വിശുദ്ധി പ്രാപിക്കുന്നതിനു കഠിനമായ തപസും പ്രായശ്ചിത്തവും ത്യാഗപൂര്‍ണ്ണമായ ജീവിതവും ആവശ്യമാണ് എന്നു കരുതിയിരിക്കുന്ന കാലഘട്ടത്തില്‍, സാധാരണയുള്ള കാര്യങ്ങള്‍ അസാധാരണമായ നിയോഗങ്ങളുടെ പിന്‍ബലത്തില്‍ ചെയ്യുകയും എല്ലാവരുടെയും മുന്നില്‍ എളിമയോടെ ആയിരിക്കാന്‍ കഴിയുകയും കര്‍ത്താവിന്റെ സന്നിധിയില്‍ പൂര്‍ണ്ണമായ ആശ്രയബോധത്തോടുകൂടി ശിശുതുല്യമായ ഒരു തുറവി കാത്തുസൂക്ഷിക്കാന്‍ കഴിയുകയും ചെയ്യുന്നിടത്തു വിശുദ്ധിയുണ്ടെന്നു നമ്മെ പഠിപ്പിച്ച ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധയാണ് കൊച്ചുത്രേസ്യാ. 24 വര്‍ഷത്തെ ഭൂമിയിലെ ജീവിതം വഴി ആയുസ്സിന്റെ ദൈര്‍ഘ്യമല്ല വിശുദ്ധിക്ക് നിദാനം എന്നും അവള്‍ നമ്മെ പഠിപ്പിക്കുന്നു.
ഈ പാഠങ്ങള്‍ക്ക് അവളുടെ പ്രാഥമിക വിദ്യാലയമായിത്തീര്‍ന്നത് അവളുടെ കുടുംബവും അവളുടെ മാതാപിതാക്കളുമാണ്. ഭൂമിയില്‍ വിലമതിക്കപ്പെടുന്നതിനേക്കാള്‍ സ്വര്‍ഗ്ഗത്തില്‍ വിലമതിക്കപ്പെടുന്ന ഒരു അപ്പനെയും അമ്മയെയും ദൈവം എനിക്കു നല്‍കി എന്നു വിശുദ്ധ കൊച്ചുത്രേസ്യാ പറഞ്ഞു. ആ മാതാപിതാക്കള്‍ സ്വര്‍ഗ്ഗത്തില്‍ വിലമതിക്കപ്പെടുന്നതിനെ 2015 ഒക്‌ടോബര്‍ 18നു ഭൂമിയിലെ സഭ അംഗീകരിക്കുകയാണ്. അന്നേദിവസം റോമില്‍ നടക്കുന്ന ശുശ്രൂഷയുടെ മധ്യേ ഈ വിശുദ്ധ മാതാപിതാക്കളെ, ലൂയി മാര്‍ട്ടിനെയും (18231894) സെലി ഗ്വെരിനെയും (18311877), സഭ വിശുദ്ധര്‍ എന്നു നാമകരണം ചെയ്യുകയാണ്.
ലൂയി മാര്‍ട്ടിനെക്കുറിച്ചു സെലി ഗ്വെരിന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം എന്നെ മനസ്സിലാക്കി... അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു... ഞങ്ങളുടെ സ്‌നേഹം അനുദിനം വര്‍ദ്ധിച്ചു... നമ്മുടെ മാതാപിതാക്കള്‍ അനുദിനം പറയുവാന്‍ ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങള്‍ സെലി ഗ്വെരിന് പങ്കുവയ്ക്കുന്നുണ്ട്. എന്നെ മനസ്സിലാക്കി, എന്നെ ആശ്വസിപ്പിച്ചു, സ്‌നേഹം അനുദിനം വര്‍ദ്ധിച്ചു. മാതാപിതാക്കളുടെ പരസ്പരം മനസ്സിലാക്കല്‍ ഇന്നു വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തയിടങ്ങളിലാണു പലപ്പോഴും പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പരസ്പരവും മക്കളെയും മനസ്സിലാക്കി ജീവിക്കാന്‍ കഴിയുമാറാകണമെന്നാണ് ഇന്നു മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കേണ്ടത്.
സ്വയം തൊഴില്‍ കണ്ടെത്തുകയും സംരംഭകരാവുകയും ചെയ്യുന്നവര്‍ക്ക് ഒരു മാതൃകയാണ് ഈ ദമ്പതികള്‍. ലൂയി മാര്‍ട്ടിന് വാച്ച് നിര്‍മ്മാണവും ജുവലറി വ്യാപാരവും നടത്തുന്നതോടൊപ്പം തന്നെ യുവാക്കളെ സംഘടിപ്പിച്ച് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ പങ്കാളികളാക്കുകയും മറ്റുള്ളവരെ സഹായിക്കാന്‍ ഒരു സംഘടനയ്ക്കു രൂപം നല്‍കുകയും ചെയ്തു. സെലി ഗ്വെരിന്‍ അയല്‍വാസികളായ യുവതികളെ ചേര്‍ത്ത് ലെയ്‌സ് നിര്‍മ്മാണത്തിന്റെ കൂടുതല്‍ സാധ്യതകളിലേക്ക് ആ പ്രദേശത്തെ യുവതികളെ കൈപിടിച്ചു നടത്തുവാന്‍ ശ്രമിച്ചിരുന്നു. ലൂയി മാര്‍ട്ടിന്‍ ലിസ്യുവിലേക്ക് മാറി താമസിക്കുന്ന സമയത്ത് സെലി ഗ്വെരിന്റെ സ്ഥാപനത്തിലെ മാനേജരായി ജോലിനോക്കാന്‍പോലും തയ്യാറായതു തൊഴില്‍ മേഖലകളില്‍ എളിമപ്പെടുത്തിന്റെ പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്. പൂര്‍വ്വപിതാവായ അബ്രാഹത്തെപ്പോലെ തന്നെ ദൈവത്തിനുവേണ്ടിയും വിശ്വാസത്തിനുവേണ്ടിയും ദൈവം നല്‍കിയ മക്കളുടെ ഭാവിക്കുവേണ്ടിയും സ്വന്തം സ്ഥലത്തെയും ഭവനത്തെയും ഉപേക്ഷിച്ച് ധാരാളം കഷ്ടതകളുടെ യാത്രകള്‍ നടത്തേണ്ടിവന്ന ഒരു പുണ്യാത്മാവാണ് വിശുദ്ധ ലൂയി മാര്‍ട്ടിന്‍. എന്നിട്ടും ദൈവത്തിന്റെ പദ്ധതിയുടെ മുമ്പില്‍ ശിരസുനമിച്ച ഒരു പുണ്യപിതാവ്.
മകളോടൊത്ത് സായാഹ്നസവാരിക്കു പോകുമ്പോള്‍ മഠത്തിന്റെ മതില്‍ക്കെട്ടിനു പുറത്തുനിന്നു പുണ്യവതികളായ കന്യാസ്ത്രീകള്‍ നിരന്തരം ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടു ചിലവഴിക്കുന്ന സ്ഥലമാണ് ഇതിനുള്ളില്‍ എന്ന് അദ്ദേഹം തന്നെയാണു പറഞ്ഞുകൊടുത്തത്. പ്രാര്‍ത്ഥനാ ജീവിതത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യാക്ക് എന്നും മാതൃകയായിരുന്നതു ലൂയി മാര്‍ട്ടിന്‍ തന്നെയായിരുന്നു.
വേണ്ട സമയത്ത് തിരുത്തലുകള്‍ നല്‍കി എന്നെ വളര്‍ത്തുവാന്‍ അധികാരവും ആര്‍ജ്ജവവും ഉള്ള മാതാപിതാക്കളായിരുന്നു എനിക്കുണ്ടായിരുന്നത്. പുണ്യമില്ലാത്ത മാതാപിതാക്കളാണ് എന്നെ വളര്‍ത്തിയിരുന്നതെങ്കില്‍ തൊട്ടാവാടിയായ എന്റെ സ്വഭാവം വളരെ മോശമാകുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. വിശുദ്ധ കൊച്ചു ത്രേസ്യാ എഴുതി ആധുനിക ലോകത്തിലെ മാതാപിതാക്കള്‍ മക്കള്‍ക്കു തിരുത്തലുകള്‍ നല്‍കാനുള്ള വിമുഖതയില്‍ നഷ്ടമാകുന്നത് അവരുടെ സ്വഭാവ രൂപവത്ക്കരണം തന്നെയാണ്. പുണ്യപൂര്‍ണ്ണതയുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന മാതാപിതാക്കള്‍ക്കാണു മക്കളെ ശിക്ഷിക്കാനുള്ള അധികാരവും അവകാശമുള്ളത് എന്ന കാര്യം എന്നാണു ബോധ്യം വരുക.
ആധുനിക ലോകത്തിലെ മക്കള്‍ മാതൃക നല്‍കുന്ന മാതാപിതാക്കളെ അന്വേഷിച്ച് അലയുമ്പോള്‍ ലൂയി മാര്‍ട്ടിനും സെലി ഗ്വെരിനും നമ്മുടെ മുമ്പില്‍ ഒരു വെല്ലുവിളിയാണ്. തന്റെ ചുറ്റും സന്മതൃകകള്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ അവയെ അനുകരിക്കാന്‍ നൈസര്‍ഗ്ഗികമായ ഒരു പ്രവണത എന്നില്‍ രൂപപ്പെട്ടുവെന്നു വിശുദ്ധ കൊച്ചുത്രേസ്യാ നമ്മോടു പറയുന്നു.
കത്തോലിക്കാ സഭയുടെതന്നെ ചരിത്രത്തില്‍ ആദ്യമായിട്ടാണു മാതാപിതാക്കളെ ഒന്നിച്ചു വിശുദ്ധരായിട്ടു പ്രഖ്യാപിക്കുന്നത്. വിശുദ്ധ കൊച്ചുത്രേസ്യായുടെ സഹോദരിമാരില്‍ ഒരാളെ ഉടനെ തന്നെ വാഴ്ത്തപ്പെട്ടവളായി സഭ പ്രഖ്യാപിക്കുകകൂടി ചെയ്യുമ്പോള്‍ ഒരു കുടുംബത്തെ മുഴുവനായും ദൈവം തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചു എന്നു നമുക്ക് തീര്‍ച്ചയായും വിശ്വസിക്കാം.
ധനത്തേക്കാള്‍ ധാര്‍മികമൂല്യങ്ങള്‍ക്കു വിലകൊടുത്ത ഒരു മനോഭാവമായിരുന്നു മാര്‍ട്ടിന്‍ കുടുംബത്തിന്റേത്. എത്ര തിരക്കിനിടയിലും രാവിലെ 5.30നുള്ള ദിവ്യബലിയില്‍ സംബന്ധിക്കുക ഇവരുടെ പതിവായിരുന്നു. രാവിലെയും വൈകുന്നേരവുമുള്ള കുടുംബപ്രാര്‍ത്ഥനയും അങ്ങനെതന്നെ. വാക്കുകളിലൂടെ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അവരുടെ പ്രവൃത്തിയിലും ഉണ്ടായിരുന്നു. ദൈവം എന്ന വാക്കാണ് ആദ്യം ഉച്ചരിക്കാന്‍ അമ്മ അവളെ പഠിപ്പിച്ചത്. കൊച്ചുത്രേസ്യാ പറയുന്നു: ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയകാലം മുതല്‍ ഒരു സംഗതി നല്ലതല്ല എന്ന് ഒരിക്കല്‍ മാത്രം പറഞ്ഞാല്‍ മതി, പിന്നെ ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല. അങ്ങനെയാണു മാതാപിതാക്കള്‍ എന്നെ പരിശീലിപ്പിച്ചത്.