വത്തിക്കാന്‍ സിറ്റി: ലൈംഗിക അരാജകത്വത്തിനുള്ള ശക്തമായ മറുപടി ആത്മീയതയാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്നലെ വൈകുന്നേരം അഞ്ചിനു കുടുംബത്തിനുവേണ്ടിയുള്ള കുടുംബറോമന്‍ സിനഡിന്റെ ഒമ്പതാമതു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലന അനുധാവനത്തില്‍ വന്ന പരാജയമാണു പല രാജ്യങ്ങളിലെയും െ്രെകസ്തവ കുടുംബങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനകാരണം. 

കുട്ടികളെയും യുവജനങ്ങളെയും ദമ്പതികളെയും മാതാപിതാക്കളെയും അജപാലകര്‍ തുടര്‍ച്ചയായി അനുധാവനം ചെയ്യുന്നതുവഴിയാണു കുടുംബങ്ങളുടെ പുനരധിവാസം സാധ്യമാകുന്നത്. സഭയുടെ അജപാലന ശുശ്രൂഷ ലഭിക്കുന്ന കുടുംബങ്ങള്‍ക്കു കാലത്തിന്റെ വെല്ലുവിളികളെ മറികടക്കാനാകുമെന്നാണു ഭാരതത്തിലെ സഭയില്‍ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലം വരെ അജഗണക്ഷേമത്തെക്കാള്‍ അധികാരവിനിയോഗമായിരുന്നു അജപാലകരുടെ സമീപനം. മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും അല്മായ നേതാക്കളുടെയും ഈ രംഗത്തെ ഒരു മാനസാന്തരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിലൂടെയാണു കുടുംബ പ്രേഷിതത്വത്തെ നവീകരിക്കേണ്ടതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

മതേതര രാജ്യങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന പല നിയമങ്ങളും ലൈംഗിക, ദാമ്പത്യ ജീവിതത്തില്‍ വിവിധങ്ങളായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ലൈംഗികതയെ ധാര്‍മികതയുടെ ഭാഗമല്ലാതാക്കുകയും, വിവാഹപൂര്‍വ്വബന്ധം, വിവാഹത്തിനു പുറത്തുള്ള ബന്ധം, വ്യഭിചാരം സ്വവര്‍ഗ്ഗലൈംഗികത, അശഌല വെബ്‌സൈറ്റുകളുടെ ഉപയോഗം തുടങ്ങിയവയെ മനുഷ്യന്റെ ആവശ്യകതയുടെ ഭാഗമായി അവതരിപ്പിക്കുന്ന ആധുനികതയുടെ കപടസംസ്‌കാരത്തെ െ്രെകസ്തവര്‍ ചെറുത്തുനില്‍ക്കണം. ലൈംഗികതയുടെ അര്‍ത്ഥവും ആഴവും പരിമിതികളും ദൈവമക്കള്‍ക്ക് മനസിലാക്കികൊടുക്കുക എന്ന ഗൗരവമായ ദൗത്യമാണ് സഭയ്ക്കുള്ളത്. ഇതിനായി നാല് കാര്യങ്ങള്‍ നിര്‍ദേശിക്കുന്നു. 

1. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല് കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെയും മനുഷ്യജീവന് എന്ന ചാക്രികലേഖനത്തിന്റെയും അന്തസത്ത ഉള്‍ക്കൊണ്ട് വൈകാരിക പക്വതയിലേക്ക് നയിക്കുന്ന നവലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കുക.

2. മാനുഷിക നന്മയുടെ മറവില്‍ ലൈഗിംകതയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ ഗവേഷണങ്ങളുടെ പിന്നിലെ കച്ചവടതാത്പര്യത്തെ വെളിച്ചത്തുകൊണ്ടുവന്ന്, െ്രെകസ്തവപാരമ്പര്യത്തില്‍ ഊന്നിയ ഗവേഷണത്തിലൂടെ ലൈംഗികതയുടെ ദൈവികലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുക. 

3. ലൈംഗികമായി ഉപയോഗിക്കപ്പെട്ടവരെയും ലൈംഗിക വൈകൃതങ്ങള്‍ക്കടിമപ്പെട്ടവരെയും ഒരു അമ്മയുടെ വാത്സ്യല്യത്തോടെയും ഒരു അദ്ധ്യാപകന്റെ ദിശാ ബോധത്തോടെയും സര്‍വ്വോപരി സൗഖ്യദായകനായ മിശിഹായുടെ രൂപാന്തരപ്പെടുത്തുന്ന സ്പര്‍ശനത്തിലൂടെയും സഭ അനുധാവനം ചെയ്യണം. ദൈവകൃപയിലൂടെയും ദൈവവുമായുള്ള ആനന്ദകരമായ അടുപ്പത്തിലൂടെയും മാത്രമാണ് ലൈംഗിക അടിമത്തില്‍ നിന്നുള്ള മോചനം സാധ്യമാകുന്നത്. 

4. ലൈംഗികതയുടെ ആത്മീയവശത്തെയും സാധ്യതകളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലൈംഗികതയെ ഉദാത്തവത്കരിക്കുക.

വിശ്വാസജീവിതത്തിലെ പ്രതിസന്ധിയാണ് കുടുബജീവിതത്തിലെ പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. ആത്മീയ അനുഭൂതിയില്‍ ആനന്ദം കണ്ടെത്താത്തവര്‍  ജഡികസന്തോഷങ്ങളുടെ പിന്നാലെ പോകുമെന്ന വിശുദ്ധ തോമസ് അക്വിനാസിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. സഭയുടെ മതബോധനത്തിലൂടെയും വിദ്യാലയങ്ങളിലെ പാഠ്യപദ്ധതികളിലൂടെയും സാമൂഹികസമ്പര്‍ക്ക മാധ്യമങ്ങളിലൂടെയുമാണ് നവലൈംഗിക വിദ്യാഭ്യാസം നല്‌കേണ്ടത്. നവലൈംഗിക വിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നതു സ്‌നേഹവും ജീവനും നല്‍കുന്ന കുടുംബബന്ധങ്ങള്‍ പരിശീലിക്കുന്നതാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.