അദ്ദേഹത്തിന്റെ മരണം നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. 'എന്തു നല്ലൊരു മനുഷ്യനായിരുന്നു.'എല്ലാവരും ഓര്‍മകള്‍ അയവിറക്കി...നാട്ടിലെ ഏറ്റവും സമ്പന്നനായിരുന്നെങ്കിലും തലക്കനം ഒട്ടുമില്ലായിരുന്നു. പാവങ്ങളോട് വലിയ അനുകമ്പയായിരുന്നു അദ്ദേഹത്തിന്. നാട്ടില്‍ ആര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഓടിയെത്തും, സഹായിക്കും. സ്‌നേഹാര്‍ദ്രമായ പെരുമാറ്റത്തിലൂടെ നാടിനെയും നാട്ടാരെയും കീഴടക്കിയ ആ മനുഷ്യന്റെ ശവസംസ്‌ക്കാര ശുശ്രൂഷയില്‍ ആ ഗ്രാമത്തിലെ താല്‍ക്കാലിക താമസക്കാരനായ ഞാനും പങ്കെടുത്തു.

ഒരു മാസത്തിനുശേഷം പരേതന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും കൂടുതല്‍ പരിചയപ്പെടാനും അവസരമുണ്ടായി. അവരുടെ വാക്കുകളിലൂടെ വരയ്ക്കപ്പെട്ട അന്തരിച്ച് കുടുംബനാഥന്റെ ചിത്രത്തിന് വേറൊരു രൂപവും ഭാവവും ആയിരുന്നു. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ദേഷ്യം വന്നാല്‍ എന്തുചെയ്യാനും മടിക്കാത്ത ക്രൂരന്‍. ദേഷ്യം വരുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടത്ര. ഭക്ഷണം കൃത്യസമയത്തിന് അല്‍പ്പമൊന്നു താമസിച്ചാല്‍ മതി ഭാര്യയെ തല്ലാന്‍; മക്കളോട് ദേഷ്യം തോന്നിയാലും തല്ലുകിട്ടുന്നത് ഭാര്യയ്ക്ക്; ഭര്‍ത്താവിന്റെ പീഡനം ഒന്നുകൊണ്ടുമാത്രം രോഗിണിയായിത്തീര്‍ന്ന ഭാര്യ. മൂത്തമകന്റെ ഒരു ചെവിക്ക് കേള്‍വിശക്തിയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛന്‍ ചെകിട്ടത്ത് കൊടുത്ത അടിയാണത്രേ കാരണം. ഇഷ്ടംപോലെ പണം ഉണ്ടെങ്കിലും ഭാര്യയുടെയോ മക്കളുടെയോ ആവശ്യത്തിന് 10 പൈസ കിട്ടണമെങ്കില്‍ തെറിയും പ്രാക്കും കേള്‍ക്കണം.

ഈ സംഭവം എന്നെ വളരെയധികം ചിന്തിപ്പിച്ചു. നാട്ടില്‍ സകലരോടും കരുണയും സ്‌നേഹവും പ്രദര്‍ശിപ്പിച്ചിരുന്ന ആ മനുഷ്യന്‍ എന്തുകൊണ്ട് വീട്ടില്‍ ക്രൂരമായി പെരുമാറി? ഇതില്‍ ഏതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം? നാട്ടുകാരുടെ മുന്നിലുള്ളതോ അതോ ഭാര്യയുടെയും മക്കളുടെയും മുന്നിലുള്ളതോ?ഭ ഈ മുഖമാറ്റം ഏതെങ്കിലും ഒരു വ്യക്തിയുടെമാത്രം പ്രശ്‌നമല്ല. നമ്മുടെയൊക്കെ പൊതുസ്വഭാവമാണെന്ന തിരിച്ചറിയിവിലേക്കാണ് ആ ചിന്തകള്‍ നയിച്ചത്. നാമെല്ലാം ജീവിതത്തില്‍ ഒരുപാട് മുഖംമൂടികള്‍ ധരിക്കുന്നു. ഇതുമൂലം തങ്ങളുടെ യഥാര്‍ത്ഥ മുഖമെന്തെന്നുപോലും പലര്‍ക്കും അറിവില്ല. ദൈവത്തിന്റെ മുന്നില്‍വരെ മുഖംമൂടി ധരിച്ചു ചെല്ലുന്നവരാണ് നാം. പൊയ്മുഖങ്ങളുടെ എണ്ണം കൂടുംന്തോറും നമ്മുടെ പിരിമുറുക്കവും കൂടും, ആത്മീയ ജീര്‍ണ്ണത വര്‍ദ്ധിക്കും. അതിനാല്‍ മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് തന്റെ യഥാര്‍ത്ഥ മുഖവുമായി ദൈവതിരുമുമ്പില്‍ വരുന്നവനേ ദൈവകൃപ സ്വന്തമാക്കാന്‍ കഴിയൂ.

നാട്ടില്‍ നാം എന്തായിരിക്കുന്നു എന്നതല്ല പ്രധാനം. വീട്ടില്‍ നാം എന്തായിരിക്കുന്നു എന്നതാണ് ഓരോരുത്തരും പരിഗണിക്കേണ്ടത്. ഒരു നല്ല അദ്ധ്യാപകനോ സാമൂഹ്യപ്രവര്‍ത്തകനോ ബിസിനസ്സുകാരനോ ആയിരിക്കാം നാം. പക്ഷേ, നമ്മുടെ വീട്ടില്‍ നാം ആരാണ്? ഭാര്യയുടെയും മക്കളുടെയും മുന്നില്‍ കടുവയെപ്പോലെ അലറുകയും പെരുമാറുകയും ചെയ്യുന്ന ഭര്‍ത്താവാണോ? അയല്‍പക്കകാരോടും ദൈവാലയത്തില്‍ വരുന്നവരോടും ഓഫീസിലുള്ളവരോടും ഏറ്റവും മധുരമായി പെരുമാരുകയും വീട്ടില്‍ വരുമ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍ പുലിയെപ്പോലെ ചാടുകയും ചെയ്യുന്ന കുടുംബിനിയാണോ? എങ്കില്‍ യഥാര്‍ത്ഥ മുഖം തിരിച്ചറിയുക.

സ്വന്തം മക്കളെ ഒന്നു തലോടാനോ ലാളിക്കാനോ സ്‌നേഹിക്കാനോ തയ്യാറാകാത്ത എത്രയോ അപ്പന്മാര്‍ നാട്ടുകാരുടെ മക്കളെ കാണുമ്പോള്‍ വാരിയെടുക്കുകയും സ്‌നേഹം പകരുകയും ലോഹ്യം പറയുകയും ചെയ്യുന്നു. സ്വന്തം ഭാര്യയുടെ വേദനകളും യാതനകളും മനസ്സിലാക്കാനോ ആശ്വസിപ്പിക്കാനോ തയ്യാറാകാതെ അന്യസ്ത്രീകളോട് അലിവും കരുണയും കാണിക്കുന്ന ഭര്‍ത്താക്കന്മാരും എത്രയധികമാണ്. എത്രയധികംപേര്‍ ദൈവാലയത്തിലെ പ്രാര്‍ത്ഥനയും ഭക്തിയും കഴിഞ്ഞ് വീട്ടിലെത്തി, നരകം സൃഷ്ടിക്കുന്നു്. പുറത്ത് ശാന്തതയും സൗമ്യതയും വിധേയത്വവും നിറഞ്ഞ പെരുമാറ്റം കാഴ്ചവെക്കുന്ന എത്രയെത്ര വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും വീട്ടില്‍ ധിക്കാരികളും പ്രശ്‌നക്കാരുമായി ജീവിക്കുന്നു. ഇവരെക്കെ തങ്ങളുടെ യഥാര്‍ത്ഥ മുഖം മറച്ചുവെച്ചുകൊണ്ട് ജീവിക്കാന്‍ തത്രപ്പെടുകയാണ്.

അനേകം മക്കള്‍ക്ക് വിശ്വാസവും സഭയോടുള്ള താല്‍പ്പര്യവും നഷ്ടപ്പെട്ടതിനു കാരണം മാതാപിതാക്കളുടെ ഇരട്ടമുഖമാണ്. വീട്ടില്‍ അപ്പനെ ധിക്കരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അമ്മയുടെ ഭക്തിയിലും പ്രാര്‍ത്ഥനയിലും കുഞ്ഞുങ്ങള്‍ക്ക് വിരക്തി തോന്നില്ലേ? പള്ളിക്കാര്യങ്ങള്‍ക്കായി ഓടി നടക്കുന്ന അപ്പന് കുടുംബാഗങ്ങളുടെ കാര്യത്തില്‍ ശുഷ്‌ക്കാന്തിയില്ലെങ്കില്‍ കുടുംബനാഥന്റെ ഭക്തിയില്‍ പങ്കുചേരാന്‍ വീട്ടുകാരുണ്ടാകുമോ? മദ്യവര്‍ജനത്തിനുവേണ്ടി പരസ്യമായി അദ്ധ്വാനിക്കുകയും വീട്ടില്‍ പരമരഹസ്യമായി മദ്യപിക്കുകയും ചെയ്യുന്ന കുടുംബനാഥന്റെ പ്രവര്‍ത്തനത്തെ മക്കള്‍ എങ്ങനെ വീക്ഷിക്കും?

ഒരിക്കല്‍ പള്ളിയില്‍ കയറാതെ നടക്കുന്ന മകനെ ഓര്‍ത്തുള്ള വിഷമം ഒരു പിതാവ് പങ്കുവെച്ചു. പിന്നീട് ആ മകനെ കണ്ടപ്പോള്‍ ഞാനൊന്നു ഗുണദോഷിച്ചു. ഞെട്ടിപ്പിക്കുന്ന കാര്യമാണ് ആ യുവാവില്‍നിന്ന് അപ്പോള്‍ കേട്ടത്:'ദൈവാലയത്തില്‍ പോകുന്നില്ലെങ്കിലും എനിക്ക് നല്ല ദൈവിശ്വാസമുണ്ട്. ഞാനെന്നും രഹസ്യമായി ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട് പക്ഷേ, ചാച്ചന്‍ ദൈവാലയത്തില്‍ പോകുന്നിടത്തോളം കാലം ഞാന്‍ പോവില്ല.'കാരണമെന്താണന്നറിയണോ? ദൈവാലയത്തിന്റെ ഏറ്റവും മുന്‍ ഭാഗത്ത് കൈയുംകൂപ്പി ഭക്തിയോടെ നിന്ന് ദിവ്യബലിയില്‍ പങ്കെടുക്കുന്ന പിതാവിനെ കാണുമ്പോള്‍ ആ ചെറുപ്പക്കാരന് അരിശം വരും. കാരണം, അവരുടെ കുടുംബ ബിസിനസ്സ് സത്യസന്ധമായി നടത്തിക്കൊണ്ടുപോകാന്‍ ഈ മകന്‍ ആഗ്രഹിക്കുന്നു. പക്ഷേ, പിതാവ് സമ്മതിക്കുന്നില്ല. കള്ളക്കണക്കെഴുതാനും കള്ളത്തരം കാണിക്കാനും പിതാവ് നിര്‍ബന്ധിക്കുന്നു. ജോലിക്കാരെ അത്യാവശ്യനേരത്ത് ഒരല്‍പ്പം സഹായിച്ചാല്‍ അതിനും ചീത്ത കേള്‍ക്കണം.

പത്ത് പൈസയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ചാച്ചന്റെ ഭക്തിയോടുള്ള വെറുപ്പാണ് മകനെ ദൈവാലയത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. അവന്‍ പറഞ്ഞു:'ചാച്ചന്റെ ഈ ഭക്തി വെറും തട്ടിപ്പാണ്. എനിക്കിതു കാണാന്‍ കഴിയാത്തതുകൊണ്ടാ ദൈവാലയത്തില്‍ വരാത്തത്.' വീട്ടിലും വീട്ടുകാരുടെ അടുത്തു നാം എന്തായിരിക്കുന്നുവോ അതാണ് യഥാര്‍ത്ഥത്തിലുള്ള നാം. വീടിന് പുറത്ത് മാന്യതയും സല്‍പേരും അംഗീകാരവും ലഭിക്കാന്‍ നാം നല്ലവരായി പെരുമാറാന്‍ ശ്രദ്ധിക്കുന്നു. അത് പലപ്പോഴും നമ്മുടെ വ്യക്തിത്വത്തിന്റെ സ്വാഭാവിക പ്രകടനം ആയിരിക്കയില്ല. അതില്‍ കൃത്രിമത്വം ഉണ്ടാകാം. എന്നാല്‍, വീട്ടില്‍ പ്രകടമാകുന്നതാകട്ടെ നമ്മുടെ ആന്തരിക വ്യക്തിത്വത്തിന്റെ ബഹിര്‍സ്ഫുരണവും. ആ വ്യക്തിത്വത്തെ തിരിച്ചറിയേണ്ടത് നമ്മുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

മുഖംമൂടികളുടെ മനോഹാരിതയില്‍ തൃപ്തിപ്പെടാതെ, നാം എന്തുകൊണ്ട് സ്വന്തം ഭവനത്തില്‍ 'കടുവയും പുലിയും' ആയി മാറുന്നു എന്ന് തിരിച്ചറിയണം. ഉള്ളില്‍ക്കിടക്കുന്ന അമര്‍ഷവും അസംതൃപ്തിയും വെറുപ്പും നിരാശയും സങ്കടവുമൊക്കെ തിരിച്ചറിഞ്ഞ് പ്രാര്‍ത്ഥനയിലൂടെ എടുത്തുനീക്കപ്പെടുന്നില്ലെങ്കില്‍ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ നരകം സൃഷ്ടിക്കുകയായിരിക്കും നാം ചെയ്യുക. അതിനാല്‍ സ്വയം ചോദിക്കാം: ഞാന്‍ എന്റെ ഭവനത്തില്‍ കടുവയും പുലിയുമാണോ; എങ്കില്‍ എന്തുകൊണ്ട്? കാരണമെന്താണെങ്കിലും യേശുവിന് നിങ്ങളെ സുഖപ്പെടുത്താനും രൂപാന്തരപ്പെടുത്താനും സാധിക്കും.

വീട്ടില്‍ നന്നായി പെരുമാറുമ്പോഴും അത് നമ്മുടെ യഥാര്‍ത്ഥ മുഖമാകണമെന്നില്ല ദൈവത്തിന്റെ മുന്നില്‍ നാം എന്തായിരിക്കുന്നുവോ അതാണ് യഥാര്‍ത്ഥത്തിലുള്ള നാം. നമ്മുടെ സകല മുഖംമൂടികളും പൊഴിഞ്ഞുവീഴുന്ന ദൈവത്തിന്റെ സന്നിധിയിലെങ്കിലും നമുക്ക് ഹൃദയപരമാര്‍ത്ഥതയുള്ളവരാകാം.