സ്വര്‍ഗ്ഗം ഭൂമിയോട് സംസാരിക്കുന്നത് പലപ്പോഴും അടയാളങ്ങളിലൂടെയാണ്. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനെയും സെലി ഗ്വെരിനെയും ഒക്‌ടോബര്‍ 18ന് ഫ്രാന്‍സിസി മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുമ്പോള്‍ അത് വര്‍ത്തമാനകാലത്തിന് സ്വര്‍ഗ്ഗം തരുന്ന ഉത്തരമാണ്. കാരണം, ഈ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അനേകം കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. കൊച്ചുത്രേസ്യയുടെ മാതാപിതാക്കള്‍ ഒരുപട് വലിയ കാര്യങ്ങള്‍ ചെയ്തതായി അറിവില്ല.

അവര്‍ ചെയ്ത ഏറ്റവും പ്രധാന കാര്യം മക്കളെ ദൈവോന്മ•ുഖരായി വളര്‍ത്തുകയും ദൈവികപദ്ധതികള്‍ക്ക് അവരെ വിട്ടുനല്‍കുകയും ചെയ്തു എന്നതാണ്. അവരുടെ ഒമ്പതു മക്കളില്‍ നാലുപേര്‍ ചെറുപ്പത്തില്‍ മരിച്ചിരുന്നു. ബാക്കിയുള്ള അഞ്ചുപേരും സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുമ്പോള്‍ ആ മാതാപിതാക്കള്‍ തടസം നിന്നില്ല. ഈ ദമ്പതികള്‍ മക്കളെപ്പറ്റി കണ്ടിരുന്ന സ്വപ്നം അവര്‍ വിശുദ്ധരായിത്തീരണമെന്നതായിരുന്നു. അവരുടെ ജീവിതം ആ സ്വപ്നത്തെ ചുറ്റിപ്പറ്റി ഉള്ളതായിരുന്നു എന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു. അവരുടെ ആഗ്രഹത്തിന് സ്വര്‍ഗ്ഗം നല്‍കിയ ആദ്യ ആശീര്‍വാദമായിരുന്നു കൊച്ചുത്രേസ്യയുടെ വിശുദ്ധപദവി. മറ്റുള്ളവരെ വിശുദ്ധിയിലേക്ക് ആനയിക്കുന്നവരെ സ്വര്‍ഗ്ഗം എക്കാലവും മാനിക്കുമെന്നതിന്റെ തെളിവാണ് ഈ വിശുദ്ധ പ്രഖ്യാപനം. മാതാപിതാക്കള്‍ നൂറു ശതമാനം വിശ്വസ്തതയോടും ആത്മാര്‍ത്ഥതയോടുംകൂടെ തങ്ങളുടെ കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ അവര്‍ വിശുദ്ധിയിലേക്ക് വളരുകയാണെന്ന ഉറപ്പാണ് ഈ ദമ്പതികളുടെ വിശുദ്ധപ്രഖ്യാപനം നല്‍കുന്നത്.

മക്കളെ ഓര്‍ത്ത് ആകുലപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം പെരുകുകയാണ്. മക്കള്‍ വഴിതെറ്റിപ്പോകുമോ എന്ന് അനേകര്‍ ആശങ്കപ്പെടുന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കള്‍ മക്കളെക്കുറിച്ച് കണ്ട സ്വപ്നം അവര്‍ വിശുദ്ധരാകണമെന്നതായിരുന്നു. അതിനാല്‍ പുണ്യത്തിലേക്ക് വരാനുള്ള വെള്ളവും വളവും നല്‍കപ്പെട്ടത് ഭവനത്തില്‍വച്ചായിരുന്നു. ആധുനിക ലോകത്തില്‍ മാതാപിതാക്കളുടെ ഉല്‍ക്കണ്ഠ വര്‍ധിക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം, ഇത്തരത്തിലുള്ള ആഗ്രഹങ്ങള്‍ മക്കളെക്കുറിച്ച് ഇല്ലാതെപോകുന്നതാണ്. മക്കളുടെ ഭൗതിക വളര്‍ച്ചയെപ്പറ്റി മാതാപിതാക്കള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടാകുന്നത് തെറ്റല്ല. പക്ഷേ, അവര്‍ ഏതൊക്കെ മേഖലകളില്‍ ശോഭിച്ചാലും അവരുടെ നിത്യജീവനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ട്, ഭൗതികമായ സാധ്യതകളും വഴികളും അവരെ പരിചയപ്പെടുത്തിയപ്പോള്‍ ആത്മീയതയുടെ പാഠങ്ങള്‍ പകരാന്‍ പലരും മറന്നുപോകുന്നു. അല്ലെങ്കില്‍ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ ആത്മീയത തടസമാകുമെന്ന തെറ്റിദ്ധാരണ എങ്ങനെയൊക്കെയോ അവരെ സ്വാധീനിച്ചു. സ്വഭാവികമായി വിശ്വാസത്തിനും ദൈവവിചാരത്തിനും കുടുംബങ്ങളില്‍ പ്രാധാന്യം കുറയുകയും തല്‍ഫലമായി മക്കളുടെ ജീവിതത്തില്‍ നിന്ന് ആത്മീയത പടിയിറങ്ങിപ്പോവുകയും ചെയ്തു. 

പുതിയ തലമുറ ലോകത്തിന്റെ സന്തോഷങ്ങളിലേക്ക് വല്ലാതെ ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം വളര്‍ച്ചയുടെ വഴികളില്‍ ദൈവവിചാരം മങ്ങിപ്പോയി എന്നാണ്. മക്കള്‍ വിശുദ്ധരാകണമെന്ന ചിന്തയോടെയാണോ മക്കളെ വളര്‍ത്തുന്നതെന്ന് മാതാപിതാക്കള്‍ ആലോചിക്കണം. അതിനര്‍ത്ഥം മക്കള്‍ എല്ലാവരും വൈദികസന്യസ്ത മേഖലകളില്‍ എത്തണമെന്നല്ല, ജീവിതത്തിന്റെ ഏതു തുറകളില്‍ ഉള്ളവര്‍ക്കും വുശുദ്ധരാകാന്‍ കഴിയും. ഏതു മേഖലകളില്‍ എത്തിയാലും ആത്മീയതയില്‍ അടിത്തറയിട്ടവര്‍ മനുഷ്യസ്‌നേഹികളും സമൂഹത്തിന് നന്മചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുമാകും. സ്വാഭാവികമായും അത്തരക്കാര്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാണ്. അവരുടെ പ്രവര്‍ത്തികള്‍ വിശുദ്ധവുമാണ്.

ഭൗതികത സമൂഹത്തെ കീഴടക്കുന്നു എന്ന് വിലപിക്കുമ്പോള്‍ ആദ്യം തിരിയേണ്ടത് കുടുംബങ്ങളിലേക്കാണ്. കുടുംബങ്ങള്‍ക്ക് വഴിതെറ്റിതുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് സമൂഹത്തെ ബാധിച്ചിരിക്കുന്ന മൂല്യശോഷണം. ഇത്തരം സംഭവങ്ങള്‍ സൂചനയാണ്. മക്കള്‍ക്ക് ഉറച്ച ആത്മീയ അടിത്തറ നല്‍കാന്‍ സാധിച്ചാല്‍ അവരുടെ വഴികള്‍ തെറ്റുമോ എന്ന് ഭയപ്പെടേണ്ടിവരില്ല. മക്കളുടെ മനസുകളില്‍ ഭൗതീക ലക്ഷ്യങ്ങള്‍മാത്രം നിറയ്ക്കുമ്പോള്‍ മാതാപിതാക്കള്‍ സ്വയം കുഴിതോണ്ടുകയാണ്. അത്തരം ചിന്തകള്‍ തലയ്ക്കുപിടിച്ചു വളരുന്ന മക്കള്‍ മാതാപിതാക്കളെ സ്‌നേഹിക്കാനും കരുതാനും സംരക്ഷിക്കാനും മറക്കും. കാരണം, അവരെ സംബന്ധിച്ചിടത്തോളം ലാഭകരമാല്ലാത്തതിനുവേണ്ടി പണവും സമയവും ചെലവഴിക്കുന്നത് മഠയത്തരമാണ്. മാതാപിതാക്കളില്‍നിന്നും സ്വായത്തമാക്കിയ പാഠങ്ങളാണത്. അതുകൊണ്ടാണ് പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും വഴിയോരങ്ങളിലുമൊക്കെ ഉപേക്ഷിക്കുന്ന മക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പെരുകുന്നത്.

മണ്‍മറഞ്ഞുപോയ പല സംസ്‌കാരങ്ങളെപ്പറ്റിയും പഠിക്കുമ്പോള്‍ തകര്‍ച്ചയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കുടുംബങ്ങളുടെ തകര്‍ച്ചയാണ്. മൂല്യശോഷണങ്ങള്‍ ആദ്യം സമൂഹത്തെയാണ് ബാധിക്കുന്നതെങ്കില്‍ അടുത്തഘട്ടം കുടുംബങ്ങളിലേക്ക് എത്തും. അവിടെനിന്നും സംസ്‌കാരങ്ങളെ തകര്‍ക്കുന്ന വിധത്തിലേക്ക് അത് വളരും. മക്കളെ ദൈവോന്മ•ുഖരും മനുഷ്യസ്‌നേഹികളുമായി വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ മാതാപിതാക്കളില്‍ അത്തരം ഗുണങ്ങള്‍ ഉണ്ടാകണം. അവരുടെ വാക്കുകളല്ല, പ്രവൃത്തികളാണ് പുതിയ തലമുറയെ സ്വാധീനിക്കുന്നത്. മക്കള്‍ക്ക് നന്മയുടെ വഴികള്‍ പരിചയപ്പെടുത്തുമ്പോള്‍ മാതാപിതാക്കളും സ്വര്‍ഗ്ഗത്തിന് അനുരൂപരായി മാറുകയാണ്. മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം നല്‍കുന്ന ഒരു ഓര്‍മപ്പെടുത്തലായി വിശുദ്ധ പദവി പ്രഖ്യാപനത്തെ സ്വീകരിക്കാം.