്തില്‍നിന്ന് കരുണ നേടിയെടുക്കുവാന്‍ കരുണയുടെ വര്‍ഷം സഭ പ്രത്യേക അവസരം ഒരുക്കുകയും പ്രത്യേക സൗകര്യങ്ങള്‍ ചെയ്തുതരുകയും ചെയ്യുന്നു. കരുണ ലഭിക്കുവാന്‍ രൂപതകള്‍ നിശ്ചയിച്ചിട്ടുള്ള ദൈവാലങ്ങള്‍ സന്ദര്‍ശിച്ച്, കുമ്പസാരിച്ച്, ദിവ്യബലിയില്‍ പങ്കെടുത്ത്, വിശുദ്ധ കുര്‍ബാന സ്വീകരിച്ച്, മാര്‍പാപ്പായുടെ നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുകവഴി ദൈവത്തിന്റെ പ്രത്യേക കരുണയും പാപങ്ങളുടെ ശിക്ഷയുടെ ഇളവായ ദണ്ഡവിമോചനവും പ്രാപിക്കാം. 

ഈ അവസരം ഉപയോഗപ്പെടുത്തി കരുണനേടിയാല്‍ പാപത്തിന്റെ ശിക്ഷ ഇളച്ചുകിട്ടും. മറ്റ് നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അതിനാല്‍, ഇത്ര അനുഗൃഹീതമായ ഒരു വര്‍ഷം കിട്ടിയിട്ട് നാമത് ഉപയോഗപ്പെടുത്താതെ പോകരുത്. ഒരു പക്ഷേ, അന്ത്യദിനത്തിലേക്ക് മനുഷ്യരെ ഒരുക്കുവാന്‍വേണ്ടി മാര്‍പാപ്പായിലൂടെ ദൈവം നടത്തുന്ന ഒരു പരിശ്രമമാകാം കരുണയുടെ ഈ വിശുദ്ധ വര്‍ഷം അങ്ങനെയൊന്നുമില്ലെങ്കിലും ഓരോരുത്തര്‍ക്കും ഒരു ലോകാവസാനം ഉണ്ടല്ലോ. പാപത്തിന്റെ ശിക്ഷ ബാക്കിവച്ചുകൊണ്ട് മരിക്കാതിരിക്കാന്‍ കരുണയുടെ വര്‍ഷം നമ്മെ സഹായിക്കും.

അതിനാല്‍, സമ്മര്‍പ്പിതവര്‍ഷം, വൈദികവര്‍ഷം, കുടുംബവര്‍ഷം, ബൈബിള്‍ വര്‍ഷം എന്നിങ്ങനെ കഴിഞ്ഞുപോയവര്‍ഷങ്ങളില്‍ ഒന്നായി കരുണയുടെവര്‍ഷത്തെ കണ്ടാല്‍ പോരാ. വ്യക്തിപരമായി ദൈവത്തിന്റെ കരുണ ആവശ്യമുള്ളവരാണ് നമ്മള്‍. കരുണ കാണിക്കാന്‍ ദൈവം ഒരു അവസരം തന്നിരിക്കുന്നു. സ്വാര്‍ത്ഥതയെപ്രതിയെങ്കിലും അതായത്, അവനവന് ശിക്ഷകള്‍ ഇളച്ചുകിട്ടുകയും നന്മകള്‍ ലഭിക്കുകയും ചെയ്യുന്ന ഒരു സമയമാണല്ലോ എന്നെങ്കിലും കരുതി, കരുണയുടെ ഈ വര്‍ഷത്തില്‍ നാം പരമാവധി ദൈവകരുണ എല്ലാ മേഖലകളിലും നേടിയെടുക്കണം. 

മനുഷ്യര്‍ മറ്റുള്ള മനുഷ്യരോടും മൃഗങ്ങളോടും പ്രകൃതിയോടും കൂടുതല്‍ കരുണ കാണിക്കുക എന്നതാണ് രണ്ടാമത്തെകാര്യം. മനുഷ്യന്റെ കരുണയും ദയയും സ്‌നേഹവും ഇല്ലാത്ത, സ്വാര്‍ത്ഥതയും ക്രൂരതയും നിറഞ്ഞ പെരുമാറ്റങ്ങള്‍വഴി, അന്യായമായി മറ്റ് മനുഷ്യരും ജീവജാലങ്ങളും പ്രകൃതിയും പീഡിപ്പിക്കപ്പെടുന്നുണ്ട്. കൊലപാതകങ്ങള്‍, അക്രമങ്ങള്‍, ലഹരിവ്യാപാരം, ആയുധവ്യാപാരം, കള്ളക്കടത്ത്, കരിഞ്ചന്ത, മായംചേര്‍ക്കല്‍, ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തല്‍, കള്ളനോട്ട് ഇടപാടുകള്‍, കള്ളക്കേസുകള്‍, കള്ളസാക്ഷ്യങ്ങള്‍, കൈക്കൂലി, ഓഫിസുകളിലെ നീതി നിഷേധം, ഓഫിസുകളിലെ നീതി താമസിപ്പിക്കല്‍, ഭാര്യ-ഭര്‍ത്താക്ക•ാര്‍ക്കിടയിലെ നീതിനിഷേധം, അവര്‍ക്കിടയിലെ അക്രമങ്ങള്‍, മാതാപിതാക്കളോടും മക്കളോടും കാണിക്കുന്ന നീതിനിഷേധങ്ങള്‍, ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതുമൂലം മറ്റുള്ളവര്‍ക്കുണ്ടാകുന്ന കഷ്ട-നഷ്ടങ്ങള്‍...അതേ, കരുണയില്ലായ്മയുടെ എത്രയെ ത്ര മുഖങ്ങള്‍. മറ്റുള്ളവരോട് കരുണ കാണിക്കുവാന്‍ കരുണയുടെ വര്‍ഷം നമ്മെ പ്രേരിപ്പിക്കുന്നു. 

അതിനാല്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. ദൈവത്തില്‍നിന്നും കരുണനേടാന്‍ മറക്കരുത്.
2. ദൈവത്തിന്റെ കരുണനേടുന്നവര്‍ മറ്റുള്ളവരോട് കരുണ കാണിക്കുന്നതില്‍ ഔദാര്യം കാണിക്കണം. 
3.നീതിയെക്കാള്‍ അധികം കരുണ കാണിക്കുവാന്‍ നാം ശ്രമിക്കണം.

കരുണയുടെ വര്‍ഷം ഉദാരമായി കരുണ നേടുകയും ഉദാരമായി കരുണ കാണിക്കുകയും ചെയ്യുന്ന വര്‍ഷമാക്കാം, നമുക്ക്. അതിന് സണ്‍ഡേ ശാലോമിലെ ലേഖനങ്ങളും അനുഭവങ്ങളും സാക്ഷ്യങ്ങളുമെല്ലാം നമ്മെ സഹായിക്കട്ടെ!

കടപ്പാട്: സണ്‍ഡേ ശാലോം
ഫാ. ജോസഫ് വയലില്‍ CMI