വി. കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനും സെലി ഗ്വെരിനും ഒക്‌ടോബര്‍ 18ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വെച്ച് വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്.

റോം, ഇറ്റലി: കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനും സെലി ഗ്വെരിനും ഒക്‌ടോബര്‍ 18ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വെച്ച് വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. വന്‍ കാര്യങ്ങള്‍ ചെയ്തതിലൂടെയല്ല മറിച്ച് തങ്ങള്‍ക്ക് ദൈവം ദാനമായി തന്ന മക്കളെ വിശുദ്ധിയില്‍ വളര്‍ത്തിയതിലൂടെയാണ് അവര്‍ വിശുദ്ധരായിത്തീര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 2008 ഒക്‌ടോബര്‍ 19 നായിരുന്നു മാര്‍ട്ടിന്‍ ദമ്പതികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കത്തോലിക്കാ കുടുംബങ്ങള്‍ക്ക് മാതൃകയായി കുടുംബസിനഡിനോടനുബന്ധിച്ച് അവര്‍ അള്‍ത്താരയിലെ വണക്കത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ലോകമെമ്പാടുമുള്ള മാതൃകാ കുടുംബങ്ങള്‍ക്ക് അത് വലിയൊരു പ്രചോദനമാണ്.

വാഴ്ത്തപ്പെട്ടവരുടെ നിരയില്‍നിന്ന് വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു അത്ഭുതം അത്യാവശ്യമാണ്. ലൂയി മാര്‍ട്ടിന്‍സെലി ഗ്വെരിന്‍ ദമ്പതികളെ വിശുദ്ധ നിരയില്‍ ചേര്‍ക്കുവാന്‍ സ്വീകരിക്കപ്പെട്ട ആ അത്ഭുതത്തെക്കുറിച്ച്... 2008 ല്‍ സ്‌പെയിനില്‍ കാര്‍മന്‍സാന്തോസ് ദമ്പതികളുടെ കുഞ്ഞായിട്ടായിരുന്നു കുഞ്ഞു കാര്‍മെന്റെ ജനനം. അവള്‍ ജനിച്ചത് മാസം തികയാതെ ആറാം മാസത്തിലാണ്. തലച്ചോറിലെ രക്തസ്രാവവും അണുബാധയും മൂലം കുഞ്ഞിന്റെ ജീവന്‍ മരണത്തോളം അപകടത്തിലായിരുന്നു. ഡോക്ടര്‍മാരുടെ പ്രതീക്ഷപോലും അസ്തമിച്ച സമയം. കുഞ്ഞിന്റെ മരണത്തിനായി മാതാപിതാക്കളെ ഒരുക്കുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. 35 ദിവസത്തോളം കുഞ്ഞിനെ കാണുവാന്‍ പോലും അവരെ അനുവദിച്ചില്ല. അത്രയേറെ ശക്തമായിരുന്നു അണുബാധ. കാര്‍മന്‍സാന്തോസ് ദമ്പതികള്‍ വിശ്വാസികളായിരുന്നതിനാല്‍ അവര്‍ ശക്തമായ പ്രാര്‍ത്ഥന ആരംഭിച്ചു. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ജന്മദിനത്തിലായിരുന്നു അവളുടെ ജനനം. അതുകൊണ്ട് അടുത്തുള്ള ഒരു കര്‍മ്മലീത്ത മഠം അവര്‍ കണ്ടെത്തി പ്രാര്‍ത്ഥന ചോദിച്ചു. ഗൂഗിളില്‍ തിരഞ്ഞ് സ്‌പെയിനിലെ സേറ വലേന്‍സിയ പ്രൊവിന്‍സില്‍ അവര്‍ ഒരു കര്‍മ്മലീത്ത ഭവനം കണ്ടെത്തിയത് അത്ഭുതങ്ങളുടെ തുടക്കമായിരുന്നു. ആ മഠത്തിലെ സന്യാസികളുടെ അഭ്യര്‍ത്ഥനപ്രകാരം അടുത്ത ഞായറാഴ്ച കുര്‍ബാനകള്‍ കുഞ്ഞു കാര്‍മനുവേണ്ടി കാഴ്ചവച്ചു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സിസ്‌റ്റേഴ്‌സിന്റെ നിര്‍ദേശപ്രകാരം കുഞ്ഞിന്റെ ജീവിതം കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍സെലി ഗ്വെരിന്‍ ദമ്പതികളുടെ പ്രത്യേക മാധ്യസ്ഥത്തിനായി അവര്‍ സമര്‍പ്പിച്ചു.

ഒമ്പതു മക്കള്‍ക്ക് ജന്മ നല്‍കിയ മാര്‍ട്ടിന്‍ ദമ്പതികളുടെ നാലു കുഞ്ഞുങ്ങള്‍ ചെറുപ്പത്തില്‍ മരണമടഞ്ഞിരുന്നു. ബാക്കി അഞ്ചുപേരും സന്യാസവസ്ത്രം സ്വീകരിച്ചു. അവരിലൊരാള്‍, കൊച്ചുത്രേസ്യ സഭ കണ്ട ഏറ്റവും വലിയ വിശുദ്ധരില്‍ ഒരാളായി. മറ്റൊരു മകളായ ലെയോണിയുടെ നാമകരണനടപടികള്‍ പുരോഗമിക്കുന്നു. അവരുടെ പത്താമത്തെ കുഞ്ഞായി സ്വര്‍ഗ്ഗത്തിലിരുന്ന് അവര്‍ സ്വീകരിച്ച കുഞ്ഞായി കാര്‍മെനെ ഭക്തരായ ഈ മാതാപിതാക്കള്‍ കണ്ടു. ഇക്കാര്യങ്ങള്‍ കാര്‍മന്‍സാന്തോസ് ദമ്പതികളെ കൂടുതല്‍ സ്വാധീനിച്ചു. സന്യാസികള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്തു. കുഞ്ഞു കാര്‍മെന്‍ ജനിക്കുന്നതിന് നാലുദിവസം മുമ്പായിരുന്നു കൊച്ചുത്രേസ്യയുടെ മാതാപിതാക്കള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തപ്പെട്ടത്. എന്നതും അവരെ സ്വാധീനിച്ച ഘടകമായി. ആശ്രമത്തിലെ മദര്‍ അവരോട് ഈ ദമ്പതികളുടെ പ്രത്യേക മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കുവാന്‍ കൂടെക്കൂടെ ആവശ്യപ്പെടുകയും ചെയ്തു. അവരോട് മാധ്യസ്ഥ്യം യാചിക്കുവാന്‍ തുടങ്ങിയ രാത്രിയില്‍തന്നെ കുഞ്ഞിന്റെ സ്ഥിതിയില്‍ മാറ്റം കണ്ടുതുടങ്ങി. അടുത്തദിവസം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റപ്പെട്ട കാര്‍മന്‍ വലിയ പുരോഗതി കാട്ടി. ഉപകരണങ്ങളുടെ സഹായത്തോടെയുളള ശ്വാസഛ്വാസം ഉപേക്ഷിച്ചു. കുഞ്ഞ് തനിയെ ശ്വാസമെടുക്കുവാന്‍ തുടങ്ങി. മൂന്നാം ദിവസം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍നിന്ന് പുറത്തേക്ക്. 

2009 ജനുവരി 2ന് അവള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി. അന്ന് കൊച്ചുത്രേസ്യയുടെ ജന്മദിനമായിരുന്നെന്നതും അത്ഭുതം. ഇപ്പോള്‍ കാര്‍മെന് ഏഴു വയസ്സായി. യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത കുഞ്ഞ്. പതിനഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ് ലൂയി മാര്‍ട്ടിന്റെയും സെലി ഗ്വെരിന്റെയും തിരുശേഷിപ്പുകള്‍ സ്‌പെയിനിലെ ലെറീദയിലെത്തിയിരുന്നു. കര്‍മ്മലീത്ത സന്യാസികളുടെ വാക്കുകള്‍ കേട്ട് അവര്‍ തിരുശേഷിപ്പ് സന്ദര്‍ശിക്കുവാനും പോയി. അവിടെവച്ചാണ് മാര്‍ട്ടിന്‍ ദമ്പതികളുടെ നാമകരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദികനെ കാണുന്നതും ഈ അത്ഭുതത്തെക്കുറിച്ച് സംസാരിക്കുന്നതും. 2009 നവംബര്‍ മാസത്തില്‍ ഈ അത്ഭുതത്തിന്റെ ആധികാരികതയെ അംഗീകരിച്ച് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 2015 മാര്‍ച്ചിലാണ് ഡോക്ടര്‍മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും പാനല്‍ ഈ അത്ഭുതത്തെ ആധികാരികമായി സ്ഥിരീകരിച്ചത്. സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം കാര്‍മനും കുടുംബവും മാര്‍ട്ടിന്‍ ദമ്പതികളുടെ നാമകരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.